പ്രത്യാശയുടെ അരുവികൾ

ബാലേട്ടനും, രാധേടത്തിയും, അവരുടെ രണ്ട് പെൺമക്കളും അടങ്ങുന്ന ആ കുടുംബം എന്നും ഒരു അത്ഭുതമായിരുന്നു…. അവരുടെ ആ ഒാട് മേഞ്ഞ ആ കൊച്ച് വീടാകട്ടെ ഒരു സ്വർഗ്ഗവും…

ഇല്ലായ്മകൾ അവരാരോടും പാടി നടന്നില്ല, പാഴ്കിനാവുകൾ കണ്ട് സമയവും പോക്കിയില്ല. ആ നാല് മനസ്സുകളും ഒന്നായിരുന്നു…

ആ വീട്ടില്‍ നിന്ന് പൊട്ടിച്ചിരികളോ, ഉറക്കെയുള്ള വർത്തമാനങ്ങളോ, പൊട്ടിക്കരച്ചിലുകളോ ആരും കേട്ടിട്ടില്ല..

ആ രണ്ട് പെൺകുട്ടികളും പുലർച്ചെ എണീറ്റ് മുറ്റമടിച്ചും, പാത്രം കഴുകിയും, ചായയും പലഹാരം ഉണ്ടാക്കിയും അമ്മയെ സഹായിച്ചിട്ട് എന്നും സ്കൂളിൽ ബെല്ലടിക്കാറാവുമ്പോൾ ധൃതിപിടിച്ച് ഓടുന്നത് പതിവ് കാഴ്ചയായിരുന്നു…

ബാലേട്ടന്‍ രാവിലെ കുടിക്കാനുള്ള ചുക്കുവെള്ളവുമായി തന്റെ ആ കൊച്ചു പെട്ടിക്കടയിലേക്കിറങ്ങും…

രാധേടത്തി പശുവുമായി പാടത്തേക്കിറങ്ങി കെട്ടി, നേരെ വീട്ടിലെത്തി ഓല മെടയലും തുടങ്ങും..

വലിയ കച്ചോടമൊന്നും ഇല്ലെങ്കിലും ബാലേട്ടന്‍ ഒരിക്കൽ പോലും കട അടച്ചിട്ടതായി കണ്ടിട്ടില്ല…. രാവിലെ പത്ത് മണിയാവുമ്പോൾ ഒരു പാത്രത്തിൽ ബാലേട്ടന് കഴിക്കാനുള്ള കഞ്ഞിയുമായി രാധേടത്തി കടയിലേക്ക് പോവുന്നത് കാണാം…

രാത്രി കട അടച്ച് വീട്ടിലേക്കുള്ള സാധനങ്ങളൊക്കെ വാങ്ങി കൂടെ മക്കൾക്കെന്തെങ്കിലും ഒന്ന് വാങ്ങിയിട്ടുണ്ടാവും ബാലേട്ടന്‍ …

പിന്നെ ആ സ്വർഗ്ഗത്തിൽ നടന്നത് ഞങ്ങൾക്ക് ആർക്കും കാണാൻ കഴിഞ്ഞില്ല…

പഠിച്ചു കൊണ്ടിരുന്ന മക്കൾ ഓടി അച്ഛന്റെ മടിയിലിരിക്കാൻ മത്സരിച്ചിരിച്ചിട്ടുണ്ടായിരുന്നിരിക്കാം…

അത് കണ്ട് രാധേടത്തി പറഞ്ഞുകാണും അച്ഛനൊന്ന് കുളിച്ചിട്ട് വരട്ടെ മക്കളേന്നും, കുറച്ച് നേരം കൂടി പോയ് പഠിക്കെന്നും…

കുളി കഴിഞ്ഞ് വന്ന് കസേരയിലിരുന്ന അച്ഛനോട്
തനിക്ക് ഒരു പട്ട് പാവാട വേണം അച്ഛാന്ന് മൂത്ത മകൾ പറഞ്ഞപ്പോൾ ആ അച്ഛന്‍ മടിയിലിരുത്തി മുടിയിൽ തലോടി പറഞ്ഞ് കാണും അടുത്ത ഓണത്തിന് അച്ഛന് ചിട്ടി കാശ് കിട്ടുമ്പോ വാങ്ങി തരാമെന്ന്….!

അത് കേട്ട് രാധേടത്തി പറഞ്ഞ് കാണും ആ ചിട്ടി കാശ് പട്ട് പാവാട വാങ്ങാനുള്ളതല്ല… അടുത്ത മഴക്ക് വീടിന്റെ പൊട്ടിയ കൈക്കോലും പട്ടികയും മാറ്റാനുള്ളതാണ്, അല്ലെങ്കിൽ അച്ഛനും മക്കളും ചോർന്നൊലിക്കുന്ന ഭാഗത്ത് മഴവെള്ളം പിടിക്കാനായി പാത്രം കൊണ്ട് ഓടേണ്ടി വരുമെന്ന്…. !

അത് കേട്ട് ആ രണ്ട് പേരും കണ്ണിറുക്കി ചിരിച്ചു കാണും…

തന്റെ ക്ലാസ്സിൽ കൂടെ പഠിക്കുന്ന കൂട്ടുകാരിക്ക് അവളുടെ അച്ഛന്‍ വാങ്ങി കൊടുത്ത പോലെ ഒരു വെള്ളിക്കൊലുസ് എനിക്കും വേണം അച്ചാന്ന് ഇളയവൾ പറഞ്ഞപ്പോൾ അടുക്കളയിൽ നിന്ന് രാധേടത്തി പറഞ്ഞ് കാണും ഓല മെടഞ്ഞ് വിറ്റ കാശ് കിട്ടിയിട്ട് മോൾക്ക് അമ്മ അതുപോലൊരെണ്ണം വാങ്ങി തരാമെന്ന്…. !!

ഇത് കേട്ട്, അപ്പോ കൊലുസ് വാങ്ങാൻ കാശുണ്ട്, എനിക്ക് പട്ടുപാവാട വാങ്ങാൻ മാത്രം കാശില്ല അല്ലേ എന്ന് ചോദിച്ച് ,അമ്മക്ക് മൂത്തകുട്ടിയായ എന്നോട് ഒട്ടും സ്നേഹമില്ലെന്നും പറഞ്ഞ് മൂത്തവൾ പിണങ്ങിയിരുന്നിട്ടുണ്ടാവണം…

അത് കണ്ട് രാധേടത്തി പറഞ്ഞു കാണും അവളല്ലേടി ഈ വീട്ടിലെ കുഞ്ഞുമോളെന്ന്…

നമ്മളെന്നേലും വലിയൊരു വീടു വക്കുമോ അച്ഛാന്ന് ഇളയ കുട്ടി ചോദിച്ചപ്പോൾ ബാലേട്ടനും രാധേടത്തിയും ഒരേ സ്വരത്തിൽ പറഞ്ഞു കാണും മക്കൾ നന്നായി പഠിച്ച് വലിയ ആളായി ജോലിയൊക്കെ കിട്ടിയിട്ട് വേണം നമുക്കൊരു വലിയ വീട് വയ്ക്കാനെന്ന്…

അതു കേട്ട് പിണങ്ങിയിരിക്കുന്ന മൂത്തവൾ പറഞ്ഞ് കാണും അച്ഛാ എനിക്ക് പഠിച്ച് ഒരു ടീച്ചറാവണമെന്ന്..

അത് കേട്ട് ഇളയവളും പറഞ്ഞ് കാണും എനിക്കും പഠിച്ച് പഠിച്ച് ഒരു വല്ല്യ ടീച്ചറാവണമെന്ന്…

അപ്പോഴേക്കും അടുക്കളയിൽ നിന്ന് രാധേടത്തി മൂത്ത മകളെ വിളിച്ചിട്ട് ചോറുണ്ണാനുള്ള പാത്രം കഴുകി വക്കാൻ പറഞ്ഞുകാണും…

പാത്രമൊക്കെ മുന്നിൽ കൊണ്ട് വച്ച് ആ നാലുപേരും ഒരുമിച്ച് ഉണ്ണാനിരുന്ന് കാണും…

ചോറു വിളമ്പിയ പാത്രത്തില്‍ നിന്ന് ഒരു വറ്റെടുത്ത് ബാലേട്ടന്‍ പറഞ്ഞ് കാണും ഈ ആഴ്ചത്തെ റേഷനരി അത്ര പോരല്ലോ അല്ലേന്ന്….

നീയെന്താടി ചോറ് ഇഷ്ടമില്ലാത്ത പോലെ നുള്ളി നുള്ളി കഴിക്കണേന്ന് ബാലേട്ടന്‍ ഇളയവളോട് ചോദിച്ചപ്പോൾ രാധേടത്തി പറഞ്ഞ് കാണും അവൾക്കിഷ്ടമില്ലാത്ത വെള്ളരിക്കാ കറിയായതുകൊണ്ടാണെന്ന്…

എന്നാ പിന്നെ നിനക്ക് ആ മീൻകാരന്‍റെ കയ്യീന്ന് എന്തേലും മീന്‍ വാങ്ങി കറി വച്ചൂടായിരുന്നോന്ന് രാധേടത്തിയോട് ചോദിച്ചപ്പോൾ പറഞ്ഞു കാണും, മീൻകാരൻ കഴിഞ്ഞ ആഴ്ച വാങ്ങിയ മീനിന്റെ കാശ് തന്നെ കൊടുത്ത് തീർത്തിട്ടില്ലാന്ന്….

എന്നാ അച്ഛൻ മോൾക്ക് ചോറ് ഉരുട്ടി ത്തരാമെന്ന് പറഞ്ഞപ്പോൾ മൂത്തവളും പറഞ്ഞു കാണും ന്നാ എനിക്കും ഉരുള വേണമെന്ന്…

സന്തോഷത്തോടെ അവർ നാല് പേരും ചോറുണ്ട് കഴിഞ്ഞ് ബാലേട്ടനാ കോലായിൽ ഒറ്റക്ക് വന്നിരുന്നിട്ടുണ്ടാവും…

കുറച്ച് നേരം കഴിഞ്ഞ് രാധേടത്തി കോലായിലേക്ക് വന്ന് ചോദിച്ച് കാണും എന്താ ഇങ്ങനെ ഒറ്റക്ക് ആലോചിച്ചിരിക്കുന്നതെന്ന്….

ബാങ്കീന്ന് ലോണിന്റെ അടവ് തെറ്റിയതിന്റെ ഒരു കടലാസ് വന്നിട്ടുണ്ടെടീന്ന് ബാലേട്ടൻ ആ സമയം പറഞ്ഞ് കാണും…

ഒരു ദീർഘനിശ്വാസം വിട്ട് രാധേടത്തി പറഞ്ഞ് കാണും, മൂത്തതിന്റെ കാതിലിലുള്ളതും, ഇളയതിന്റെ കഴുത്തിലുള്ളതും, എന്റെ കയ്യിൽ ആകെയുള്ള ഈ വളയും കൂടി വിറ്റിട്ട് കിട്ടണ കാശ് നമുക്ക് കൊണ്ട് പോയി അടക്കാമെന്ന്…

ഇത് കേട്ട് ബാലേട്ടൻ സങ്കടപ്പെട്ട് പറഞ്ഞ് കാണും, പാവം എന്റെ കുട്ട്യോള്, ഒരു തരി പൊന്നിടാനുള്ള യോഗമില്ല, അവരുടെ ഒരാഗ്രഹവും സാധിച്ച് കൊടുക്കാൻ എനിക്കാവുന്നില്ലല്ലോ എന്ന്…

അത് കേട്ട് രാധേടത്തി ചിരിച്ചു കൊണ്ട് പറഞ്ഞു കാണും, ഇന്നലെ സ്കൂളിൽ ക്ലാസ്സ് ടീച്ചർ ചോദിച്ചത്രേ കുട്ടികളോട്, നിങ്ങൾ കണ്ട മഹാൻമാർ ആരൊക്കെയാണെന്ന്… എല്ലാവരും സിനിമാനടൻമാരുടേയും കളിക്കാരുടേയും പേര് പറഞ്ഞപ്പോൾ നമ്മുടെ മോൾ പറഞ്ഞത്രേ എന്റെ അച്ഛനാണ് ഞാൻ കണ്ട മഹാനെന്ന്…

ഇത് കേട്ട് കണ്ണ് നിറഞ്ഞ് ബാലേട്ടനും രാധേടത്തിയും സന്തോഷത്തോടെ, പ്രതീക്ഷയോടെ ആ സ്വർഗ്ഗത്തിനകത്തേക്ക് നടന്നിട്ടുണ്ടാവും..

അവിടെ ആ കട്ടിലിൽ കിടന്നുറങ്ങുന്ന രണ്ട് മാലാഖമാരെ കണ്ട്, ആ നെറ്റിയിലൊരുമ്മ കൊടുത്തിട്ട് ഉറങ്ങാൻ പോയിട്ടുണ്ടാവും..

പതിവുപോലെ പിറ്റേന്ന് പുലർച്ചെ ആ സ്വർഗ്ഗത്തിലെ കോഴിക്കൂട്ടീന്ന് നേരം പുലർന്നെന്ന് അറിയിപ്പു വന്നിട്ടുണ്ടാവും…

പിന്നെ നടന്നതെല്ലാം ഞങ്ങൾ അത്ഭുതത്തോടെ ആയിരുന്നു കണ്ട്പോന്നത്….

ആ രണ്ട് മാലാഖമാർ പഠിച്ച് ടീച്ചറാവുന്നത് കണ്ടു, ആ രണ്ട് പേർക്കും മനസ്സിനൊത്ത നല്ല ഭർത്താക്കന്മാരെ കിട്ടിയത് കണ്ടു, അവരെല്ലാവരും കൂടി ആ ഓടിട്ട വീടിന് പകരം ഒരു ടെറസിട്ട വീട് പണിതത് കണ്ടു, മാസാമാസം ശമ്പളത്തീന്ന് ഒരു തുക രണ്ട് മക്കളും അച്ഛനേയും അമ്മയേയും ഏല്പിക്കുന്നത് കണ്ടു, പേരക്കുട്ടികളെ കളിപ്പിച്ച് കൊണ്ടിരിക്കുന്ന മുത്തശ്ശിയും മുത്തശ്ശനുമായി ബാലേട്ടനും രാധേടത്തിയും മാറുന്നത് കണ്ടു, അവരുടെ സന്തോഷം കണ്ടു…

ഇന്നും രാവിലെ ഒരു വ്രതമെന്നോണം കടയിലേക്ക് പോവുന്ന ബാലേട്ടനെ കാണുമ്പോൾ പണ്ടുണ്ടായിരുന്ന അത്ഭുതത്തോടൊപ്പം ഇന്ന് വല്ലാത്തൊരു ബഹുമാനമാണ്… പത്ത് മണിക്ക് ബാലേട്ടനുള്ള കഞ്ഞിയുമായി പോകുന്ന പ്രിയപത്നി രാധേടത്തിയെ കാണുമ്പോൾ അത്ഭുതത്തോടും ബഹുമാനത്തോടുമൊപ്പം ഞങ്ങൾക്കൊക്കെ മനസ്സിന് ഒരു പ്രതീക്ഷയാണ്, ധൈര്യമാണ് …!

ജീവിതം ഒരു കുഞ്ഞരുവിപോലെ നിശബദമായി നമുക്ക് മുന്നിലൂടെ ഒഴുകുന്നത് കണ്ട് മനസ്സിന് എന്ത് കുളിർമ.

About Majid Noushad

മജീദ് നൗഷാദ്. അഷ്ടമുടിക്കായലോരത്തെ ഒരു സാധാരണക്കാരനായ യുവാവ്. അവിടെ തൊണ്ടു തല്ലി പട്ടിണിയും, പരിവട്ടവുമായി ജീവിച്ച കുടുംബങ്ങളുടെ പ്രതിനിധി.കരളെരിച്ച ജീവിതത്തിന്റെ ആ കനൽ വഴികൾ നമ്മെ പൊള്ളിക്കാതിരിക്കില്ല. ഗ്രാമത്തിന്റെ നൻമയും, തനിമയും ചോർന്നു പോകാത്ത ആ ഒാർമകളിലേക്ക്.....

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *