ഇന്നൊരു സ്വപ്നം ചത്തുപോയി..
എന്റെ –
ആദ്യത്തെ സ്വപ്നം !
കുഴിച്ചുമൂടപ്പെട്ട ചിന്തകൾ
മണ്ണിനടിയിൽ കിടന്ന് വീണ്ടും തളിർക്കുവാൻ ആഗ്രഹിച്ചു,
ഒരു പുതുനാമ്പായ് ,
ജീവിതത്തിന്റെ തീച്ചൂളയിൽ വെന്തെരിഞ്ഞ ചിന്തകൾ
ഉയർന്നു പറക്കാനാഗ്രഹിച്ചു,
ഒരു ഫീനിക്സ് പക്ഷിയെ പോലെ..
ചിന്തകൾ കണ്ണീർ പൊഴിച്ചു..
ആ കണ്ണുനീർ പ്രവാഹത്തിൽ ഉപ്പുപാടങ്ങൾ നിറഞ്ഞൊഴുകി..
വിണ്ടുകീറിയ മുറിവുകളിൽ ആഴ്ന്നിറങ്ങി പുതുചിന്തകളുടെ വിത്തുകൾ കുഴിച്ചിട്ടു..
ഓർമ്മകൾ
വീണ്ടും മഴയായ് പെയ്തിറങ്ങിയപ്പോൾ,
നീർമണിമുത്തുകൾ
വീണു
ചിന്തകൾ തളിർത്തു..
പക്ഷെ,
എൻറെയും നിൻറെയും ചിന്തകൾ എന്തായിത്തീരണമെന്ന് തീരുമാനിക്കുന്ന ചിലതുണ്ട്..
പുതുചിന്തകൾ പാറിപ്പറക്കാൻ കൊതിക്കുന്ന നീലാകാശത്തിനു അതിർവരമ്പുകൾ തീർക്കുന്ന ചിലരുമുണ്ട്..
അങ്ങിനെ ചിലതും ചിലരും ചേർന്നു കുത്തിക്കൊല്ലുന്ന കുറേ സ്വപ്നങ്ങളുമുണ്ട്..
ചിന്തയുടെ നൂലിഴകൾ തുന്നിച്ചേർത്താരോ നെയ്തൊരു
പാവം സ്വപ്നം !
ഒരു സ്വപ്നം കൂടെ ചത്തുപോയി..
ഒരു പ്രഭാതത്തിൽ പൊട്ടിമുളച്ചു
അത്ഭുത പുഷ്പങ്ങളാകാൻ കൊതിച്ച ചിന്തകൾ..
അവർ
പൂമൊട്ടുകളായ്
വീണ്ടും ജനിച്ചു..
ചിന്തകളുടെ പാവം മൊട്ടുകൾ..
സ്വപ്നങ്ങളായ് വിരിഞ്ഞു വസന്തത്തിന്റെ
കാറ്റിൽ
പൂമണം പരത്തി പറക്കുവാൻ കൊതിച്ചവർ !
പക്ഷെ,
ഇല്ല –
ഇനിയാ പുഷ്പം എൻറെ ചിന്തകളുടെ തോട്ടത്തിൽ..
ആരോ
പിഴുതെറിഞ്ഞു വീണ്ടും..
ചത്തുപോയി
എന്റെ
മറ്റൊരു സ്വപ്നം..
“ചാകുവാൻ തന്നെയല്ലേ
നാം
ജീവിതം കടമെടുത്തത്” -ചിന്തകളിൽ
ഒരുവൻ പറഞ്ഞു.
വീഴണം
വാടിയ പൂക്കളായ്,
അന്ന് –
നാം
ഏതു പൂന്തോട്ടത്തിലായാലും..ഏതൊരു പുഷ്പമായാലും..
വാടണം,
മണ്ണിലേക്കു വീഴണം..
നാം ചാകണം !
“കൊല്ലുവാൻ തന്നെയല്ലേ
ചിന്തകളെ
മനുഷ്യൻ പോറ്റിയെടുത്തത്..”-ചിന്തകളിൽ മറ്റൊരുവൻ ആക്രോശിച്ചു !
ബലിമൃഗങ്ങളാകുന്ന പാവം ചിന്തകൾ..
ചത്തുപോയി..
ചത്തുപോയി…
എന്റെ
അവസാനത്തെ സ്വപ്നവും !