തുടക്കം നമ്മെ വിട്ടു പോയ കവിശ്രേഷ്ഠനിൽനിന്ന് തന്നെ ആവട്ടെ… നീലകണ്ഠൻ എന്ന ബാലന്റെ, നീലകണ്ഠൻ എന്ന വിപ്ലവകാരന്റെ, ഒ.എൻ.വി എന്ന കവിയുടെ ജീവിതത്തിലൂടെ ഒരു യാത്ര. കവിതയിലൂടെ മനോഹരമായി ചിത്രം വരയ്ക്കുന്ന കവിയുടെ ഗദ്യരൂപം അതിമനോഹരം. ഒരു ദേശത്തിൽ, അവിടത്തെ മണ്ണിന്റെ മണത്തോടെ, ഒരുയുഗത്തിൽ, ആ യുഗത്തിലെ ജീവജാലങ്ങളിലൂടെ, കൂടെ ജീവിച്ചിരുന്ന അതികായരിലൂടെ, നമ്മളെയും കൂട്ടി കവി അലഞ്ഞു നടക്കുന്നു. ഇടയ്ക്കു വിശപ്പും ദാഹവും മാറ്റാനായി വാക്കുകളുടെ ഒരു സദ്യതന്നെയാണ് മുന്നിൽ.
30 കളിലേയും 40 കളിലേയും 50 കളിലേയും കേരളത്തിലെ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോൾ, അന്നത്തെ യുവത്വത്തിന്റെ മൂല്യങ്ങളെയും രാഷ്ട്രീയ നയങ്ങളെയും പറ്റി വായിക്കുമ്പോൾ, ഉള്ളിൽ ഒരു നഷ്ടബോധംതോന്നും… നമുക്കിതൊന്നും അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായില്ലല്ലോ എന്നോർത്തു ആരും നെടുവീർപ്പിട്ടു പോകും.
ബാല്യം, അന്നത്തെ സ്വപ്നങ്ങൾ, വിദ്യാലയം, കോളേജ് ജീവിതം, അധ്യാപകർ, കെ.പി.എ.സി, രാഷ്ട്രീയബന്ധങ്ങൾ, ഉദ്യോഗം, അങ്ങിനെ അദ്ദേഹം ജീവിതത്തെ കുറിച്ച് വാചാലനാവുന്നു. ദുർലഭമായ പല ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
“ഇതൊരു ആത്മകഥയല്ല. അങ്ങിനെ ഒന്നെഴുത്താനുള്ള വലിപ്പവുമെനിക്കില്ല.കാലത്തെ വന്ന്, ഇരുണ്ട കരിയിലകലടിച്ചുവാരി, കുഞ്ഞു പൂക്കളെ വിളിച്ചുണർത്തി, ഇലകൾക്ക് ഇങ്ക് കുറുക്കി കൊടുത്ത്, ഈറൻ വിരികളെല്ലാം ഉണക്കി, ക്ഷീണിച്ചു പടിയിറങ്ങുന്ന പോക്കുവെയിൽ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകൾമാത്രം…” കവിയുടെ മൊഴി.
ആകെ ഒരു നിരാശ… പ്രണയത്തെ കുറിച്ച് വാതോരാതെ എഴുതുമായിരുന്ന, ഹൃദയത്തിൽ പ്രണയത്തിന്റെ ചിത്രംകോറിയിട്ടു പോകുന്ന കവിയുടെ ആത്മകഥയിൽ പ്രണയത്തിന്റെ ഒരു ലാഞ്ചനപോലും കാണുന്നില്ല….