യൂദാസിനെ തെരുവിലൂടെ ഒരു കൂട്ടം മുഖം മൂടികൾ വലിച്ചിഴച്ചുകൊണ്ടുപോകുന്നു. നിലത്തുരഞ്ഞ് തൊലിപൊട്ടുമ്പോൾ യൂദാസ് നിലവിളിക്കുന്നു. അവന്റെ ഉടുതുണിയിൽനിന്നുതിരുന്ന വെള്ളിക്കാശുകൾ നിലത്തുകിടന്നു തിളങ്ങുന്നു. അതിനെ ചവിട്ടിയരച്ച് കാണികൾ പിറകേ പോകുന്നു. ആർക്കും വേണ്ടാത്ത വെള്ളിക്കാശുകൾ മണ്ണിൽ പുതഞ്ഞുപോക്കുന്നു. ഒരു മൊട്ടക്കുന്നിന്റെ മുകളിൽ പണ്ടെന്നോ കുത്തിയുറപ്പിച്ച കുരിശിനു കീഴിലേക്ക്. മുഖം മൂടികൾ യൂദാസിന്റെ വലിച്ചിഴച്ച് കൊണ്ടുവന്നിട്ടു. കണ്ടുനിന്നവർ ആർത്തുവിളിച്ചു.
“അവനെ കല്ലെറിഞ്ഞുകൊല്ലണം..”
മുഖം മൂടികൾ കുരിശിനെ നോക്കി… “കുരിശേ, ഇവനെ എന്തു ചെയ്യണം?” കുരിശിന്റെ ശബ്ദം, മൊട്ടക്കുന്നുകളിൽ തട്ടി പ്രതിധ്വനിച്ചു – “ഞാൻ വേദനയുടെ മൂകസാക്ഷി…. എന്നിൽത്തറച്ച ആണികൾ… മുൾക്കിരീടത്തിൽ നിന്നിറ്റിറ്റുവീണ രക്തത്തുള്ളികൾ… വേണ്ട, നിങ്ങളേപ്പോലെ നിങ്ങളുടെ അയൽക്കാരനേയും സ്നേഹിക്കൂ..”
ജനം രോഷാകുലരായി — “കൊല്ലണം, അവനെ കൊല്ലണം, കല്ലെറിഞ്ഞുകൊല്ലണം. ഇവന്റെ തെറ്റുകൾക്ക് ഇവിടെ മാപ്പു കൊടുക്കുകയാണെങ്കിൽ ഭൂമിയിൽ തെറ്റുകൾ വർദ്ധിക്കുകയേയുള്ളൂ.” മുഖം മൂടികൾ കുരിശിനെ നോക്കി. ” കുരിശേ ഈ ശബ്ദം കേട്ടില്ലേ? ഇവനും, ഇവന്റെ കൂട്ടാളികളും ചെയ്ത ദുഷ്കൃത്യങ്ങളുടെ യാതനകൾ അനുഭവിച്ചവരുടെ ശബ്ദമാണിത്. ഞങ്ങളെന്തു ചെയ്യണം?” കുരിശു മിണ്ടാതെ നിന്നു. അൽപ്പനേരത്തിനുശേഷം മൗനം ഭഞ്ജിച്ചു – “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.” കോപക്രാന്തരായ ജനം കല്ലെറിഞ്ഞു. കല്ല് കൊണ്ട് യൂദാസ് വേദനയോടെ പിടഞ്ഞു. അവൻ കുരിശിനോട് ചോദിച്ചു – ” പാപം ചെയ്യാത്തവരാണോ കല്ലെറിയുന്നത്?” കുരിശു പറഞ്ഞു – ” അവരുടെ ചെയ്തികൾ ഭൂമിയിൽ അവരാൽത്തന്നെ ന്യായീകരിക്കപ്പെടുന്നു യൂദാസേ..” കല്ലുകളേറ്റു മരണവുമായി മല്ലിടുമ്പോൾ യൂദാസ് വീണ്ടും ചോദിച്ചു – “കുരിശേ എന്റെ ശിക്ഷ പണ്ടേ വിധിക്കപ്പെട്ടതാണെങ്കിൽ, ഈ കല്ലുകൾ തരുന്ന വേദന ആ ശിക്ഷക്ക് എന്തെങ്കിലും ഇളവുണ്ടാക്കുമോ?” കുരിശു ഒന്നും മിണ്ടിയില്ല. ഒരു വലിയ കല്ല് യൂദാസിന്റെ മേൽ പതിച്ചു. യൂദാസിന്റെ ദേഹത്തു നിന്നു ചിതറിയ രക്തം കുരിശിനു അന്ത്യപ്രണാമം അർപ്പിച്ചു.