“എങ്കിലും സ്വപ്നങ്ങൾ കാണുന്ന നമ്മുടെ
കണ്ണുകൾ കാലം കവർന്നില്ലിതുവരെ:
കന്നിവെറിയിൽ മകരക്കുളിരിനെ
കർക്കിടകക്കരിവാവിൽ തെളിവുറ്റ
ചിങ്ങപ്പുലരിയെ സാന്ദ്രമൗനങ്ങളിൽ
സംഗീതധാരയെ–കാളും വിശപ്പിലും
നല്ലോണമുണ്ണുന്ന നാളിനെ കല്ലിന്റെ–
യുള്ളിലുമേതോ കരുണതൻ മൂർത്തിയെ
നമ്മൾ കിനാവു കാണുന്നൂ! കിനാവുകൾ
നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു”
എലിപ്പത്തായത്തിൽ കിടക്കുന്ന എലികളാണോ നമ്മൾ? അല്ല. ഖാണ്ഡവ-വനത്തിൽ തീപിടിച്ചപ്പോൾ അതിനകത്തായിപ്പോയ ശാർങ്ഗകപ്പക്ഷികളാണ്. ആ പക്ഷികളായ നമ്മുടെ ദൈന്യവും പ്രത്യാശയും കാവ്യാത്മകമായി ആവിഷ്കരിച്ചു് സമകാലിക ലോകത്തിന്റെ ചിത്രംവരയ്ക്കുന്നു ഒ.എൻ.വി. കുറുപ്പ് (ശാർങ്ഗകപ്പക്ഷികൾ, കലാകൗമുദി, ലക്കം 522). സംസ്കാരത്തിന്റെയും പരിഷ്കാരത്തിന്റെയും അടിത്തറ തകർന്നു കൊണ്ടിരിക്കുന്നു ഇന്ന്. മനുഷ്യർക്കു മഹാക്ഷോഭവും ആകസ്മികവിപത്തും തകർച്ചയും വരുത്തിയ ഈ കാലയളവു പോലെ മറ്റൊരു കാലയളവു് ഒരിക്കലും ഉണ്ടായിട്ടില്ല. അവയൊക്കെക്കണ്ട കവിയുടെ മനുഷ്യത്വത്തിന്റെ സാക്ഷ്യപത്രമാണ് ഈ ഉജ്ജ്വലമായ കാവ്യം. അതിനിന്ദ്യമായ നരത്വത്തിലൂടെ നീങ്ങുന്നവരുടെ പ്രതിനിധികളായി രണ്ടുപേരെ കവി അവതരിപ്പിക്കുന്നു. ഒരാൾ ഉറങ്ങുമ്പോളൾ മറ്റേയാൾ ഉണർന്നിരിക്കുന്നു. രണ്ടുപേരും ഉറങ്ങിയാൽ ജീവിതത്തിന്റെ സംഹാരാത്മകശക്തി അവരെ നശിപ്പിച്ചുകളയും. അതുകൊണ്ടു് സുഷുപ്തിതിയിൽ വീഴുന്ന വ്യക്തിയെ ഉണര്‍ന്നിരിക്കുന്ന വ്യക്തി സൂക്ഷിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെ സൂക്ഷിക്കാതിരിക്കും? വെറും കിടാങ്ങളായ അവരെ നടുക്കുന്ന നൃശംസതകളെ കണ്ടാലും:
“മാമ്പൂവുരുക്കുന്ന വേനലിലെ — കണ്ണി–
മാങ്ങകൾ തല്ലിക്കൊഴിക്കുന്ന കാറ്റിനെ.
പ്രാവിൻകുരുന്നിനെ റാഞ്ചും പരുന്തിനെ–
പൂവാങ്കരുന്നിലരിക്കും പുഴുവിനെ–
കുഞ്ഞിന്റെ പൊക്കിളിൽ നോക്കിയിരുന്നതിൻ
കന്നിയിളം ചോരയൂറ്റുന്നാരോന്തിനെ–
പോത്തിന് പുറത്തു വന്നെത്തുന്ന രൂപത്തെ–
ഓർത്തു നടങ്ങും കിടാങ്ങൾ നാമിപ്പോഴും.”
ലോകത്തിന്റെ പാതകങ്ങളെയും ഉന്മാദങ്ങളെയും ഇങ്ങനെ പ്രതീകങ്ങളിലൂടെ സ്ഫുടീകരിച്ചിട്ട് പ്രസാദാത്മകത്വത്തിന്റെ പ്രകാശം വിതറുന്നു കവി.
“എങ്കിലും സ്വപ്നങ്ങൾ കാണുന്ന നമ്മുടെ
കണ്ണുകൾ കാലം കവർന്നില്ലിതുവരെ:
കന്നിവെറിയിൽ മകരക്കുളിരിനെ
കർക്കിടകക്കരിവാവിൽ തെളിവുറ്റ
ചിങ്ങപ്പുലരിയെ സാന്ദ്രമൗനങ്ങളിൽ
സംഗീതധാരയെ–കാളും വിശപ്പിലും
നല്ലോണമുണ്ണുന്ന നാളിനെ കല്ലിന്റെ–
യുള്ളിലുമേതോ കരുണതന്‍ മൂർത്തിയെ
നമ്മൾ കിനാവു കാണുന്നൂ! കിനാവുകൾ
നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു”
ശരിയായ ജിവിതം. ധാർമ്മികമായ ചിന്ത ഇവയൊക്കെ ഈ കിനാക്കളുടെ ഫലങ്ങളാണ്. ആ സ്വപ്നങ്ങളെ സാക്ഷാല്കരിക്കാൻ ആഹ്വാനം നടത്തുന്ന കവി വിഷാദത്തിന്റെ “കരിനീല തടകങ്ങളെ” ദർശിക്കുന്ന ആളല്ല; ആഹ്ലാദത്തിന്റെ ധവളശൃംഗങ്ങളെ കാണുന്ന വ്യക്തിയാണ്. ഖാണ്ഡവവനത്തിൽ അകപ്പെട്ട ശാര്ങ്ഗകപ്പക്ഷികൾ രക്ഷപ്പെട്ടു. ക്രൂരതയുടെ അഗ്നി നാലുപാടും കത്തുന്ന ഈ ലോകത്ത് അകപ്പെട്ട നമ്മളും രക്ഷപ്പെട്ടു. സമകാലിക സമൂഹത്തിന്റെ സാഹിത്യവാരഫലം 1985-09-29 ചേതനയെ കണ്ടറിഞ്ഞ കവിയാണ് ഒ.എൻ.വി. കറുപ്പെന്ന് ഈ കാവ്യം ഉദ്ഘോഷിക്കുന്നു.”
(എം കൃഷ്ണൻ നായർ =സാഹിത്യവാരഫലം 1985-09-29)