ഏതു ദിനത്തിലായിരുന്നുവെന്നോർമയില്ല. ഇക്കഴിഞ്ഞുപോയ ഏതോ മാസങ്ങളിലൊന്നിൽ ഒരു ദിവസത്തിലാണ്. രാവിലെയുള്ള പതിവു പത്രം വായനയിലായിരുന്നു, ഞാൻ. മാതൃഭൂമി ദിനപ്പത്രത്തിലെ അകത്തേതോ ഒരു താളിൽ, ഇടയിലെവിടെയോ, അത്ര പ്രാധാന്യമില്ലാതെ കൊടുത്തിരുന്ന ഒരു വാർത്തയിൽ മനസ്സുടക്കി. “എൺപതുകാരി മാനഭംഗത്തിനിരയായി” – അങ്ങനെയെന്തോ ഒന്നായിരുന്നു തലക്കെട്ട്. “കൈകാലുകൾ കട്ടിലിൽ കെട്ടിയിടപ്പെട്ട് അവശനിലയിലായിരുന്ന വ്രദ്ധയെ പോലീസെത്തി മോചിപ്പിച്ചു. വൈധ്യപരിശോധനയിൽ അവർ ബലാൽസംഗത്തിനിരയായെന്ന് സ്ഥിരികരിക്കപ്പെട്ടു” – ഇതായിരുന്നു ആ വാർത്തയുടെ ഉള്ളടക്കം. എന്റെ ഹൃദയത്തിൽ ആഴത്തിലൊരു മുള്ളു തുളച്ചുകയറിയതുപോലെ തോന്നി. അപ്പോഴുണ്ടായ വേദന ഒട്ടും കുറയാതെ ഈ കുറിപ്പെഴുതുമ്പോഴുമുണ്ട്.
എനിക്കിന്നും മനസ്സിലാകാത്ത ചില കാര്യങ്ങൾ ബാക്കിനിൽക്കുന്നു. ഒന്ന്, ഈ വാർത്തയെങ്ങനെ ഇത്ര അപ്രസക്തമായി കൊടുക്കാൻ കഴിഞ്ഞുവെന്നതാണ്. രണ്ട്, പിന്നീടൊരിക്കലും ഈ സംഭവത്തിന്റെ തുടർച്ച (അന്വേഷണവും മറ്റും) റിപ്പോർട്ട് ചെയ്യപ്പെട്ടില്ലയെന്നതാണ്. ഏതായാലും സ്ഥലവും, വൃദ്ധയെ മോചിപ്പിച്ച പോലീസുദ്യോഗസ്ഥരുടെ പേരുമൊക്കെ റിപ്പോർട്ട് ചെയ്തിരുന്നതിനാൽ, വാർത്ത സത്യമായിരുന്നുവെന്നാണ് എന്റെ നിഗമനം.
ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ മറ്റൊരു വാർത്തയിൽ മനസ്സുടക്കി. യുവതിയുടെ കുഴിമാടത്തിന്റെ മൂടിയിലെ ഒരു സ്ലാബ്, അടക്കിയതിന്റെ പിറ്റേദിവസം, ഇളക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്നതായിരുന്നു ആ വാർത്ത.
പോലീസന്വേഷണം നടക്കുന്നുവെന്നും, സംഭവസ്ഥലത്തു നിന്നും ഒരു മദ്യക്കുപ്പിയും ചർദ്ദിലിന്റെ അവശിഷ്ടവും കണ്ടെത്തിയെന്നുമായിരുന്നു വാർത്തയുടെ തുടർച്ച.
ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ഏഴാം പേജിൽ മറ്റൊരു വാർത്ത ശ്രദ്ദയിൽപ്പെട്ടു. സംസ്ഥാനത്ത് പതിനൊന്നു ലക്ഷത്തിലധികം കേസുകൾ തീർപ്പാകാതെ വിവിധ കോടതികളിൽ കെട്ടിക്കിടപ്പുണ്ടത്രെ.
” ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം.
കേരളമെന്നു കേട്ടാലോ, തിളക്കണം ചോര നമുക്കു ഞരമ്പുകളിൽ “