‘ടീച്ചറേ… വേദനിക്കുന്നില്ല….
ലഹരിയുടെ പാതി ബോധത്തിൽ തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന കുഞ്ഞു കുട്ടികളുടെ മുഖമായിരുന്നു ആനി ടീച്ചറുടെ മനസ്സു നിറയെ.
കൈയ്യിലിരുന്ന ചൂരൽ വടിയിൽ മുറുകെ പിടിച്ച് അവർ വരാന്തയിലൂടെ മെല്ലെ നടന്നു.
പിന്നെ എതോ ഒരു നിമിഷം അത് സൂര്യ കാന്തി പൂക്കൾ സൂര്യനെ നോക്കിച്ചിരിക്കുന്ന പൂന്തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞ്.. അറിയാതെ വിതുമ്പി.
പൂമ്പാറ്റയായ് പറന്നു നടക്കുന്ന കൊച്ചു കുട്ടികൾ.. നിഷ്ങ്കളങ്കമായ് ചിന്തിക്കേണ്ടുന്ന പ്രായം അവർക്ക് എന്തിലൊക്കെ കൗതുകം തോന്നാം ?
കളിപ്പാട്ടങ്ങൾ പലഹാരങ്ങൾ കൂട്ടുകാർ പിന്നെ…… ?
ടീച്ചർ ഉത്തരങ്ങളില്ലാതെ സ്കൂൾ വരാന്തയുടെ തൂണിൽ ചാരി അസംബ്ലി നടക്കുന്ന മുറ്റത്തിനപ്പുറം റോഡിലെ ബദാം മരത്തണലിലേക്ക് കണ്ണയച്ചു…
അവിടെയാണ് ഞാൻ ആദ്യം അയാളെ കണ്ടത്.
ഒരു മുഠായി വിൽപ്പനക്കാരൻ എന്നതിലുപരി വേറെന്തോ .
അയാൾ തന്റ തെള്ളു വണ്ടിയിലെ മണി കിലുക്കി. വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ മധുരം കാട്ടി കുട്ടികളെ വിളിച്ചു കൊണ്ടിരുന്നു.
——————————————————————————–
ക്ലാസ്സ് റൂമിൽ തല കുമ്പിട്ടിരുന്ന വിഷ്ണുവിനെയാണ് ടീച്ചർ ആദ്യം പിടിച്ചുയർത്തിയത്.
ചോദ്യങ്ങൾക്കുത്തരം പറയാതെ ആറു വയസ്സുകാരന്റെ കുഴഞ്ഞ ചിരിയോടെ അവൻ നിന്നു.
പിന്നെ പ്രിൻസ്സ്.. ജോൺ.. ആബിദ്…
തല കുമ്പിട്ട് ബ്ലാക്ക് ബോർഡിലെ വെളുത്ത അക്ഷരങ്ങൾ ചുമന്ന കുഞ്ഞിക്കണ്ണുകളിൽ തെളിയാതെ കുഴഞ്ഞ്…
മയക്കു മുഠായിയാ ടീച്ചർ ..
സ്വാതിയാണ് പറഞ്ഞു തുടങ്ങിയത്..
“മയക്കു മുഠായിയോ ?”
@#%&@ അവളെ ഇതു വരെ കേൾക്കാത്ത എന്തോ ക്രൂദ്ധനായ് പറഞ്ഞ്.. പാന്റിന്റ പോക്കറ്റിൽ പിടി മുറുക്കിയ ജോണിനു നേരെ വടി ഉപയോഗിക്കരുതെന്ന നിർദ്ദേശം മറന്ന് ചൂരൽ ഓങ്ങിയപ്പോഴാണ് വിഷ്ണു മെല്ലെ മൊഴിഞ്ഞത്..
“അടിച്ചോ ടീച്ചറേ വേദനിക്കില്ല..”
————————————————————————-
“ടീച്ചർ പ്രിൻസ്സിപ്പൾ വിളിക്കുന്നു..”
”ആ പിള്ളേരുടെ അച്ഛനുമമ്മയും വന്നിട്ടുണ്ട്…”
ആനി ടീച്ചർ മെല്ലെ ചിന്തയിൽ നിന്നുണർന്ന്.. വരാന്തയിലെ തടിപ്പടികൾ കയറി പ്രിൻസിപ്പളുടെ മുറിയിലേക്ക് നടന്നു.
കുറ്റവാളികളെ പോലെ തല കുമ്പിട്ട് കുട്ടികൾ.
അതോ ലഹരിയോ. ?
ആനി ടീച്ചർ ഏതോ അത്ഭുത ലോകത്തു ചെന്ന പോലെ അവിടം നോക്കി കണ്ടു…?
‘ഡാ എന്തായിത്… ?
തിളങ്ങുന്ന കഷണ്ടി തലയുള്ള രാജൻ സാറിന്റ മുഖത്തു നോക്കാതെ പ്രിൻസ്സ് മെല്ലെ മൊഴിഞ്ഞു… സ്ടോബറി…. സ്ട്രോബറി മുഠായി,,
ഹാ… സ്ട്രോബറി മുഠായി…
നിനക്കെവിടുന്നാ ഇതിനു പൈസാ കിട്ടിയേ ?
അപ്പായുടെ പോക്കറ്റിൽ നിന്നെടുത്തു…
പ്രിൻസിന്റ അപ്പാ… ചേറ്റു നിറമുള്ള മനുഷ്യൻ.. അയാൾക്കിതിലൊന്നും ശ്രദ്ധയില്ലാത്തതു പോലെ.. പാൻ പരാഗും കള്ളും ചേർന്നൊരു മണം മൂക്കിലേക്ക് പരക്കുന്നു..
ആനി ടീച്ചർ മെല്ലെ മുഖം തിരിച്ചു..
ജോണിന്റെ അമ്മ അവർ പതം പറഞ്ഞു കരയുന്നു.. അപ്പനെ കണ്ടു പഠിക്കാ നീ … നഷ്ട്ടപ്പെട്ടു പോയതിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷയോടെ അവൾ അവനെ പിടിച്ചു കുലുക്കുന്നു..
‘ഡാ നിന്റ അപ്പനും അമ്മയും എന്തിയേടാ……’
ആബിദ് മുറിയിലെ ഓട്ടു കഷ്ണങ്ങളെയും ഉത്തരത്തിൽ കൂടു കൂട്ടിയ അനേകം ചിലന്തികളെയും കണ്ടു.
‘യത്തീമാണ് സാറേ….’
രാജൻ സാർ ഒന്നും മിണ്ടിയില്ല.. ആനി ടീച്ചർ ഹൃദയത്തിൽ അടുത്ത മുള്ളു തറഞ്ഞ് വരാന്തയിലെ തൂണിനെ പിന്നെയും കൂട്ടു പിടിച്ചു.
———————————————————————-
ബദാം മരച്ചുവട്ടിൽ പിന്നെയും കേൾക്കുന്നു.. മുഠായി കച്ചവടക്കാരന്റ മണി നാദം…
വരാന്തയും കടന്ന് ഏതോ ആവേശത്തിൽ ടീച്ചർ സൂര്യ കാന്തി തോട്ടത്തിലേക്കും പിന്നെ ഗേറ്റ് തള്ളിത്തുറന്ന് റോഡിലേക്കും നടന്നു..
ചുവന്ന കണ്ണുള്ള കുറ്റി താടിയിൽ ലഹരിയെന്നെഴുതിയ മനുഷ്യൻ ടീച്ചർക്കൊരു വിദ്യാർത്ഥിയായിരുന്നു.. തന്റെ മുപ്പത് കുട്ടികളിൽ ഏറ്റവും വികൃതിയായ വിദ്യാർത്ഥി..
വള്ളിച്ചൂരലിന്റെ താളം ബദാം മര തണലും കടന്ന് എവിടേക്കോ ഒഴുകി…
മുഠായി കച്ചവടക്കാരൻ ഒരു പുതിയ പാഠം പഠിക്കുകയായിരുന്നു..
ആനി ടീച്ചറിൽ നിന്നും..