ശങ്കരാത്മജനിന്നു നമ്മുടെ സങ്കടങ്ങളൊഴിക്കണം
ശങ്കരാ മമ രക്ഷ ചെയ്യുക കവിതവന്നുഭവിക്കുവാൻ
പങ്കജത്തിലിരുന്നു സദ്ഗതി- യേകിടുന്ന സരസ്വതി
ശങ്കതീർന്നു വസിക്കുകെന്നുടെ ജിഹ്വതന്നിലരക്ഷണം!
വീട്ടിലുള്ള കടങ്ങളാൽ പണിപാളിവന്ന ദശാന്തരേ
നാട്ടിൽ നിന്നു കടന്നുഞാനൊരു ഫ്രീവിസയ്ക്കു മലേഷ്യയിൽ
കൂട്ടരൊത്തു വസിച്ചു പലവിധ ജോലിയൊക്കെയെടുക്കവേ
നാട്ടുകാരുടെ പൈസവാങ്ങി- യതൊക്കെ നല്കി മടക്കിഞാൻ
പട്ടിനക്കിയ തലവിധിക്കൊരു മാറ്റമാക്കിയെടുക്കുവാൻ
ചിട്ടയോടെ പണിക്കുപോയതിലൊട്ടു നോട്ടുലഭിച്ചതും
വീട്ടിലാക്കിയതിന്നു നല്ലൊരു കെട്ടിടംപണിതോർക്കണം
പൊട്ടിമുഴുവനുമക്ഷരാർത്ഥമൊരു പത്തുലക്ഷമുറുപ്പിക
ഇല്ല നമ്മുടെ കയ്യിലിന്നിയൊരു ചില്ലിപോലുമെടുക്കുവാൻ
വല്ല ജാതിയുമെത്തിവീണ്ടുമടുത്ത ഫ്ലൈറ്റിനു ദുബ്ബയിൽ
ചില്ലറപ്പണിയല്ല ദുബ്ബയിൽ നല്ല ജോലി ലഭിക്കുവാൻ
ഇല്ല ശമ്പളമധികമെങ്കിലു- മൊത്തു വേല തുണിക്കടേൽ
അങ്ങനൊരുവിധമാടലൊക്കെ യൊതുക്കി ഞാൻ പണിചെയ്യവെ
ചിങ്ങമാസമടുത്തു നമ്മുടെയെഗ്രിമെന്റു കഴിഞ്ഞഹോ
തിങ്ങിവന്ന കരച്ചിലൊക്കെയൊതുക്കി ഫ്ലൈറ്റിനു കേറി ഞാൻ
വീട്ടിലെത്തിയകാലമങ്ങനെ യാഴ്ച്ച രണ്ടുകഴിഞ്ഞവാർ
കൂട്ടുകാരനുമെത്തിയോതിയൊരു പെണ്ണുകാണുക നീയെടോ
പെണ്ണുകണ്ടു നമുക്കുമിഷ്ട മതീവസുന്ദരി ജാനകി
തിണ്ണമങ്ങുനടത്തുവാൻ ധൃതി പെണ്ണുവീടിനലംകൃതി
കാശുകിട്ടിയൊരു പത്തു ലക്ഷവുമത്ഭുതം മമ സ്ത്രീധനം
കീശവീർത്തനുകൂലമായി മമ മംഗലം പൊടിപൂരമായ്
വീശി ബാറിലിരുന്നു ചില്ലറ ബിയറു കൂട്ടരുമായി ഞാൻ
മോശമായി നടക്കവേയൊരു ചാൻസുവന്നിതു സൗദിയിൽ
സങ്കടം സഹിയാഞ്ഞു ജാനകി മുട്ടുകുത്തിയിരുന്നുപോയ്
സങ്കടത്തൊടു ഞാനുമിങ്ങിഹ സൗദിയിൽ പണിചെയ്യവേ
പങ്കജാക്ഷി മമ വലഭയ്ക്കൊരു ചിന്തിതം വലിയ കാറിനായ്
ശങ്കമാറ്റിയൊരു കാറെടുത്തവളുമോട്ടുവാനറിയില്ല പോൽ!
ഇംഗിതജ്ഞ പുനരോർത്തുചൊല്ലിയൊരു ഡ്രൈവറെ നിയമിക്ക നാം
ഇംഗിതം മുറപോലെകിട്ടിയൊരു സുന്ദരൻ ശകടചാലകൻ
വണ്ടിയേറിനടന്നു സുന്ദരിഭൈമി ജാനകിയൊട്ടുനാൾ
ഒട്ടുനാളുകഴിഞ്ഞു താതനു മെന്നെയൊന്നു വിളിച്ചുടൻ
ഞെട്ടിയാർത്തുകരഞ്ഞു ഞാനൊരു തട്ടുകിട്ടിയ മാതിരി
കെട്ടിയോളുചതിച്ചെടാ പണികിട്ടി നമ്മുടെ ഡ്രൈവറാ!!
പെട്ടിയൊക്കെയെടുത്തു പോയവൾ കൂട്ടിനായ് ശകടചാലകൻ!!