
എന്തൊക്കെ ഉണ്ടെന്നു കരുതിയാലും ചിലസമയങ്ങളിൽ മനസ്സ് ഒറ്റപ്പെടലിന്റെ തുരുത്തിൽ ചെന്നങ്ങ് ചേക്കേറും…
ഉറ്റവരും, ഉടയവരുമില്ലാത്ത നാളേയ്ക്കു വേണ്ടി കരുതി നിറച്ചുവെച്ച കളപ്പുരകളില്ലാത്ത ഒരു തീരം.
വെറും ശൂന്യമായ ഈ തുരുത്തിലൂടെ ഒരാവേശത്തോടെയാണ് ഞാനെന്റെ മനസ്സിനെ നയിക്കുന്നത്.
പലപ്പോഴും ഇതൊരു അനുഭൂതി തന്നെ സമ്മാനിക്കലുണ്ട്.
ഉത്സവത്തിന് മുന്നേ തെങ്ങിൽ കോളാമ്പി വെച്ച്കെട്ടി പാട്ട്കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖാ ഇതിനും..
വരാൻപോകുന്ന ഉത്സവത്തിന്റെ തുടികൊട്ട്പോലെ..
ഈ സമയങ്ങളിലൊക്കെയും മുൻകാലങ്ങളിൽ എന്നെ വിട്ടുപിരിഞ്ഞ പലരും സ്വപ്നത്തിൽ വന്നുപോകാറുണ്ട്..
അങ്ങനെ ഇന്നലെയും രാത്രിയുടെ നിശബ്ദതയിൽ കുമിഞ്ചാനും പുകച്ചുകൊണ്ട് എന്റെ ഒപ്പം ഒരുബെഞ്ചിൽ ആറാം ക്ലാസ്സിൽ അടുത്തിരുന്നു പഠിച്ച ഫസിലുകുട്ടി വന്നു..
ഫസിലൂന്റെ ബാപ്പ അക്കാലത്തെ വല്യ തൊണ്ട് മുതലാളിയായായിരുന്നു.
ചെൽപ്പാർക്ക് മഷിയുടെ സുഗന്ധവും, ഹീറോപെന്നിന്റെ ഉരുട്ടിയുള്ള കയ്യക്ഷരവും എനിക്ക് സമ്മാനിച്ച സഹപാഠി..
അവന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു കുളത്തിൽ നിറയേ ആമ്പൽപ്പൂക്കളുണ്ട്.
എന്നും സ്കൂളിൽ വരുമ്പോൾ ആമ്പൽപ്പൂ പറിച്ച് എനിക്ക് കൊണ്ടുതരും.
മണലി ക്ഷേത്രത്തിലെ പത്താംഉത്സവനാൾ പള്ളിയാറാട്ടിനായിപാതിരാത്രി ആനയെ എഴുന്നെള്ളിച്ച് ഈ കുളത്തിൽ കൊണ്ട് വന്ന് കുളിപ്പിച്ചുകൊണ്ട് പോകാറുണ്ടത്രെ.
എന്നും ചോറ്റുപാത്രത്തിൽ ചോറും, പൊരിച്ചമുട്ടയും ചമ്മന്തിയുമായി ഫസിലു വരും.
ഉച്ചയ്ക്ക് ഞാൻ സ്കൂളിലെ കഞ്ഞി വാങ്ങി ഒപ്പമിരുന്നു കഴിക്കുമ്പോൾ എനിക്ക് പൊരിച്ചമുട്ടയും, ചമ്മന്തിയും തന്നു സഹായിക്കും.
പകരം പോച്ചപറിച്ചു വിറ്റ ചില്ലറതൊട്ടുകൾ കൊണ്ട് വല്ലപ്പോഴും വല്ലാടൻ കാക്കാടെ സ്കൂളിന്റെ മുന്നിലെ തട്ടുകടയിൽ നിന്നും പത്ത്പൈസയ്ക്ക് വാങ്ങുന്ന ഒരു കഷണം സബർജെല്ലിക്കായിൽ നിന്നും കുറച്ച് അവനും കൊടുക്കും.
അവന്റെ വീട്ടിലെ പൊരിച്ച മുട്ടയും, എന്റെ സബർജെല്ലിയും ഒരുപാട് സമയം ഞങ്ങളുടെ വായിൽ കിടന്നു രുചിച്ചിട്ടേ തൊണ്ടയ്ക്കടിയിലേക്ക് ഇറക്കി വിടുകയുള്ളൂ..
ഇടയ്ക്കിടെ ബാലരമയും, ബാലമംഗളവും അവന്റെ ബാപ്പ വാങ്ങി കൊടുത്താൽ പിറ്റേദിവസം തന്നെ ബൂക്കിനടിയിൽ വെച്ച് റബ്ബർബാന്റിട്ട് എനിക്ക് കൊണ്ട് തരും..
അവന്റെ വീട്ടിലെ കഥകളും, എന്റെ വീട്ടിലെ കാര്യങ്ങളും പാഠവിഷയത്തേക്കാൾ ഉപരി ഞങ്ങൾ പരസ്പരം കേട്ട് പഠിച്ചിരുന്നകാലത്താണ് ഒരു ദിവസം രാവിലെ സ്കൂളിൽ ചെന്നപ്പോൾ പഠിപ്പില്ലാ എന്ന വാർത്ത കേൾക്കുന്നത്.. കാരണം ആറാം ക്ലാസ്സിലെ ഫസിലു കുളത്തിൽ വീണു മരിച്ചു.
എല്ലാ കുട്ടികളും വരിവരിയായി ഉടുപ്പിൽ കറുത്തതുണി മൊട്ടപ്പിന്നിൽ കുത്തി പോയപ്പോൾ ഞാനും ഒപ്പം പോയി.
അവൻ വായിക്കാതെ തലേന്ന് വായിക്കാൻ തന്നിട്ട് നാളെ തിരിച്ചു തരണേന്നു പറഞ്ഞ് എന്നെ ഏൽപ്പിച്ച ബാലരമയും ഞാൻ ഒപ്പം കരുതിയിരുന്നു.
അവന്റെ വീട്ടുമുറ്റം നിറയേ ആളുകൾനിറഞ്ഞു കവിഞ്ഞിരുന്നു കുട്ടികൾക്ക് കാണാൻ മുതിർന്നവർ ഒന്ന് മാറിക്കൊടുക്കാൻ ആരോ കല്പിച്ചതായി കേട്ടു. ആരിഫാടീച്ചർ തേങ്ങിക്കരയുന്നത് കണ്ടു. ആദ്യമായി കബഡിസാറിന്റെ കണ്ണ്നിറയുന്നതും കണ്ടു. പക്ഷേ ഫസിലു ചെറുപുഞ്ചിരിയോടെ ചന്ദത്തിരിയുടെയും, സാമ്പ്രാണിപ്പുകയുടേയും സുഗന്ധത്തിൽ വെള്ളത്തുണിയിൽ പുതച്ച് ഉറങ്ങുകയായിരുന്നു.
ആ നിഷ്കളങ്കമായ പുഞ്ചിരി ഇപ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞുവരുന്നുണ്ട്..
ജീവിതം എന്തെന്ന് തിരിച്ചറിവാകും മുന്നേ ഒറ്റപ്പെടീലിന്റെ ലോകത്തിലേക്ക് അവനെ കയ്പിടിച്ചു കൊണ്ട്പോയ തൊട്ടടുത്ത കുളം ലക്ഷ്യമാക്കി ഞാൻ നടന്നു.
അവൻ പറഞ്ഞപോലെ ഒരുപാട് ആമ്പൽപ്പൂക്കൾ കൊണ്ട് പൂക്കളം തീർത്ത ഒരു പോയ്കയായിരുന്നു അത്.
ഇടയ്ക്കിടെ മാനത്ത്കണ്ണി പരൽമീനുകളും, തവളകുഞ്ഞുങ്ങളും ആ കുളത്തിലൂടെ മിന്നിമറയുന്നതും ഞാൻ കണ്ടു..
ഫസിലൂന്റെ ഒപ്പം എനിക്കും പോകാൻ കൊതിയായി.
അന്ന് ബുക്ക്വെച്ചെഴുതുന്ന ഡസ്ക്കിന്റെ മുകളിൽ പെൻസിൽ ചെത്തുന്ന ബ്ലേഡ്കൊണ്ട് എന്റെ പേര് എഴുതിവെച്ചത് അവന്റെ ഒരിക്കലും മരിക്കാത്ത മനസ്സിലായിരുന്നു എന്ന് ഓർമ്മപ്പെടുത്താൻ
ഇങ്ങനെ ഇടയ്ക്കിടെ ആമ്പൽപ്പൂക്കളും കയ്കളിലേന്തി രാത്രിയുടെ നിശബ്ദതയിൽ സുഗന്ധം വാരിവിതറി ഫസിലു വരാറുണ്ട്.. അന്ന് വെള്ളപുതച്ചു കിടന്നപ്പോൾ എനിക്ക് സമ്മാനിച്ച അതേ നിറപുഞ്ചിരിയോടെ..