വെള്ളം കയറിയ വഞ്ചികൾ

ചുളിവില്ലാതെ വിരിച്ച നിഷ്കളങ്കതയിൽ അമ്മ കൈക്കുഞ്ഞിനെ കിടത്തുന്നതുപോലെയാണ് ചിലയോർമ്മകൾ എന്നെനിക്കു തോന്നാറുണ്ട്.

ഊണുമേശയ്ക്ക് മുൻപിലിരുന്ന് ആ സ്ത്രീ സങ്കടപ്പെട്ടു. അവർ ഇടയ്ക്കിടെ മൂക്കുപിഴിഞ്ഞുകൊണ്ടിരുന്നതുകൊണ്ടാവാംആ മൂക്കിൻതുമ്പ് വല്ലാതെ ചുവന്നു കാണപ്പെട്ടത്.അവരുടെയരികിൽ ശരീരത്തോടു ചേർന്ന് ഏകദേശം എന്റെ പ്രായംതന്നെ തോന്നിക്കുന്ന ഒരു മെലിഞ്ഞ പെൺകുട്ടിയുമിരിക്കുന്നുണ്ട്.അവളുടെ വെളുത്തനിറമാണ് ആദ്യമെന്റെ കണ്ണിൽപ്പെട്ടത്.അവളുടെ മുഖത്ത് ഭംഗിയുള്ള നാണമുണ്ടായിരുന്നു. കഴുത്തിലെ കറുത്ത മുത്തുമാലയിൽ ഒരാവശ്യവുമില്ലാതെ ഇടയ്ക്കിടെ തെരുപ്പിടിച്ച് അവളെന്നെ ഇടങ്കണ്ണിട്ടുനോക്കി. ഞാൻ, എന്റെ വീട് എന്ന തിണ്ണമിടുക്കിന്റെ ഗമയിൽ അവർക്കെതിരേ വലംകയ്യാലെന്റെ മുഖവും താങ്ങിയിരുന്നു. ഇടയ്ക്ക് എന്റെ പാദസരങ്ങൾ മനഃപൂർവ്വം കിലുക്കാൻ കാലുകൾ അനക്കി.

ചൂടുകഞ്ഞി രണ്ട് പിഞ്ഞാണത്തിലേയ്ക്ക് വിളമ്പി അമ്മ അവർക്കുനേരെ നീക്കിവച്ചു. ഒപ്പം കൂർക്ക മെഴുക്കുപുരട്ടിയും, വെളുത്തുള്ളിയച്ചാറും, പപ്പടവും. ”ഇന്ന് കഞ്ഞിയാണ് രാധമ്മേ ഉണ്ടാക്കിയത്. കഴിക്കൂ.. ഉം… മോളും കഴിക്ക്..” അമ്മ അവരെനോക്കി പുഞ്ചിരിച്ചു.

”വെശപ്പും, ദാഹോക്കെ ചത്തു കൊച്ച്രേസേ… എങ്ങനേലും ഒന്നൊടുങ്ങിയാമതി. ഈ പിള്ളേർടെ മൊഖമോർത്തിട്ടാ… അല്ലേല്..”

പറഞ്ഞത് തീർക്കാതെ അവർ നിർത്തി.. അമ്മയുടെ കൂട്ടുകാരിയാണവരെന്നെനിക്കറിയാം. ഇങ്ങിനെ വല്ലപ്പോഴും വരും. പക്ഷെ ഈ കുട്ടിയെ ആദ്യമായാണ് ഞാൻ കാണുന്നത്.

വലിയ കൂർക്ക കഷ്ണം വായിലിട്ട് ചവച്ചുകൊണ്ട് അവൾ എന്നെനോക്കി. മുൻവരിയിലെ ഒരിടംപല്ലാണ് അവളുടെ മുഖത്തിന് ഇത്രയും ഭംഗി കൊടുക്കുന്നതെന്നെനിക്കു തോന്നി.അവൾ പപ്പടം പൊട്ടിച്ച് വായിൽ വയ്ക്കുന്നത് കണ്ടപ്പോൾ ഒരു പപ്പടം എനിക്കും കറുമുറെ കടിച്ചു തിന്നണമെന്ന് തോന്നി. നാവിനടിയിലൂറിയ വെള്ളം ഞാൻ വിഴുങ്ങി .പിന്നെ കഴിക്കാം. ഞാനോർത്തു.
”അപ്പോ ആള് വരാറേയില്ലേ..”
അമ്മയുടെ സ്വരത്തിൽ വല്ലായ്മ കലർന്നു.
‘ഇല്ല. അവൾടടുത്തന്ന്യാണ്. മുൻപ് വല്ലപ്പഴും വന്നിരുന്നു. തല്ലാനും.. രാത്രിലെയങ്കത്തിനും….” അവരുടെ ഒച്ച താണു.
അമ്മ എന്നെ നോക്കി. പിന്നെ ആ കുട്ടിയെയും.
ഞാനോർത്തു. അങ്കംന്നുവച്ചാൽ യുദ്ധമല്ലേ…
പക്ഷെ ,ചോദിച്ചില്ല .

പെട്ടെന്ന് വലിയ ചരൽ വാരിയെറിയും പോലെ ഓടിനുമുകളിലേയ്ക്ക് മഴ വന്നുവീണു. ഞാനോടി വരാന്തയിൽ ചെന്നുനിന്നു. എന്റെ കുഞ്ഞുമന്ദാരത്തെ ഇപ്പോൾ മഴ ഉന്തിയിട്ടിട്ടുണ്ടാകും.ഞാൻ വ്യസനിച്ചു. അങ്ങിനെ നിൽക്കുമ്പോൾ പുറകിലൊരനക്കം. അവളാണ്. ഞാൻ തിരിഞ്ഞുനോക്കാതെ നോക്കി. ഒരു വിരൽ തോളിലമരുന്നു. എനിക്ക് ചിരിവന്നു.കുറച്ചു കഴിഞ്ഞപ്പോൾത്തന്നെ ഞങ്ങൾ കൂട്ടായി. കടലാസുകൊണ്ട് കപ്പലുണ്ടാക്കി ഞങ്ങൾ ചവിട്ടുപടിയിൽ ഇറവെള്ളം നനഞ്ഞിരുന്ന് ഒഴുക്കിവിട്ടു.
അവൾ ചോദിച്ചു.
”നിന്റെ പേരെന്താ..’
”സുഗന്ധി”
എന്റെ പേര് കേട്ടതും അവൾ ചിരി താഴെവീഴാതെയെന്നോണം വാ പൊത്തിപ്പിടിച്ചു കുടുകുടെ ചിരിച്ചു. എനിക്ക് നാണക്കേട് തോന്നിയെങ്കിലും അതു മറച്ചുപിടിച്ച് തിരക്കി.
”നിന്റെയോ”
”അമ്പിളി”
”അമ്പിളി മണവാട്ടിയെന്നൊരു പൊട്ട പാട്ടെണ്ട്.”
ഞാൻ പറഞ്ഞത് അവൾ കേട്ടതായി ഭാവിച്ചില്ല.നനഞ്ഞ മുടിയിളക്കിക്കൊണ്ട്..
” നെണക്ക് നെറൂല്ല.നീ കർത്തതാ..”
അവൾ പറഞ്ഞു.ഞാനെന്റെ ഇരുണ്ട കൈത്തണ്ടകളിലേയ്ക്ക് നോക്കി മുഖംകുനിച്ചു.

”പക്ഷെ ഞാൻ കഥേം, കവിതേം എഴുതോല്ലോ..”
എക്കിട്ടം വരുന്നപോലെയുള്ള സ്വരത്തിൽ അവൾ പിന്നെയും വാപൊത്തിച്ചിരിച്ചു.

”നൊണ….നൊണ….ആനനൊണ”എന്റെ അഭിമാനം വ്രണപ്പെട്ടു. ഒറ്റയോട്ടത്തിനു ചെന്ന്, എനിക്ക് തോന്നുന്നതെല്ലാം കുത്തിക്കുറിച്ചു വയ്ക്കുന്ന മഞ്ഞപ്പൂക്കളുടെ പടമുള്ള എന്റെ പുസ്തകം എടുത്തുകൊണ്ടു വന്ന് അവൾക്കുനേരെ നീട്ടി.അവളത് വാങ്ങി നോക്കി. അക്ഷരങ്ങളുടെയടിയിലൂടെ ചൂണ്ടുവിരലോടിച്ച് അവൾ ചിലതൊക്കെ വായിച്ചു. ഇടയ്ക്ക് എന്നെ തലയുയർത്തി അവിശ്വസനീയമെന്നോണം നോക്കി. കലങ്ങിയ വെള്ളപ്പൊക്കത്തിൽ കിട്ടിയ പൊങ്ങുതടിയെന്നോണമായിരിക്കാം എനിക്കന്നത്തെ സന്തോഷമെന്ന് ഇപ്പോൾ തോന്നുന്നു.

”ദെനിക്ക് ഇഷ്ടപ്പെട്ടു.” അവൾ ഒരെണ്ണം തൊട്ട് ചിരിച്ചു.ഞാൻ നോക്കി.

ഇതാ ഒരുമരം..
പൊത്തോടിയ വലിയമരം..
അത് വേഗം തള്ളി വീഴ്ത്തൂ.
ഇല്ലെങ്കിലും അത് വീഴും…
വീഴുന്നത് നമ്മുടെ തലയിലുമായിരിയ്ക്കും..

എനിക്ക് അഭിമാനം തോന്നി. മഴയിലേയ്ക്കുറ്റുനോക്കി അമ്പിളി പറഞ്ഞു.
”അങ്ങനേള്ള മരം വീണ് എന്റെയച്ഛനും ചാവണം .”
”അതെന്തിനാ..”
”എപ്പഴും തല്ലോരുന്നു.. അമ്മ കാണാണ്ട് എന്റേം ചേച്ചീടേം തൊടേമ്മ ഉമ്മവക്കും.മുറുക്കെ കടിക്കും.മിണ്ട്യാല് കൊരക്കില് പിടിക്കും.ഒരൂസം ഞാൻ ഒറക്കനെ നെലോളിച്ചു. അന്ന് വല്യ വഴക്കാരുന്നു. അമ്മന ചവിട്ടി അച്ഛൻ മുറ്റത്തിട്ടു. ഇപ്പ വരാറില്ല. എപ്പഴേലും രാത്രി വരോയിരിക്കും.”

അവൾ പേടി കിട്ടിയിട്ടെന്നോണം ശ്വാസമടക്കി.

എനിക്കൊന്നും ശരിക്കും മനസ്സിലായില്ല. എന്നാലും വിഷമം വന്നു. ഞാൻ നോക്കി. ഞങ്ങളൊഴുക്കിയ കപ്പലിൽ വെള്ളം നിറഞ്ഞ് അതിന്റെ ഒരുവശം താണുതാണുപോകുന്നു. മഴ തിമിർത്തുപെയ്യുകയാണ്. സന്ധ്യയാവാതെ ഇരുട്ട് വന്നിരിക്കുന്നു. നഖം കടിച്ചുതുപ്പി വെറുതെ ഞാൻ നിന്നു…

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *