ഗോസ്തലക്കാവ് അമ്പലത്തിലെ ആൽത്തറയിൽ നിന്നും ആലിൻ കായ പറുക്കി തിന്നും, സ്കൂളിനു മുൻ വശത്തെ പെട്ടിക്കടയിൽ നാരങ്ങാവെള്ളം പിഴിഞ്ഞിട്ട് പുറത്ത് വലിച്ചെറിയുന്ന ചണ്ടി ആരും കാണാതെ എടുത്ത് അതിൽ ഉപ്പു നിറച്ച് ഉറിഞ്ചി കുടിച്ചും, അമ്പലത്തിൽ വെച്ചു നടക്കുന്ന വിളിക്കാത്ത കല്ല്യാണത്തിന് ആരും കാണാതെ കുനിഞ്ഞിരുന്ന് സദ്യ ഉണ്ടും, കഴിഞ്ഞിരുന്ന സ്കൂള്‍ പഠനകാലം…
ഈ കാലഘട്ടത്തിലായിരുന്നു ഞങ്ങളുടെ സ്കൂളില്‍ ഉച്ചഭക്ഷണം കഞ്ഞിയും, പയറും വിതരണം ആരംഭിച്ചത് എന്റെ പഠന കാലത്തെ സുവർണ്ണകാലം..
വെള്ളം കോരികൊടുത്തും തീ ഊതി കൊടുത്തും പീയൂണിനെ വശത്താക്കി കഞ്ഞിവക്കലും വിളമ്പലുമായി അവർക്കൊപ്പം കൂടി..
വാസ്ഥവം പറഞ്ഞാൽ പഠനം എന്നതിലുപരി വിശപ്പടക്കുക എന്ന ചിന്ത മാത്രം മനസ്സില്‍ കൊണ്ടുനടന്ന കാലം.
നല്ല മഴയുള്ള ദിവസങ്ങളിൽ പയറിനു കടുക് താളിച്ച് വറ്റൽമുളകും ചെറിയ ഉള്ളി അരിഞ്ഞതും അതിൽ കറിവേപ്പിലയും കൂടി ഇടുമ്പോൾ സ്കൂള്‍ പരിസരമാകെ അടിക്കുന്ന മണംകൊണ്ട് മറ്റു കുട്ടികള്‍ ജനലിൽകൂടി തലയിട്ട് വെള്ളമിറക്കുന്ന കാഴ്ചകൾ കാണാൻ ദൈവം തമ്പുരാന്‍ നിരവധി അവസരം തന്നിട്ടുണ്ട്..
ഒപ്പം, എന്റെ ആ സമയത്തെ ഭാഗ്യം മറ്റു കുട്ടികളിൽ അസൂയയും വളർത്തി…
ഈ വര കണ്ടപ്പോള്‍ തോന്നി കുറിച്ചതാണ് സുനിലേട്ടാ…. അനുവാദമില്ലാതെ അടിച്ചു മാറ്റിയതിൽ ക്ഷമിക്കുക…
കടപ്പാട് :- സുനില്‍ പൂക്കോട്