ഇന്ന് മഹാശിവരാത്രി.. !
ആർഷ ഭാരത സംസ്കാരത്തിലെ ഏറ്റവും മോക്ഷദായകമായ സുദിനം. ചിന്തയെത്താത്ത കാലത്തോളം പിന്നിലേക്ക് പോയാൽ പോലും ശിവരാത്രി വ്രതാചരണത്തിന്റെ ഉല്പ്പത്തിയിലേക്ക് എത്താൻ കഴിയില്ല എന്നത് തന്നെ ഈ സുദിനത്തിന്റെ പ്രാധാന്യവും പഴമയും വിളിച്ചോതുന്നു . മാഘ മാസത്തിലെ കറുത്ത ചതുർദശ്ശി അർദ്ധ രാത്രിയിൽ വരുന്ന ദിവസമാണ് ശിവരാത്രിയായി ഭാരതം ആഘോഷിക്കുന്നത് . പാലാഴിമഥന സമയത്ത് ലോകനാശകാരിയായ കാളകൂട വിഷം പാനം ചെയ്ത ശിവനെ ആ തിഥി തീരുവോളം ഉറക്കമിളച്ച് പരിചരിച്ച പാർവ്വതീദേവിയേയും ദേവഗണങ്ങളെയും കൂടി അനുസ്മരിക്കാൻ ഈ ദിനം ഉപകരിക്കുന്നു..! ഉറക്കം കളഞ്ഞും, ഉപവസിച്ചും ഭക്തന്മാർ പുണ്യം തേടുന്നു.
ശിവ ഭക്തന്മാര്ക്ക് മോക്ഷത്തിനായി നാല് മാർഗ്ഗങ്ങളാണ് പുരാണങ്ങളിൽ പറയുന്നത്..! ശിവനെ പൂജിക്കുക, രുദ്രമന്ത്രം ജപിക്കുക, ശിവരാത്രിയിൽ ഉപവസിക്കുക, കാശിയിൽ മരിക്കുക എന്നിവയാണ് ആ നാല് മാർഗ്ഗങ്ങൾ..! അതിൽ ഏറ്റവും പ്രധാനം ശിവരാത്രിക്ക് തന്നെയാണ് ദ്രാവിഡ സംസ്കാരം ഉൾക്കൊണ്ട കേരളത്തിന്റെ പൈതൃകത്തിൽ ശിവരാത്രി വ്രതത്തിന് വലിയ പ്രാധാന്യം ഉണ്ടെന്നത് ചരിത്രമാണ്..
ദേവിയുടെ വാഹനമായ സിംഹവും ശിവന്റെ വാഹനമായ കാളയും ശത്രുവോ ഇരയോ ആയിരുന്നിട്ടു കൂടി പരസ്പര സഹവർത്തിത്വത്തോടെ ശിവ കുടുംബത്തിൽ കഴിയുന്നു.. ഗണപതിയുടെ വാഹനമായ എലിയും, ശിവന്റെ ആഭരണമായ പാമ്പും ശത്രുവോ ഇരയോ ആയിരുന്നിട്ടു കൂടി സസുഖം ശിവകുടുംബത്തിൽ വാഴുന്നു.. മുരുകന്റെ വാഹനമായ മയിലും ശിവന്റെ കഴുത്തിലെ പാമ്പും ശത്രുവോ ഇരയോ ആയിരുന്നിട്ടു കൂടി ഒരു കുടുംബത്തിൽ വസിക്കുന്നു.! ഇത്ര മഹത്തായ ഒരു സന്ദേശം നല്കാൻ കഴിയുന്ന ഒരു ലോക സങ്കൽപ്പമോ കുടുംബ സങ്കൽപ്പമോ ശിവ കുടുംബത്തിൽ അല്ലാതെ മറ്റൊരിടത്തും കാണാനാകില്ല..!
“വസു ദൈവ കുടുംബകം…”
“ലോകാ: സമസ്താ: സുഖിനോ ഭവന്തു: “എന്ന ആപ്തവാഖ്യം പ്രത്യക്ഷീകരിച്ചിരിക്കുന്നത് തന്നെ ശിവകുടുംബത്തിൽ തന്നെയാണ്. ക്ഷിപ്ര കോപിയും അൽപ്പ പ്രാസാദിയും ആണെന്ന് പറയുമ്പോഴും തന്നെ പൂജിക്കുന്നവനെ കൈവിട്ട ചരിത്രം ശ്രീ പരമേശ്വരനില്ല..! ദുഷ്ടനാണെങ്കിലും ഭക്തനായിരുന്ന രാവണന് ചന്ദ്രഹാസം എന്ന വാൾ നല്കിയതും .അർജ്ജുനനു പാശുപതാസ്ത്രം നല്കിയതും, ചുട്ടെരിച്ച കാമനെ അരൂപിയായി പിന്നീടു നിലനിർത്തിയതും ഒക്കെയായി എത്രയോ ശിവാനുഗ്രഹത്തിന്റെ ഏടുകൾ പുരാണങ്ങളിൽ പറയുന്നുണ്ട്. “ശിവ” ശബ്ദം മംഗള സൂചകമാണ്..! ശിവരാത്രിയാകട്ടെ ത്യാഗത്തിലൂടെയുള്ള മോക്ഷ മാർഗ്ഗവും..! അതിനായി നാം ചെയ്യേണ്ടത് ഉറക്കം കളഞ്ഞ് ഉപവസിച്ച് പഞ്ചാക്ഷരി ജപിക്കുക എന്നത് മാത്രം..!
അത് ചെയ്യുന്നത് ഒരുശിവാലയത്തിൽ വച്ചാണെങ്കിൽ കോടി കോടി പുണ്യം തന്നെ…
എല്ലാവർക്കും ഒരു നല്ല ശിവരാത്രി നേരുന്നു…