ലസ്റ്റ് ഫോർ ലൈഫ്

ഉൻമാദിയും, ചെവിമുറിച്ച് വ്യഭിചാരിണിക്ക് സമ്മാനിച്ചവനുമെന്നു വിശ്രുത ചിത്രകാരനായ വിൻസെന്റ് വാൻഗോഗ് വിശേഷിപ്പിക്കപ്പെടാറുണ്ട്. അത്തരം ക്ഷുദ്രമായ വിശേഷണങ്ങൾക്ക് ഇർവിങ്ങ്സ്ടോണ്‍ എന്ന പ്രതിഭാധനൻ നല്കുന്ന മറുപടിയാണ് ‘ലസ്റ്റ് ഫോർ ലൈഫ് ‘ എന്ന അമൂല്യഗ്രന്ഥം. ചിത്രകലയ്ക്ക് വേണ്ടി മനസ്സും ശരീരവും അർപ്പിച്ച വിൻസെന്ടിന്റെ പ്രക്ഷുബ്ധമായ ജീവിതകഥ നർമമമധുരമായി ഈ കഥയിൽ പുനർജ്ജനിക്കുന്നു.

പ്രശസ്തമായ വാൻഗോഗ് കുടുംബത്തിൽ പിറന്നുവളർന്ന വിൻസെന്റിന്റെ അധൃഷ്യമായ വ്യക്തിത്വവും, അനിഷേധ്യമായ തത്വചിന്തയും ഉൾക്കൊള്ളാനോ, അദ്ദേഹത്തിലെ പ്രതിഭ തിരിച്ചറിയാനോ ഉള്ള കഴിവ് കുടുംബാങ്ങങ്ങൾക്കില്ലാതെ പോയത് അദ്ദേഹത്തിന്റെ നിർഭാഗ്യമാണ്. സഹോദരനായ തിയോ മാത്രമാണ് അന്ത്യത്തോളം തുണയായി നില്ക്കുന്നത്.

ഖനിതോഴിലാളികൾക്കിടയിൽ അവരിലൊരാളായി ജീവിക്കുന്ന, പ്രേമപരാജയതെതുടർന്നു തെരുവുപെണ്ണിനെ വിവാഹം ചെയ്യുന്ന, പിന്നെ അവളാൽ ഉപേക്ഷിതനാകുന്ന , സ്വന്തം വീട്ടിൽ നിന്നും നിഷ്കാസിതനാകുന്ന, ഉരുളക്കിഴങ്ങു കർഷകരോടൊപ്പം പാർത്ത് അവരുടെ ചിത്രം വരയ്ക്കുന്ന, പാരിസിൽ വെച്ച് പോൾ ഗോഗിനെയും എമിലി സോളയെയും പരിചയപ്പെട്ടു ആവേശഭരിതനാകുന്ന , ഉന്മാദാവസ്ഥയിൽ സ്വന്തം ചെവി മുറിച്ചു 16 കാരിയായ വേശ്യയ്ക്ക് സമര്പ്പിക്കുന്ന, മനോരോഗാശുപത്രിയിൽ വെച്ച് ‘സൈപ്രസ്മരങ്ങൾ’ വരയ്ക്കുന്ന, വരയ്ക്കാനുള്ളതൊക്കെ വരച്ചും, പറയാനുള്ളതൊക്കെ പറഞ്ഞും കഴിഞ്ഞു മരണത്തിലേക്ക് കൂപ്പുകുത്തുന്ന വിൻസെന്റ് – ഇവയൊക്കെയാണ് ‘ലസ്റ്റ് ഫോര് ലൈഫിൽ’ അനുവാചകനെ കാത്തിരിക്കുന്ന ചിത്രങ്ങൾ.

ഒരു ഭർത്താവും പിതാവുമായിരിക്കാനും, ചിത്രകാരനെന്ന നിലയ്ക്ക് അംഗീകരിക്കപ്പെടാനും വിൻസെന്റ് മരണം വര അദമ്യമായി ദാഹിച്ചു. 37 വയസ്സ് വരെ അദ്ദേഹം ഒറ്റയ്ക്ക് സഹിച്ച അന്ത:സംഘർഷം അത്യുൽക്കടമായിരുന്നു. ഉന്മാദത്തിന്റ്റെയോ വ്യഭിചാരത്തിന്റ്റെയോചതുരക്കള്ളികളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല വാൻഗോഗിന്റെത്. അദ്ദേഹം അവശേഷിപ്പിച്ച കാലാതിവർത്തിയായ കലാരൂപങ്ങൾ ആ സത്യം എന്നും പ്രഘോഷിക്കും. നിശ്ചയം.

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

One comment

  1. വീണ്ടും വായിക്കാൻ തോന്നുന്നു…!

Leave a Reply

Your email address will not be published. Required fields are marked *