മൂന്നാം മുന്നണി സിപിഎമ്മിനെ പഠിപ്പിക്കുന്നത്

cpimകേരള രാഷ്ട്രീയം ഇന്ന് പുതിയൊരു ഘട്ടത്തിലൂടെയാണു കടന്നു പോകുന്നത്. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ നേടിയ തുടർച്ചയായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് . തിരിച്ചടികളുടെ ആഘാതവുമായി സിപിഎം നേതൃത്വം  നൽകുന്ന എൽഡിഎഫ് .കേന്ദ്ര ഭരണത്തിന്റെ അനുകൂല സാഹചര്യവും അരുവിക്കര തിരഞ്ഞെടുപ്പും കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഒ.രാജഗോപാൽ ഉണ്ടാക്കിയ മുന്നേറ്റവും നൽകിയ ആത്മവിശ്വാസവുമായി ബിജെപി.

ദീ‌ർഘകാലമായി സിപിഎമ്മിന്റെ വോട്ടു ബാങ്കായിരുന്ന ഈഴവ സമുദായത്തെയും അതിന്റെ സാമുദായിക  സംഘടനയായ എസ് എൻഡിപിയെയും ഒപ്പം ചേ‌ർത്ത് പുതിയൊരു മൂന്നാം മുന്നണി പരീക്ഷണത്തിനു തയ്യാറെടുക്കുകയാണ് ബിജെപി. എസ്ൻഡിപി മാത്രമല്ല വി എ എസ് ഡി പി പോലെയുള്ള കേഡർ സംഘങ്ങളുടെ മുന്നണിയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ മുന്നേറ്റത്തിനിയിൽ സംവരണം പോലെയുള്ള പൊള്ളുന്ന വിഷയങ്ങളിലേക്ക് ചർച്ച കൊണ്ടുപോകാതിരിക്കുന്നതിനും അവ‍ർ ശ്രദ്ധിക്കുന്നു. ഇത് സവിശേഷമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. സിപിഎമ്മിനുതന്നെയാണു ഈ സാഹചര്യം വെല്ലുവിളിയാകുന്നത്. അരുവിക്കരയിൽ ഏതാനും മാസം മുൻപു നടന്നത് ഇതിന്റെ ഡ്രസ് റിഹേഴ്സലായിരുന്നുവെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്. ഫലത്തിൽ കോൺഗ്രസിനെയും മൂന്നാം മുന്നണിയെയും ഒരുപോലെ നേരിടേണ്ട സാഹചര്യമാണ് സിപിഎമ്മിനു മുന്നിൽ വന്നിരിക്കുന്നത്. മുഖ്യ ശത്രു ആരെന്ന ചോദ്യം ബംഗാളിലെപ്പോലെ ഇവിടെയും ഉയർന്നു വന്നിരിക്കുന്നു. കേഡർ പ്രസ്ഥാനമായ സിപിഎമ്മിന് അടിതെറ്റിയത് എവിടെയെന്ന ചോദ്യത്തിലേക്കാണ് ഇത് വഴി തെളിക്കുന്നത്. വൈകിയെങ്കിലും അതിന് ഉത്തരം കാണാതെ മുന്നോട്ടു പോകുവാൻ സാധ്യമല്ലതന്നെ. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലും ജനങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതിനും സിപിഎം സംഘടനയ്ക്ക് അടിമുടി വീഴ്ച്ചപറ്റിയെന്നിടത്താണ് ഈ പ്രശ്നത്തിന്റെ വേരുകളെന്നു നാം മനസിലാക്കണം. അരുവിക്കരയിൽ നടന്ന കാര്യങ്ങൾ വസ്തു നിഷ്ടമായി വിലയിരുത്തിയാൽ അതിന്റെ ചിത്രം തെളിഞ്ഞുവരും. അവിടത്തെ ശക്തമായ പ്രചാരണോപാധി കുടുംബയോഗങ്ങളായിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്തതേക്കാൾ യോഗങ്ങളിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പങ്കെടുത്തിരുന്നു. എന്നിട്ടും എന്തുകൊണ്ട് അത് വോട്ടായില്ല?

മുഖമന്ത്രിയുടെ കുടുംബയോഗങ്ങൾ സാധാരണക്കാരന് അവന്റെ പ്രശ്നങ്ങൾ ഉന്നയിക്കാനും നിവേദനം നൽകാനുമുള്ള വേദിയായി. ഭരണത്തിന്റെ ശക്തി ഉപയോഗിച്ച് അതിനൊക്കെ പരിഹാരമുണ്ടാക്കാനും ധനസഹായം അനുവദിക്കാനുമൊക്കെ മുഖ്യമന്ത്രിക്കായി. അത് യുഡിഎഫിന് അനുകൂലമായി. സിപിഎം യോഗങ്ങളിൽ പങ്കെടുത്തവരാകട്ടേ ആഗോളവൽക്കരണം, അഴിമതി എന്നിവയൊക്കെയാണു പറഞ്ഞത്. ജനങ്ങളുടെ പ്രശ്നം മനസിലാക്കാനോ അതിൽ ഇടപെടുമെന്ന വിശ്വാസമുണ്ടാക്കാനോ കഴിഞ്ഞില്ല. അതു തിരിച്ചറിഞ്ഞപ്പോൾ വല്ലാതെ വൈകുകയും ചെയ്തു.ഒരുവശത്ത് അഴിമതിയെപ്പറ്റിയുള്ള പ്രസംഗം. മറുവശത്ത് പ്രശ്നപരിഹാരമുണ്ടാകുന്നു. ഇതു നേരിട്ടറിഞ്ഞ പൊതുജനം അഴിമതി വിരുദ്ധ പ്രസംഗങ്ങളെ തള്ളിപ്പറയുകയും ചെയ്തു. ഫലത്തിൽ ജനസമ്പർക്ക പരിപാടിയെന്നത് മുഖ്യമന്ത്രിയുടെ കൈയിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ ആയുധമാണ് അതിനെതിരെ അച്ചടക്ക നടപടിഉണ്ടായാൽ അതു പോലും അദ്ദേഹത്തിന് രാഷ്ട്രീയ രക്തസാക്ഷി പരിവേഷം നൽകും. ഈ സമയത്ത് എസ്എൻഡിപി അവരുടെ മൈക്രോ ഫിനാൻസ് സംഘങ്ങളെ ഫലപ്രദമായ രാഷ്ട്രീയ ഉപകരണമാക്കി ബിജെപിയുടെ വോട്ടു ബാങ്ക് കാത്തു. കുടുംബ ശ്രീ പോലുള്ള സംവിധാനങ്ങൾ സിപിഎമ്മിനെ തുണച്ചതുമില്ല. എന്തുകൊണ്ടാണിതെന്നകാര്യത്തിൽ സിപിഎം ആത്മപരിശോധന നടത്തേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. എസ്എൻഡിപി മൈക്രോ ഫിനാൻസ് സംഘങ്ങളിലൂടെ അവരുടെ അടിത്തറ വിപുലപ്പെടുത്തിയശേഷമാണ് ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നത്. അതു ചടുലമൊന്നുമല്ല. സമയമെടുത്ത് അടിത്തറബലപ്പെടുത്താൻ അവ‍ർക്കു കഴിഞ്ഞിട്ടുണ്ട്. ഈ സമയം കുടുംബശ്രീ അയൽക്കൂട്ടങ്ങളിലേക്കു കൂടി വിഭാഗീയതയുടെ ജീർണതകൾ വ്യാപിപ്പിക്കുന്നതിലായിരുന്നു സിപിഎം ശ്രദ്ധ കേന്ദ്രീകരിച്ചത്. കുടുംബ യോഗങ്ങൾ വി.എസ്. അച്യുതാനന്ദന് വിട്ടു കൊടുത്ത് പൊതു വേദികൾ പിണറായി വിജയൻ ഏറ്റെടുത്തിരുന്നെങ്കിൽ പോലും അത് വലിയ മാറ്റമുണ്ടാക്കുമായിരുന്നു. ബഹുജനങ്ങളിലേക്ക് വിഎസിനെ എങ്ങിനെ എത്തിക്കാതിരിക്കാമെന്നായിരുന്നിരിക്കണം ചിന്ത. എസ്എൻഡിപി പോലുള്ള പ്രസ്ഥാനങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ പാലക്കാട് പ്ലീനം തീരുമാനിച്ചിരുന്നതാണ്. അത് എന്തുകൊണ്ടാണു നടക്കാതെ പോയതെന്നും ആലോചിക്കണം.

ജനകീയ മുഖമുള്ള നേതാക്കൾ ഇല്ലാത്തതും സിപിഎമ്മിനു വെല്ലുവിളിയാണ്. ഈഴവ പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള എത്ര നേതാക്കളെ മുന്നിൽ നിർത്താനുണ്ടെന്ന ചോദ്യവും സിപിഎമ്മിനെ തുറിച്ചു നോക്കുന്നു. ഈ സാഹചര്യങ്ങളിലാണ് മൂന്നാം മുന്നണി സിപിഎമ്മിനും എൽഡിഎഫിനും ഭീഷണിയാവുന്നത്. സാഹചര്യങ്ങൾ പ്രതികൂലമായാൽ ഇടതുമുന്നണിയെന്നത് സിപിഎം മാത്രമായിമാറുന്ന സാഹചര്യവും തള്ളിക്കളയാനാവില്ല. എത്ര നിഷേധിച്ചാലും ആർഎസ് പി ജനതാദൾ എന്നിവയുടെ പിരിഞ്ഞുപോക്ക് ഇടതുമുന്നണി സംവിധാനത്തെ ദുർബലപ്പെടുത്തിയിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ഇതൊക്കെ സിപിഎമ്മിനെയും കേരള രാഷ്ട്രീയത്തെയും തുറിച്ചു നോക്കുന്ന വസ്കുതകളാണ്.

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *