(കേരളം ഷഷ്ഠിപൂർത്തിയാഘോഷിക്കുന്ന ഈവേളയിൽ എല്ലാകൂട്ടുകാർക്കും ആശംസകൾ! മലയാളംമണക്കുന്ന നാളെകൾ നമുക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരു കവിത)
മാതൃമലയാളം
‘അ’യിൽ
നിന്നായിലേയ്ക്കൊഴുകും
സ്വരാക്ഷര-
ത്തേനിറ്റുനൽകുന്ന നന്മ!
‘ക’ തൊട്ടു ‘റ’ വരെകോർത്തിട്ട
വ്യഞ്ജന കാവ്യാക്ഷരത്തിൻ
കുളിർമ !
ഇനിയെന്ത്
വേണമെന്നുൾസ്പന്ദനത്തിന്റെ
ലിപിയെന്റെ കയ്യിലുള്ളപ്പോൾ?
ഇനിയെന്ത്
വേണമെന്നുയിർതൊട്ടുരുമ്മുന്ന
മൊഴിയെന്റെ
ചുണ്ടിലുള്ളപ്പോൾ?
അമ്മയെപ്പോലെയാണമ്മനാടും
പിന്നെ
അമ്മിഞ്ഞമണമുള്ള മൊഴിയും!
പിഞ്ചുനാവെത്രയോ
തെന്നിവീണും പിന്നെ
കൊഞ്ചിച്ചിണുങ്ങിപ്പിടഞ്ഞെണീറ്റും
പിച്ചവെച്ചുയിരിന്റെ മച്ചകം
പരതിയും
കെട്ടിപ്പടുത്തതാണെന്റെ ഭാഷ,
നെഞ്ചിൽ
പറ്റിപ്പിടിച്ചതാണെന്റെഭാഷ!
അതിരുകൾതട്ടി
നിരപ്പാക്കി,യുറവിന്റെ
കതിരുകൾവിളയിച്ച ഭാഷ !
പതിരുകൾപാറ്റിക്കൊഴിച്ചിട്ട്
പൈതൃക –
പ്പടവ്കാട്ടിത്തന്ന ഭാഷ !
ഇനിയെന്ത്
വേണമെന്നുൾസ്പന്ദനത്തിന്റെ
ലിപിയെന്റെ കയ്യിലുള്ളപ്പോൾ?
ഇനിയെന്ത്
വേണമെന്നുയിർതൊട്ടുരുമുന്ന
മൊഴിയെന്റെ ചുണ്ടിലുള്ളപ്പോൾ?
അമ്മയെപ്പോലെയാണമ്മനാടും
പിന്നെ
അമ്മിഞ്ഞമണമുള്ളമൊഴിയും
തുഞ്ചനൊരുതത്തയെക്കൊണ്ട്
മലനാടിന്റെ
നെഞ്ചിൽകുറിച്ചിട്ട ഭാഷ
നർമ്മത്തെ
മർമ്മമാക്കിക്കൊണ്ട് നമ്പിയാർ
ധർമ്മംപഠിപ്പിച്ച ഭാഷ !
ഭക്തിയിൽ
സർഗമുനമുക്കിയാചെറുശ്ശേരി
കൃഷ്ണകഥതന്നൊരു ഭാഷ!
ആശാന്റെ
ആത്മരാക്ഷരങ്ങൾപിറന്നു വീ-
ണാളിപ്പടർന്നൊരു ഭാഷ !
ആശയങ്ങൾകൊരുത്താത്മാവി
ലലിയിച്ചൊ-
രഗ്നി, വള്ളത്തോളിന്റെ ഭാഷ!
ഉള്ളം
കിലുക്കുന്നൊരക്ഷരക്കൂട്ടുമായ്
ഉള്ളൂർപഠിപ്പിച്ചതെന്റെ ഭാഷ!
പിന്നെയും പേനയാൽ മണ്ണിൻ
മഹാഗന്ധ –
മെണ്ണിപ്പറഞ്ഞവരെത്രയെത്ര?
അന്ന്തൊട്ടിന്നേവരെപ്പുണ്യഭാഷയ്ക്ക്
അന്നം
കൊടുത്തവരെത്രയെത്ര?
പ്രണയം കുടുക്കിട്ട
കയറിൻെറയറ്റത്ത്
രമണൻപിടഞ്ഞേയിരിക്കുന്നിതാ-
പാതിയിൽ വെട്ടിക്കടത്തിയ
മലയന്റെ
വാഴക്കുല
നെഞ്ചുടയ്ക്കുന്നിതാ!
ആനയെക്കുഴിയാനയാക്കിയ
വൈദഗ്ധ്യം
ആസ്വദിപ്പിച്ചേയിരിക്കുന്നിതാ
കണ്ണീർകലർന്നൊരുകടലേറി
നെഞ്ചിലാ –
ചെമ്മീൻ മിടിച്ചേയിരിക്കുന്നിതാ
നാല്കെട്ടിന്റെയാപൂമുഖത്തക്ഷര-
നാഥനിരിപ്പൂ കഥക്കൂട്ടുമായ്
വേലായുധാ, നിൻെറകാലിലെ
ചങ്ങല
വേദനയായികിലുങ്ങുന്നിതാ – – – –
പാടിയാൽതീരാത്ത
പ്രാണന്റെപാട്ടുമായ്
ഏടുകളേറെയുണ്ടെന്റെ ഭാഷ!
കരംകൊണ്ട് ദൈവമെൻ
നാവിൽ വരച്ചിട്ട
വരംതന്നെയാണെന്റെ
മാതൃഭാഷ !