ഉത്സവപ്പറമ്പിൽ രാത്രി കഥകളി കാണാൻ കാത്തു നിന്നതാണ് രാമകൃഷ്ണൻ മാഷ്. പെട്ടെന്ന് കറന്റ് പോയി. അങ്ങിങ്ങ് കച്ചവടം നടത്തുന്ന പലഹാരവണ്ടികളിലേയും, വള, മാല മുതലായവ വിൽക്കുന്ന കടകളിലേയും പെട്രോമാക്സിന്റെ വെളിച്ചം മാത്രമേയുള്ളൂ. ആകെ ബഹളം. കുറച്ചു നേരം നിന്നിട്ടും കറന്റ് വരാത്തതിനാൽ മാഷ് വീട്ടിലേക്ക് നടന്നു. വീടടുത്താണ്.
പോകുന്ന വഴിയിൽ പാതയ്ക്കിരുവശവും പാടം. വലതുവശത്തുള്ള വയൽവരമ്പിലൂടെയാണ് മാഷിന് പോകേണ്ടിയിരുന്നത്. വെളിച്ചം തീരെ കുറവ്വ്, നേരിയ നിലാവ് മാത്രം. അങ്ങനെ നടക്കുമ്പോൾ എതിരേ വരുന്നു നാല് അഗ്നിസ്ഫുടലിംഗങ്ങൾ! അതോ മിന്നാമിനുങ്ങാണോ? അല്ല. ശരിക്കും തീ തന്നെ. ഒന്ന് മുകളിലേക്കും താഴേക്കും ചലിക്കുന്നു, ഒന്നു ലേശം താഴെ, മറ്റ് രണ്ടെണ്ണം ഒരേ പോലെ നിരന്നാണ് വരവ്. അടുത്തെത്തിയപ്പോൾ മനസ്സിലായി വരുന്നത് നാല് മാന്യന്മാരാണെന്ന്. കയ്യിൽ സിഗ്നൽ പോലെ സിഗരറ്റും വീതി കുറഞ്ഞ വരമ്പായതിനാൽ ആവുന്നത്ര ഒതുങ്ങിയിട്ടും ഒരുവന്റെ ദേഹത്തു മുട്ടിപ്പോയി.
“ഛെ, കണ്ണു കണ്ടൂടെ?” ചോദിച്ചതു മാഷല്ല, മാന്യനാണ്. പരിചിതമായ ശബ്ദം. പക്ഷെ അല്പം കനപ്പിച്ചാണത് പറഞ്ഞത്. വീണ്ടും ഒരുവൻ –
“പാതിരയ്ക്ക് ഇരുട്ടത്ത് നടക്കുമ്പം ഒരു ബീഡിയെങ്കിലും വേണ്ടെ ഹേ കയ്യിൽ?” ……പൊട്ടിച്ചിരി.
മാഷിനു കക്ഷികളെ മനസ്സിലായി. കയ്യോടെ പിടികൂടാനായി അദ്ദേഹം അവർക്കു പിന്നാലെ നടന്നു. റാന്തലുള്ള ഒരുന്തുവണ്ടി വന്നപ്പോൾ നാൽവർ സംഗം അതിനു ചുറ്റും കൂടി. അദ്ദേഹം വ്യക്തമായി കണ്ടു. തന്റെ ശിഷ്യന്മാർ തന്നെ. അന്നു വൈകുന്നേരം നടയിൽ തൊഴുതാൻ ചെന്നപ്പോൾ അവിടെ വച്ച് തന്നെ കണ്ടയുടൻ മുണ്ട് താഴെയിട്ട് കൈകൂപ്പിയ അരുമ ശിഷ്യന്മാർ !