മറക്കരുത്, മനുഷ്യാ
നാമീ നാട്ടിലും കാട്ടിലും
അധികം പറഞ്ഞൊട്ട്
അധികപ്പറ്റായവർ.
നാലു കാലില്ല, വാലില്ല
വാനമേറുവാൻ ചിറകുമില്ല.
വളയം പണിഞ്ഞിട്ടു
ചാടാൻ പണിപ്പെട്ട്
വഴി മറന്നേറെ
മണ്ടിപ്പാഞ്ഞവർ.
ആകാശത്തേറിയോർ,
അതിരുകൾ മാന്തിയോർ,
അന്യം നിൽക്കുവാൻ
വന്ധ്യവും ചെയ്തവർ.
വെന്നിക്കൊടി വച്ചു
തുള്ളിക്കുതിച്ചവർ,
പക്ഷെ –
കണ്ണടവെച്ചപ്പോഴു-
മിരുട്ടു വരച്ചവർ.
നാലുകാലും
പിന്നൊരു വാലും
നിർമിച്ചെടുക്കാൻ
മറന്നവർ, മൂഢർ.
നായ്ക്കും, നരിക്കും,
നാട്ടിലെപ്പശുവിനും
ചെല്ലപ്പൊറുതിക്കായ്
നിയമം മെനഞ്ഞിട്ട്,
നിലയില്ലാക്കയത്തിൽ
കൈരണ്ടും വിട്ടുള്ള
കസർത്തുകൾ കാട്ടീട്ടു
മേനി നടിക്കുവോർ.
കോരാ, ജനിക്കു നീ
നായായ്, നാൽക്കാലിയായ്
കുമ്പിളുപേക്ഷിക്കാൻ
മറ്റെന്തിനി മാർഗം..