മലയാളമേ നിന്റെ
മരച്ചില്ലയഴിഞ്ഞാടും
നിഴല്‍ തോറ്റമൊരുക്കുന്ന
തണലു വേണം.
കരിമ്പച്ച പുതച്ചൊരു
കാടിന്റെ കഥ ചൊല്ലി
വയല്‍ തേകിനനയ്ക്കു
മരുവിവേണം.
മലങ്കാറ്റ് വഴിതെറ്റി
കിതപ്പാറ്റും പകല്‍
ക്കൊമ്പില്‍,
കടല്‍പാട്ടിന്‍ താരാട്ടും,
തലതല്ലി ചിരിക്കുന്ന
തിരയും വേണം.
തിരതല്ലി തിരതല്ലി
ആമോദം നിറയുമ്പോള്‍
ഒരുമേളപ്പെരുക്കത്തിന്‍
ഇമ്പത്തില്‍ തിടമ്പേറ്റി
ചെവിയാട്ടി നടക്കുന്ന
പെരുംപൂരപ്പെരുമയു-
മൊരുമയുമെനിക്കു വേണം.
എനിക്കു നിന്‍ മഴപ്പേച്ചിന്‍
കുസൃതിവേണം,
വെയില്‍ക്കാറ്റിന്‍
കനപ്പുള്ള വിയര്‍പ്പും വേണം.
മുഷിയുമ്പോള്‍ ചെളിമണം
തെളിയുമ്പോള്‍ കവി മണം
ഉടലാകെ പൂശുന്ന തനിമ വേണം.
മൊഴിയായും വഴിയായും
തെളിഞ്ഞെന്നെ പുണരുന്ന
തെങ്ങിളനീര്‍ പോലുള്ള
മധുരം വേണം.
മലയാളം വേണം.