പൂക്കൾ വില്ക്കുന്നവർ..

കുട്ടികളെ രണ്ടുപേരെയും ക്രെഷിലാക്കി, അവിടത്തെ സമയത്തിനുമുമ്പ് ജോലി തുടങ്ങുന്നതിന് അധികം കൊടുക്കുന്ന വരുമാനം മതിയാവുന്നില്ല എന്ന പരാതി ആയയുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ മെനക്കെടാതെ, അഴികളിട്ട പടിയിൽ മുഖം ചേർത്ത് സങ്കടത്തോടെ ‘റ്റാ റ്റാ’ പറയുന്ന മക്കളെ മന:പൂർവ്വം ഓർക്കാതെ, ധൃതിപിടിച്ച് ആദ്യം കിട്ടുന്ന ഓട്ടോറിക്ഷയിൽ ചാടിക്കയറി റെയിൽവേ സ്റ്റേഷനിലേയ്ക്ക് പായുമ്പോൾ ഏഴരയുടെ ട്രെയിൻ ലേറ്റാവണേ എന്ന പ്രാർത്ഥന മാത്രമേ സുഷമയ്ക്കുണ്ടാവൂ. മൂന്നുദിവസം വൈകിയാൽ ഹാഫ് ഡേ ലീവ് പോകും.

സ്ഥിരയാത്രക്കാരിയായതുകൊണ്ടാവും, ലതയ്ക്കോ ഉഷയ്ക്കോ കുമാരിയ്ക്കോ സീറ്റു കിട്ടുകയാണെങ്കിൽ സുഷമയ്ക്കും ഒരരസീറ്റ് ഉറപ്പാക്കാം. അതിലിരുന്ന് ഉറങ്ങാൻ ശീലിച്ചുകഴിഞ്ഞു. ആ ഒന്നരമണിക്കൂർ ഉറക്കമാണ് വാസ്തവത്തിൽ സുഷമയുടെ ടോണിക്ക്. അപ്പോൾ തല്ക്കാലത്തേക്കെങ്കിലും ആധികൾ മാറിനില്ക്കും. ലേഡീസ് കമ്പാർട്ട്മെന്റ്, സ്ഥിരയാത്രക്കാർക്ക് വീടിന്റെ ഒരു തുടർച്ചയും കൂടിയാണ്. കുളി കഴിഞ്ഞ് അതുപോലെയിട്ട തലമുടി കെട്ടുന്നതും സാരിയുടെ ഞൊറിവുകൾ ശരിപ്പെടുത്തുന്നതും, എന്തിന് നഖം വെട്ടുന്നതും പോലും മിക്കവാറും ട്രെയിനിൽ വെച്ചാകാറുണ്ട്. എങ്കിലും ആവർത്തനവിരസം തന്നെയാണ് ആ യാത്രകൾ. ഒരേ വാതില്പ്പുറക്കാഴ്ചകൾ, ഒരേ മുഖങ്ങൾ, വായിക്കപ്പെടുന്ന സ്ഥിരം വനിതാ മാസികകൾ, പതിവു ചർച്ചകൾ. ”ആനിയെ കണ്ടില്ലല്ലോ, മെയിലിന് പോയിട്ടുണ്ടാവുമല്ലേ?” ”ഞാനിന്നിറങ്ങിയപ്പോൾ ട്രെയിനിന്റെ ഒച്ച കേട്ടു. കിട്ടില്ലെന്നാ വിചാരിച്ചത്”. “പിന്നേ, ജയ ഇപ്പോ സ്ഥിരം ജനറലിലാ കേറുന്നേ. മറ്റേ കക്ഷിയുണ്ടാവുമല്ലോ. കഷ്ടം!”

പക്ഷേ, ട്രെയിൺ സൗഹൃദങ്ങൾ ഒരിയ്ക്കലും സുഷമയുടെ ഹൃദയത്തെ തൊട്ടിരുന്നില്ല. ഓരോ ദിവസവും കാണുമ്പോൾ മാത്രം ഓർമ്മ വരികയും വീട്ടിലോ ഓഫീസിലോ ചെന്നാൽ മറക്കുകയും ചെയ്യുന്ന പരിചയക്കാർ മാത്രമായിരുന്നു അവരെല്ലാവരും.

ഉറങ്ങിപ്പോകാത്ത അപൂർവ്വം ദിവസങ്ങളിൽ സുഷമ ട്രെയിൻ യാത്ര ആസ്വദിച്ചിരുന്നുവെന്നതു സത്യം. തന്റെ ഹൃദയമിടിപ്പിനോട് അനുരണനം ചെയ്ത് ട്രെയിൻ മുന്നോട്ട് പോകുമ്പോൾ സുഷമ പലപ്പോഴും പുറകോട്ടു യാത്രചെയ്യും. തിരക്കിട്ട ജീവിതത്തിൽ നിന്ന് പുറം തള്ളിയ പച്ചപ്പും നനവുമാർന്ന ചില ഓർമ്മകളിലൂടെ, ചില സൗഹൃദങ്ങളിലൂടെ, മഴക്കാലങ്ങളിലൂടെ, കണിക്കൊന്ന പൂത്തുനിന്നിരുന്ന തൊടിയിലൂടെ, അവധിക്കാലങ്ങളുടെ ആലസ്യങ്ങളിലൂടെ അമ്മയുടെ മൃദുലമായ കൈകളുടെ തണുപ്പിലൂടെ, പഴയ യുവജനോത്സവവേദികളിലൂടെ, കണ്ണിൽ ആരാധനയുമായി തന്നെ കാത്തുനിന്നിരുന്ന ഒരു ചെറുപ്പക്കാരനിലൂടെ… പരസ്പരം ചങ്ങലകൾ കൂട്ടിക്കെട്ടിയുള്ളതാണീ ഓർമ്മകളുടെ യാത്രയെന്നു തോന്നും. ഒരോർമ്മയിൽ നിന്ന് അടുത്തതിലേയ്ക്ക്, പിന്നെ അടുത്തതിലേയ്ക്ക്, അങ്ങനെയങ്ങനെ… ഒരു ട്രെയിൻ പോലെ. ഈ ഓര്മ്മകൾ പക്ഷേ, അവളെ സന്തോഷിപ്പിക്കുകയല്ല, സങ്കടപ്പെടുത്തുകയാണ് ചെയ്യാറ്. അതുകൊണ്ടുകൂടിയാണ് സുഷമ ഉറക്കത്തെ സ്വാഗതം ചെയ്യാറുള്ളത്.

ഈ ആവർത്തനവിരസതയിലേക്കാണ് ഒരു ദിവസം കമ്പാർട്ട്മെന്റ് മുഴുവൻ പൂമണം കൊണ്ട് നിറച്ച് ഒരു തമിഴത്തി കുടിയേറിയത്. മുഷിഞ്ഞു നാറുന്ന ചേലയും പാറിപ്പറക്കുന്ന ചെമ്പൻ തലമുടിയും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമുള്ള അവളെ ആർക്കും ഇഷ്ടമായിരുന്നില്ലെങ്കിലും അവളുടെ പൂക്കളുടെ മണം എല്ലാവരുമിഷ്ടപ്പെട്ടു.

പക്ഷേ, അവളൊരിക്കലും ചെറിയ തുകയ്ക്ക് ട്രെയിനിലാർക്കും പൂ വിറ്റില്ല. അവയെല്ലാം തന്നെ എറണാകുളത്ത് മൊത്തക്കച്ചവടത്തിനുള്ളതായിരുന്നു. പൂക്കൊട്ട മുകളിലെ ബർത്തിൽ കയറ്റിവെച്ച്, താഴെ പേപ്പറോ സാരിയോ വിരിച്ച് തമിഴത്തി കിടന്നുറങ്ങും. ആരോടും സംസാരമില്ല. ആദ്യമൊക്കെ അവരുടെ കിടപ്പ് അല്പസ്വല്പം അസ്വാരസ്യവും മുറുമുറുപ്പും ഉണ്ടാക്കിയെങ്കിലും ട്രെയിനിന്റെ ഒരു പൊതുസ്വഭാവം വെച്ച് അതും ജീവിതത്തിന്റെ ഭാഗമായി. പൂമണമില്ലാത്ത ദിവസങ്ങളിൽ ”ഇന്നന്താ, തമിഴത്തിയില്ലേ?” എന്നു ചോദിക്കാനും തുടങ്ങി.

അതിനിടയ്ക്കെപ്പോഴോ അവൾ മകളെയും കൊണ്ടുവരാൻ തുടങ്ങിയിരുന്നു. അമ്മയെപ്പോലെത്തന്നെ ചെമ്പിച്ച മുടിയും വരണ്ട ചുണ്ടുകളുമായിരുന്നു, അതിനും. തറയിൽ വിരിച്ച ചേലയിൽ അമ്മയോടു ചേർന്ന് മകളുറങ്ങി. രണ്ടു രണ്ടര വയസ്സുകാണും. തന്റെ മോളുടെ അതേ പ്രായം. അത്തരമൊരു സമാനതകൊണ്ടാവാം ഒരു ദിവസം സുഷമ തമിഴത്തിയോട് സംസാരിക്കാനൊരുമ്പെട്ടത്. ഭർത്താവ് വേറെ കല്യാണം കഴിച്ചുവെന്നും കുട്ടിയെ നോക്കിയിരുന്നത് സ്വന്തം അമ്മയായിരുന്നുവെന്നും അവർ മരിച്ചുപോയപ്പോൾ മോളെ കൂട്ടിക്കൊണ്ടുവരാതെ നിവൃത്തിയില്ലെന്നും സുഷമ അവരുടെ തമിഴിൽ നിന്നും മനസ്സിലാക്കിയെടുത്തു. രണ്ടു കാലും പോളിയോ വന്ന് തളർന്നിരുന്നതുകൊണ്ട് കുട്ടിക്ക് നടക്കാനാവില്ലായിരുന്നു.

പിന്നീടൊരിക്കൽ മടിക്കുത്തിലെ വർണ്ണക്കടലാസു പൊതിയിൽ നിന്ന് ഒരു ജോടി വെള്ളിപ്പാദസരങ്ങള് തമിഴത്തി സുഷമയ്ക്ക് കാട്ടിക്കൊടുത്തു. നിറയെ മുത്തുകൾ കിലങ്ങുന്ന മനോഹരമായ കൊലുസുകൾ. മോൾക്ക് പാദസരമിടാൻ വലിയ മോഹമാണത്രേ.

മറ്റൊരിക്കൽ കുട്ടി തളർന്നു കാലുകളിലിട്ടിരുന്ന കൊലുസിൽ തിരുപ്പിടിച്ച് സന്തോഷിച്ചിരിക്കുന്ന കാഴ്ച സുഷമയിൽ കൗതുകമുണർത്തി. അമ്മയുറങ്ങുകയായിരുന്നുവെങ്കിലും കുട്ടി യാത്രയിൽ മുഴുവൻ പാദസരത്തിന്റെ മണികൾ കിലുക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക് സുഷമയെ നോക്കി ചിരിച്ചു. ചിരിക്കുമ്പോൾ എല്ലാ കുട്ടികൾക്കും ഒരേ ഛായയാണെന്നു സുഷമക്കന്നേരം തോന്നി.

ഒന്നിനുപകരം തമിഴത്തികൾ അഞ്ചായി. അവര് തമ്മിൽ വഴക്കും ബഹളവും ഉറക്കെയുള്ള സംസാരവുമായപ്പോൾ ലേഡീസ് കമ്പാർട്ട്മെന്റിലെ യാത്രക്കാർ അസ്വസ്ഥരായി. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന തമിഴത്തികളെ പുറത്താക്കണമെന്ന ശക്തമായ ആവശ്യം ടി.ടി.ഇ.യുടെ ശ്രദ്ധയില്പ്പെടുത്തി. അതുകൊണ്ടോ എന്തോ, തമിഴ്സംഘം കമ്പാർട്ട്മെന്റിൽ നിന്ന് അപ്രത്യക്ഷരായി. ”ഇവറ്റക്കൊക്കെ വേറേം ചില പണികളുണ്ടെന്നേ… പിഴച്ചവക” എന്നും മറ്റും അഭിപ്രായപ്പെട്ട് പലരും ആശ്വസിച്ചു. പൂമണം പോയ് മറഞ്ഞു. എല്ലാം പഴയ പടി. ഉറക്കം, പരദൂഷണം, അല്പം വായന.

എങ്കിലും സുഷമയുടെ ഓര്മ്മയിൽ ആ തമിഴത്തിയും കുട്ടിയും അതിന്റെ പാദസരം കിലുക്കിയുള്ള ഇരിപ്പും ഇടയ്ക്കിടെ കടന്നുവന്നു. അവരിപ്പോൾ എന്തു ചെയ്യുകയാവും എന്നു വെറുതെയോർത്തു. തമിഴത്തിയോട് ആകെ സംസാരിച്ച ഒരു യാത്രക്കാരി എന്ന പരിഗണനയിലോ എന്തോ സുഷമയ്ക്ക് ഒരിയ്ക്കൽ അവൾ സമ്മാനിച്ചിരുന്ന ഒരു മുഴം മുല്ലപ്പൂവിനെക്കുറിച്ചുമോർത്തു. ഉപേക്ഷിച്ചുപോയ അവളുടെ ഭർത്താവിനെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചുമോർത്തു. കാഴ്ചയിലും ചിന്തയിലും സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ ആളുകൾ വ്യത്യസ്തരായിരിക്കുന്നതുപോലെ ദു:ഖങ്ങൾ സഹിക്കാനുള്ള കഴിവിലും എത്ര വൈജാത്യമെന്നോർത്തത്ഭുതപ്പെട്ടു.

ക്രെഷിലെ ആയയ്ക്ക് നേരത്തെ പോകണമെന്ന ആവശ്യമറിയിച്ചിരുന്നതുകൊണ്ട് ഉച്ചയ്ക്ക് ലീവ് എഴുതിക്കൊടുത്ത് ഓഫീസിൽ നിന്നിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. കത്തിക്കാളുന്ന വെയിലിൽ ഫുട്പാത്തിൽ തമിഴത്തിയുടെ മകളെ ഒറ്റയ്ക്ക് ഭിക്ഷ യാചിക്കാനിരുത്തിയിരിക്കുന്നു. പൊള്ളുന്ന ചൂടിലും കുട്ടി ഉടുപ്പിട്ടിട്ടില്ലായിരുന്നു. ക്ഷീണിച്ചു തളർന്നു കണ്ണീര് വറ്റി, കുട്ടി, കുഞ്ഞിക്കൈകൾ ആരോ പഠിപ്പിച്ചുവിട്ടപോലെ വഴിപോക്കരുടെ അടുത്തേക്ക് നീട്ടിക്കൊണ്ടിരുന്നു. തമിഴത്തിയെ അവടെയെങ്ങും കണ്ടില്ല. തണലത്തേയ്ക്ക് മാറിയിരുന്നുകൂടെ ഈ പാവത്തിന് എന്നോർത്തപ്പോൾ അവളുടെ കാലുകൾ ഒരു പോസ്റ്റിനോട് ബന്ധിക്കപ്പെട്ടിരുന്നതായി കണ്ടു. കുട്ടിയുടെ തളർന്ന കാലുകളിൽ അപ്പോൾ പാദസരമുണ്ടായിരുന്നില്ല.

ജനാലക്കടുത്തുള്ള സീറ്റിൽ തളർന്നിരിക്കുമ്പോൾ, ട്രെയിനിന് വേഗത കുറവാണെന്നു സുഷമയ്ക്ക് തോന്നി. ഒരു കരച്ചിൽ വന്ന് തൊണ്ടയിൽ വന്നുമുട്ടിയത് അവൾ ബുദ്ധിമുട്ടി ചവച്ചിറക്കി. ക്രെഷിന്റെ പടിവാതിലിൽ പിടിച്ച് തന്നെ കാത്തുനില്ക്കുന്ന നാലുകുഞ്ഞിക്കണ്ണുകൾ മാത്രമായിരുന്നില്ല മനസ്സിലപ്പോൾ.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *