പാപ്പിയമ്മ

pappiyamma

പാപ്പിയമ്മ ആകെ എടങ്ങേറിലായി. ചങ്ക്രോയിച്ചേട്ടായി ഷർട്ടും മുണ്ടുമുടുത്ത് റോഡേ ഇറങ്ങി ഓടിപ്പോയീന്ന് ചിന്നു തോട്ടിൽ വന്ന് പറഞ്ഞപ്പോൾ അലക്കിക്കൊണ്ടിരുന്ന തുണി കല്ലേലിട്ടേച്ച്,

മോനേ, ചങ്ക്രോയീ..ന്നും വിളിച്ച് പിറകെ ഓടിയില്ല. മാത്രമല്ല അവനങ്ങനെ തള്ളേ ഇട്ടേച്ച് പോകുവാണേ പോന്ന വഴി…….. ച്ച് ചാകത്തേയുള്ളൂ എന്നൊരു ശാപവാക്കും പറഞ്ഞു, ചങ്കത്തും അടിച്ചു വേലത്തിപ്പാപ്പി.

പിള്ളേര് വിശക്കുമ്പോ ഇങ്ങ വന്നോളും എന്ന് എല്ലാ തള്ളമാരെയും പോലെ ഉള്ളാലെ കരുതിയ പാപ്പിയമ്മയുടെ കണക്കെല്ലാം തെറ്റി. അവനന്ന് ഇരുട്ടിയിട്ടും വന്നില്ല.

അവന് ആയിടെ മീശ വന്നായിരുന്നു. പത്തിലെ മാർക്ക് വന്നായിരുന്നു. ശങ്കരനെ കോളജിച്ചേർക്കണമെന്ന് അവന്റെ ഉലഹന്നാൻ സാർ വീട്ടിൽ വന്ന് പാപ്പിയമ്മയോട് പറഞ്ഞിരുന്നു. ശങ്കരൻ പഠിക്കാൻ മിടുക്കനാണെന്നും അങ്ങേര് പറഞ്ഞു. അന്ന് വൈകിട്ടാണ് ചങ്ക്രോയി ഒരു വല്യ കുറ്റം ചെയ്തത് പാപ്പി കണ്ടത്.

അലക്കാൻ വീടുകളിൽ നിന്ന് കൊണ്ടുവന്നിട്ടിരുന്ന തുണികളിലൊരെണ്ണം ഉടുത്ത്, പകവാനേ… ഒറ്റത്തെങ്ങുങ്കൽ ചാക്കോമുതലാളീടെ മകന്റെ നീലഷർട്ടിട്ട് ചിന്നൂന്റെ പൊട്ടക്കണ്ണാടീൽ നോക്കി കുഞ്ഞുമീശ തടവുന്നു മകൻ.

തലങ്ങും വിലങ്ങും തല്ലുമ്പോഴൊക്കെ പാപ്പിക്കൊരു ന്യായമുണ്ടായിരുന്നു. അലക്കുപണിയിൽ വേലമ്മാര് ഒരിക്കലും ചെയ്യരുതാത്ത പണിയാ ചെർക്കൻ ചെയ്തത്. അഴിച്ചൂരിച്ച് വാങ്ങിക്കഴിഞ്ഞപ്പോ ചെർക്കന്റെ ദേഹത്തൊന്നുമില്ലായിരുന്നു.

ആ മീശ വന്ന ചെക്കനന്ന് വല്ലാതെ ചെറുതായിപ്പോയത് പാപ്പിയമ്മയറിഞ്ഞില്ല. അവൻ കരഞ്ഞതേയില്ല. അനിയത്തി കേട്ടതേയില്ല. എന്നാലന്നു രാത്രിനീളെ കരച്ചില്‍ പോലെന്തൊക്കെയോ അവന്റെ പായേന്ന് പാപ്പി കേട്ടു.

പിറ്റേന്ന് അവൻ ജീവിതത്തിലാദ്യമായി അഞ്ചു രുപാ മോഷ്ടിച്ച് പാലായിൽ പോയി കോളജിൽ നിന്ന് അപേക്ഷാഫാറം വാങ്ങിച്ചു, ഉലഹന്നാൻ സാറതു പൂരിപ്പിച്ചു, പിറ്റേന്ന് കോളജിൽ കൊടുക്കാൻ വച്ചിരുന്ന ആ അപേക്ഷ പല കഷണങ്ങളായി കീറിപ്പോയി. അഞ്ചു രൂപാ മോഷ്ടിച്ചതിന് അമ്മേ… അമ്മേ… മതീ….മതീ…ന്ന് ചിന്നു കരഞ്ഞുവിളിക്കുന്നിടം വരെ തല്ലിയിട്ട് പാപ്പിയമ്മ അത് വലിച്ചു കീറി ചവിട്ടിതൂത്ത് ചങ്ക്രോയിയുടെ ഒരാശയുടെ കശാപ്പ് ഭംഗിയാക്കി.

അന്നു രാത്രി ചങ്ക്രോയി ശ്വാസം പോലും വിട്ടില്ല. പായേന്ന് പാപ്പിയമ്മ ഒന്നും കേട്ടിട്ടില്ല. പിറ്റേന്ന് ചങ്ക്രോയി എന്ന പതിനഞ്ചുകാരൻ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം വില്ലേജിൽ ഭരണങ്ങാനം കരയിൽ അലക്കുവേല പാപ്പി മകൻ കെ.ടി ശങ്കരൻ 15 എന്ന മുഴുത്ത പേരുണ്ടാക്കി ഒളിച്ചുപോയി.

പാപ്പിയമ്മയുടെ ചുണ്ടടഞ്ഞുപോയി. അലക്കിമടക്കിയ തുണികളുമായി വല്യവീടുകളുടെ പര്യമ്പുറങ്ങളിൽ ഏറെ നേരം തുറന്നുപ്രവർത്തിച്ചിരുന്ന ആ വായ് പിന്നെ തുറന്നില്ല. പര്യമ്പുറങ്ങളിലെല്ലാം കണ്ണു തുറന്ന് കരഞ്ഞു. അടിച്ചുപോയ അടികളെക്കാളൊക്കെ ………ച്ചു ചാകത്തെയുള്ളൂന്ന് പൊന്നുമോനോട് പറഞ്ഞുപോയതിന്റെ നോവ് അവരെ പകല് വല്ലാതെ നോവിച്ചു, രാത്രിയിൽ വല്ലാതെ പൊള്ളിച്ചു. അങ്ങനെ പൊള്ളിപ്പൊള്ളിയ രാത്രിയൊന്നിൽ പാപ്പിയെയും അവരലക്കിക്കൊണ്ടിരുന്ന രണ്ടു കെട്ടു തുണികളെയും വലിയ മലവെള്ളം വന്നൊഴുക്കിക്കൊണ്ടുപോയി. താനൊഴുകിത്താഴുന്നതിലോ മരിക്കുന്നതിലോ പാപ്പിയമ്മ വിഷമിച്ചില്ല. തുണികൾ, എത്രയോ വീട്ടിലെ തുണികൾ കെട്ടഴിഞ്ഞ് നാനാവിധമായങ്ങനെ ഒഴുകിപ്പോകുന്നത് അവർക്ക് സഹിക്കായിരുന്നില്ല. ഹേങ്.. ഹേങ് എന്ന് വേവലാതിപ്പെട്ട് എത്ര നീന്തിയിട്ടും തുണികൾക്കൊപ്പമെത്താനാവുന്നേയില്ല. ശ്വാസം നിലയ്ക്കുന്നതിനു മുമ്പ് കുറെ ഷർട്ടും മുണ്ടും പുതപ്പും അവർ പിടിച്ചെടുത്തു.

കിട്ടിയ തുണിയെല്ലാം തോട്ടുങ്കരയിലെ കണ്ടത്തിൻവരമ്പത്തു വച്ചിട്ട് വീണ്ടും നീന്തി, വീണ്ടും നീന്തി ഹേങ്.. ഹേങ് എന്ന് തുണിയെല്ലാം പെറുക്കി കരയ്ക്കൂടെ ഓടിയോടി വന്നപ്പം ആദ്യം പെറുക്കി വച്ചിരുന്ന തുണിക്ക് തീ പിടിച്ചിരിക്കുന്നു. നാലു വശത്തുനിന്നും കത്തുകയാണ്.. ഹേങ്… ഏങ്.. പാപ്പിയമ്മ ആ ഷർട്ട് വ്യക്തമായിക്കണ്ടു, ഒരു നീലഷർട്ട്.

ചിന്നു കരഞ്ഞുവിളിച്ച് ആ ദുസ്വപ്നത്തിൽ നിന്ന് കുലുക്കിയുണർത്തുമ്പോഴും പാപ്പിയമ്മ ഹേങ്.. ഏങ് എന്ന് ഏങ്ങലടിക്കുകയായിരുന്നു.

പിറ്റേന്ന് പോസ്റ്റാഫീസീന്ന് ഒരു കാർഡ് വാങ്ങിച്ച് ചിന്നുവിനെക്കൊണ്ട് പാപ്പി ഇപ്രകാരമെഴുതിച്ചു.

എന്റെ മകൻ ചങ്ക്രോയി.. വെള്ളത്തിൽ മുങ്ങിയോ തീയിൽ ചാടിയോ എങ്ങനേലും മടങ്ങിവരണം എന്ന് സ്വന്തം അമ്മ പാപ്പി ഒപ്പ്.

ചിന്നുവെ വിശ്വാസം പോരാഞ്ഞ് കാർഡിന്റെ പുറത്തെ വിലാസമെഴുതാൻ ഉലഹന്നാൻ സാറിനെയാണ് പാപ്പിയമ്മ ഏല്പിച്ചത്. ഒളിച്ചുപോയ ഒരുത്തന്റെ അഡ്രസ്സെങ്ങനെ എഴുതുമെന്ന് മാഷ് ചോദിച്ചേയില്ല. അതിലുപരിയായി ആ കാർഡിലൊഴുകിയ വെള്ളപ്പൊക്കത്തെയും പടർന്ന തീയെയും നോക്കി മാഷിരുന്നുപോയി. മോനേ, നീ എങ്ങനേലും എങ്ങനേലും എങ്ങനേലും ……ച്ച് ചാകാതെ തിരിച്ചുവാ എന്ന കരച്ചിലിനെ ടോൾസ്റ്റോയിക്കു പോലും വെള്ളത്തില്‍ മുങ്ങിയോ, തീയിൽ ചാടിയോ… എന്ന ചങ്കെഴുത്താക്കാൻ കഴിയില്ലാന്ന് ആ മലയാളം മാഷിനുറപ്പായിരുന്നു.

ഞങ്ങളുടെ ആ നാട്ടില്‍ ഉലഹന്നാനെപ്പോലെ വൃത്തികെട്ട ഒരു മനുഷ്യനില്ല. അത്ര തീപിടിച്ച ആ കത്തു വായിച്ചിട്ടും പിന്നേം ഒരാഴ്ച കഴിഞ്ഞാണ് ആ ദുഷ്ടൻ ചങ്ക്രോയിയെ വീട്ടിലെത്തിച്ചത്. പാന്റിട്ട, ഷർട്ടിട്ട കുഞ്ഞുമീശ വച്ച ചങ്ക്രോയിയെ ആ ദുഷ്ടൻ സ്വന്തം ചെലവിൽ കോളജിൽ ചേർത്ത് ഹോസ്റ്റലിൽ നിർത്തിയിരിക്കുകയായിരുന്നു.

എനിക്കൊപ്പം കഴിഞ്ഞ ആഗസ്റ്റ് 31ന് ചങ്ക്രോയി റിട്ടയർ ചെയ്തു. പാപ്പിയമ്മ നല്ല വസ്ത്രങ്ങളൊക്കെ ധരിച്ച് മോദമോടെ ഇന്നും ജീവിച്ചിരിക്കുന്നു, പോരേ?

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *