മിഴികള്‍ തുടച്ച് വീണ്ടും നോക്കി , ചുറ്റും കൂരിരുട്ടാണ്. ഇടിയോ കാറ്റോ മഴയോ ഇല്ല, എന്നിട്ടും എന്തിനാണീ പവര്‍കട്ട്?
ദൂരെ എവിടെയെങ്കിലും ഒരുതരി വെളിച്ചമെങ്കിലും കണ്ടിരുന്നെങ്കില്‍…! “മോനെ ഹരീ..” അവര്‍ നീട്ടിവിളിച്ചു, “ങ്ങാ… അല്ലെങ്കില്‍ വേണ്ട, ഈ ഇരുട്ടില്‍ അവന്‍ എന്തിലെങ്കിലും തട്ടി വീണാലോ…?”
ഇരുട്ടില്‍ തപ്പിത്തടഞ് എമര്‍ജെന്‍സി എടുത്ത് ഓണാക്കി. അപ്പോ അതും കത്തുന്നില്ല.”ഛെ… ആരും ഈ എമര്‍ജെന്‍സി ചാര്‍ജ് ചെയ്ത് വെച്ചില്ലല്ലോ…”
ആരോടെന്നില്ലാതെ പരിതപിച്ച് തിരിച്ച് നടന്നപ്പോള്‍ കാല്‍ എന്തിലോ തട്ടി കമഴ്ന്നു വീണു.
“ഈ അമ്മ എവിടെ നോക്കിയാ നടക്കുന്നെ.” മകന്‍ അതും പറഞ്ഞു അമ്മയെ പിടിച്ചെഴുന്നേല്‍പിച്ചു. “മോനെ നീ ടോര്‍ച്ച് എടുത്ത് തെളിക്ക്”
“അമ്മ എന്താ പറയുന്നത്. ഈ പട്ടാപകല്‍ വെളിച്ചത്തില്‍ എന്തിനാ ടോര്‍ച്ച് തെളിക്കുന്നെ?” അത് കേട്ട് അമ്മയൊന്ന് ഞെട്ടി കണ്ണുകള്‍ വീണ്ടും ഇറുകെ അടച്ച് തുറന്നു. അന്ധകാരം തന്നെ എങ്ങും… ശേഷിക്കുന്ന തന്റെ ജീവിതം ഇരുട്ടില്‍ തളച്ചിടപ്പെടുമല്ലോ എന്നോര്‍ത്ത് ആ അമ്മ തേങ്ങി…