ഈണത്തിൽ ചൊല്ലാവുന്നത് എന്ന കുറ്റം മാത്രമാരോപിച്ച് ചിലർ കരുതിക്കൂട്ടി മുക്കിക്കളഞ്ഞൊരു കവിതയാണിത്… വായിക്കാതെ പോകരുത്… അഭിപ്രായവും പറയണം…
മാതീ….
കറുത്ത കിടാത്തീ
മൂക്കുത്തിയിട്ട കാടിന്റെയോമനപ്പുത്രീ
നീലത്തലമുടിയും
മേഘക്കവിൾത്തടവും
വേതാളത്തീമിഴിയും
വീരാളിപ്പല്ലുകളും
വെള്ളോട്ടു വളകളും
തുടു ചോപ്പൻ ചുണ്ടുമുള്ള
പെണ്ണേ, മലയരയത്തീ….
പണ്ടല്ലോ നിന്റെ
മുതുമുത്തച്ഛന്മാർ
കരിമ്പുലി തിങ്ങിയ കാടു കാത്തൂ.
ചൂരലും മുളയരിയും കാട്ടു കിഴങ്ങുകളും
ജീരകക്കുറിഞ്ഞിയും ജീവന്റെ വേരുകളും
പെണ്ണാൾകടെ മാനവും നിന്നകാത്തൂ
ഉറങ്ങാതെയുറക്കത്തെ കിനാവു കണ്ടു..
കടമ്പില കുത്തി മറച്ചോരരക്കെട്ടിൽ
കുന്നിക്കുരു കോർത്തൂ,
ചെവിത്തുള രണ്ടിലും കാക്കപ്പൊന്നിട്ടമ്മ
അമ്മിഞ്ഞ തന്നിരുന്നു.
കൊടും കരിം കാടാണേ
നേരുറയുന്നൊരു കാടാണേ…
കാവൽ ദൈവങ്ങടെയാത്മാവു കെട്ടിയിട്ട
കാണാക്കിനാവാണേ….
മാതീ…
കരിമ്പു കിടാത്തീ
മനസ്സു കട്ട മാരന്റെ ചന്ദനക്കുട്ടീ..
മകരക്കനലെടുത്ത് ചന്ദ്രദീപം കൊളുത്തി
മഞ്ചാടിക്കണ്ണഴിച്ചു
പാമ്പിന്റെ പല്ലു കെട്ടി
പൂക്കാലം നോക്കി നോക്കി
പൂച്ചപ്പേ കുന്നിറങ്ങി
സൂര്യൻ കിഴക്കു തപ്പിക്കാവേറി
പെണ്ണുകെട്ടി
ആറാടിച്ചത്തതറിഞ്ഞോ, നീ
ദൈവങ്ങൾ ഭിക്ഷ ചെന്ന കഥയറിഞ്ഞോ ???
മാതീ വനക്കുരുക്കുത്തീ,.
കടഞ്ഞെടുത്ത കരിവീട്ടിക്കുഞ്ഞുകിടാത്തീ
നിന്നെയും നിന്റെ കാടും
വിറ്റിട്ടു കളളുമോന്തി
വെണ്ണത്തുടുപ്പുമേനി
മാറിൽ പടർത്തി വെച്ചൂ
തമ്പ്രാക്കള് കോവിലിന്റെയുടയവരായ്
വിധി പറഞ്ഞു
കുതിരപ്പുറത്തമർന്ന് മരണക്കടുക്കനിട്ട്
കുടചൂടും മേഘവില്ലിൻ ശവമഞ്ചം തോളിലിട്ട്
മലയിറങ്ങിപ്പോണ കണ്ടില്ലേ, നീ
കാടിന്റെ കണ്ണീര് കാണുന്നില്ലേ ??
മാതീ… കുവലയക്കണ്ണീ
പിരാന്തുറഞ്ഞ കൂളിക്കുറുമ്പുടയാളേ..
നാടാളും നായ്ക്കളുടെ കോമ്പല്ലിൽ കോർത്തു പോയ,
കയ്പ്പുള്ള പാൽ ചുരത്തിയുണ്ണിവയർ നിറച്ച,
തോടക്കല്ലൂരിവെച്ച് തോവാളപ്പു പതിച്ച
പാവം പണിച്ചിക്കിടാത്തി
കങ്കാളൻ വിൽക്കുന്ന കരിഞ്ചരക്കേ,
നിന്റെ ദൈവമിന്നലെ കടൽ കടന്നു പോയേ
നിന്റെ മാരൻ കള്ളിന്റെ കടലിൽ മുങ്ങിച്ചത്തേ
നിന്റെയരക്കെട്ടിന് വിലയിന്നലെയിട്ടേ
നിന്റെ പാട്ടിൻ കണ്ണെടുത്ത് കാട്ടുപൂച്ച തിന്നേ
നീയിന്ന് വെറുമൊരു കച്ചോടപ്പെണ്ണാണേ…
മാതീ… തുലഞ്ഞ കിടാത്തീ
ഉരിഞ്ഞു വീണതോലിന്റെ പെങ്ങളുകുട്ടീ
പച്ചപ്പൈ നൃത്തമാടും നാളുണ്ടേയുദിക്കുവാൻ
മച്ചിത്തൈപ്പിലാവിന്റെ കൊമ്പുണ്ട് തൂങ്ങിച്ചാവാൻ
അച്ഛന്റെ പേർ പതിഞ്ഞ മണ്ണില്ല കൊത്തി മൂടാൻ
ചത്താലും പഠിക്കാത്ത, നട്ടാലും മുളയ്ക്കാത്ത
അത്താഴം മണക്കാത്ത, മുത്തശ്ശി തലോടാത്ത
പെണ്ണേ മലയരയത്തീ
മുക്കുത്തിയിട്ട കാടിന്റെയോമനപ്പുത്രീ !!!