കൂട്ടുകുടുംബത്തിൽ നിന്നും പടിയിറങ്ങി പറക്കമുറ്റാത്ത ഞങ്ങൾ മൂന്നു മക്കളെയും കൈപ്പിടിച്ച്, ഒരു മൺകലവും, കറിച്ചട്ടിയും, മുറുത്തപ്പായും, ഓട്ടുവിളക്കുമായി ലക്ഷം വീട് ജയന്തി കോളനിയിലേക്ക് ജീവിതം പറിച്ചു നട്ടപ്പോൾ നേരിടേണ്ടിവന്ന ഏറ്റവും വല്യ വെല്ലുവിളി സ്വന്തമായി ഒരു കക്കൂസ് ഇല്ലായിരുന്നു എന്നുള്ളതായിരുന്നു. ഞങ്ങൾക്ക് മാത്രമല്ല അന്ന് കോളനിയിൽ പട്ടയഭൂമി അനുവദിച്ചു കിട്ടിയ മിക്ക കുടുംബത്തിനും ഇത് തന്നെയായിരുന്നു ഗതി. അതിരാവിലെ കുപ്പണ അമ്പലത്തിലെ സുപ്രഭാതം കേൾക്കുമ്പോൾ തന്നെ പ്രയമായവർ ഉറക്കമെണീറ്റ് ഞങ്ങൾടെ വീട്ടിനടുത്തുള്ള മൂക്കത്തുകാരുടെ പുരയിടത്തിലേക്ക് വെച്ചുപിടിക്കും. ആണുങ്ങളും, പെണ്ണുങ്ങളും പറമ്പിന്റെ പല ഭാഗത്തായി തിരിഞ്ഞ് പോയിരുന്നാണ് പ്രഭാതകർമ്മം നിർവ്വഹിച്ചിരുന്നത്.ഇപ്പോഴത്തെ പോലെ ചുറ്റിലും മതിൽക്കെട്ടി നുള്ളിലെ വൻകെട്ടിടത്തിനുള്ളിൽ നിരവധി വാതിലിനുള്ളിലെ മുറിയോട് ചേർന്നുള്ള കക്കൂസിൽ നടന്നുകൊണ്ടിരിക്കുന്ന യാതൊരുവിധ അനാശ്യാസ്യങ്ങളും അക്കാലത്ത് ഈ പറമ്പിൽ ഉണ്ടായിട്ടില്ലാ എന്നുള്ളതാണ് അത്ഭുതം.
നേരം പരപരാ വെളുത്തതിനു ശേഷമേ ഞങ്ങൾ കുട്ടികൾ അവിടെ ഈ കർമ്മത്തിന് പോകുകയുള്ളൂ. അന്ന് എന്നോടൊപ്പം സ്ഥിരമായി വന്നിരുന്നത് തൊട്ടടുത്ത വീട്ടിലെ സൗമ്യ ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് നിക്കർ ഊരി കയ്യിൽപ്പിടിച്ച് മുഖത്തോട്, മുഖംനോക്കിയിരുന്നു ഒരുപാട് കാര്യങ്ങൾ സംസാരിച്ചു കൊണ്ടേയിരിക്കും.
തലേന്ന് വീട്ടിലുണ്ടായ വഴക്ക് മുതൽ, പള്ളിക്കൂടത്തിലെ ആരിഫാ ടീച്ചർ ഉടുത്തു വരുന്ന സാരിയെ കുറിച്ചും, ടീച്ചർ മുന്നിലൂടെ പഠിപ്പിച്ചു നീങ്ങുമ്പോൾ മുഖത്ത് വന്നടിക്കുന്ന സുഗന്ധത്തെ കുറിച്ചും ഒരുപാട് നേരം സംസാരിക്കും. ഒടുവിൽ കാലിന്റെ മുട്ട് കഴയ്ക്കുമ്പോൾ എണീറ്റ് കുറച്ചുനടക്കും. ആ പറമ്പിൽ ഒരുപാട് കാട്ടുചെടികളും, ഇടയ്ക്കിടെ തക്കാളിയും, മുളകും, വെണ്ടയും, മത്തങ്ങയും, വഴുതനയും തളിർത്തുനിൽക്കുന്നത് കാണാം. ഈ പച്ചക്കറികൾ എങ്ങനെ ഈ പറമ്പിൽവന്നു കിളിർത്തു എന്ന് അക്കാലത്ത് ഞങ്ങൾ ചർച്ചചെയ്തിട്ടുമുണ്ട്.
ഒരു പുൽച്ചെടിയിൽ നിന്നും മല്ലിയുടെ വലുപ്പത്തിലുള്ള കുറേ അരികൾ പറിച്ചെടുത്ത് അതിൽ തുപ്പൽപുരട്ടി കൈവെള്ളയിൽവെച്ചു വെയിൽകൊള്ളിച്ചാൽ പൊട്ടാസ് പൊട്ടുമ്പോലെ പൊട്ടിത്തെറിക്കുമായിരുന്നു. നിറയെ അപ്പുപ്പൻതാടികൾ ഈ പറമ്പിൽ പറന്നുയരുമായിരുന്നു. ഇതിനെ പിടിക്കാൻ മുകളിലോട്ടും നോക്കി ഓടുമ്പോൾ രാവിലെ ഉപേക്ഷിച്ചുപോയതിൽ കാൽചവിട്ടിയിട്ടുമുണ്ട്.
ഒരുനാൾ കൈതോലയിൽ വന്നിരുന്ന അപ്പുപ്പൻതാടിയെ പിടിക്കാൻ പോയപ്പോൾ സൗമ്യയുടെ കയ്യിൽ മുറിവുണ്ടായി. ആ കൈവിരലിലെ രക്തം ഞാൻ ഉറിഞ്ചിക്കുടിച്ചിട്ട്, നഞ്ചുംപത്തലിന്റെ കറയും, തൈത്തെങ്ങിന്റെ പൂപ്പലും കൂട്ടി ക്കുഴച്ചു ആ മുറിവിൽ പുരട്ടിയപ്പോൾ അവളുടെ കണ്ണിൽനിന്നും ധാര ധാരയായി കണ്ണീർമുത്തുകൾ പൊഴിഞ്ഞത് എന്റെ ഹൃദയത്തിലായിരുന്നു.
കർമ്മങ്ങളൊക്കെ കഴിഞ്ഞു വരുംവഴി കയ്യാലയിൽ പറ്റിപ്പിടിച്ചു വളരുന്ന മഷിത്തണ്ടും ഒടിച്ചുവരും.നല്ല മഴക്കാലത്ത് രാവിലെ പുൽനാമ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന ജലകണങ്ങളെ ഞങ്ങൾ പരസ്പരം കണ്ണുകൾക്കുള്ളിൽ കയറ്റി മുറുക്കി അടച്ചിട്ടുണ്ട്. ഒപ്പമിത് ആലിപ്പഴമാണെന്ന് പറഞ്ഞ് നുണഞ്ഞിട്ടുണ്ട്.
വർഷങ്ങളനവധി കഴിഞ്ഞുവെങ്കിലും ആ ഓർമ്മകൾ മനസ്സിലിപ്പോഴും ഒരായിരം വർണ്ണപ്പീലിവിടർത്തി ആടുകയാണ്.പ്രതീക്ഷിച്ചതിലും, സ്വപ്നംകണ്ടതിലും കൂടുതൽ ദൈവം കയ്യിൽ വച്ചുതന്നു.പണ്ട് വിശപ്പടക്കാൻ ഗതിയില്ലാതെ കുടുംബവീട്ടിന്റെ കൽഭിത്തിയിലെ ചെളി നഖംകൊണ്ട് കുത്തിയിളക്കി വായിലിട്ട് നുണഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് ഇതുവരെ അന്നം മുട്ടിയിട്ടില്ലാ. ഇപ്പോൾ എന്റെ ഈ ജന്മം ജനിമൃതിയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇനിയെന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടോ എന്ന് പരമകാരുണ്യവാൻ താഴേക്ക് ഇറങ്ങിവന്നു ചോദിച്ചാൽ ഞാൻ പറയും,“ ഒരാഗ്രഹം കൂടി എനിക്കിനി ബാക്കിയുണ്ട്.” അതെന്തെന്നാൽ ആ പഴയ കാലഘട്ടത്തിലേക്ക് ഒരിക്കൽ കൂടി എന്നെ കൊണ്ടുപോകണം.ചുറ്റിലും കമ്മ്യൂണിസ്റ്റ്പച്ച പടർന്നുപന്തലിച്ചു കിടക്കുന്ന കുറുന്തോട്ടിയും, പാലമരങ്ങളും, കാട്ടുചെടികളും, കൈതോലയും നിറഞ്ഞു നിൽക്കുന്ന ആ പറമ്പിൽ പോയി സൗമ്യയുമൊത്ത് മുഖത്തോടുമുഖം നോക്കിയിരുന്നു ഒരിക്കൽ കൂടി പ്രഭാതകർമ്മം നിറവേറ്റണം. അതും കുട്ടിക്കാലത്തെ കല്ലും, കലർപ്പുമില്ലാത്ത, സ്വരുക്കൂട്ടിവെച്ച കാക്കപ്പൊന്ന് തനിത്തങ്കമെന്നു കരുതിയ നിഷ്കളങ്ക ബാല്യത്തിലൂടെ കാമത്തിന്റെ ആദ്യാക്ഷരങ്ങൾ മനസ്സിൽ പിറവിയെടുക്കും മുന്നേ തന്നെ വേണം…