നിറങ്ങളിൽ ചേക്കേറുന്നത്

  വെള്ളരിപോലത്തെ സുന്ദരി. കണ്ണിൽ അല്പം നീല കൂടിയോ എന്നൊരു സംശയം. ഒറ്റനോട്ടത്തിൽ മദാമ്മ. എന്നാൽ മുഖത്തെവിടെയോ ഭാരതീയ ശ്രീത്വം വിളങ്ങിനിൽക്കുന്നു. ഉദ്ദേശിച്ച ക്രാഫ്റ്റ് വന്നെങ്കിലും എന്തോ ഒരു പോരായ്മയുള്ളതുപോലെ. ക്യാൻവാസിലെ എണ്ണഛായ ചിത്രത്തെനോക്കി ചിത്രകാരൻ ശങ്കിച്ചുനിന്നു.

  “വലതുകണ്ണിൽ ചെറിയൊരു കറുത്ത കുത്തുകൂടിയായാൽ പൂർണ്ണമായി. എന്റെ കണ്ണുകളിൽ നീലകൂടിയിട്ടില്ല. അവ നക്ഷത്രങ്ങൾപോലെ തിളങ്ങുമായിരുന്നു. രാത്രിയുടെ ഭാവഭേദങ്ങൾക്കനുസൃതമായി ഒളിമങ്ങിക്കൊണ്ടിരിക്കുമായിരുന്നു.”

പൊടുന്നനെ ആ എണ്ണഛായചിത്രം ചിത്രകാരനോട് സംസാരിക്കുവാൻ തുടങ്ങി.

ചിത്രകാരൻ ഒരമ്പരപ്പോടെ തുറിച്ചുനോക്കി. “പേടിക്കണ്ട ഞാനീ ചിത്രത്തിലെ പെണ്ണുതന്നെയാണു”

ചിത്രസുന്ദരിയുടെ ചലനം കണ്ട് ചിത്രകാരൻ ചുണ്ടുവിറപ്പിച്ചുകൊണ്ട് ചോദിച്ചു : “ആ… ആ.. ആരാ ?..”

  “ഞാൻ ജനിഫർ പാട്രിക് വില്യംസ്.”

  “മദാമ്മയാണല്ലേ.! മലയാളമെങ്ങനെ..?”

  “മദാമ്മയൊന്നുമല്ല.. ആക്കപ്പെട്ട മദാമ്മ. ആംഗ്ലോ ഇന്ത്യൻ..”

  “ജനിഫർ സോറി.. നീണ്ട പേരായതുകൊണ്ട് ജനിഫർ എന്നു വിളിച്ചോട്ടേ..?”

 “തീർച്ചയായും. അല്ലെങ്കിലും എന്റെ പേര് ജനിഫറെന്നുതന്നെയാണ്. പാട്രിക് വില്യംസ് എന്നത് എനിക്കെന്റെ മമ്മ ഔദാര്യമായിത്തന്ന പേരാണ്.”

  “അതെന്താ…?”

 “അതുപറയണമെങ്കിൽ കുറച്ചുകാലം പുറകിലേക്ക് പോകണം. എന്റെ മമ്മയുടെ സൗന്ദര്യം ആരേയും ഭ്രമിപ്പിക്കത്തക്കതായിരുന്നു. പക്ഷെ, ഓർഫനേജിൽ വളർന്നതുകോണ്ട് ഏതു ജാതിയെന്നോ, ഏതു കുലമെന്നോ തിരിച്ചറിഞ്ഞില്ല. അവിടെ മരിയ എന്ന പേരാണെങ്കിലും മെച്ചൂർഡായി പുറത്തിറങ്ങിയപ്പോൾ വൈറ്റ് മരിയ എന്ന പേരിലറിയപ്പെട്ടു. സായ്പുമാരുടെ സ്ഥിരം ബെഡ്. മമ്മയ്ക്ക് തെരുവുവേശ്യകളിൽ നിന്നും ഉയർന്ന സ്ഥാനമാണുള്ളത്. മമ്മയുടെ ബോയ്ഫ്രണ്ട്സ് മുഴുവൻ ഹൈറാങ്കുകളുള്ള വെള്ളക്കാരായിരുന്നു. അതിൽ പൈലറ്റ് മുതൽ പ്രഭുക്കന്മാർ വരെ നീളും. ആ സ്ത്രീക്ക് ഇംഗ്ലീഷ് സംസ്കാരത്തോട് ഒരുതരം ഭ്രാന്തമായ ആരാധനയായിരുന്നു.”

ചിത്രകാരൻ ആകാംക്ഷഭരിതനായി ചോദിച്ചു: “അപ്പോൾ ജനിഫറിന്റെ ഐഡന്റിറ്റി..?”

അദ്ദേഹം മുഴുമിപ്പിച്ചില്ല. എങ്ങനെ ചോദിക്കണമെന്ന ആശങ്കയിലായിരുന്നു.

 “പറയാം.. താങ്കൽ ഉദ്ദേശിച്ചെതെന്തെന്നു മനസ്സിലായി.. ഞാൻ ജനിക്കുമ്പോഴുള്ള പിരിയഡിൽ മമ്മയുടെ ഔദ്യോഗികമായിട്ടുള്ള ബോയ്ഫ്രണ്ടായിരുന്നു നേവി ക്യാപ്റ്റനായ ഈ പാട്രിക് വില്യംസ്. അയാളുടേത് ഒരു നീണ്ട പേരാണ്. അതെന്തെന്ന് എനിക്കറിയില്ല, മമ്മയ്ക്കും. എങ്കിലും അവസാനത്തെ വരികളാണ് എന്റെ ഐഡന്റിറ്റിക്കായി തെരഞ്ഞെടുത്തത്. ഞാനയളുടെ ബീജമാണെന്ന് മമ്മ വിധിയെഴുതിയെങ്കിലും  ജനങ്ങൾക്കിടയിലൊരു സീക്രട്ട് ടോക്കുണ്ട്. ഞാനും ബ്രിട്ടൻ പ്രഭുവിന്റെ മകളും ഒരുപോലുണ്ടെന്ന്..!”

അവൾ നെടുവീർപ്പിട്ടു.

ചിത്രകാരന് വിറയൽ മാറി ധൈര്യം കൈവരിച്ചുകോണ്ട് ചോദിച്ചു.

  “അപ്പോൾ പഠിച്ചതും വളർന്നതുമൊക്കെ..?”

  “വേശ്യത്തെരുവിലല്ലന്നേയുള്ളൂ. ഏതാണ്ടങ്ങനെയൊക്കെത്തന്നെയായിരുന്നു. ദിവസവും വീട്ടിൽ ഗസ്റ്റുകളുണ്ടാകുമായിരുന്നു. മദ്യലഹരിയിൽ ആർത്തുല്ലസിക്കുന്ന കഴുകന്മാർ.”

ജനിഫറിന്റെ തൊണ്ടയിടറി, വാക്കുകൾ മുറിഞ്ഞു. അവളെയെങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചിത്രകാരൻ കുഴങ്ങിനിന്നു.

അല്പം മൗനമായിരുന്നതിനുശേഷം ജനിഫർ തുടർന്നു.

 “സോറി, ഞാനിത്തിരി ഇമോഷണലായി. എന്റെ ഫ്രണ്ട്സൊക്കെ എന്നെ അവോയ്ഡ് ചെയ്തു. അവരിൽ നിന്നും ഞാനൊറ്റപ്പെട്ടു. ഞൊണ്ടിക്കളിക്കുമ്പോഴും കണ്ണാരംപൊത്തിക്കളിക്കുമ്പോഴും അവരെന്നെക്കണ്ടാൽ കളിനിർത്തിപ്പോകുമായിരുന്നുവെങ്കിലും ആ ഗ്രാമാന്തരീക്ഷം എനിക്കല്പം ആശ്വാസം നൽകിയിരുന്നു. പിന്നീട് മമ്മയുടെ ഏതോ ഹൈലി ബിസ്സിനസ്സ്മാൻ ഗിഫ്റ്റ് കൊടുത്ത ഈ ബംഗ്ലാവിലേക്ക് മാറിയതോടെ എനിക്കിതൊരു ജയിലായിമാറി. അവിടെങ്ങും മദ്യത്തിന്റെയും ചുരുട്ടിന്റേയും വൃത്തികെട്ട ദുർഗന്ധത്തിനുപുറമെ ഉള്ളുതുളച്ചുകയറുന്ന പെർഫ്യൂമിന്റെ മണവും ഓർക്കുമ്പോൾത്തന്നെ ഓക്കാനിക്കുവാൻ വരുന്നു. മമ്മയുടെ ജീവിതം ഒന്നുകൂടി ആഢംബരത്തിലേക്ക് വഴിമാറി. അവർ വിലകൂടിയ മദ്യത്തിൽ നിന്നും മയക്കുമരുന്നിലേക്ക് കടന്നു. എന്റെ വസ്ത്രധാരണം വളരെ ഷോർട്ടാക്കി ഫാഷണബിളാക്കുവാൻ മമ്മ ശ്രമിച്ചുകൊണ്ടേയിരുന്നു. ഞാൻ ചൂസ് ചെയ്ത ലോങ്ങ ഡ്രസ് വാങ്ങുമ്പോഴും അവരതിനെ വെട്ടിച്ചുരുക്കി ശരീരഭാഗം മാക്സിമം എക്സ്പോസ് ചെയ്യിപ്പിക്കുവാൻ മമ്മ എന്നെ പ്രേരിപ്പിക്കും. എനിക്കിഷ്ടമായിരുന്നില്ല ആ കൾച്ചർ.”

അവളുടെ നീരസം കണ്ട് ചിത്രകാരൻ അസ്വസ്ഥനായി.

  “ജനിഫറിനു താമസം മാറാമായിരുന്നില്ലേ..?

  “മാറാമായിരുന്നു, കുറച്ചുകൂടി മെച്ചൂർഡാണെങ്കിൽ.. എനിക്കിപ്പോൾ വെറും പതിനാലുവയസ്സ് മാത്രം. ഞാനെങ്ങനെ തനിച്ച് താമസിക്കും.”

ജനിഫറിന്റെ വാക്കുകളിൽ സ്ത്രീയുടെ നിസ്സഹായവസ്ഥ നിറാഞ്ഞുനിന്നു.

  “ജനിഫറിനു കലാപരമായ എന്തെങ്കിലും കഴിവുണ്ടോ..?”

അവളെ എങ്ങനെ സാന്ത്വനിപ്പിക്കണമെന്നറിയാതെ വന്നപ്പോൾ ചിത്രകാരൻ വിഷയത്തിൽ നിന്നും ഒളിച്ചോടി.

  “ഞാൻ വയലിൻ വായിക്കും. മമ്മയുടെ കാമുകന്മാരുടെ മുന്നിലൽവെച്ച് വായിച്ചുകേപ്പിക്കുവാനെന്നെ നിർബന്ധിപ്പിക്കും ഞാനത് അനുസരിക്കുകയില്ല. പിന്നെ ഒന്നും രണ്ടും പറഞ്ഞ് ഞങ്ങൾ തമ്മിൽ വഴക്കാകും. ബംഗ്ലാവിലെന്നും നൈറ്റ് പാർട്ടിയുണ്ടാകും. രാത്രി സൽക്കാരത്തിനുമാത്രം ഒരു പ്രത്യേകതയുണ്ട്. കൂടുതലും പ്രഭുക്കന്മാർക്കുള്ളതായിരിക്കും. ഒരുദിവസം നൈ പാർട്ടിക്കിടയിൽ ഡ്രിങ്ക്സിന് പുറമെ പെത്തഡിനും കയറ്റി. അവർ ലഹരിയുടെ ആഴങ്ങളിലേക്കിറങ്ങുമ്പോൾ അവിടേക്കൂടിയ മമ്മയുടെ കാമുമന്മാർക്ക് എന്നെ വേണമെന്നായി. ഞാനോർക്കുന്നു. അവർ ഏഴുപേരുണ്ടായിരുന്നു. ഐ ആം.. ഹെല്പ്ലെസ്..”

ജനിഫർ പൊട്ടിക്കരഞ്ഞു.

ചിത്രകാരന് തൊണ്ടവരണ്ട് വാക്കുകൾ പുറത്തേക്ക് വന്നില്ല.

ചിത്രകാരന്റെ ഉള്ളിലിരമ്പുന്ന വീർപ്പുമുട്ടുലുകൾ അല്പസമയത്തെ മൂകതയെ വാചലമാക്കുകതന്നെ ചെയ്തു.

  “എന്നിട്ടെന്തുണ്ടായി ജനിഫർ..?”

  “ആ ഏഴുപേരിലൊരാൾ എന്റെ ഫേസ്കട്ടുള്ള പ്രഭുകുമാരിയുടെ അച്ഛനായിരുന്നു. അയാളൂടെ ബ്രൂട്ടലി റേപ്പിനിരയായാണ് ഞാൻ… “

പിന്നീടൊരു തേങ്ങലോടെ ജനിഫറിന്റെ ശബ്ദം നിലച്ചു.

ചിത്രകാരൻ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണറന്നതു പോലെ പെയിന്റിംഗിനു മുമ്പിൽ നിന്നും തെന്നിമാറി. അയാൾ പരിഭ്രാന്തിയോടെ അവിടെങ്ങും പരതിനോക്കിക്കൊണ്ട് ഉറക്കേ വിളിച്ചു.

  “ജനിഫർ… ജനിഫർ..”

അവിടെങ്ങും ആരുംതന്നെ ഉണ്ടായിരുന്നില്ല. വിജനമായ ബംഗ്ലാവും ചിത്രകാരനും തനിച്ച്.

  “ഉള്ളിലെവിടെയോ എന്തൊക്കെയോ കിടന്ന് പുകയുന്നു. ഭ്രമണവും പരിക്രമണവും നേരിട്ടനുഭവിക്കുന്നതുപോലെ.. സ്വപ്നം കണ്ടതാണോ അതോ വെറും തോന്നലോ..? ആവോ എനിക്കൊന്നും അറിയുന്നില്ല. ..”

ചിത്രകാരൻ ബീഡിയെടുത്ത് കത്തിച്ച് തലപുകച്ചു.

  “ജനിഫർ സത്യമോ മിഥ്യയോ..? ഒന്നും മനസ്സിലാകുന്നില്ല. അവൾ മരീചികയെപ്പോലെ വന്ന് ദേശാടനക്കിളിയേപ്പോലെ സംസാരിച്ചു. അവളുടെ ശബ്ദം എന്തു മധുരമായിരുന്നു. അതെന്നിൽകിടന്ന് മാറ്റൊലികൊള്ളുന്നു. സ്വപ്നമെങ്കിൽ.. ഒരുവട്ടം കൂടി കാണുവാൻ കഴിഞ്ഞാൽ മതിയായിരുന്നു..!”

ചിത്രകാരൻ ഒരു നെടുവീർപ്പോടെ ബ്രഷെടുത്ത് വലതുകവിളിൽ ഒരു മനോഹരമായ ചെറിയ കുത്തുവെച്ചതിനുശേഷം വസ്ത്രം നീട്ടിവരച്ച് ചിത്രം പൂർത്തിയാക്കി.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *