അമ്മ എന്നെ അടക്കിപ്പിടിച്ചുകൊണ്ട് ഒരോട്ടമായിരുന്നു അമ്മ വീട്ടിലേക്ക് അമ്മെയെന്തിനാണ് ഇങ്ങനെ പേടിക്കുന്നത് ?!!
ഞാന് ചോദിച്ചു
” അമ്മേ…
കടിച്ചത് മൂർഖനാണോ അതോ അണലിയാണോ ? ”
എനിക്ക് പേരറിയാവുന്ന രണ്ടേ രണ്ടു പാമ്പുകൾ ഇവയൊക്കെയാണ് !!
അമ്മ എന്റെ വായ പൊത്തിപ്പിടിച്ചു
“മരിച്ചവരെപറ്റി തെറ്റു പറയരുത് ”
വിങ്ങിപ്പൊട്ടിക്കൊണ്ട് അത്ത്രമാത്രം പറഞ്ഞൊപ്പിച്ചു……
അതിനിവിടെ ആരാണ് മരിച്ചത് ??
ചാത്തുനായര് മരിച്ചോ ?
ചാത്തുനായര് മരിച്ചതിന് അമ്മയെന്തിനാണ് ഇങ്ങനെ സങ്കടപ്പെടുന്നത്
ചാത്തുനായര് ഞങ്ങളുടെ ആരും അല്ലല്ലോ……
ഇനിയിപ്പോ
വടക്കേലെ വല്യമ്മയെങ്ങാനും ??
ആയമ്മക്ക് വയസ്സായതുകൊണ്ട് ഒരുപാട് ദിവസമായി കിടപ്പിലാണെന്ന് അമ്മ പറഞ്ഞിരുന്നു……
അമ്പാടി മരിച്ചു എന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല…
പാമ്പ് കടിച്ചിട്ട് മരിക്കാതിരുന്ന എത്രപേരെ എനിക്കറിയാം…
സുധയുടെ ചെറിയച്ചൻ ആ കൊമ്പന്മീശക്കാരനെ കുളക്കടവിൽ വെച്ചാണ് വിഷപ്പാമ്പ് കടിച്ചത്. അയാൾ മരിച്ചില്ലല്ലോ……
അപ്പോ അമ്പാടിയും മരിക്കില്ല്
ഞാനത് ഉറപ്പിച്ചതാണ്
ആരാണ് മരിച്ചതെന്ന് ഞാൻ അമ്മയോട് ഒരുപാട് ചോദിച്ചു
അമ്മയപ്പോഴും വിതുമ്പുകയായിരുന്നു …
“കരഞ്ഞ് കരഞ്ഞ് നീയാ കുട്ടീനേം കൂടി സങ്കടത്തിലാക്കല്ലേ ദേവ്യേ …”
എന്ന് അമ്മമ്മ.
ഞാൻ കരയില്ല
എവിടെയോ ആരോ മരിച്ചതിനു ഞാനെന്തിനു കരയണം ?
കാര്യങ്ങള് പക്ഷേ
നേരേതിരിച്ചായിരുന്നു ……
അമ്പാടി നീലച്ചു മരിച്ചു കിടക്കുന്നത് കണ്ട് ഞാനൊരുപാട് കരഞ്ഞു
സ്കൂളിൽ വെച്ചും
വീട്ടിൽ ചോറുണ്ണാൻ ഇരുന്നപ്പോഴും ഞാൻ കരഞ്ഞു
“ആങ്കുട്ട്യോളു കരയ്യോ??”
സുധചോദിച്ചു ……
ഞാനെങ്ങനെ കരയാതിരിക്കും
സുധേ ……
അവനെത്തിരഞ്ഞ് കൈതമണമുള്ളൊരു കാറ്റ് ചാത്തുനായരുടെ പറമ്പ് കടന്ന് എന്നും വരാറുണ്ട് …
നെല്ലിമരച്ചോടും
ജാതിത്തൈകളും അവന്റെ കാൽപ്പെരുമാറ്റം കൊതിച്ച് വീടിന്റെ മുറ്റത്ത് അരിനെല്ലിക്കയും ജാതിയും കൊണ്ടിടാറുണ്ട്
തുമ്പയും മുക്കുറ്റിയും അവന്റെ കൈകൾകൊണ്ടിറുക്കാൻ വേണ്ടി മാത്രം പൂക്കാറുണ്ട്.
മുഴുവാനാക്കാത്തൊരു കഥയിലെ ഒരുറപ്പിന്റെ മുഖമാണ് സുധേ അവനെനിക്കിന്നും …
അപ്പുമാമയുടെ കഥകൾ കേൾക്കാൻ ഞങ്ങൾ കുട്ടികൾ അകത്തളത്തിൽ ചെവികൂർപ്പിച്ചിരുന്ന രാത്രികളുണ്ടായിരുന്നു.
അതിലൊന്നിലാണ്
അപ്പുമാമ നാഗമാണിക്യം കൊണ്ടുപോകുന്ന പാമ്പിന്റെ കഥ പറഞ്ഞ് തന്നത് ……
“പാമ്പിനെവിടുന്നാ നാഗമാണിക്യം കിട്ട്വാ ? !!”ഞാൻ
അതു പാമ്പിൻ പുറ്റിനുള്ളിൽ ഉരുത്തിരിഞ്ഞു വന്നതാണെ് അപ്പുമാമ …
“ഉരുത്തിരിഞ്ഞു വരുക എന്നു പറഞ്ഞാൽ എന്താണ് ”
എനിക്കതിന്റെ
അർത്ഥം അറിയണം ……
“ഓ
നീ നിന്റെ അമ്മയുടെ വയറ്റിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്.
അതുപോലെ പാമ്പിൻ പുറ്റിനുള്ളിൽ നാഗമാണിക്യങ്ങളും സ്വയം ഉണ്ടായി’ ……
അപ്പുമാമ നിസാരമട്ടിൽ പറഞ്ഞു ……
എന്റെ വല്യ ഒരു സംശയം നിസ്സാരവൽക്കരിച്ചതിന്
എനിക്ക് അപ്പുമാമയോട് ദേഷ്യം തോന്നി ……
ഞാൻ പിന്നെയും സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്നു ……
സംശയങ്ങൾ കൂടിക്കൂടി വന്നപ്പോൾ അപ്പുമാമ കഥ നിർത്തി …
അന്ന് ഞാൻ ഉറപ്പിച്ചതാണ്
വലുതാകുമ്പോ കാവിലെ പാമ്പിൻപുറ്റ് മൊത്തം തല്ലിപ്പൊട്ടിച്ച് അതിനുള്ളിലെ നാഗമാണിക്യം മൊത്തമെടുത്ത് കുളത്തിലെറിയണം.
നാഗമാണിക്യവും കൊണ്ടാണല്ലോ രാത്രി ഇവറ്റകളുടെയൊക്കെ സർക്കീട്ട്.
മാണിക്യമില്ലെങ്കിൽ ഇവയെങ്ങനെ പുറത്തിറങ്ങും ?
ഇവക്കെങ്ങനെ കണ്ണുകാണും?
ഇല്ലങ്കോട്ടെ
ഒരാളും ഇനി പാമ്പുകടിയേറ്റ് മരിക്കില്ല.
ഞാനതു അമ്പാടിയോടു പറഞ്ഞു. അവനും കൂടാമെന്നേറ്റു ……
പെടെ്ടന്നു
വലുതാകാൻ ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിച്ചു …
ആ അമ്പാടിയാണിങ്ങനെ ……
ആരുമറിയാതെ ഞങ്ങൾ ഒളിപ്പിച്ചുവെച്ച കൈതച്ചക്ക പഴുത്തോ എന്നു നോക്കാൻ
കൈതക്കാട്ടിലേക്ക് അമ്മയുടെ കൈകൾ വിടീച്ച് തെന്നിത്തെറിച്ച് ഓടിയതായിരുന്നു അവൻ.
പ്രിയപ്പെട്ട ചങ്ങാതീ , ……കൈതമണക്കുന്നുണ്ട് നിന്റെ ഓർമ്മകളിൽ ……
കൈതമുള്ളിന്റെ കുത്തലുണ്ട് ……
അമ്പാടി മരിച്ചശേഷം ചാത്തുനായരുടെ പറമ്പും,കാവും,ഞങ്ങളുടേ തൊടിയും എല്ലാം വേലിയിട്ടു തിരിച്ചു.
ഇല്ലങ്കോട്ടുതറവാട്ടിലെ
ആരോ കാവു തീണ്ടിയിരിക്കുന്നു!”
ഇത് തലമുറകൾ കൈമാറിവന്ന ശാപമാണ്.
മരണം ഇരുട്ടിലെവിടെയോ ഒരിഴജാതിയുടെ രൂപത്തിൽ ഇല്ലങ്കോട്ടുകാരെ കാത്തിരിക്കുന്നുണ്ട്.