ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷന്‍ന്റെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എന്റെ ട്രെയിന്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു…..
നിറഞ്ഞു കവിയുന്ന ജനസാഗരത്തിലെ ഒരു ബിന്ദുവായി, പ്രത്യാശയോടെ സമീപിക്കുന്ന ടാക്സിക്കാരേയും പോര്‍ട്ടര്‍മാരെയും മറികടന്ന് ഞാന്‍ പുറത്തേക്കു നടന്നു…
സ്റ്റേഷനു തൊട്ടടുത്തായി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കല്‍പനാസ്ക്വയര്‍. അവിടെ ഹോട്ടല്‍ കലിംഗ അശോകില്‍ എനിക്കായി റിസര്‍വു ചെയ്ത മുറിയുണ്ട്.
വിസ്തരിച്ചുള്ള കുളിയും തരക്കേടില്ലാത്ത ഉച്ചഭക്ഷണവും അകമ്പടിയായി ചെറിയൊരു മയക്കവും കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ സമയം രണ്ടു മണിയോടടുത്തിരുന്നു.. ഇനി ഏതു നിമിഷവും വന്നെത്താവുന്ന ഒരു ഫോണ്‍ വിളിയും പ്രതീക്ഷിച്ച് ഞാന്‍ മുറിയിലെ ജാലകക്കാഴ്ചകളിലേക്കു മിഴി നട്ടു.
മറ്റുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളെപ്പോലെയല്ല ഭുവനേശ്വര്‍.. പ്രശാന്ത സുന്ദരമായ ഒരു വലിയ ഗ്രാമം പോലെയാണത്. എങ്ങും പ്രസന്നമായ മുഖങ്ങള്‍. ആളുകളുടെ പെരുമാറ്റം ഏറെ ഹൃദ്യം, അപരിചിതരുടെ വാക്കുകളില്‍പ്പോലും നിറയുന്ന സൗമ്യത…
നന്ദിനിയും ഇതുപോലെയായിരുന്നു..
അവളയച്ച മെസേജിലെ വാചകങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മയിലെത്തി..
“നീ എന്നെ മറന്നിട്ടുണ്ടാകില്ലെന്നറിയാം
ഒരുപാടു പരിശ്രമിച്ചാണ് നിന്‍റെ ഐഡി കണ്ടെത്തിയത്….
എന്‍റെ മകളുടെ വിവാഹമാണ്..
നീ വരാതിരിക്കരുത്…………”
ഓര്‍ക്കുന്തോറും എല്ലാം വിചിത്രമായിത്തോന്നി.. നാട്ടില്‍ നിന്നും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെ…
അറിയാത്ത നാട്ടില്‍, അറിയാത്ത ജനങ്ങള്‍ക്കിടയില്‍..
എന്നെക്കാത്തിരിക്കുന്ന ചിലര്‍…..
എതൊരു ജന്മാന്തര ബന്ധമാണ് എന്നെ ഇവിടെയിങ്ങനെ എത്തിച്ചിരിക്കുന്നത്..!
ഫോണ്‍ ശബ്ദിക്കുന്നു… അതു കമലേഷ് ആണ്..
“ഭായിസാബ് ആപ് കഹാം ഹെ”
“മേം ഇധര്‍ ഹോട്ടല്‍ കലിംഗാ മെം ഹും”
“അച്ചാ സാബ് ഹം അഭി ആയെഗാ വഹാം”
കോളജിലെ നീണ്ട ഇടനാഴിയ്ക്കപ്പുറത്തു നിന്നു നടന്നെത്തിയ അവള്‍ നേരെ വന്നു കയറിയത് മനസ്സിനകത്തേയ്ക്കായിരുന്നു..
നന്ദിനിയുടെ ബന്ധുവാണ് കമലേഷ്.. റെയില്‍വേ സ്റ്റേഷനില്‍ എത്താമെന്ന് കമലേഷ് അറിയിച്ചിരുന്നതാണ്. പക്ഷേ രണ്ടു രാത്രികളുടെ യാത്രയും കഴിഞ്ഞ് ലഗ്ഗേജുമായി നേരെ നന്ദിനിയുടെ വിട്ടില്‍ കയറിച്ചെല്ലാന്‍ ഞാനിഷ്ടപ്പെട്ടില്ല. അതു കൊണ്ട് രണ്ടു മണിക്കു ശേഷം വന്നാല്‍ മതിയെന്ന് അവനെ അറിയിക്കുകയായിരുന്നു..
“ഭുവനേശ്വര്‍ സിറ്റിയില്‍ നിന്നും പന്ത്രണ്ടു കിലോമീറ്റര്‍ അകലെയാണ് പിപിലി എന്ന കൊച്ചു പട്ടണം.. ഉത്തര വഴി കൊണാര്‍ക്ക് റോഡില്‍ അര മണിക്കൂര്‍ ദൂരം. ടൌണിനു നടുവിലെ ജങ്ഷനില്‍ നിന്നു പടിഞ്ഞാറ് ജത്നി റോഡിലേക്കു തിരിഞ്ഞ് രണ്ടു കിലോമീറ്റര്‍ ഓടിയാല്‍ ഭരത്പൂര്‍……”
നന്ദിനി മെയിലില്‍ എല്ലാം വിശദമായി എഴുതിയിരുന്നു…
പിപിലിയിലെക്കുള്ള യാത്രയ്ക്കിടെ കമലേഷ് വാചാലനായി. അവന്റെ നാടാണത്.. ഒഡീഷയിലെ അമ്പരപ്പിക്കുന്ന കരകൗശല വസ്തുക്കളുടെ കേന്ദ്രം.. കണ്ണഞ്ചിക്കുന്ന വര്‍ണ്ണക്കൂട്ടുകള്‍, ഭാരതത്തിന്റെ പൈതൃകപ്പട്ടികയില്‍ ഇടം നേടിയ വസ്ത്ര വൈവിധ്യങ്ങള്‍.. വിദേശരാജ്യങ്ങളില്‍പ്പോലും ഏറെ പ്രശസ്തിയുള്ള ഡിസൈനുകള്‍..
നന്ദിനീ ദേവിയുമായുള്ള പരിചയത്തെപ്പറ്റി കമലേഷ് ചോദിച്ചപ്പോള്‍ ഒരു നിമിഷം മനസ്സ് നിശ്ചലമായി…
ഒരുപാടു വര്‍ഷത്തെ പഴക്കമുണ്ട് ആ ഓര്‍മ്മകള്‍ക്ക്…
ആദ്യമായി അവളെ കണ്ട രംഗം ഇന്നും ഓര്‍മ്മയിലുണ്ട്….
ഏറെയും സ്വര്‍ണ്ണനിറമുള്ള മുടിയാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. സാധാരണ വേഷത്തില്‍, സാമാന്യത്തിലധികം ഭംഗിയുള്ള രൂപം…
കോളജിലെ നീണ്ട ഇടനാഴിയ്ക്കപ്പുറത്തു നിന്നു നടന്നെത്തിയ അവള്‍ നേരെ വന്നു കയറിയത് മനസ്സിനകത്തേയ്ക്കായിരുന്നു..
ലോകോളേജിലെ സഹപാഠികള്‍ക്കു പ്രിയങ്കരിയായിരുന്ന, സീനിയര്‍ താരങ്ങളുടെ വരെ ശ്രദ്ധാകേന്ദ്രമായിരുന്ന രാജനന്ദിനീ ദേവി എന്ന ഒഡീഷക്കാരി പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ക്ക് വര്‍ഷങ്ങള്‍ക്കിപ്പുറത്ത്, മനസ്സില്‍ ഇന്നും മങ്ങലേറ്റിട്ടില്ല.
അവള്‍ എറ്റവും അടുപ്പം കാണിച്ചിരുന്നതിന്റെ പേരില്‍ കോളജ് ഒന്നാകെ എന്നെ അസൂയയോടെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു….
പിപിലിയിലെ പെട്രോള്‍പമ്പില്‍ കമലേഷ് കാര്‍ നിറുത്തിയപ്പോള്‍ ഞാന്‍ വെറുതേ പുറത്തിറങ്ങി ചുറ്റും കണ്ണോടിച്ചു.. കണ്ണഞ്ചിക്കുന്ന നിറങ്ങളുടെ വൈവിദ്ധ്യവുമായി വില്‍പനശാലകള്‍.. അസാമാന്യമായ കരകൗശലവൈദഗ്ധ്യം കരുപ്പിടിപ്പിച്ച കൗതുകവസ്തുക്കള്‍.. എങ്ങും നിറയുന്ന വര്‍ണ്ണപ്പൊലിമ..
മകളെ ഓര്‍ത്തു.. നിറക്കൂട്ടുകളേയും കൗതുക വസ്തുക്കളേയും ഏറെ ഇഷ്ടപ്പെടുന്ന കുട്ടിക്ക് ഈ കാഴ്ചകള്‍ ഒരു വിസ്മയമാകുമായിരുന്നു… മടക്ക യാത്രയില്‍ ഒരു ഷോപ്പിങ്ങ് നടത്തണമെന്ന് മനസ്സിലുറപ്പിച്ചു..
വീണ്ടും യാത്ര… ഭരത്പൂര്‍ അടുക്കുകയാണ്… ഹൃദയമിടിപ്പുകള്‍ക്കു വേഗം കൂടുന്നത് ഞാനറിയുന്നുണ്ടായിരുന്നു.. നന്ദിനിയുമായുള്ള അവസാനത്തെ കൂടിക്കാഴ്ചയ്ക്കും ഇന്നത്തെ ദിവസത്തിനുമിടയ്ക്ക് രണ്ടു ദശാബ്ദത്തിലധികം ദൈര്‍ഘ്യമുണ്ടെന്ന കാര്യം അവിശ്വസനീയമായിത്തോന്നി..
കാലം എത്ര വേഗത്തിലാണ് ആയുസ്സിന്റെ പട്ടികയില്‍ നിന്ന് ദിനങ്ങളെ മായ്ച്ചു കളയുന്നത്..
വിശാലമായ മുറ്റത്തിനപ്പുറത്ത്, വെണ്ണക്കല്‍പ്പാളികള്‍ കൊണ്ട് ആവരണമിട്ട പടികള്‍ കയറുമ്പോള്‍ ആരൊക്കെയോ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നതു കണ്ടു.
നന്ദിനിയുടെ അമ്മയെ മുമ്പു കോഴിക്കോട്ടു വച്ചു പരിചയപ്പെട്ടിട്ടുണ്ട്.. അന്നവര്‍ പ്രൗഡയായ സ്ത്രീയായിരുന്നു.. ഇന്ന് പ്രായം അവരെ ക്ഷീണിപ്പിച്ചിരിക്കുന്നു. എങ്കിലും വളരെ ഉത്സാഹത്തോടെ ഓടിവന്നു കൈപിടിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടു പോയി..
ദേശവും ഭാഷയും തീര്‍ക്കുന്ന മഞ്ഞു മതിലുകള്‍ സൗഹൃദത്തിന്റെ ഊഷ്മളതയില്‍ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതാകുന്നു..
ഹാളില്‍ അവളേയും കാത്തിരിക്കുമ്പോള്‍ ഞാന്‍ ശാന്തനായിരുന്നു. ആഫീസിലായിരിക്കുമ്പോഴുള്ള ഘനഗംഭീരത എന്റെ മുഖത്തുണ്ടെന്ന് ഞാനുറപ്പു വരുത്തി…
സൗമ്യമായ മന്ദഹാസവുമായി, കാലത്തിന്റെ വിദൂരമായ എതോ കോണില്‍ നിന്നെന്നപോലെ അവള്‍ കടന്നു വന്നു.. മുടിയിലെ സ്വര്‍ണവര്‍ണ്ണം അല്‍പം മങ്ങിപ്പോയതൊഴിച്ചാല്‍ കാലം അവളില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല….
ഇടനാഴിക്കപ്പുറത്ത് വീട്ടിനൊരു വശത്തായുള്ള ഗാര്‍ഡനിലേക്കിറങ്ങുന്ന കല്‍പ്പടവുകളില്‍ അടുത്തടുത്തിരിക്കുമ്പോള്‍ ഞങ്ങള്‍ വികാരാധീനനായിരുന്നു…
ഭൂതകാലത്തിന്റെ കാണാക്കയങ്ങളില്‍ ആണ്ടു പോയ ഓര്‍മ്മകള്‍ ഉയിര്‍ത്തെഴുന്നേറ്റ് ചിത്രശലഭങ്ങളായി ചുറ്റും പാറിക്കളിക്കുന്നു… അന്നും ഇതേ പോലെ, കല്‍പ്പടവുകളില്‍, ഇതിനേക്കാള്‍ അടുത്തിരുന്നിട്ടുണ്ട്. ഭാഷയും ദൂരവും തീര്‍ത്ത അതിര്‍വരമ്പുകള്‍ അന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു..
ഈയൊരു നിമിഷം വരെ അതൊക്കെ മാഞ്ഞു പോയ ഓര്‍മ്മകള്‍ മാത്രമായിരുന്നു.. പക്ഷേ ഇപ്പോള്‍, ഇവിടെയിരിക്കുമ്പോള്‍ ഞങ്ങള്‍ പിരിഞ്ഞിട്ടേയുണ്ടായിരുന്നില്ല എന്നു തോന്നിപ്പോയി… ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ദിനങ്ങള്‍ ഏതോ വിസ്മൃതിയില്‍ വിലയം പ്രാപിക്കുന്നു..
“വരുമെന്ന് എന്തോ എനിക്കു നല്ല പ്രതീക്ഷയുണ്ടായിരുന്നു…” നേര്‍ത്ത സ്വരത്തിലാണ് അവളതു പറഞ്ഞത്..
“മുന്‍പേ വരേണ്ടതായിരുന്നു. അന്ന് ആ അപകട വിവരം അറിഞ്ഞില്ല. നീ അറിയിച്ചതുമില്ല.”
“അന്ന് ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ഞാന്‍.. എന്തു കൊണ്ടോ ആരെയും കാണുവാന്‍ അന്നു ഞാനിഷ്ടപ്പെട്ടിരുന്നില്ല..”
അവിചാരിതമായി വന്ന ദുരന്തം.. നൂറോളം ജീവനുകളെ കാണാക്കയങ്ങളിലേക്കാവാഹിച്ച ചില്‍ക്കാ തടാകത്തിലെ ബോട്ടപകടത്തില്‍ അവള്‍ക്കു നഷ്ടമായത് അവളുടെ മംഗല്യ സൂത്രമായിരുന്നു..
“നിന്റെ മെസെജ് എന്നെ ശരിക്കും ഞെട്ടിച്ചു..” ഞാന്‍ പറഞ്ഞു “ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും നീ എന്നെൂ ഓര്‍ത്തിരിക്കുന്നുവെന്നത് എന്നെ ഒരുപാട് അതിശയിപ്പിച്ചു..”
പൊടുന്നനെ അവളുടെ കൈകള്‍ എന്‍റെ കൈത്തലത്തില്‍ പിടിമുറുക്കി.. അമ്പരപ്പിനൊപ്പം കണ്ണുകളില്‍ ഉറവുകളുണരുന്നത് ഞാനറിഞ്ഞു..
“നീയെന്നെ ഒരിക്കലും ഓര്‍ത്തിരുന്നില്ലേ ഇത്രയും കാലം…?” അവള്‍ ചോദിച്ചു.. തമ്മില്‍ ഒരിക്കലും കാണില്ലെന്ന് നീ കരുതിയിരുന്നോ?
അവളുടെ നോട്ടം നേരിടാനാകാതെ ഞാന്‍ തല താഴ്ത്തി.. എന്താണു പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു…
ആദ്യം ജ്യോതിയും പിന്നെ മകളും ജീവിതത്തിലേക്കു കടന്നു വന്നതില്‍പ്പിന്നെ വര്‍ഷങ്ങള്‍ക്ക് ആദിമദ്ധ്യാന്തമൊക്കെ ഇല്ലാതായിരുന്നു.. ജീവിതത്തിന് ഒരേ താളം ഒരേ ഭാവം.. ഭൂതകാലം വെറുമൊരു സ്വപ്നം പോലെയായിരുന്നു പലപ്പോഴും.
പതിനാറു വര്‍ഷങ്ങള്‍ കടന്നു പോയത് ഒട്ടും അറിഞ്ഞിരുന്നില്ല.. എന്നു തൊട്ടാണ് ഓര്‍മ്മകളില്‍ നന്ദിനി ഒരു പ്രധാനകഥാപാത്രമല്ലാതായത്..? മനസ്സ് എത്ര സുന്ദരമായാണ് ഹൃദയത്തെ വഞ്ചിക്കുന്നത്.. സന്ദര്‍ഭോചിതമല്ലാത്ത ഏതൊരു കാര്യവും അത് സമര്‍ത്ഥമായി! മറയ്ക്കുന്നു..
ഞാന്‍ നിശബ്ദനായിരുന്നു…
“എനിക്കു മനസ്സിലാകും.” അവള്‍ പറഞ്ഞു.. “എനിക്കറിയാമല്ലോ നിന്നെ..”
“മെസെജ് അയക്കുന്നതിനു മുന്‍പ് ഞാന്‍ ഒരുപാട് ആലോചിച്ചു……… സ്വരൂപയുടെ വിവാഹത്തിന് നീയുണ്ടായിരിക്കണമെന്ന് അതെപ്പറ്റി ചിന്തിച്ചു തുടങ്ങിയ കാലം തൊട്ടേ ഞാനാഗ്രഹിച്ചിരുന്നു.. ചന്ദ്രനാഥ് ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനങ്ങിനെ ചിന്തിക്കുക പോലുമില്ലായിരുന്നു. അവള്‍ക്ക് മറ്റെല്ലാവരുമുണ്ട്. ബന്ധുക്കളായി എത്രയോ ആളുകള്‍. പക്ഷേ അച്ഛനില്ലാത്ത എന്‍റെ കുട്ടി..! അവള്‍ ഒരനാഥയെപ്പോലെ ഇറങ്ങിപ്പോകേണ്ടി വരുന്നതായി എനിക്കു തോന്നിപ്പോയി… അതെനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല.. എന്തുകൊണ്ടാണ് അങ്ങിനെ ഒരു ചിന്ത മനസ്സില്‍ കടന്നു കൂടിയതെന്ന് എനിക്കറിയില്ല.. പക്ഷെ നീ അടുത്തുണ്ടാകണമെന്ന് എന്തുകൊണ്ടോ ഞാനാഗ്രഹിച്ചു..”
എന്റെ വിരലുകളിന്മേലുള്ള അവളുടെ പിടി വിട്ടിരുന്നില്ല… അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ ഇറ്റു വീണ് എന്റെ കൈത്തണ്ട നനഞ്ഞു….
ഈയൊരു സന്ദര്‍ഭം എനിക്ക് അപരിചിതമായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന് അവിചാരിതമായി കിട്ടിയ ട്രാന്‍സ്ഫറിനൊപ്പം ഇന്ദ്രപ്രസ്ഥത്തിലേക്കു പറിച്ചു നടപ്പെട്ട അവളുടെ കോളജ് ദിനങ്ങളുടെ, ഞങ്ങളൊന്നിച്ചുള്ള അവസാന നിമിഷങ്ങളില്‍, സ്റ്റേഡിയത്തിലെ സിമന്റു പടികളിലിരുന്ന് അവള്‍ കരഞ്ഞതും ഇതു പോലെയായിരുന്നു. അന്നും ഇതു പോലെ കൈത്തണ്ട കണ്ണീരു കൊണ്ടു നനയുമ്പോള്‍ ഞാന്‍ നിസ്സഹായതയോടെ ഇരുന്നു.. ഓടിയെത്താവുന്നതിലും അപ്പുറത്തായിരുന്നു അന്ന് ഞങ്ങള്‍ക്കിടയിലുള്ള ദൂരം.. പതിവായി വന്നുകൊണ്ടിരുന്ന കത്തുകള്‍ പിന്നെയെപ്പൊഴോ എങ്ങിനെയോ നിലച്ചു പോയത് എന്റെയോ അവളുടെയോ ജീവിതത്തിലെ ഏതെങ്കിലും വഴിത്തിരിവില്‍ വച്ചായിരിക്കണം..
ഞാന്‍ തലയുയര്‍ത്തി നോക്കി.. ആരെയും ആ പരിസരത്തെങ്ങും കാണാനുണ്ടായിരുന്നില്ല.. എല്ലാവരും മുന്‍വശത്തും റോഡിനപ്പുറത്തായി ഒരുക്കിയ കൂറ്റന്‍ പന്തലിലുമായി തിരക്കിലാണ്..
ചടങ്ങുകള്‍ തുടങ്ങുന്നത് വൈകുന്നേരമാണ്. രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍.. ഇതാദ്യമായാണ് ഇങ്ങിനെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നത്.
നന്ദിനിയുടെ അമ്മാവന്‍ കാന്തിലാല്‍ ചടങ്ങുകളെപ്പറ്റി ഏകദേശ രൂപം നല്‍കി… സഹോദരിയുടെ മക്കള്‍ സുനീതിയും രമാകാന്തും കൂടി എന്നെ തലപ്പാവും മേലങ്കിയുമൊക്കെ അണിയിച്ചു. എല്ലാവരും ചിരപരിചിതരെപ്പോലെ ഇടപെട്ടത് എന്നെ അതിശയിപ്പിച്ചു.. കേരളത്തെപ്പറ്റി രാജനന്ദിനീദേവിയുടെ കുടുബത്തിന് എന്നും നല്ല ഓര്‍മ്മകളാണുണ്ടായിരുന്നത്. ആ ഒരു സ്നേഹം മുഴുവനായും എനിക്കവര്‍ പകര്‍ന്നു നല്‍കുകയാണ്…
മാംഗല്യവേദിയിലേക്കു കയറും മുമ്പ് സ്വരൂപ എന്റെ മുന്നിലെത്തി.. അവളെ ശരിക്കും കണ്ടത് അപ്പോഴാണ്.. വെട്ടിത്തിളങ്ങുന്ന ആഭരണങ്ങള്‍ക്കും ഉടയാടകള്‍ക്കുമിടയില്‍ പാതി മറഞ്ഞ മുഖത്തിന് ശ്രുതിയുമായി നല്ല സാമ്യം..
കാല്‍ തൊട്ടു വന്ദിച്ച അവളെ ചേര്‍ത്തണച്ച് നിറുകയില്‍ കൈവച്ച് ദീര്‍ഘസുമംഗലിയായിരിക്കാന്‍ അനുഗ്രഹിച്ചത് ഞാന്‍ തന്നെയായിരുന്നോ എന്ന് ഞാന്‍ അതിശയിച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് നിറകണ്ണുകളോടെ നന്ദിനി അതു നോക്കിനില്‍ക്കുന്നുണ്ടായിരിക്കും. അവിടുത്തെ ആചാരമനുസരിച്ച് വിവാഹച്ചടങ്ങുകളില്‍ വധൂവരന്മാരുടെ അമ്മമാര്‍ വേദിയില്‍ വരാറില്ല..
നന്ദിനി എന്റെ സാന്നിദ്ധ്യം ആഗ്രഹിച്ചത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു..
കാലത്തിന്റെ ചില നിയോഗങ്ങള്‍ വിചിത്രങ്ങളാണ്. ദിശാസൂചികകളില്ലാതെ ജീവിതവീഥിയിലെ അറിയാത്ത വഴിത്തിരിവുകളില്‍ അവ നമ്മെയും കാത്തു നില്‍ക്കും.. സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറത്തുള്ള ഏതൊക്കെയോ കര്‍മ്മപഥങ്ങളിലേക്ക് അവ നമ്മെ കൊണ്ടു പോകും…
ചടങ്ങുകള്‍ അവസാനിച്ച് വരനും വധുവും യാത്ര പറഞ്ഞപ്പോള്‍ നേരം ഏറെ വൈകിയിരുന്നു.. വധുവിന്റെ വിടപറച്ചില്‍ എല്ലാവരേയും വികാരാധീനരാക്കി. ദേശവും ചടങ്ങും മാറിയാലും ഈയൊരു സന്ദര്‍ഭത്തിനു മാത്രം ലോകത്തൊരിടത്തും മാറ്റമില്ലെന്ന് എനിക്ക് മുന്‍പും തോന്നിയിട്ടുണ്ട്..
ചടുലവും മനോഹരവുമായ ചുവടു വയ്പ്പുകളുമായി നൃത്തസംഘം അപ്പോഴും പന്തലില്‍ സജീവമായിരുന്നു.. ഒരു വേള എനിക്കും അതില്‍ പങ്കെടുക്കേണ്ടി വന്നു.. തലേന്നു തന്നെ എനിക്കു വേണ്ടി വീട്ടില്‍ ഒരുക്കിയിട്ടിരുന്ന മുറിയില്‍ എത്തിയപ്പോള്‍ നേരം പുലരാന്‍ ഏറെയൊന്നുമില്ലായിരുന്നു.. കുളിയും കഴിഞ്ഞ് കിടന്നതു മാത്രം ഓര്‍മ്മയുണ്ട്..
ഉണരുമ്പോള്‍ ഏറെ വൈകി.. ധൃതഗതിയില്‍ മടക്ക യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തി… സാന്ദ്രാഗച്ചിയില്‍ നിന്നുള്ള ട്രെയിന്‍ രണ്ടു മണിക്ക് ഭുവനേശ്വറില്‍ എത്തും.. ഹോട്ടല്‍മുറി വെക്കേറ്റു ചെയ്ത് ബാഗേജ് എടുക്കണം. പോകുന്ന വഴിക്ക് അല്‍പം ഷോപ്പിങ്ങും..
ഞാന്‍ പ്രാതല്‍ കഴിക്കുന്നതും നോക്കി മേശയ്ക്കരികില്‍ നന്ദിനി ഇരുന്നു.. അവള്‍ ഉറങ്ങിയിട്ടില്ലായിരുന്നെന്നു തോന്നി.. കണ്ണുകളില്‍ നിറയുന്ന ക്ഷീണം.. ഒരു പക്ഷേ ഞാനുണരുന്നതും കാത്ത് അവളിരുന്നിട്ടുണ്ടാകും.
ശുദ്ധസസ്യഭുക്കായ നന്ദിനിയെ കാന്റീനില്‍ വച്ചു മത്സ്യം കഴിപ്പിക്കാന്‍ ശ്രമിച്ചത് പെട്ടെന്നോര്‍മ്മ വന്നു.. അന്നു മുഴുവന്‍ വിമ്മിഷ്ടവുമായി ലൈബ്രറിയുടെ മൂലയില്‍ അവള്‍ തല ചായ്ച്ചിരുന്നു.. വീട്ടിലേക്കു പോകുവാന്‍ അവള്‍ക്കു ധൈര്യമില്ലായിരുന്നു. കാവലിന് കുറ്റബോധത്തോടെ ഞങ്ങള്‍ കൂട്ടുകാരും.. അഫ്സലും, ടൈറ്റസും, ജീനയും പ്രീതിയുമൊക്കെ ഇപ്പോള്‍! എവിടെയായിരിക്കും.. അവര്‍ ഇപ്പോളും ഇതൊക്കെ ഓര്‍ക്കുന്നുണ്ടാകുമോ..?
“ഇങ്ങോട്ടു പുറപ്പെടുമ്പോള്‍ ജ്യോതിയോട് എന്താണു പറഞ്ഞത്..”
“എന്റെ കോളജ് ജീവിതത്തില്‍ എനിക്ക് എറ്റവും അടുപ്പമുള്ള ചങ്ങാതിമാരിലൊരാളെന്ന്..”
ഡൈനിങ് റൂമില്‍ ഞങ്ങള്‍ തനിച്ചായിരുന്നു.. രാവെളുക്കുവോളം നീണ്ട ആഘോഷങ്ങള്‍ക്കവസാനം എല്ലാവരും തളര്‍ന്നുറങ്ങുകയാവും.. ആഴ്ചകളോളം നീണ്ട ഒരുക്കങ്ങളുടെ കൊട്ടിക്കലാശം.. ഇനി രണ്ടു നാള്‍ കഴിഞ്ഞ് വരനും കൂട്ടരും എത്തുന്നതോടെ വീണ്ടും വീടുണരും… പിന്നെ നാലുനാളുകള്‍ രാവുപകലാക്കുന്ന ആഘോഷങ്ങള്‍… ഔപചാരികതയുടെ മുഖം മൂടി അതോടെ അഴിയുന്നു… പിന്നെ വല്ലപ്പോഴുമുള്ള സന്ദര്‍ശനങ്ങള്‍… ജോലിയിലേക്കുള്ള മടക്കം നന്ദിനിക്ക് ഒരാശ്വാസമായിരിക്കും.. കൂട്ടിന് അമ്മയുമുണ്ട്..
“കബ് ആയെഗാ ഫിര്‍? എന്നാണിനി ഇങ്ങോട്ട്?” അവള്‍ പതിയെ ചോദിച്ചു.. അന്ന്, രണ്ടു വര്‍ഷം കൊണ്ട് പഠിച്ച മലയാളം കുറേയൊക്കെ നന്ദിനി മറന്നിരിക്കുന്നു.. ഇടയ്ക്കിടെ കടന്നു വരുന്ന ഒറിയ വാക്കുകള്‍…
“ഞാന്‍ വരും, ജഗന്നാഥ സന്നിധിയില്‍ വരണമെന്ന് ജ്യോതിക്ക് ആശയുണ്ട്.. കൊണാര്‍ക്ക്! കാണുവാന്‍ മകളും കാത്തിരിക്കുകയാണ്.. പിപിലി അവള്‍ക്ക് ഏറെ ഇഷ്ടപ്പെടും”
“നിങ്ങള്‍ തീര്‍ച്ചയായും വരണം… എനിക്ക് ശ്രുതിയെ കാണണം.. ജ്യോതിയെയും.. നീ എന്തു പറഞ്ഞാണ് എന്നെ അവര്‍ക്കു പരിചയപ്പെടുത്തിരിക്കുന്നത്…?”
“നിന്നെ എങ്ങിനെയാണ് ആര്‍ക്കെങ്കിലും പരിചയപ്പെടുത്തേണ്ടതെന്ന് എനിക്കിപ്പൊഴും അറിയില്ല..”
നന്ദിനി ഒരു നിമിഷം നിശ്ശബ്ദയായി
“ഇങ്ങോട്ടു പുറപ്പെടുമ്പോള്‍ ജ്യോതിയോട് എന്താണു പറഞ്ഞത്..”
“എന്റെ കോളജ് ജീവിതത്തില്‍ എനിക്ക് എറ്റവും അടുപ്പമുള്ള ചങ്ങാതിമാരിലൊരാളെന്ന്..”
അവള്‍ എന്നെ നോക്കി…
ഞങ്ങള്‍ അതു മാത്രമായിരുന്നില്ല എന്ന് ഞങ്ങള്‍ക്കിരുവര്‍ക്കുമറിയാമായിരുന്നു.. പക്ഷേ ഒരിക്കലും ഞങ്ങള്‍ അതെപ്പറ്റി ചിന്തിച്ചിരുന്നില്ല.. അതിന്റെ ആവശ്യമുണ്ടെന്നു തോന്നിയിട്ടില്ല… മനുഷ്യന് ഇതുവരെ പേരിടാന്‍ കഴിയാത്തതായി എത്രയോ ബന്ധങ്ങളുണ്ട് ഈ പ്രപഞ്ചത്തില്‍….
യാത്ര പറയുമ്പോള്‍ നന്ദിനിയുടെ അമ്മ എന്നെ ചേര്‍ത്തു പിടിച്ചു തലോടി.. മകളുടെ മനസ്സു വായിക്കാന്‍ ആ അമ്മയ്ക്ക് എന്നേ കഴിഞ്ഞിട്ടുണ്ടാവണം.. കൊച്ചു മകളേയും ഭര്‍ത്താവിനേയും കൂട്ടി ഒരു നാള്‍ മലബാറിലേക്ക് വരാമെന്ന് അവര്‍ ഉറപ്പു തന്നു. ആരൊക്കെയോ യാത്രാ മൊഴികള്‍ നല്‍കി.. കുട്ടികള്‍ കാലുതൊട്ടു വണങ്ങി അനുഗ്രഹം വാങ്ങി.
നന്ദിനി ഒരു വലിയ ബാഗ് എന്നെ എല്‍പ്പിച്ചു.. അതു നിറയെ പിപ്പിലിയിലെ വര്‍ണ്ണവിസ്മയങ്ങളാണ്.. എന്റെ മകള്‍ക്കുള്ള സമ്മാനങ്ങള്‍..
മുറ്റത്ത് കമലേഷ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു…
കാര്‍ ഗേറ്റു കടക്കുമ്പോള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി. വരാന്തയില്‍ നിശ്ചലം നില്‍ക്കുന്ന നന്ദിനി.. ആ വലിയ വീടിന്റെ പശ്ചാത്തലത്തില്‍, അതൊരു ചിത്രമായി മനസ്സില്‍ പതിഞ്ഞു കിടന്നു..
അവളെ എന്നെങ്കിലും ഇനി കണ്ടുമുട്ടുമെന്ന് എനിക്കുറപ്പില്ലായിരുന്നു..
എന്നേ വേര്‍പിരിഞ്ഞു പോയ വഴികളുടെ ആകസ്മിക സംഗമം…
വീണ്ടും പിരിയുകയാണ്.. എതിര്‍ദിശകളിലേക്ക്…അസ്തമയ തീരത്തേക്ക് ഇനിയെത്ര ദൂരം?
ഞങ്ങള്‍ പിപിലി പിന്നിടുകയാണ്..
ഫോണ്‍ ശബ്ദിക്കുന്നു..
“ജീ ബോലോ മേം ശ്യാം കൃഷ്ണന്‍ ഹെ ഇധര്‍” അറിയാതെ മുറിഹിന്ദി നാവില്‍ വന്ന ശേഷമാണ് അബദ്ധം മനസ്സിലായത്.
അപ്പുറത്ത് ശ്രുതിയാണ്. അവള്‍ പൊട്ടിപ്പൊട്ടി ചിരിക്കുന്നു. രണ്ടു ദിവസം കൊണ്ട് പപ്പ ഹിന്ദിവാലയായി എന്ന് അവള്‍ ജ്യോതിയോടു പറയുന്നത് ഞാന്‍ വ്യക്തമായി കേട്ടു.. അവളും ചിരിക്കുകയാണ്.. അത് അലകളായി ഫോണിലൂടെ എന്നിലേക്ക് ഒഴുകി വന്നു. ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്നെന്ന പോലെ ഞാനും ചിരിച്ചു..
അതിന്റെ മാറ്റൊലികള്‍ വര്‍ണ്ണശലഭങ്ങളായി പാറിപ്പറന്ന് പിപിലിയിലെു മായക്കാഴ്ചകളിലലിഞ്ഞു..