‘ദുര’ന്തമുഖങ്ങൾ

IMG-20160606-WA0000

ഇന്ന് ലോക പരിസ്ഥിതി ദിനം,

മനുഷ്യനും പ്രകൃതിയും എന്ന വികലമായ ഒരു പ്രയോഗം തന്നെയുണ്ട് നമുക്കിടയിൽ!

സത്യത്തിൽ, പ്രകൃതി എന്ന് മാത്രം പറയുകയല്ലേ ശരിയായ രീതി?
അതെ !
മനുഷ്യൻ കൂടി ചേരുന്നതാണ് പ്രകൃതി!

കുരങ്ങിനാണോ അതിൻെറ വാലിനാണോ നീളം കൂടുതൽ എന്ന ചോദ്യത്തിന്, വാൽ കൂടി ചേരുന്നതല്ലേ കുരങ്ങ് എന്ന മറുചോദ്യം പോലെ പ്രസക്തമാണ് അത് !

ഭൂമിയിലുള്ള അറുനൂറിൽ പരം കോടി മനുഷ്യരും ഒരു ദിവസം അങ്ങ് മരിച്ചു പോകുന്നു എന്ന് വിചാരിയ്ക്കുക. പ്രകൃതിയ്ക്ക് ഒന്നും സംഭവിയ്ക്കില്ല. ഭൂമി സാധാരണ പോലെ തന്നെയിരിയ്ക്കും. പക്ഷേ ഭൂമിയിലെ സൂക്ഷ്മജീവികൾ ഇന്നുള്ളതിൻെറ പാതി നശിച്ചുപോയാലോ?
പ്രകൃതിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പലതും താളം തെറ്റും. പുല്ല് തിന്നുന്ന പശു ചാണകമിടില്ല:
പുല്ല് തന്നെയേ വിസർജിയ്ക്കൂ.
പാല് പാലായി തന്നെയിരിക്കും
തൈരാവുകയില്ല
ജൈവ വസ്തുക്കൾ ഒന്നും തന്നെ വിഘടിയ്ക്കപ്പെടാതെ ഭൂമിയെ മൂടിക്കിടക്കും —-
അതെ ! ഈ മണ്ണിൻെറ ആവാസവ്യവസ്ഥയിൽ മനുഷ്യനുള്ള പ്രാധാന്യം വളരെ കുറവാണ്. ജൈവ ചക്രത്തിൻെറ അപ്രധാനമായ ഒരു (അവസാന ? )കണ്ണി മാത്രമായ മനുഷ്യൻെറ അനന്തമായ ആർത്തിയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി മുഴുവൻ പാരിസ്ഥിതിക ഘടകങ്ങളും സ്വയം നശിയ്ക്കുകയോ നശിപ്പിയ്ക്കപ്പെടുകയോ ചെയ്യണമെന്നത് എത്രമാത്രം അപകടകരമായ ധാരണയാണ് ‘

മനസ്സിലെ മരുഭൂമിയിൽ ഒരു പച്ചപ്പെങ്കിലും പാകിപ്പിടിപ്പിയ്ക്കാൻ നമുക്കാകട്ടെ!

എൻെറ പരിസ്ഥിതി സംബന്ധിയായ “ദുര”ന്തമുഖങ്ങൾ എന്ന കവിതയിൽ നിന്ന്
കുറേ ഭാഗങ്ങൾ ഇവിടെ കൊടുക്കുന്നു

“ദുര”ന്തമുഖങ്ങൾ
– – – – – – – – – – – – – – – – – – –

മദമാർന്നൊരെന്ത്ര ഗജം
                       ഉരുക്കിന്റെ തുമ്പിയാൽ
മലയുഴുതിളക്കി
                       തിമർക്കുന്നിടങ്ങളിൽ
മൗന മരണത്തിന്റെ
                        മടയിലേയ്ക്കൊഴുകുന്ന,
മണൽ മാന്തി
                        മാന്തിത്തുരന്നിട്ട നദികളിൽ
ഉല നെഞ്ചിലേറ്റിപ്പിറക്കുന്ന
                        പകലിന്റെ
പകയേറ്റ് വാങ്ങി
                        പിടയ്ക്കും തടങ്ങളിൽ
നവ നാഗരികന്റെ
                        ചടുല നടനങ്ങളിൽ
നഖമാഴ്ന്ന് പിടയുന്ന
                         നാട്ട് ശീലങ്ങളിൽ
നിർദ്ദയം നിർവികാരതയുടെ
                         പെരുവിരൽ
മുദ്രണം ചെയ്യുന്നു കലികാല
                         മാനവൻ!
കിളിയൊച്ചകൾ നിലച്ചുലയും
                         മുളങ്കാട്ടിൽ
അലയുന്ന വാണിഭ കഴുക
                         സംഘങ്ങളിൽ
കാല നയനങ്ങൾ അളന്നിട്ട ജീവൻെറ
കാവൽത്തടങ്ങളിൽ,
                         കാവിൽ, കുളങ്ങളിൽ
കണ്ടലിൽ, ഭൗമ
                         ശ്വാസത്തിന്റെ കോശങ്ങൾ
കണ്ടിച്ചെടുത്ത് തീർത്ത
                         സൗധങ്ങളിൽ
വികസനം വിഷമായ്
                         പടർന്ന മസ്തിഷ്കങ്ങൾ
അതിരിട്ട ജൈവ
                         വൈവിധ്യ തീരങ്ങളിൽ
അടിതെറ്റി അമരുന്നൊരാവാസ
                         വടിവിതിൽ
അള മുട്ടി അമറുന്നൊരാരണ്യ
                         വറുതിയിൽ
തുമ്പയും തുമ്പിയും
                         ചെമ്പരത്തിപ്പൂവും
അമ്പരപ്പേകും കുരുന്നിന്റെ
                         കൺകളിൽ
നിർദ്ദയം നിർവികാരതയുടെ
                         പെരുവിരൽ
മുദ്രണം ചെയ്യുന്നു കലികാല മാനവൻ

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *