ചിരിച്ചും, കരഞ്ഞും, കുഴഞ്ഞും, പരാതി പറഞ്ഞുമിരിക്കുന്ന പെറുക്കിക്കൂട്ടിയ അക്ഷരങ്ങൾ നിറഞ്ഞ കുറെ കയ്യെഴുത്ത് പ്രതികളുടെ കൂടെ സ്വയംതടവിന് വിധിക്കപ്പെട്ട മറ്റൊരു പ്രതിയെപ്പോലെ മുറിയടച്ചിരിപ്പു തുടങ്ങിയിട്ട് നേരം കുറെയായിരിക്കുന്നു. കാലത്തിന്റെ മുറി കൂടാത്ത ഏതോ അറ്റത്താണ് കണ്ണടച്ചു കിടക്കുന്നത് വാക്കിന്റെ കിനാവള്ളികളും, വീണ്ടും വായിച്ചു തീർത്ത ഈ പഴയ കത്തും.
കുരിശിൽ കേറാൻ സാധിക്കാത്ത ആ പഴയ നാലാമത്തെ ആണി അതുണ്ടാക്കിയവനെ പിന്തുടരുന്നത് പോലെ, സ്വയം സൃഷ്ടിച്ചെടുക്കുന്ന ചില ഭ്രാന്തുകളുടെ മൂർച്ചകൾ പുറകിൽ നിന്ന് കുത്തുന്നതു കൊണ്ടാവണം വെറുതെ പിറന്നു വീണ ഒരു അവധി ദിനത്തോടു പോലും ഞാൻ കൊഞ്ഞനം കുത്തുന്നത്.
ചിലപ്പോഴൊക്കെ ഇങ്ങനെയാണ്, ഇസ്തിരിയിട്ട് അടുക്കിവെച്ച വസ്ത്രങ്ങൾ നിറഞ്ഞ ഒരലമാരിയിൽ നിന്ന് നമുക്ക് പ്രിയപ്പെട്ട ഒന്നെടുക്കുമ്പോൾ മാത്രം അതിന്റെയൊരു ബട്ടൻ പൊട്ടിയതറിയും പോലെയോ, വേറെയൊന്നെടുക്കാനോ തുന്നിത്തീർക്കാനോ തോന്നാതെ, നമ്മളൊരു സൂചിക്കുടുക്കോണ്ട് അതിനെ നേർക്കാഴ്ച്ചയിൽ നിന്നൊന്ന് മറച്ചു കുത്തിക്കെട്ടും പോലെയോ, ചില ഓർമ്മകൾ വേഷംകെട്ടലിന്റെ ചില വിടവുകളെ എല്ലായെപ്പോഴും മറച്ചുപിടിക്കുന്നുണ്ടാവണം.
രണ്ടായിരത്തഞ്ചിലാവണം,
നേർച്ചപ്പാത്രങ്ങളിൽ നേരത്തിന് വീണ വറ്റു പോലെ വിചാരിച്ച മീറ്റിങ്ങുകളെല്ലാം തീർന്ന ആശ്വാസത്തിൽ ,എറണാംകുളത്തെ ട്രാൻസ്പോർട്ട് സ്റ്റാന്റിലേക്കു പോകുന്ന വഴിക്കുള്ള സ്ഥിരം സത്രത്തിൽ ചുരുണ്ടുകൂടിയിരുന്ന് ഞാനും, അപ്പുറത്തെ മുറിയിലെ സ്ഥിരം താമസക്കാരനായ തോമസേട്ടനും കൂടി ഒരു കുപ്പീടെ കഴുത്ത് പൊട്ടിച്ചടി തൊടങ്ങിയ ഒരുച്ച, ഒരൊന്നരപെഗ്ഗിന്റെ ഷെയറു ചോദിച്ചു വന്ന ഒരു പുണ്യ പുരാതന കഥാപാത്രത്തിന്റെ മോളിൽ വളരെപ്പെട്ടെന്ന് അലമ്പായിത്തീർന്നപ്പോൾ പ്രാരാബ്ധ സഞ്ചീല്, ബാക്കി വന്ന കുപ്പീം പൊതിഞ്ഞു വെച്ച് ഞാനവിടുന്നെറങ്ങി.
തിരുവനന്തപുരത്തേക്കുള്ള ഏതോ തീവണ്ടി, അതോ മാറിക്കേറിയോ, ഓർമ്മയില്ല; ടോയ് ലെറ്റ് പൈപ്പിലെ വാട്ടവെള്ളത്തിനൊപ്പം ചങ്കെരിഞ്ഞിറങ്ങുന്ന ഓപ്പീയാറിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ, ആരായിരുന്നു ‘പർദേശീ പർദേശീ ജാനാ നഹീ’ ന്ന് പാട്ടൊക്കെ പാടീത് ?
സ്വപ്നം കാണുകയായിരുന്നിരി ക്കണം, കൂത്തുമറഞ്ഞു കിടക്കുന്ന ഭൂതകാലത്തിന്റെ ഓട്ടക്കാലണക്കുള്ളിലൂടെ നോക്കിയാൽ കാണുന്നത്ര വലുപ്പമേയുള്ളൂ ഏതു സ്വപ്നത്തിനും., എപ്പോഴും.
തലച്ചോറിനെന്താണിത്ര മന്ദിപ്പ്.?
ലഗ്ഗേജ് റാക്കിനു മുകളിലെ വളഞ്ഞു പുളച്ചിലിനൊടുക്കം കണ്ണു മിഴിക്കുമ്പോൾ ഒരു സ്ഥിരം മദ്യപാനിയുടെ ശൂന്യത, തലച്ചോറിലും തിരക്കൊഴിഞ്ഞ കമ്പാർട്ട്മെന്റിലും.
“ദെവിട്യാ സ്ഥലം..?”
”എവിടേക്കാണ് പോകേണ്ടത്..?”ന്നൊരു മറുചോദ്യം വന്നപ്പളാണ് ഞാനവളെ ശ്രദ്ധിച്ചത്, ഇരുണ്ട നിറത്തിലൊരു സാരിയിൽ വാരിപ്പൊതിഞ്ഞ ഒരിടത്തരം രൂപം,ലേശം തടിച്ച പ്രകൃതം, മുഖം നിറഞ്ഞ ചിരി,മഴ നനഞ്ഞ ശബ്ദം.., സ്ത്രീ.
തിരുവനന്തപുരത്തേക്കാണ് ചങ്ങാതീ ന്ന് പറഞ്ഞപ്പോള്, അവളുമങ്ങോട്ടേക്ക് തന്നെ; കുത്തഴിഞ്ഞ ലഹരിയോളം മനുഷ്യനെ പ്രലോഭിപ്പിക്കുന്ന മറ്റൊന്നേയുള്ളൂ, ഒരൊറ്റമുറിയിലെ എതിർലിംഗത്തിന്റെ പ്രസരിക്കുന്ന സാന്നിദ്ധ്യം.
അവളവിടെയേതോ ക്രിസ്ത്യൻ മിഷണറിസ്ഥാപന ത്തിന്റെ ഹോസ്റ്റലിലാണ് ജോലി ചെയ്യുന്നത്, ശരാശരി ജീവിതം.പരസ്പരം വെച്ചു നീട്ടിയ കുശലാന്വേഷണങ്ങൾക്കും, ജീവിതം പോലെ തൊട്ടു നക്കിയ അനുഭവങ്ങളുടെ ടച്ചിങ്ങ്സിനുമിടയിലൂടെ സമാന്തരമായ എത്ര പാളങ്ങളെയാണ് മറികടന്നത്.,
വർത്തമാനം പോലെ നമ്മളെ കെട്ടിപ്പിടിക്കുന്ന മറ്റൊന്നില്ല.
വണ്ടി സ്റ്റേഷനിലെത്തിയിരി ക്കുന്നു.
ഒരുമിച്ചിറങ്ങുന്നു, രണ്ടു വഴിയാകുന്നു.
തിര്വോന്തോരം,.
തമ്പാനൂർ
അരിസ്റ്റോ ലോഡ്ജ്,
അറുപതു രൂപയുടെ അതേ മുറി
നൂൽബന്ധമില്ലാത്ത പായ വിരിച്ച ഇരുമ്പു കട്ടിൽ,
അലറി വിളിക്കുന്ന ഫാൻ,
അലച്ചിലിന്റെ പകലുകൾ,പകലുകൾ..
കൂണു പോലെ മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്ന റിസോർട്ടടക്കം,സ്വപ്നഭവനങ്ങളുടെ ഉട്ടോപ്പ്യൻ വേർഷനുകൾക്കുമിടക്ക് വിപണനത്തിന്റെ സാദ്ധ്യതകൾ തിരഞ്ഞ് അലഞ്ഞു തിരിയുന്നതിനിടക്ക്, ഒന്നോരണ്ടോ ഫോൺകോളുകൾക്കപ്പുറത്തേക്ക് അവളെ പിന്നീടോർക്കാൻ സാധിച്ചില്ലെന്നതാണ് സത്യം.
തിരിച്ചു പോകാറായി ട്ടും, വഴിയേ പോയ ഒരു ബുദ്ധിജീവി ജാടയെ തോളത്തെടുത്തു വെച്ചതു കൊണ്ട് കുരുങ്ങിപ്പറിഞ്ഞ ഓട്ടക്കീശയിൽ, മൂന്നു ദിവസത്തെ വാടകബാക്കിയും, വിശപ്പും മാത്രം. കണ്ണു തുറിച്ച് ബസ്റ്റാന്റിലെ ബെഞ്ചിലിരിക്കുമ്പോഴാണ് അവളുടെ ഫോൺ വന്നത്; വെപ്രാളം കണ്ടപ്പോൾ,ഉരൽ മദ്ദളത്തിനോടെന്ന പോലെ കുറഞ്ഞ വാക്കിൽ ഞാൻ കഥ പറഞ്ഞു നിർത്തി., അല്ലെങ്കില്ത്തന്നെ ആർക്കാണ് കേൾക്കാൻ താത്പര്യമുണ്ടാവുക..?
എനിക്കു പെട്ടെന്ന് ചിരി വന്നു.
മാർക്കറ്റിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച കുന്നംകുളം മാർക്കറ്റിനെ മനസ്സിൽ ധ്യാനിച്ച്, ഒരു ശ്രമം; അടുത്ത ബഞ്ചിലെ ഒരുത്തന് ദൽഹി ലാഡോസറായിലെ ഫൂട്ട്പാത്തിൽ നിന്നു വാങ്ങിയ നൂറ്റമ്പതു രൂപയുടെ വാച്ച് ഞാൻ ഇരുന്നൂറ്റമ്പതിന് വിറ്റു.
വിശപ്പും മാറ്റി കള്ളവണ്ടി കേറാമെന്ന ചിന്തയുമായി, ലോഡ്ജെത്തി ബാഗെടുത്ത് മീശയണ്ണന് ചെക്ക്മേറ്റ് പറയുമ്പോള് ഓടിപ്പാഞ്ഞു വരുന്ന അവൾ; ഒറ്റയുടെയും, അഞ്ചിന്റെയും, പത്തിന്റെയും കുറെ മുഷിഞ്ഞ നോട്ടുകൾ, ഒട്ടും മുഷിയാത്ത വിയർപ്പു പുരണ്ട ചിരി., ഒരുമ്മ.വണ്ടി കയറും വരെ അവളുണ്ടായിരുന്നു, പിന്നെയെപ്പൊഴൊക്കെയോ കുറെ കത്തുകൾ, സംഭാഷണങ്ങൾ, പിന്നെയെപ്പഴോ കൈ വിട്ടു പോയ അഭയം, എത്ര നീട്ടിയിട്ടും തിരിച്ചു വാങ്ങാത്ത കടം, പെണ്ണ്….