ഞാൻ ക്യൂവിലാണ്

njan-q-lane

വിക്കുട്ടൻ ക്യൂ തെറ്റിക്കാത്ത ഒരാൾ ആണ്, അത് സിനിമക്കായാലും, സിഗ്നലിനു മുന്നിൽ ആയാലും, ബിവരെജസിൽ ആയാലും, അമ്പലത്തിൽ കയറാൻ ആയാലും, എവിടെ ആയാലും. ഒരു ക്യൂ കണ്ടാൽ അതിൽ നിന്നേ പോകു, വരി തെറ്റിക്കില്ല, അതിനൊരു കാരണമുണ്ട്. പണ്ട് ഇംഗ്ലീഷ് എന്താണ് എന്ന് അറിഞ്ഞു തുടങ്ങിയ സമയത്ത് അച്ഛൻ രവിക്കുട്ടനെ കൊണ്ട് ബ്രിട്ടീഷ്‌ ലൈബ്രറിയിൽ ചേർത്തു.

ഇംഗ്ലീഷ് കോമിക്കുകൾ തന്നെ തപ്പിപ്പിടിച്ചു വായിക്കുന്ന കാലം ആണെന്ന് ഓർക്കണം, രവിക്കുട്ടൻ ചോദിച്ചു.,

അച്ഛാ, ഞാൻ ചിത്തിര തിരുനാൾ ലൈബ്രറിയിലെ മുട്ടത്തു ., കാനം, എന്നിവരുടെ നോവലുകൾ പോലും വായിച്ചു തീർന്നില്ലല്ലോ, അതെല്ലാം തീർത്തിട്ട് പോരെ ഇവിടെ?

പോര, അതെവിടെ ഇതെവിടെ, അതെല്ലാം വായിച്ചാൽ നീ പ്രേമിച്ചു നടക്കും, പഞ്ചാര വർത്തമാനം പറയും..

ഇത് വായിച്ചാലോ?

ഇംഗ്ലീഷ് വിശ്വഭാഷ ആണ്, നിന്റെ വൊക്കാബുലറി നന്നാവും.

എന്താബുലറി?

വൊക്കാബുലറി ന്ന്

ഉം, പൊക്കാബുലറി നന്നായാൽ പിന്നെ ഇവിടെ വരണ്ടല്ലോ ?

പൊക്കാബുലറി അല്ല, വൊക്കാ…. വൊക്കാ… ബുലറി

അത് തന്നെ.

അത് ശെരിയായാൽ പിന്നെ നീ ഇവിടം, വിടില്ല, ഈ പുസ്തകങ്ങളെ നീ പ്രണയിക്കും.

രവിക്കുട്ടനു നാണം വന്നു, ഇതിനെ വേണ്ട, ഞാൻ അപ്പുറത്തെ വീട്ടിലെ ഗീതാ റാണിയെ പ്രണയിച്ചോളാം

എന്ത് ?

അല്ല, ഞാൻ ഈ പണ്ടാരമടങ്ങിയ ബുക്കുകളെ പ്രണയിച്ചോളാം എന്ന്

അങ്ങനെ അച്ഛൻ രവിക്കുട്ടനെ അവിടെ കൊണ്ട് ചേർത്തു, മൂന്നു കാർഡുകളും തന്നു, രണ്ടെണ്ണം ഉപയോഗിച്ച് ഫിക്ഷൻ എടുക്കാം, അതായതു നോവൽ പോലെ ഉള്ളവ, മറ്റേത് ഉപയോഗിച്ച് ഒരു മാഗസീനും എടുക്കാം, ആദ്യതവണ അച്ഛൻ തന്നെ രണ്ടു ബുക്ക് എടുത്തു തന്നു, റോഡ്‌ റ്റു ഫ്രീഡം, ട്രെഷർ ഐലണ്ട്, കൂടെ പഞ്ച് എന്ന് പറഞ്ഞ ഒരു മാഗസീനും.

എല്ലാം കൂടെ തലച്ചുമടായി കൊണ്ട് രവിക്കുട്ടൻ വീട്ടിൽ വെച്ചു, എന്നും തൊട്ടു തൊഴുതു പ്രാർധിചു, അതിനകത്ത് വെളുത്ത കത്രീന വെച്ചു വായിച്ചു, കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛൻ ചോദിച്ചു,

വായിച്ചോ നീ ഇവ ?

വായിച്ചു ഞാൻ ഇവ

എങ്ങനെ ഉണ്ട് ?

അതീവ ഹൃദ്യവും മറ്റുമാണ് രചനാ ശൈലി,

ഞാൻ പറഞ്ഞില്ലേ, പക്ഷെ തുടക്കത്തിൽ ചില വാക്കുകൾ വായനാ സുഖം കളഞ്ഞേക്കും, അവ നിഖണ്ടു നോക്കി സംശയ നിവൃത്തി വരുത്തി മുന്നോട്ടു പോയാൽ കേമായി, വിശ്വസാഹിത്യ സാഗരത്തിൽ നിനക്ക് നീരാടാം.

അങ്ങനെ ആവട്ടെ.

ഉം, വായിച്ചു കഴിഞ്ഞാൽ നീ തന്നെ ഇവ തിരികെ കൊടുത്തു മാറ്റണം, പുതിയവ എടുക്കണം

അച്ഛൻ തന്നെ വരുന്നതല്ലേ നല്ലത്, പ്രത്യേകിച്ചും കൈകാര്യ ഭാഷ ആംഗലേയം ആയ സ്ഥിതിക്ക് സമീപ ഭാവിയിൽ ആ ഭാഷ എടുത്ത് അമ്മനമാടെണ്ടാവൻ അല്ലെ നീ, മടിച്ചു നിൽക്കാതെ ചെല്ലിൻ, ചെന്ന് തകർക്കിൻ.

ഓ ശെരി, രവിക്കുട്ടൻ കോലാ വാലാ നീലാണ്ടാ എന്ന രീതിയിൽ ബുക്കുകളും എടുത്ത് കൊണ്ട് നടന്ന് ബ്രിട്ടീഷ്‌ ലൈബ്രറിയിലേക്ക് യാത്ര ആയി, അമ്മയും അച്ഛനും കണ്ണ് തുടച്ചു കൊണ്ട് ആ കാഴ്ച കണ്ടു നിന്നു, ഭാവിയിലെ വിശ്വ സാഹിത്യകാരന്റെ ആ യാത്ര.

ചെന്ന് കയറിയപ്പോൾ കണ്ടു സോഡാക്കുപ്പി കണ്ണാടി വെച്ച ഒരു അമ്മാവൻ നിക്കറും ഇട്ട് ഒരു പൈപ്പും കടിച്ചു പിടിച്ചു നിൽക്കുന്നു, അച്ഛൻ അവിടെ ആണ് ബുക്കുകളും കാർഡും ഒക്കെ കൊടുത്തത്.

രവിക്കുട്ടൻ നേരെ പോയി ബുക്കുകൾ മേശപ്പുറത്തു വെച്ചു, അമ്മാവനെ നോക്കി ചിരിച്ചു, ചിത്തിര തിരുനാൾ ലൈബ്രറിയിലെ ചേട്ടൻ ഒക്കെ എന്ത് കമ്പനി ആണ്, ഈ അമ്മാവനേം അങ്ങനെ ആക്കണം.

വാട്ട്‌? അമ്മാവൻ തുറിച്ചു നോക്കി

ഹിഹിഹി, ബുക്ക്, മാറ്റണം

വാട്ട്‌ ദ ഹെൽ ?

ഹെൽ വാട്ട്‌, ബുക്ക് അമ്മാവാ, അല്ല അങ്കിൾ

മൈ ഡിയർ യങ്ങ് മാൻ, ആർ യൂ ഇൻ ദി ക്യൂ ?

ഹിഹിഹി

വാട്ട്‌ കികികികി? ആർ യൂ ഇൻ ദി ക്യൂ

നോ ബട്ട്‌ യെസ്, ആൻഡ്‌ ബുക്ക്‌ മാറ്റൽ, അച്ഛൻ സേ, ഞാൻ കാർഡ്‌, ഈ ബുക്ക്

ഡോണ്ട് ബ്ലാബർ, കാന്റ് യൂ സീ ദി പീപ്പിൾ സ്ടണ്ടിംഗ് ഇൻ ദി ക്യൂ?

അമ്മാവൻ ആ പൈപ്പ് വായിൽ നിന്നും എടുത്ത് എങ്ങോട്ടോ ചൂണ്ടി കാണിച്ചു, രവിക്കുട്ടൻ അങ്ങോട്ട്‌ നോക്കി, ഒരു പറ്റം ജനം രവിക്കുട്ടനെ തുറിച്ചു നോക്കി വരി വരി ആയി നിൽക്കുന്നു, കൊള്ളാമല്ലോ..

ഹീ ഹീ ഹി കണ്ട് കണ്ട്, ബയങ്കര ആള് തന്നെ അല്ലെ അമ്മാവാ

ആർ യൂ ജോകിംഗ്? യൂ ഷുഡ് ബി മോർ റെസ്പ്പോണ്‍സിബിൾ അറ്റ്‌ ദിസ്‌ എയ്ജ് ബോയ്‌, ഇറ്റ്‌ ഇസ് ഹൈ ടൈം യൂ ടേക്ക് ആൻ ഓത്ത്.

ഓത്തോ? അയ്യേ

വാട്ട് അയ്യേ, റിപീറ്റ് ആഫ്ടർ മി.

അമ്മാവൻ കൈ നീട്ടി പിടിച്ചു പറയാൻ തുടങ്ങി..
ഓ, പ്രതിജ്ഞ ചൊല്ലാൻ.

ഐ വിൽ അൽവെയ്സ് ഒബെ ദി റൂൾസ്, ബീ ഇൻ ദി ക്യൂ, നെവർ വയലെറ്റ് ദി ക്യൂ.

ഐ ഇൽ, ഹിഹിഹി.. 🙂

കമോണ്‍, ഡോണ്ട് ലാഫ്.

ഐ ഇൽ ഒബെ റൂൾസ് ആൻഡ്‌ റോയിസ്, പീ ഇൻ ക്യൂ ആൻഡ്‌ ദി വയലറ്റ്..

ഇത്രയും പറഞ്ഞ് രവിക്കുട്ടൻ ബുക്കും എടുത്ത് കൊണ്ട് തിരികെ ഓടി, പിന്നെ അച്ഛനോടോപ്പമോ, ഇംഗ്ലീഷിൽ കടുക് വറുക്കാൻ അറിയാവുന്ന ഏതെങ്കിലും ബന്ധുക്കളുമായോ മാത്രമേ അവിടെ കാല് കുത്തിയിട്ടുള്ളു, നിക്കർ അമ്മാവൻ എന്നൊരു വ്യക്തി അവിടെ ഉണ്ടെന്നു കണക്കാക്കിയിട്ടില്ല എന്ന് തന്നെ പറയാം, ആകെ ഒരു ഗുണം ഉണ്ടായത് പിന്നീട് ജീവിതത്തിൽ ഇന്ന് വരെ ഒരു ക്യൂ പോലും രവിക്കുട്ടൻ തെറ്റിച്ചിട്ടില്ല എന്നുള്ളതാണ്, അപ്പൊ ഓർമ്മ വരും പ്രതിജ്ഞ.

About Ajoy Kumar

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് അവാർഡ് ജേതാവ്. 'അങ്ങനെ ഒരു മാമ്പഴക്കാലം', 'കൽക്കണ്ട കനവുകൾ' എന്നിവ പ്രധാന കൃതികൾ. ബി കോം ബിരുദധാരി,അനിമേറ്റര്‍, കാര്‍ട്ടൂണിസ്റ്റ്,ഇന്ത്യയിലെ ആദ്യ 3ഡി അനിമേഷന്‍ മുസിക്‍ ആല്‍ബം നിര്‍മാണത്തില്‍ പ്രധാനപങ്കുവഹിച്ചു,

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *