കൊലപാതക രാഷ്ട്രീയം ഇനിയും മുന്നേറുന്നത് തടയണം – അഡ്വ ജോഷി ജേക്കബ്

dc-Cover-q1egq5lk6v0t9rau82qfaknhv5-20160702025520.Medi

കൊലപാതകം മത്സരിച്ച് നടത്തുന്ന സ്ഥിതിവിശേഷം വീണ്ടും വന്നിരിക്കുന്നു. സിപിഎം ഉം ബിജെപി /ആർ എസ് എസ് ഉം മത്സരിച്ച് നടത്തുന്ന ഈ കൊലയുടെ കാരണങ്ങൾ തേടി പരസ്പരം പഴിചാരുന്ന പതിവ് വ്യായാമം ആരും ഗൗരവമായി എടുക്കില്ല. കൊലയുടെ ഉന്മാദം തേടുന്ന അണികളൊഴികെ ഇരുകൂട്ടരുടെയും അണികൾ പോലും കശാപ്പിന്റെ ഈ മത്സരത്തെ അംഗീകരിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അനാഥരാകുന്ന കുഞ്ഞുങ്ങളും ഭാര്യമാരും അമ്മമാരും അച്ഛൻമാരും എത്രയോ ഹൃദയഭേദകമായ ദുഃഖമാണ് കയ്പുനീരായി കുടിക്കുന്നത്. അടഞ്ഞ ഫാസിസ്റ്റ് സംഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആർ എസ് എസ് ഉം കമ്യൂനിസ്റ്റുകളും ഇതുപോലെ കൊലപാതക രാഷ്ട്രീയ മത്സരത്തിന് പുറപ്പെട്ടാൽ വിശ്വാസികളായ അനുയായികൾ നേതൃത്വം പറയുന്ന ന്യായങ്ങൾ വിഴുങ്ങും. എന്നാൽ അവരും ക്രമേണ കൊലപാതക രാഷ്ട്രീയത്തിന്റെ പൊള്ളത്തരം അംഗീകരിക്കുവാൻ നിർബന്ധിതരായി തീരും.

ജനങ്ങളുടെ ജീവിതത്തിൽ കാതലായ ഒന്നും നൽകുവാനില്ലാതെ വരുമ്പോൾ രാഷ്ട്രീയ നേതൃത്വത്തിന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാൻ പരസ്പര കിടമത്സരത്തിന്റെ വഴിയാണ് ഏറ്റവും എളുപ്പമുള്ളത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎം ഉം യഥാര്‍ത്ഥമായ മാറ്റം കൊണ്ടുവരുന്നതിൽ അങ്ങേയറ്റം പരാജയപ്പെട്ടിരുന്നു. ഇരുകൂട്ടരും കോർപ്പറേറ്റ് ശക്തികളെ പ്രീണിപ്പിക്കുവാനാണ് ബദ്ധശ്രദ്ധരായിരിക്കുന്നത്. കർഷകരെയും കൈവേലക്കാരെയും പിച്ചിച്ചീന്തുന്ന ലോക വ്യാപാര സംഘടനയുടെയും ലോക ബാങ്കിന്റെയും രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിൽ അട്ടിമറി നടത്തുന്ന ഐ. ഐ. എം. എഫിന്റെയും നയങ്ങൾ ശിരസ്സാ വഹിച്ച് നടപ്പിലാക്കുന്നവരാണ് ബിജെപിയും സിപിഎം ഉം ഭരണം കിട്ടുമ്പോൾ ഇതുപോലെ ജനശ്രദ്ധ തിരിക്കുന്ന ഏതൊരു സംഗതിയും ആർത്തിയോടെ ഏറ്റെടുക്കും. എന്നിരുന്നാലും കൊലപാതക രാഷ്ട്രീയം അതിന് തെരഞ്ഞടുക്കുമോ എന്ന് ആരും സംശയിച്ച് പോകും. അത്രയേറെ വില കൊടുക്കേണ്ടതാണല്ലോ കൊലപാതക രാഷ്ട്രീയം.

നേതാക്കന്മാരെ പരസ്പരം കൊല്ലുവാൻ ഇരുകൂട്ടരും തുടങ്ങിയാൽ പെട്ടെന്ന് ഒരു ഒത്തുതീര്‍പ്പിന് സാദ്ധ്യതയുണ്ട്. മുമ്പ് ഒരിക്കൽ നേതാക്കളും ഭയപ്പെട്ടോ എന്ന ഒരു ഭീഷണി ഉണ്ടായപ്പോൾ തല്ക്കാല വെടിനിർത്തൽ ഉണ്ടായതാണ്.

എന്നാൽ അങ്ങനെ കൊലപാതകത്തിലൂടെയല്ല ഈ പ്രശ്നം പരിഹരിക്കേണ്ടത്. വാസ്തവത്തിൽ ഇരുകൂട്ടരിലെയും സാധാരണ അണികൾക്ക് മാത്രമല്ല കൊലപാതക രാഷ്ട്രീയം ഒരു ഭാരമായിത്തീർന്നിട്ടുള്ളത്. നേതാക്കൾക്കും അങ്ങനെ തന്നെയാണ്. എന്നാൽ അക്രമത്തെ ആരാധിക്കുന്ന ഇരുകൂട്ടരുടെയും പ്രത്യയശാസ്ത്രം അവരെ കൊലപാതക രാഷ്ട്രീയത്തിന്റെ ഊരാകുടുക്കിൽ ആക്കിയിരിക്കുകയാണ്. ഇരുകൂട്ടരുടെയും കൊലപാതക സംഘങ്ങൾ കൊലക്കത്തികൾക്ക് മൂർച്ച കൂട്ടുമ്പോൾ അതിനെ എതിർക്കുവാൻ അക്രമത്തെ ആരാധിക്കുന്ന ഇത്തരം പ്രസ്ഥാനങ്ങളിൽ ആരുമുണ്ടാകാറില്ല. ജനങ്ങൾ നിർഭയരാകുന്ന ഒരു സമയമാണ് ജനങ്ങളുടെ ഏറ്റവും വലിയ ശാക്തീകരണം ഉണ്ടാകുന്നത്. കൊലപാതക രാഷ്ട്രീയം ഭയത്തിന്റെ അന്തരീക്ഷമാണ് സമൂഹത്തിൽ ഉണ്ടാക്കുന്നത്. കലാലയ രാഷ്ട്രീയത്തിലും ഭയത്തിന്റെ അന്തരീക്ഷം സംജാതമാക്കി സംഘടന വളർത്തുന്ന സമീപനമാണ് ഇക്കൂട്ടർ പുലർത്തുന്നത്. ഇക്കാലത്തും അന്ധമായി ഇതിനെ പിൻചെല്ലുന്നവർ ഉണ്ട് എന്നത് അത്ഭുതകരമാണ്.

കേരളത്തിലെ ചെറുപ്പക്കാർ ഇനിയും ഇത്തരം വിധ്വംസക രാഷ്ട്രീയത്തിന്റെ പിന്നാലെ പോകരുത്. നമ്മെ ചൂഷണം ചെയ്യുന്ന മുതലാളിത്ത കോർപ്പറേറ്റ് ശക്തികളെയും ജാതി മേൽക്കോയ്മയുടെ രാഷ്ട്രീയത്തെയും ലിംഗപരമായ അസമത്വത്തത്തെയും ചെറക്കുവാൻ ഒരുപാട് ചെയ്യുവാനുണ്ടെന്ന് തിരിച്ചറിയണം.

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *