കുളിരുകോരിയ മകരം ഓർമ്മയിലേക്ക് ഒലിച്ചിറങ്ങുമ്പോഴും ചുട്ടുപഴുത്ത ലാവ കണക്കെ അവൾ എന്നും ഇടനെഞ്ചിൽ ഉണ്ടായിരുന്നു. “കാവേരി”
അവൾക്കായി രണ്ടുവരി കവിതയെങ്കിലും കുറിക്കട്ടെ !
“മിഴിചിമ്മി വിരഹമായ് തഴുകുമ്പോൾ
നിന്റെ പതിഞ്ഞ കാലൊച്ച ഞാൻ കേൾക്കും.
ആരുമില്ല മൊട്ടുപോൾ നിറമണം ചാർത്തി
നാമോരോരോ നിമിഷവുമെന്റെ പ്രിയസഖി”
“അച്ഛനെന്താ എഴുതണെ ?”
ഒന്നൂല്ലടാ.. അച്ഛ വെറുതെ കുത്തിക്കുറിക്ക്യ.. ഏട്ടനെവിടെ ?”
“അവൻ കണ്ണിമാങ്ങ പൊട്ടിക്കാൻ വലിഞ്ഞുകേർണ കണ്ടു”
“അമ്മയോ..?”
“അമ്മ പൈക്ക് പുല്ലിട്ടുകൊടുക്കണു”
“മോളു പോയി കളിച്ചോ.. അച്ഛക്ക് കൊറച്ചെഴുതാനുണ്ട്”
“മഴവിൽ നിറംപോലെ
മാമഴകുളിർ പോലെ
മയിൽചേഷ്ഠ് പോലെ-
ന്നിലേക്കണഞ്ഞോരെന്റോമലേ”
ഓ ക്ഷമിക്കണം ണീ അഗ്രഹാരപ്പൊണ്ണാച്ചേ
അതിനാലെ ഇരണ്ടുവരി തമിൾ എളുതട്ടമാ.
“വാനത്തിൽ മിന്നും നച്ചത്തിരം പോൽ
ഉൻ കൺകളൈ ഞാനെതിർപ്പാർക്കിറേൻ”
ഉന്നുടയ ശിരിപ്പ് എന്നിദയം കുളിരും പനിയായ് തോന്നിറത്
ഉൻ പേച്ച് പറവൈസത്തം പോൽ എന്നുള്ളം കോൾകിറത്.
ഉന്നുടയ പാർവയാൽ മട്ടുമേ വസന്തം-
പാർത്ത പട്ടാമ്പൂച്ചിപോൽ ണാൻ തുടിക്കറുത്.
ഹാ…. ഹാ…. ഹ….
ഇനിക്കിത്രയും ഒപ്പിക്കുവാനെ കഴിയൂ. കൈയിലെ സ്റ്റോക്കൊക്കെ കഴിഞ്ഞു.
“വരദേ ചായയായോ?”
“ദേ ചായ.. ആ പുള്ളിക്കുട്ടി പയ്യീന്റകിടീന്ന് മാറണില്ല.”
“അവൾ കുടിക്കട്ടടീ.. അതു മുഴുവനുമവൾക്കുള്ളതുതന്നെയല്ലേ.. അപഹരിച്ച് കുടിക്കണത് നമ്മളാ..”
“ങാ.. കുടിച്ചോട്ടെ.. പുള്ളിക്ക് ഭയങ്കര വികൃതിയാണ്… എപ്പളും പറമ്പില് തുള്ളിച്ചാടി നടക്കും… അതുകഴിഞ്ഞാ പിന്നെ അമ്മേടേ ചൂടുപറ്റി കെടക്കലെന്നെ പണി… കറക്കാമ്പോയാ മാറിത്തരില്ല.. അത്രയ്ക്ക് കുസൃതീണ്ട്..”
“അവരും നമ്മട മക്കളല്ലെടീ..”
“ങാ.. അതെ അവരൊക്കെത്തന്നെയല്ലെ നമ്മടൈശ്വര്യം..”
“ഇതെങ്ങനിണ്ടെന്ന് വായിച്ചുനോക്ക്..”
“കൊള്ളാം.. നന്നായിട്ട്ണ്ട്.. ന്റെ മോഹനേട്ടനല്ലേ എഴുതണത് മോശാകില്ലല്ലോ.. ആ ക്ലാസിങ്ങ് തരൂ.. അകത്തൊരുപാട് പണീണ്ട്..”
കാവേരി നീ എന്നുടയ പൊണ്ണുതാൻ. അതുക്ക് യാർക്കുമേ സുത്തമാ സന്ദേഹം കിടയാത്. അത്ക്ക്മേൽ യാർക്കാവതുമിറുന്താ അവാളെ ഗവനിക്ക് വേണാ.
എന്നുടയ ഇദയം കൊണ്ടുന്നൈ പാർക്കിറേൻ. ആണാ ണീയെങ്കിറ്ക്കിതെണ്ണ് തെരിയാത്.
ഞാൻ തമിഴിനെ വികൃതമാക്കുന്നില്ല. പണ്ടും നിന്റെ ശെന്തമിഴ് കേട്ടിരിക്കുവാനാണല്ലോ എനിക്ക് താല്പര്യം. നീയൊരു നിലാവായ് എന്നിലേക്കൊഴുകിയിറങ്ങുമോ? നീയേതോ ഒരു അദൃശ്യലോകത്താണെന്നെനിക്കറിയാം. എങ്കിലും നിന്നെ ഞാൻ കാണും. പ്രണയത്തിന്റെ തീക്ഷണ വലയം നമ്മെ അണച്ചു ചേർക്കുകതന്നെ ചെയ്യും. ഒരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ടു കഴിഞ്ഞ നാളുകൾ.. നീ അഗ്രഹാരത്തെ ആചാരങ്ങളും മന്ത്രോച്ഛാരണങ്ങളും മറന്ന് എന്നെ മാത്രം ധ്യാനിച്ചുകഴിഞ്ഞ നിന്റെ പേരുപോലെ പരിശുദ്ധയായ എന്റെ കാവേരി ഇഴപിരിയാനാവാത്ത ജീവിതം കൊതിച്ച നമുക്കിടയിൽ പൂണൂലൊരു അസാധാരണ മതിൽക്കെട്ടായി നിന്നപ്പോൾ ഇരുവർക്കും തോറ്റുമടങ്ങുവാനെ കഴിഞ്ഞുള്ളൂ.. നമ്മളാഗ്രഹിച്ചപോലെ ജീവിക്കുവാനായില്ലെങ്കിലും മരിക്കാലോന്ന് തുനിഞ്ഞിറങ്ങിയ നിമിഷം നീ അഗ്രഹാരത്തിലും ഞാനെന്റെ വീട്ടിലും കയർ കുരുക്കിയതാണ്. പക്ഷെ.. എന്നോട് ക്ഷമിക്കൂ.. നിർഭാഗ്യവശാൽ അനുഭവിക്കാൻ ബാക്കിയാക്കിക്കൊണ്ട് വിധി എന്റെ മുമ്പിൽ ജീവിതത്തിന്റെ ഇടനാഴികൾ വിദഗ്ധമായി തുറന്നിട്ടിരിക്കുന്നു. ഇനിയെത്ര കാലം പിന്നിടുമെന്നെനിക്കറിയില്ല. നിന്റെയരികിലേക്ക് ഓടിയെത്തണമെന്നുണ്ടെങ്കിലും അതിനു കഴിയില്ല. കുടുംബത്തിന്റെ കെട്ടുപാടുകൾ അനുവധിക്കുന്നില്ല. നിന്നെപ്പോലെ പ്രിയപ്പെട്ടവളാണ് വരദയും. നിന്റെ ശരീരം മറഞ്ഞാലും നെഞ്ചിലെ ചൂടുപോലെ നീയെന്നിലുണ്ട്. ദൈവം നിന്റെ പ്രകൃതമുള്ള മകളെ എനിക്കുതന്നു. അവൾ മിടുക്കിയാണ്. അവളുടെ പേരെന്തെന്ന് നിനക്കറിയാം. !