അസ്തിത്വം തേടാതെ ജീവിച്ച് മരിച്ച മനുഷ്യകൂട്ടങ്ങൾ തിങ്ങിപാർത്ത ചേരികളേയും അവിടെ മേഞ്ഞ് നടന്ന പന്നിക്കൂട്ടങ്ങളെയും അപ്രത്യക്ഷമാക്കി, ആകാശക്കാഴ്ചയെ ദീപ്തമാക്കി ഉയർന്ന് നില്ക്കുന്ന 24 നില “Cave” ഫ്ലാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലെ 184 A എന്ന ബോർഡ് പതിപ്പിച്ച 4 Bed room ഫ്ലാറ്റിന്റെ സ്വീകരണമുറിയിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ഗണപതിവിഗ്രഹത്തിനരികത്തെ പീഠത്തിൽ അലസമായി കിടന്ന ഒരാഴ്ച മുമ്പത്തെ ചെന്നൈ എഡിഷൻ മലയാള ദിനപത്രത്തിലെ ക്ലാസ്സിഫൈഡ് പേജിലെ സാമാന്യം വലിപ്പത്തിലുള്ള ഒരു പരസ്യം കാണേ, ജയകൃഷ്ണനിൽ ഇരുപത് വർഷത്തോളമായി അസ്വസ്ഥത മാത്രം തന്നിരുന്ന വിവരിക്കാനാവാത്ത എന്തോ ഒന്ന് അപ്രത്യക്ഷമാവുകയും പകരം ‘തോണിക്കര’ എന്ന ഗ്രാമവും അവിടെയൊക്കെ പാറി നടന്ന ജയന്റേയും തുമ്പിയുടേയും കിന്നാരങ്ങൾ മുഴങ്ങുകയും ചെയ്തു.
-വീടും പുരയിടവും വിൽപനയ്ക്ക് –
കൊല്ലം: കൊല്ലംജില്ലയിൽ നാഷണൽ ഹൈവേയ്ക്ക് 5 km സമീപം പുഴയടെ വളരെ സമീപത്ത് തോണിക്കരയിൽ ഒരു ഏക്കർ പുരയിടവും, അതിൽ പൂമുഖങ്ങൾ തടികൊണ്ട് തീർത്ത രണ്ട് നിലവീടും വിൽപനക്ക്. Contact No ……………
ജന്മനാട്ടിലേക്ക് തനിക്ക് മടങ്ങാനുള്ള സമയമിതാണെന്ന സഹജവാസനയിൽ അയാൾ ഉന്മേഷിതനായി. പത്രവുമായി ബെഡ്റൂമിൽ എത്തിയപ്പോൾ അവിടമാകെ സുഗന്ധം വിടർത്തി കൊണ്ട് കാവേരി മയങ്ങുന്നുണ്ടായിരുന്നു. തന്റെ കമ്പനിയിൽ ട്രെയിനിയായി ചേർന്ന ഇവൾ അന്ന് പടർത്തിയ തീക്ഷ്ണസ്വാധീനം ഇന്നും ചോരാതെ നിൽക്കുന്നതിന്റെ സാംഗത്യത്തെ പറ്റി അയാൾ ചിന്തിച്ചു നിന്നു…
‘ജയേട്ടാ, കനവ് കാണുകയാണോ”? – അവൾ ജയനെ ഉണർത്തി.
ജയകൃഷ്ണൻ പത്രം അവൾക്ക് നലകി. കുറഞ്ഞ വർഷങ്ങൾ അയാളുമായി സഹവസിച്ച് നേടിയ മലയാളത്താൽ പത്രത്താളിൽ അയാൾ മാർക്ക് ചെയ്തിട്ടിരുന്ന പരസ്യഭാഗം അവൾ വായിച്ചു.പ്രോഗ്രസ്സ് കാർഡ് കാത്ത് നില്ക്കുന്ന കുട്ടി കണക്കേ അകാരണമായി അയാളുടെ ഉളളം വിറച്ചു.
“ജയേട്ടന്റെ നാട്”, ഏട്ടന്റെ തോണിക്കര! – അവളുടെ കിലുങ്ങുന്ന പ്രതികരണത്തിൽ അയാൾ ആർദ്രമായി.
“നമുക്കിത് വാങ്ങാം” -സ്വരം വിങ്ങാതിരിക്കാൻ അയാൾ പണിപ്പെട്ടു. കിടക്കയിൽ ആരോഹണത്തിലവൾ പടരുമ്പോൾ അയാൾ സ്വപ്നങ്ങളുടെ മുടികൾ താണ്ടുകയായിരുന്നു… ഓർമ്മകളുടെ പാഥേയമഴിക്കുകയായിരുന്നു…. ‘തോണിക്കര’ തോടിലെ ജലനിരപ്പുകൾക്ക് മുകളിലെ മാളങ്ങളിൽ നിന്ന് ഞണ്ടുകൾ അയാൾക്കായി മാളം വിട്ടിറങ്ങുകയായിരുന്നു…
തോട്ടിൽ നീന്തൽ പഠിപ്പിക്കുമ്പോളാണ് അഗ്രം രണ്ടായി പിളർന്ന്, വിടർന്ന് കൂർത്ത പരുപരുത്ത കാലുകളുള്ള ഞണ്ടുകളെ ജയനും ആതിരയ്ക്കും അവന്റെയച്ഛൻ കാട്ടിക്കൊടുത്തത്.
”മാമാ ഇതിന്റെ കണ്ണുകളെന്താ തിളങ്ങണേ” ? – ആതിരയുടെ സ്വരകിലുക്കം.
“ഇത് കരഞണ്ടുകളാ, എല്ലാടത്തും കാണും”-കുഞ്ഞ് ബാല്യങ്ങളുടെ സന്തോഷം.
ഉറക്കത്തിനടയിൽ ഉണർന്ന കാവേരി, ജനാലയിലൂടെ ആകാശകാഴ്ച കണ്ടുനിൽക്കുന്ന ജയനോട് ചിണുങ്ങി
” ജയേട്ടാ, എന്താ പറ്റിയത്?.. വന്നേ.. ജയേട്ടാ
അത് ജയേട്ടൻ decide ചെയ്തു കഴിഞ്ഞതല്ലേ.. ”തിരക്കിട്ട ജയേട്ടന്റെ ഓട്ടത്തിനിടേല് രാത്രിയിലാ ഇവിടെ, എനിക്കാകെ കിട്ടണത്, എനിക്ക് ഇവിടെ ചേർന്നെപ്പോഴും കിടക്കണം…കാവേരി കിലുങ്ങുന്നു… അവളുടെ ശബ്ദത്തിലെ കിലുക്കം…
ആതിരയുടെ പാദസ്വരങ്ങളുടെ ഓർമ്മകിലുക്കം….
ആ ഓർമ്മപ്പെടുത്തലാണ് ജയകൃഷ്ണന്റെ Construction കമ്പനിയിൽ ട്രെയിനി ആയി എത്തിയ കാവേരിയെ തന്റെ ജീവിതത്തിലേക്ക് അയാൾ ക്ഷണിക്കുന്നത്. ആ കിലുക്കത്തെ ഏറ്റ് വാങ്ങാനാണ് കുട്ടികൾ തൽക്കാലം വേണ്ടാ എന്ന അവളുടെ നിർദ്ദേശം തന്റെ ആശയമായി തികച്ചുമയാൾ തീർച്ചപ്പെടുത്തിയത്.
കാവേരി കിടക്കയിൽ ചുഴിയും പരപ്പും വിടർത്തി ആർത്തലയ്ക്കുന്ന ആറായി അയാളിലേക്ക് പടരുമ്പോർ അയാൾ തോണിക്കര തോട്ടിൽ അവന്റെ തുമ്പിക്കൊപ്പം നീങ്ങിയിറങ്ങുകയായിരുന്നു. ചുറ്റും കൈതപൂക്കളുടെ ഗന്ധം. ആതിര മറ്റൊരു കേതകി ആയി തെളിയിന്നു. പായലിന്റെ പ്രതലം മൂടിയ പാറക്കെട്ട് വിട്ട് വഴുക്കലില്ലാത്ത മറ്റൊരു കാലത്തേക്ക് അയാൾ പറ്റിപ്പിടിക്കുകയായിരുന്നു.
“ആ മുത്തം ഈ മുത്തം പൂത്തിട്ടുണ്ടേ
അതിലൊരു പൂമരം പൂത്തിട്ടുണ്ടേ
ആ മുത്തും ഈ മുത്തും കോർത്തിട്ടുണ്ടേ
അതിലൊരു മാലയൊരുങ്ങിട്ടുണ്ടേ..
കളിയെടാ കുറിയെടാ കുഞ്ഞി പയ്യേ !….
മയിനാടൻ മഞ്ഞള് തേയ്ക്കടീ കുഞ്ഞിപെണ്ണേ “…..
തോട്ട് വക്കത്തെ ജയകൃഷ്ണന്റെ സിമന്റ് തേയ്ക്കാത്ത വീട്ടിന്റെ ഉമ്മറത്ത് സന്തോഷതാളത്തിൽ തുടരെയായി അവരുയർത്തുന്ന പാട്ട് മേളം. SSLC പരീക്ഷ കഴിഞ്ഞ് കിട്ടിയ അവധിക്കാലം ആഘോഷിക്കുന്ന ജയനും അവന്റെ തുമ്പിയും.ആതിരയെ തുമ്പീന്ന് വിളിക്കുമ്പോൾ അവനിലുണരുന്നത് പൂത്തിരുവാതിര തിളക്കമായിരുന്നു……
”ആ മുത്തം ഈ മുത്തം പൂത്തിട്ടുണ്ടേ
ആ മുത്തും ഈ മുത്തും കോർത്തിട്ടുണ്ടേ..”
കക്ക വാരൽ നടക്കാതെ നേരത്തേ വീട്ടിലെത്തിയ ജയന്റെയമ്മയും അവരോടൊപ്പം പാട്ടുകൾക്ക് താളമിട്ടു. പലവ്യഞ്ജനങ്ങൾ വാങ്ങാൻ ജംഗ്ഷനിലേക്ക് പോകുമ്പോൾ, ജയന്റെ മനസ്സ് വർണ്ണ പട്ടമായി പറക്കുകയായിരുന്നു. തുമ്പിയേയും തന്നെ പോലെ അമ്മ ചേർത്ത് വയ്ക്കുന്നല്ലോ എന്ന കാഴ്ചയുടെ തിരിച്ചറിവ്…. പക്ഷേ സാധനങ്ങൾ വാങ്ങി തിരികെയെത്തുമ്പോൾ അവൻ കണ്ടത് അവിടം മറ്റൊരു ലോകമായതാണ്….
എന്താണിവിടെ സംഭവിച്ചത്?
വിതുമ്പിക്കരയുന്ന ആതിര…
ആക്രോശിച്ചലറി കരയുന്ന അമ്മ!
അവളെ അമ്മ ആട്ടിപ്പായിക്കുന്നു. പോകാതെ നില്ക്കുന്ന അവളെ ചേർത്ത് പിടിച്ച് അമ്മ കരയുന്നു. അവളും കരയുന്നു. തന്നോട് യാത്ര പറഞ്ഞേ പോകൂ എന്ന നിർബന്ധത്താൽ നില്ക്കുകയായിരുന്ന അവൾ മെല്ലെ വിതുമ്പി അകലുന്നു. തന്റെ തുമ്പിയുടെ ആ മുഖമല്ലേ, ആ വിതുമ്പലല്ലേ…
താൻ അവസാനമായി കണ്ടത്?
എന്താണിവിടെ സംഭവിച്ചത്?
അന്തരീക്ഷത്തിൽ വാറ്റ് ചാരായത്തിന്റെ രൂക്ഷത!നാടോടി ആയി നടക്കുന്ന അച്ഛൻ വീട്ടിലെത്തിയിരിക്കുന്നു. കട്ടിലിൽ കിടന്ന് അച്ഛൻ പാടുന്നു.
”കല്ലിനുള്ളിലെ ഞണ്ടേ
കല്യാണത്തിന് പോകാമെടീ
കല്ലും വീട്ടിലെ ഞണ്ടേ
കള്ളുഷാപ്പില് പോകാമെടീ
തോട്ട് വക്കത്തെ ഞണ്ടേ
തുമ്പി പെണ്ണിനെ കണ്ടോടീ…. ”
“നിങ്ങളെന്നെയും മോനേയും കൊല്ല് “…… അമ്മയുടെ ആക്രോശം കരച്ചിൽ മാത്രമാവുന്നു.
”പ്രായം തെകഞ്ഞ പെണ്ണിനെ തന്നെ വേണല്ലേ?..
ഞാനിവിടെയില്ലായിരുന്നെങ്കി….
നിങ്ങൾക്ക് വേറെ ആരേയും കിട്ടില്ലേ”………..?!
“എടീ, പൂ… മോളേ, അതെന്റെ രാഘവന്റെ മോളാ, ദാ എവനും അവളും എന്റെ കയ്യേ കെടന്ന് വളന്നതാ”
അമ്മയുടെ കണ്ണീർ, അമ്മമാരുടെ കണ്ണീർ…. പതിവിനുമപ്പുറം തുലാവർഷം അത്തവണ ആർത്തലച്ച് പെയ്തു! തോണിക്കര തോട്ടിലേക്ക് പുഴവെള്ളം തള്ളി വന്നു… കരയടർന്ന് പലയിടങ്ങളിലായി വെള്ളം കവിഞ്ഞാഴുകി…
പാമ്പുകളും നീർനായ്ക്കളും തോട്ടിലേക്ക് ഒഴുകിയെത്തുന്നു. തോട് പുഴയിൽ ചെന്ന് കയറുന്ന ആറ്റുപുറത്ത് കൈതക്കൂട്ടങ്ങളുടെ തലപ്പ് മാത്രമേ തെളിഞ്ഞ് കാണുന്നുള്ളൂ. രാത്രികളിൽ ആണുങ്ങളേറെയും തോടിന്റെ ബണ്ട് പൊട്ടാതെ നോക്കാനായ് ആറ്റുപുറത്തെ പൊറ്റപ്പുറങ്ങളിൽ വാറ്റ് ചാരായത്തിൽ മയങ്ങി കിടന്നു.
വെളളമിറങ്ങുമ്പോൾ സാധാരണയായി ഒറ്റലും കൈവലകളും ടോർച്ചുകുമായി തടങ്ങളിൽ പെടുന്ന മീനുകളെ പിടിക്കാനിറങ്ങുന്ന ആൾക്കൂട്ടം, ടോർച്ചും കുറുവടികളുമായി ആ വട്ടമിറങ്ങിയത് കാണാതായ ഒരുവളെ തേടിയാണ്. വസ്ത്രങ്ങളെല്ലാം ചീന്തപ്പെട്ട പെങ്കൊച്ചിന്റെ ശരീരം ആറ്റുപുറത്തെ കൈതക്കാട്ടിൽ തങ്ങി കിടന്നു. ശരീരത്തിന്റെ പലയിടങ്ങളിലും അടർന്ന, ചീർത്ത ആതിരയുടെ ശരീരം…
രാഘവൻ മാമന്റെ അലർച്ചയാണോ എന്റെ വിതുമ്പലാണോ ആതിര കേട്ടിരിക്കുക?..” എന്റെ തുമ്പി.. എന്റെ പൂത്തിരുവാതിര….”
വെള്ളമിറങ്ങി രണ്ട് നാള് കഴിഞ്ഞും വെള്ളത്തിനൊപ്പമടിഞ്ഞ ചേറ് തറയിൽ തന്നെ കിടന്ന വീട്ടിലെ വാതിലുകൾ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന ആൾക്കൂട്ടം കണ്ടത് കഴുക്കോലിൽ തൂങ്ങിയാടുന്ന അമ്മയെയും കാലിൽ കെട്ടിപ്പിടിച്ച് കരയുന്ന ജയനെയുമാണ്.
“നശിപ്പിച്ചവന്റെ മോനേ..”
ആൾക്കൂട്ടത്തിന്റെ മുന്നിൽ വിറ കൊണ്ട് നിന്ന രാഘവൻ മാമന്റെ അലർച്ച കാലങ്ങൾക്കിപ്പുറവും മുഴങ്ങുന്നു. അവരെന്തിനാ ജീവൻ ബാക്കി വച്ച് തന്നെ ആട്ടിയോടിച്ചത്? പാദസ്സരത്തിന്റെ കിലുക്കം കാതോരത്ത് നിറയാൻ തന്നെയും അവൾക്കൊപ്പം അയയ്ക്കാമായിരുന്നില്ലേ? നാടുവിട്ടവന്റെ സ്ഥിരം കഥനം. ഇരയായും പിന്നെ വേട്ടക്കാരനായും തെരുവിന്റെ വൈകൃതങ്ങൾ നിറഞ്ഞ വേഷപകർച്ചകൾ. കഥ തുടരും വിധം ജീവിതയേറ്റങ്ങൾ.. സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്ന മുഖം… ചെന്നൈയിലെ എണ്ണം പറഞ്ഞ “CAVE കൺസ്ട്രക്ഷൻഗ്രൂപ്പ്” ന്റെ ഉടമ. ഉന്മേഷമുണർത്തുന്ന സന്തോഷവതിയായ ഭാര്യ… എങ്കിലും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഓടകളിലെ ചീഞ്ഞ് നാറുന്ന കാഴ്ചകളാവട്ടെ റെയിൽവേ സ്റ്റേഷനിൽ രാത്രി ജന്തുക്കളെ പോലെ വിലങ്ങനെ കിടക്കുന്ന പാവം മനുഷ്യരാവട്ടെ ‘തോണിക്കരതോടും പറന്നകന്ന തുമ്പിയും’ വിവരിക്കാനാവാത്ത നിയതമല്ലാത്ത വികാരം ജയനിൽ ജ്വലിപ്പിച്ചുനിർത്തി. കൈതപ്പൂക്കളുടെ മാദകഗന്ധം അയാളിൽ നിന്ന് ഒഴിഞ്ഞ് പോകുന്നതേയില്ല!
താമസംവിനാ പരസ്യത്തിൽ കണ്ട തോണിക്കരയിലെ പുരയിടവുംവീടും വാങ്ങുന്ന നടപടികൾ ശരവേഗത്തിൽ നടന്നു. ജയന് സ്വസ്ഥചിന്ത നൽകും വിധം എല്ലാ നടപടി ക്രമങ്ങളും കാവേരിയാണ് നേരിട്ട് നടത്തിയത്. രജിസ്ട്രാറോഫീസിൽ ആധാരം നടത്തി, തോണിക്കരയെ സമീപിക്കേ തോടും പുഴയും തന്നെ ഭേദ്യം ചെയ്യാൻ കാത്തിരിക്കുന്നതായി ജയകൃഷ്ണന് തോന്നി..
കൈതക്കാടുകൾ തനിക്ക് ചുറ്റും വളർന്നെത്തുമോ?
‘എവിടെ നിന്നോ വാങ്ങി പൊളിച്ച് കൊണ്ട് വന്ന് റീസെറ്റ് ചെയ്ത, വലിയ തളവും ഇരട്ട പൂമുഖവുമുള്ള ഇരുനില വീട്. തോണിക്കരതോട് എങ്ങോ അപ്രത്യക്ഷമായിരുന്നു. ജയകൃഷ്ണന്റെ വീടിരുന്ന സ്ഥലം ചൂണ്ടിക്കാട്ടി കൊടുക്കാൻ സാധിക്കാത്ത വിധം വൻകുഴികളായി, അവിടെയാകെ കറുത്ത വെള്ളം കെട്ടി നിൽക്കുന്നു!പലയിടങ്ങളിൽ പല ആകൃതി കാണിക്കുന്ന പുഴ ശരിക്ക് ഒഴുകുന്നുണ്ടോ? വെട്ടുവഴിക്ക് പകരം വന്ന ആകെ പൊളിഞ്ഞ് കിടക്കുന്ന ടാറിട്ട റോഡിലൂടെ തലങ്ങും വിലങ്ങും പല രൂപത്തിൽ ബർമുഡ ധരിച്ച് പായുന്ന ചെറുപ്പക്കാർ!’
“മണൽക്കടത്തിന്റെ എസ്കോർട്ട് ടീമാ. ഇത് മിക്കവരും വരുത്തരാ..”പരിചയപ്പെടാനെത്തിയവരിലേതോ നാട്ടുകാരൻ ഊന്നി പറഞ്ഞു.
പുഴയുടെ തീരങ്ങളും ആറ്റുപ്പുറത്തെ പൊറ്റ പുറങ്ങളും ചുറ്റി കറങ്ങി ജയൻ ചെവിയോർത്തു. നിസംഗത കാട്ടി തുടങ്ങിയ ജയകൃഷ്ണനും പിൻപറ്റി കാവേരിയും..
കൈതപൂക്കളുടെ ഗന്ധവും തുമ്പിയുടെ കിന്നാരവും എവിടേക്കാണ് മാഞ്ഞകന്നത്?
പറമ്പിലവരൊരു പച്ചക്കറിത്തോട്ടം ഒരുക്കുക എന്നതിലേക്ക് തന്റെ ലക്ഷ്യമൊതുങ്ങിയോ?. പാവലും പയറും പടർത്തുക..പരിപാലക്കുക.. എന്നതായോ ലക്ഷ്യം?
” ചെന്നൈ വളരെ അടുത്താ അല്ലേ?”
ജയന്റെ വാക്കുകൾ കേട്ട് കാവേരി കിലുങ്ങി ചിരിച്ചു. ജയകൃഷ്ണന് അവളുടെ ചിരിയിൽ പങ്ക് ചേരാൻ കഴിഞ്ഞില്ല … അവളുടെ പതിവ് ചിരി കിലുക്കത്തിൽ നിന്നും ആതിരയുടെ പാദസ്സരങ്ങളുടെ താളവും അകന്ന് പോകുന്നുവോ? എന്തോ അറിയില്ല! ‘കൺസ്ട്രക്ഷൻ കമ്പനിയുടെ ദൈനംദിനതാളം തെറ്റുന്ന വിവരം ജനറൽമാനേജർ പലവട്ടം വിളിച്ചറിയിക്കുന്നു. ഒരാളുടെയെങ്കിലും സാന്നിധ്യം അവിടെ ഉണ്ടായേതീരൂ എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. താൻ ചെന്നൈയിൽ പോകാം എന്ന നിർബന്ധബുദ്ധി കാരണങ്ങളില്ലാതെ ജയകൃഷ്ണൻ കാട്ടി.
തന്റെ വാക്കുകളിൽ സത്യസന്ധതയ്ക്ക് പകരം നാടകീയത നിറയുന്ന പോലെ!
“കണ്ടോ കാവേരി നമ്മുടെ പാവലുകൾ ഉടനെ പൂക്കും.. ആദ്യം വരുന്നതൊക്കെ കള്ളപൂവാണ്. പിന്നെ ശരിക്കുള്ളത് പുറകേയെത്തും.നന്നായി ശ്രദ്ധിക്കണേ കാവേരീ, നിന്റെ ശ്രദ്ധയുണ്ടെങ്കിലേ അയാളും അയാള്ടെ ഭാര്യയും ശരിക്ക് വെള്ളം നനയ്ക്കൂ… “
-ആയിരത്തിൽ പരം ജീവനക്കാരെ നിസ്സാരതയോടെ നിയന്ത്രിക്കുന്ന കൺസ്ട്രക്ഷൻഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജയകൃഷണൻ പച്ചക്കറിത്തോട്ടം പരിപാലിക്കാൻ നിയമിച്ച പാവപ്പെട്ട ഒരു കുടുംബത്തിന്റെ മേൽനോട്ടത്തെ സംബന്ധിച്ചും അസംബന്ധമായി പലതും ആവർത്തിച്ചു.
“നിന്നെ ഒറ്റയ്ക്ക് ചെന്നെയ്ക്ക് വിടാൻ ധൈര്യമില്ലാത്തത് കൊണ്ടല്ലേ ,ഞാൻ തന്നെ പോകാമെന്ന് തീരുമാനിച്ചത്! ഞാനുടനെ ഇങ്ങെത്തും.. ഏറിയാൽ 15 days… ആരേലും ഇവിടെയും വേണ്ടേ, ഇവിടെ അനാഥമാക്കി ഇട്ടേച്ച് പോകാൻ പറ്റില്ല.. ചിന്തിക്കാൻ പറ്റുന്നില്ലെനിക്ക് കാവേരീ ” ….
തിരികെ ചെന്നൈയിൽ വിശാലഫ്ലാറ്റിന്റെ ഏകാന്തതയിൽ എത്തിയപ്പോൾ, ഓർമ്മകളിലെ തെളിനീര് തീർത്തുമകന്ന് ദൃശ്യങ്ങളിലെല്ലാം കാളിമ മാത്രം പൂണ്ട് ജയകൃഷ്ണനെ നോവിക്കാനെത്തി.
കൈതക്കാട്ടിൽ ചീർത്ത് തൊലിയടർന്ന തന്റെ തുമ്പി..
കഴുക്കോലിൽ കെട്ടിയാടി നില്ക്കുന്ന അമ്മയുടെ ഞരക്കം…
ഉറക്കത്തിനിടയിൽ ഞെട്ടിയുണർന്ന് അമ്മയുടെ കാലുകളിൽ കെട്ടിപ്പിടിച്ച് കരയുന്ന താനെന്ന പേക്കോലം.., രാഘവൻമാമന്റെ അലർച്ചയാണോ താനിപ്പോൾ അകലെയായി കേൾക്കുന്നത്? അതോ അച്ഛന്റെ വഷളൻ പാട്ടുകളോ?
അച്ഛൻ… ആ ഓർമ്മയെ അങ്ങനെ വിളിക്കാവോ? ആ രൂപം തകർത്തെറിഞ്ഞ തന്റെയമ്മയും തുമ്പിയും തന്റെ അസ്തിത്വവും.അഭയം നൽകി വളർത്തിയ ഈ മഹാ നഗരത്തിനുമാവുന്നില്ലല്ലോ സ്വസ്ഥത നൽകാൻ. അസ്വസ്ഥതയിൽ നിന്ന് സ്വസ്ഥത തേടിപ്പോയ ഗ്രാമത്തിലും അസ്വസ്ഥത കൂടുന്നതേയുള്ളൂ. തേടി പോകേണ്ടത് ഇനി എവിടേക്ക് ..
അകലെ വിളക്ക് മാടത്തിൽ തനിക്കായി കാത്തിരിക്കുന്ന കാവേരിയിലേക്ക്’… അവളിലേക്ക് മാത്രം! അർത്ഥമറിയാതെ ജയനിൽ പാട്ടുണരുന്നു. തോണിക്കര തോടിലെ ജലപരപ്പിന് മുകളിലെ മാളങ്ങളിൽ നിന്നിറങ്ങി വരുന്ന രൂപങ്ങൾ! പരുപരുത്ത കൈകളും തിളങ്ങുന്ന കണ്ണൂകളുള്ള ഞണ്ടുകൾ…തോണിക്കരയിലെ വീടിനെ സമീപിക്കുമ്പോഴും ജയൻ അറിയാതെ മൂളുന്നു..
“കല്ലിനുള്ളിലെ ഞണ്ടേ!
കള്ളടിക്കാൻ പോകാമെടീ!
കല്ലും വീട്ടിലെ ഞണ്ടേ!
കല്യാണം കൂടാൻ പോകാമെടീ…… “
“യാത്രകളിലത്രയിലുമേറ്റ കാരമുള്ളുകളും കാലുകളിൽ നിന്നടർന്ന് നേദ്യമായി വീണ മാംസവും നിന്റെ ആത്മരതിയുടെ ഭാവനകളായിരുന്നില്ലേ?..വിങ്ങലായ് കൊണ്ട് നടന്ന അനാദൃശ്യസ്പർശങ്ങളെ മറവിയുടെ കയങ്ങളിലേക്ക് വലിച്ചെറിയൂ.ഇനി നീ സ്വസ്ഥമായുറങ്ങൂ!.. ഈ രാവിൽ ചന്ദ്രന്റെ പ്രഭ കെടുന്നതിന് മുമ്പ് തന്നെ നീയൊരു ഉന്മേഷജീവിത പ്രപഞ്ചമുണർത്തൂ. നിന്നെ പിൻപറ്റാൻ കാത്തിരിക്കുന്ന സൂക്ഷ്മത്തെ കാവേരിയിൽ സമർപ്പിച്ച് സുഷിപ്തിയിൽ നിന്നുണർത്തൂ…….”
നിലാവത്ത് തിളങ്ങി നിൽക്കുന്നത് രണ്ട്നില കെട്ടിടം ജയകൃഷ്ണൻ നോക്കി നിന്നു.കാവേരി, അവൾ,പാവം ഭയന്ന് ഉറങ്ങുകയാവാം. മൂന്ന് ദിവസങ്ങളായി ഈ അപരിചിതത്വത്തിൽ അവൾ ഒറ്റയ്ക്കല്ലേ!
തന്റെ പെട്ടെന്നുള്ളവരവ് അവൾക്ക് Surprise ആകട്ടെ! അവൾ ഞെട്ടും തീർച്ച!! അവളുടെ കിലുക്കമുള്ള സന്തോഷം തനിക്ക് കാണണം!!!
വീടിനുള്ളിൽ കാവേരിയുടെ ചിരി കേൾക്കുന്നു സ്ഫടിക ചില്ലുകൾ വീണുടയുന്ന കിലുങ്ങുന്ന ചിരി. അവളിതുവരെ ഉറങ്ങിയില്ലേ?
വീടിനടുത്തേയ്ക്ക് ജയകൃഷ്ണൻ സമീപിക്കേ.. കാവേരിക്കൊപ്പം മറ്റൊരു ശബ്ദവും കേൾക്കുന്നു. ഒരു പുരുഷശബ്ദം!! തമിഴ്ചിത്രം അവൾ കാണുകയാണോ?
“ഇനി പത്തു ദിവസം കൂടി അയാളുടെ ശല്യമില്ല” – കിലുങ്ങിയാർക്കൂന്ന കാവേരി!
“അയാളെയിവിടെ തന്നെ നിർത്തീട്ട് നിനക്ക് അവിടേക്ക് വന്നാൽ പോരായിരുന്നോ?” – പരിചിതമായ പുരുഷശബ്ദം!
ഞാൻ ശ്രമിക്കാതെയല്ല, കുട്ടാ… പൊന്നേ.. ഞാൻ കരുതി അയാളിവിടെ അടിഞ്ഞ് കൂടുമെന്ന്… എന്നാലും എവിടെയായാലും നാമൊത്തുചേർന്നില്ലേ! ഇതും safe തന്നെ മോനെ !!…
ഇത് എന്റെ കാവേരിയുടെ സ്വരമാണോ?
മുരൾച്ചകൾ, നെടുവീർപ്പുകൾ, സംഭാഷത്തിന്റെ ഇടവേളകൾ..
” നിന്റെ ।dea സൂപ്പർ.. നീ വരച്ചസ്കെച്ച് perfect…
ഇവിടത്തെ real estate ടീമിനെ കാണുക…. അവരുടേതായ പത്രപരസ്യം.. എന്റെ റോൾ അത്ര തന്നെ… പക്ഷേ അയാളെങ്ങനെ ഈ ചൂണ്ടലിൽ കൊത്തി ?” – അട്ടഹസത്തിന്റെയും ചുംബനങ്ങളുടെയും കിലുക്കങ്ങുടേയും അകമ്പടി.
“ഈ നാട് അങ്ങേരുടെ ജന്മനാടാ, ഇക്കാര്യം രാത്രിയിലൊരു 10 വട്ടം പറയും… ബോറിംഗ് മാൻ..അയാളെ കുരുക്കാൻ പറ്റിയ ചൂണ്ട അത് തന്നെ… പരസ്യം അയാളുടെ കണ്ണിൽ പെടുത്താനാ ഇത്തിരി വിഷമിച്ചത്…… ഒരാഴ്ച ജയന്റെ കണ്ണിൽ കാണാനായ് പലയിടത്തും കൊണ്ടിട്ടു… educated അല്ലല്ലോ!… അവസാനം ഗണപതിപീoത്തിൽ വച്ചപ്പോഴാ മീൻ കുരുങ്ങിയേ..”
പുഴയിൽ നിന്ന് തോണിക്കരതോടിലേക്ക് കയറിവരുന്ന പാമ്പുകൾ കൈതപൊന്തകളിൽ ഇണചേർന്ന് പുളയുമ്പോൾ ചീറ്റുന്ന ശബ്ദമയാൾ കേട്ടു.. വസ്ത്രങ്ങളെല്ലാം ചീന്തിയെറിയേ കരയുന്ന തുമ്പിയുടെ ദൈന്യത… തൂങ്ങിയാടുന്ന അമ്മുടെ ഞരക്കം.. രാഘവൻ മാമന്റെ അലർച്ച തേങ്ങലുകൾ മാത്രമാണെന്നറിയേ… അയാളിൽ നിസ്സംഗത പടർന്നു. കാലത്തിന്റെ കാലുകളെ കൂട്ടിപിടിച്ച് കരയാൻ മാത്രം വിധിച്ച ജയകൃഷ്ണന്റെ മുന്നിൽ പാവൽതോട്ടത്തിന്റെ ധാരാളിത്തം … വിടർന്നിരിക്കുന്നതെല്ലാം കായില്ലാപൂക്കൾ… നിലാവെളിച്ചത്ത് പാവൽ ചുവടുകളിൽ ചെറുമാളങ്ങൾ തെളിഞ്ഞ് വരുന്നു. മാളങ്ങളിൽ നിന്ന് പരുപരുത്ത കാലുകൾ നീട്ടി തിളക്കമുള്ള കണ്ണുകളോടെ ചെറുഞണ്ടുകൾ തെളിഞ്ഞ് വരുന്നു. കരഞണ്ടുകളുടെ എണ്ണമറ്റ നിര..
എണ്ണമെടുക്കാനായ് തുടരട്ടെയല്ലേ ഇയാളുടെ ജന്മം?