ജൂൺമാസത്തിലെ കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലിനോടൊപ്പം ചേമ്പിലക്കുടചൂടി എന്റുമ്മാടെ കൈവിരലിൽ മുറുകേ പിടിച്ചോണ്ടായിരുന്നു അന്ന് പ്രാക്കുളം എൽ. പി. എസ്സ് ന്റെ പായൽ നിറഞ്ഞ പടികൾ ചവിട്ടികയറിയത്…
ഹെഡ്മാസ്റ്റർ എബ്രഹാംസാറിന്റെ നോട്ടം കണ്ടപ്പോൾ തന്നെ വള്ളിനിക്കറിൽ മുള്ളിപ്പോയി. നനഞ്ഞുകുതിർന്ന നിക്കറായതിനാൽ ആരുമറിയാതെ കഴിച്ചിലായി..
ചെമ്മൺപാത പോലെ എന്റെ മൂക്കിനുതാഴെയുള്ള രണ്ടുവരിപ്പാതയിൽ നിന്നും നിത്യവും ഒലിച്ചിറങ്ങുന്ന മൂക്കളകണ്ട് സാറിന് കലിപ്പായി.
പോയി പിഴിഞ്ഞ്കളയാൻ പറഞ്ഞു പുറത്തേക്ക് വിട്ട ഞാൻ ശ്വാസം ഉള്ളിലേക്ക് വലിച്ചു ചീറ്റി വീണ്ടും അകത്തേക്ക് തന്നെ വന്നു.
സംഗതി വീണ്ടും പഴയതുപോലെ ഒലിച്ചോണ്ടിരുന്നു. നാവുകൊണ്ട് പഠിച്ചപണി പതിനെട്ടും പയറ്റി കുത്തിയൊലിപ്പിന് ഒരു ശമനവുമുണ്ടായില്ല..
ഒന്നാംക്ലാസ്സിലെ അഡ്മിഷൻ തരപ്പെടുത്തി വെളിയിലേക്ക് ഇറങ്ങുമ്പോഴായിരുന്നു കണ്ട്രിയമ്മയെ ഞാൻ അന്നാദ്യമായി കാണുന്നത്…
ഓടിട്ട ആ സ്കൂൾ വരാന്തയിൽ ആരോടെന്നില്ലാതെ വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു വല്യമ്മ..
പൊക്കംകുറഞ്ഞു ചുക്കിചുളുങ്ങിയ തൊലിയും, നരബാധിച്ച മുടിയിൽ കൊഴുത്ത കാച്ചെണ്ണ തേച്ചുപുരട്ടി പത്തിരിയ്ക്ക് മാവ് കുഴച്ചുവെച്ചപോലൊരു തല..
മാറിടത്തിൽ അഴുക്കിൽപുരണ്ട ഒരു റൗക്കയുണ്ട്. അതിന്റെ അറ്റങ്ങൾ തമ്മിൽ യോജിപ്പിക്കാൻ ബട്ടൺസിനു പകരം ഉരുണ്ട കല്ലുകെട്ടി ഉറപ്പിച്ചിട്ടുണ്ട് മേലാപ്പിന് ഒരു തോർത്ത്മുണ്ടും..
സ്കൂൾ തുറന്നപ്പോൾ പിറകിലെ ബഞ്ചിലാണ് എനിക്കിരിക്കാൻ സ്ഥലം തന്നത് അതും ജന്നലിനോട് ചേർന്ന്. നിക്കറേ തൂറികൾക്കും, മൂക്കളച്ചാണ്ടികൾക്കും, ചെവിപ്പഴുപ്പനും, വരട്ടുചൊറി പിടിച്ചവനും ഇരിക്കാനുള്ള ബഞ്ചായിരുന്നു ആ പിറകിലുള്ളത്.
അതും ഏതുനേരവും നിലംപൊത്താൻ പാകത്തിന് ഉറപ്പില്ലാതെ ആടിയുലയുന്നത് തറയിൽ കാലുറപ്പിച്ചു ഒരു പ്രത്യേക ബാലൻസിലാണ് ഇരുന്നുപോകുന്നത്.
തൊട്ടടുത്ത നാലാംക്ലാസ്സിൽ ജമാൽസാറിന്റെ വായിൽനിന്നും ഇംഗ്ലീഷ് പദ്യം റെയിൻ, റെയിൻ ഗോ എ വേ ഈണത്തിൽ കേൾക്കുമ്പോൾ ഞങ്ങൾ ജന്നൽപ്പഴുതിലൂടെ കണ്ട്രിയമ്മയെ നോക്കും പദ്യത്തിന്റെ ഈണത്തിനൊത്തു തലയിട്ടാട്ടുന്നത് കാണാൻ നല്ലരസമായിരുന്നു..
ഡ്രിൽ പീരീഡിലും, ഇടവേളകളിലും അവർക്ക് ചുറ്റും കുട്ടികൾ കൂടിയിരുന്നു കളിയീലിലമ്മയെ കണ്ട്രീന്ന് നീട്ടിവിളിക്കുമ്പോൾ വേലിപ്പത്തലൊടിച്ചു ഓടിച്ചുകൊണ്ടു ചീത്ത വിളിക്കുമായിരുന്നു.
കുയിലനും, കല്ലിജ്യോതിയുമായിരുന്നു ഇവരുടെ മുഖ്യ ശത്രൂക്കൾ…
ഉച്ചനേരത്ത് വെച്ചുവിളമ്പുന്ന ഗോതമ്പുചോറ് വട്ടയിലയിൽ പൊതിഞ്ഞു മടിക്കുത്തിൽ തിരുകി കുനിഞ്ഞു പോകുന്ന ആ അമ്മ ആരുടെ ആമാശയമായിരിക്കും നിറയ്ക്കാൻ പോയത്.?
കല്യാണ വീടുകളിൽ പോയി വരുന്ന എന്റുമ്മാന്റെ മടിക്കുത്തിൽ നിന്നും എനിക്കും കിട്ടിയിട്ടുണ്ട് ആരും കാണാതെ ഒളിപ്പിച്ചു കൊണ്ടുവരുന്ന കടലപ്പരിപ്പും, ശർക്കരേം ഇട്ടു കുതിർത്ത അവൽ..
ഓർമ്മയുടെ ഇളവെയിലേറ്റ് തളർന്നു മയങ്ങുമ്പോൾ അലറിവിളിക്കുന്ന ആമാശയം ഒരുപാട് കൊതിക്കാറുണ്ട് ആ മടിക്കുത്തിലെ ആരും കാണാതെ ഒളിപ്പിച്ചു കൊണ്ട്തന്ന നൈവേദ്യം…