ഓണം പുരാണത്തിൽ:
ഓണമെന്നു കേട്ടാൽ ആബാലവൃദ്ധം ജനങ്ങളുടെ മനസ്സിൽ കടന്നു വരുന്ന കഥ വാമനൻ എന്ന മഹാവിഷ്ണു മഹാബലി എന്ന അസുരചക്രവർത്തിയെ പാതാളത്തിലേക്കു ചവിട്ടിതാഴ്ത്തിയെന്നും പിന്നീട് മഹാബലി ആണ്ടിലൊരിക്കൽ പ്രജകളെ കാണാനായി ചിങ്ങമാസത്തിലെ തിരുവോണം നാളിൽ വരുന്നതുമായ കഥയാണ്..
വാമനൻ = മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം.
ബലി (മഹാബലി) = ഒരു അസുര ചക്രവർത്തി. പ്രഹ്ലാദന്റെ പൗത്രൻ.
പ്രഹ്ലാദന്റെ പുത്രനായ വിരോചനന്റെ പുത്രനാണ് മഹാബലി.
മഹാബലിയുടെ പുത്രൻ ബാണാസുരൻ.
ബാണന്റെ പുത്രി ഉഷ.. ഉഷയുടെ ഭർത്താവ് അനിരുദ്ധൻ.
ഉഷയുടെ തോഴി ചിത്രലേഖ. ചിത്രം വരയ്ക്കാൻ മിടുക്കിയായതിനാൽ ചിത്രലേഖ എന്നു പേര് കിട്ടി.
ശ്രീകൃഷ്ണന്റെ പൗത്രനാണ് അനിരുദ്ധൻ. ശ്രീകൃഷ്ണന് രുക്മിണിയിൽ പ്രദ്യുമ്നനും പ്രദ്യുമ്നന് മായാവതിയിൽ അനിരുദ്ധനും ജനിച്ചു.
ബാണയുദ്ധം കഥകളി കണ്ടിട്ടുണ്ടോ… ഹാ.. അതിൽ ഉഷയും ചിത്രലേഖയും തമ്മിൽ ഒരു പന്തടിച്ചു നൃത്തമുണ്ട്… കുടമാളൂർ കരുണാകരന്റെ ഉഷയും, മാത്തൂർ ഗോവിന്ദൻ കുട്ടിയുടെ ചിത്രലേഖയും.. എത്ര കണ്ടാലും മതി വരില്ല.. അതുപോലെ തന്നെ മാർഗി വിജയകുമാറിന്റെ ഉഷയും കോട്ടയ്ക്കൽ ശിവരാമന്റെ ചിത്ര ലേഖയും… കലാമണ്ഡലം ഹൈദരാലിയുടെ പാട്ടും. ശ്രുംഗാരപദങ്ങൾ കൊണ്ട് നിറഞ്ഞ പാട്ടും അഭിനയവും… ഇതിൽ ഉഷയും ചിത്രലേഖയും തമ്മിലുള്ള പന്തുകളി…
‘പന്താണി മുലയാൽ പന്ത് വലം കൈ.. കൊണ്ടടിച്ചു…’ (ഈ പദം ഹൈദരാലി കുറഞ്ഞത് 15 തവണ15 രീതിയിൽ പാടുന്നതും അതിനനുസരിച്ചു ഉഷയും ചിത്രലേഖയുടെയും അഭിനയവും കാണേണ്ടത് തന്നെയാണ്…
പിന്നീടുള്ള പദം:
തലമുടി അഴിഞ്ഞതും..
മുലയിണ ഉലഞ്ഞതും..
ഉഷ പറയുന്നു: സ്വപ്നത്തിൽ വന്നവനെന്റെ പന്ത് മുലയിൽ ചേർന്നു..
എന്നിട്ടു ആ മുലയിൽ… അംഗുലീ ജാലം കൊണ്ട് തലോടി…!
ഉന്നത കുചങ്ങളിൽ (മുലകളിൽ) പുളകിതമായി. ഇവിടെയൊക്കെ ശ്രംഗാരത്തിന്റെ കൊടുമുടിയിൽ നാം എത്തുന്നു..
ക്ഷമിക്കണം… വിഷയത്തിൽ നിന്നും കാട് കയറുന്നു…
(വാമനൻ മഹാബലിയെ ചവിട്ടി പാതാളത്തിലേക്കു വിട്ടത് ‘ഭൃംഗാരകം’ എന്ന രാജ്യത്തിലെ ‘നർമ്മദാ നദീ’ തീരത്തു വച്ചായിരുന്നു… മഹാബലി നർമ്മദാ നദീ തീരത്തു വച്ച് നടത്തിയ മഹായജ്ഞ സമയത്താണ് വാമനൻ അവിടെ എത്തിയതും മഹാബലിയോട് മൂന്നടി മണ്ണ് യാചിക്കുന്നതും എന്നു ‘ഭാഗവതം അഷ്ടമസ്കന്ധം.)
ഓണം ചരിത്രത്തിൽ :
പുരാണ കഥയേക്കാൾ ഓണം ഇഴ ചേർന്നു കിടക്കുന്നതു ചരിത്ര കഥയിലാണ്… അതിന്റെ പിന്നിൽ കേരളത്തിലെ ഉടമയും അടിമയും തമ്മിലുള്ള ബന്ധമാണ്. ഒരു ജനതയുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ആഘോഷങ്ങളുമെല്ലാം അവരുടെ സാമൂഹ്യ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. തന്മൂലം ഓണവും അതാരംഭിച്ച ഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്നും ഉടലെടുത്തതാണ്. അന്നത്തെ സാമൂഹ്യ ജീവിതത്തിന്റെ രണ്ടു വശങ്ങൾ ഉടമയും അടിമയും അല്ലെങ്കിൽ നാടുവാഴി പ്രഭുത്വവും അടിമത്വവും ആയിരുന്നു.
വിശ്രമമില്ലാതെ രാപകൽ ജോലി ചെയ്യുന്ന അടിമകൾക്ക് ആണ്ടിൽ ഒരിക്കലെങ്കിലും അവർക്കു സന്തോഷിക്കാനും വിശ്രമിക്കാനുമുള്ള അവസരം കൊടുക്കണമെന്ന് ചില ഉടമകൾ / പ്രഭുക്കന്മാർ തീരുമാനിച്ചു. ഇങ്ങനെ ചെയ്താൽ അവർക്കു അടിമകളിൽ നിന്നു കൂടുതൽ സ്നേഹവും ജോലിയിൽ ശുഷ്കാന്തിയും ലഭിക്കുമെന്നും ഉടമകൾ മനസ്സിലാക്കി. ഇതിനു വേണ്ടി തെരെഞ്ഞെടുത്ത ദിവസം ഇരുപ്പൂ നിലങ്ങളിലെ വിളവെടുപ്പ് കാലമായിരുന്നു.. ചിങ്ങമാസത്തിലെ തിരുവോണം നാൾ അതിനായി തെരെഞ്ഞെടുത്തു.
ഓണക്കാഴ്ച, ഓണപ്പുടവ, ഓണപ്പാട്ട്, ഓണക്കളികൾ
അടിമകൾ അവരുടെ ഭൂമിയിൽ കൃഷി ചെയ്തെടുക്കുന്ന വളവുകളിൽ ചിലതൊക്കെ തിരുവോണ ദിവസം പ്രഭക്കന്മാർക്കു കാണിക്ക അർപ്പിക്കുമായിരുന്നു… ഇതാണ് ഓണക്കാഴ്ച എന്ന പേരിൽ അറിയപ്പെട്ടത്.
ഓണനാളിൽ ഉടമകളെ പ്രീതിപ്പെടുത്താൻ അടിമകൾ ഓണപ്പാട്ടുകൾ പാടുമായിരുന്നു. സത്യത്തിൽ ഓണം കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് സന്തോഷിക്കാനുള്ള അവസരമായിരുന്നു. പഴയ ഓണപ്പാട്ടുകൾ പരിശോധിച്ചാൽ അവയെല്ലാം തന്നെ താഴ്ന്ന ജാതിക്കാരുടെ ഭാഷാ രീതിയിലുള്ള നാടൻ പാട്ടുകളാണ്.
ഓണക്കളികളും താഴ്ന്ന ജനവിഭാഗത്തിന്റേതായിരുന്നു.. ഉദാഹരണത്തിന് കടുവകളി, പുലികളി, കരടികളി, തുമ്പി തുള്ളൽ, കുടുകുടു കളി മുതലായവ.
ഓണം തമിഴ് നാട്ടിലും:
പുരാതന കാലത്ത് ഓണം തമിഴ് നാട്ടിലും ആഘോഷിച്ചിരുന്നു എന്ന് ‘മാംകുടി മരുതനാർ’ എഴുതിയ “മധുരൈക്കാഞ്ചി” (എ. ഡി. നാലാം നൂറ്റാണ്ട്) എന്ന കൃതിയിൽ പറയുന്നുണ്ട്.. അക്കാലത്തു് 7 ദിവസം ഓണം ആഘോഷിച്ചിരുന്നു. അന്നൊക്കെ മധുരയിലെ അങ്ങാടികളിലും തെരുവുകളിലും ആളുകൾ കൂട്ടം ചേർന്ന് ഇഷ്ട ദൈവങ്ങളെ ആരാധിക്കുകയും ഉല്ലാസത്തോടെ നടക്കുകയും ചെയ്തിരുന്നു. ക്ഷേത്രങ്ങളുടെ മുൻഭാഗങ്ങളിലും വഴികളിലും കളിപ്പോർ നടന്നിരുന്നു.
ആവണി ഓണവും തൃക്കാക്കര ക്ഷേത്രവും
സ്താണു രവിയുടെ(എ. ഡി. 861) ഒരു താമ്രശാസനത്തിലാണ് കേരളത്തിൽ ആവണി ഓണത്തെപ്പറ്റി പരാമർശിക്കുന്ന ആദ്യത്തെ ലിഖിതം.
കേരളത്തിൽ ഓണവുമായി ഏറ്റവും ബന്ധപ്പെട്ടതാണ് തൃക്കാക്കര ക്ഷേത്രം. വിഷ്ണുവിന്റെ പാദത്തെ സ്മരിച്ചുകൊണ്ടാണ് ഈ ക്ഷേത്രത്തിനു തൃക്കാക്കര എന്ന് പേര് കിട്ടിയത്. ഇവിടുത്തെ പ്രതിഷ്ഠ വാമന മൂർത്തിയാണ്.
വിഷ്ണു ഭക്തനായ നമ്മാഴ്വർ(എ. ഡി. എട്ടാം നൂറ്റാണ്ട്) തൃക്കാക്കര ക്ഷേത്രം സന്ദർശിച്ചതായി രേഖകളുണ്ട്.. ഈ ക്ഷേത്രത്തിൽ ഓണം ആഘോഷിക്കുന്നതിനു വേണ്ടി ഭൂമി ദാനം ചെയ്തിട്ടുണ്ടെന്നും രേഖകളിൽ കാണുന്നുണ്ട്. (ടി. എ. എസ്. വോള്യം 11, പേജ് 85).
“മാവേലി നാട് വാണീടും കാലം….”
അനേകം ഓണപ്പാട്ടുകളുണ്ടെങ്കിലും പഴയ നാടൻ പാട്ടുകളാണ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. അതിൽ പ്രഥമ സ്ഥാനം “മാവേലി നാട് വാണീടും കാലം….” എന്ന് തുടങ്ങുന്ന പാട്ടിനാണ്. ഈ പാട്ട് “ഓണപ്പാട്ട്” എന്ന കൃതിയിലുള്ളതാണ്. ഈ കൃതിക്ക് “മഹാബലി ചരിതം” എന്ന പേര് കൂടിയുണ്ട്. ഈ കൃതിയുടെ രചയിതാവ് ആരാണെന്നു ആർക്കും അറിഞ്ഞുകൂടാ. ഏതോ ഒരു നാടൻ കവി ലളിതകോമള പദാവലികളാൽ ആർക്കും ഈണത്തിൽ പാടാവുന്ന വിധത്തിലാണ് ഇതിന്റെ രചന.
ഈ കൃതിയിൽ ഓരോ ചോദ്യങ്ങൾക്കും തൃക്കാക്കരയിൽ നിന്നും വന്ന കിളി ഉത്തരം പറയുന്ന രീതിയിലാണ് ഇതിലെ അവതരണം.
തൃക്കാക്കര എന്താണ് വാർത്ത? എന്ന ചോദ്യത്തിന് തൃക്കാക്കര ദേവന്റെ ലീലകൾ നാരദനിൽ നിന്നും കേട്ട മാതിരി വർണ്ണിക്കാമെന്നു കിളി പറയുകയും പിന്നെ മഹാബലിയുടെ രാജ്യഭരണം പ്രതിപാദിക്കുകയും ചെയ്യുന്നു. ഈ കൃതിയിൽ “മാവേലി നാട് വാണീടും കാലം” എന്നത് കൂടാതെ വേറെയും പല പാട്ടുകളുമുണ്ട്.
ഓണ ചൊല്ലുകൾ
ഓണവുമായി ബന്ധപ്പെട്ട ധാരാളം ശൈലികളും പഴംചൊല്ലുകളും ഉണ്ട്..
ചിലതു ഇവിടെ കുറിക്കാം:
- ഓണം വരാനൊരു മൂലം
- അത്തം പത്തോണം
- അത്തം കറുത്താൽ ഓണം വെളുക്കും
- ഓണത്തിനിടയിൽ പുട്ടു കച്ചവടം
- കാണം വിറ്റും ഓണം ഉണ്ണണം
- ഓണം കഴിഞ്ഞാൽ ഓലപ്പുരം ഓട്ടപ്പുരം
- ഓണം പോലെയാണോ തിരുവാതിര
- ഓണം പിറന്നാലും ഉണ്ണി പിറന്നാലും
- കോരന് കുമ്പിളിൽ കഞ്ഞി.
- ഓണക്കറിയിൽ കാളൻ മുമ്പൻ
- കാട്ടുകോഴിക്കുണ്ടോ ഓണവും വിഷുവും
- ഓണം കേറാ മൂല
- ഓണമുണ്ട വയറേ ചൂളോം പാടി കെട
- അഞ്ചാം ഓണം കൊഞ്ചോണം
- ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുക
നാടൻകലാ രൂപങ്ങൾ
ഓണക്കാലത്തു മാത്രം നടത്തുന്ന പല കലാരൂപങ്ങളും നാടൻകളികളും നമ്മുടെ കേരളത്തിൽ പ്രചാരത്തിലുണ്ട്. ഓണത്താൻ, ഓണപ്പൊട്ടൻ, ഓണേശ്വരൻ, ഓണപ്പുലി, ഓണക്കുമ്മാട്ടി, തുടങ്ങി പിന്നെ നിരവധി വിനോദങ്ങളും ഓണക്കാലത്തു അവതരിപ്പിക്കാറുണ്ട്.. ഉദാഹരണത്തിന് ഓണപ്പന്ത്, ഓണത്തല്ല്, ഓണത്തായമ്പക, ഓണവില്ലടിച്ചൻ പാട്ട്, കുമ്മികളി, കുമ്മാട്ടിക്കളി, തുമ്പിതുള്ളൽ, ഓണത്തുള്ളൽ, ഊഞ്ഞാലാട്ടം, വള്ളംകളി മുതലായവ..
ഓണസദ്യയും വിളമ്പുന്ന രീതിയും:
‘കാണം വിറ്റു ഓണം ഉണ്ടാലും’ കുറഞ്ഞത് 18 കൂട്ടം വിഭവങ്ങൾ വേണമെന്നാണ് ചട്ടം..
തൂശനിലയിൽ അവ വിളമ്പുന്നതിനു അതിന്റേതായ നിയമങ്ങളും രീതികളും ഉണ്ട്.. ആദ്യം മാവേലിത്തമ്പുരാനും, പുതൃക്കൾക്കും നിലവിളക്കു വെച്ച് തൂശനിലയിൽ ഉണ്ടാക്കിയ എല്ലാ വിഭവങ്ങളിൽ നിന്നും അൽപ്പാൽപ്പം ഭക്തിയോടെ വിളമ്പി വയ്ക്കണം. പിന്നെ കുടുംബാംഗങ്ങൾ കിഴക്കോട്ടു തിരിഞ്ഞിരുന്നു ഉണ്ണണം എന്നാണു ചിട്ട.
വിഭവങ്ങൾ വിളമ്പുന്നതിനും നിയമമുണ്ട്. ഇലയുടെ നാക്കു വശം ഇടതുവശത്തായി വരണം. ഇലയുടെ ഇടതു വശത്തു നിന്നും മീനം-മേടം രാശി മുതൽ വലത്തോട്ട് വിഭവങ്ങൾ വിളമ്പണം. തൊടുകറികൾ മീനം രാശിയിലും തോരൻ, അവിയൽ, ഓലൻ തുടങ്ങിയവ മേടം രാശിയിലും വരത്തക്ക വിധം വിളമ്പണം. ഉപ്പേരി, പഴം, പപ്പടം ഇവയൊക്കെ ഇലയുടെ താഴെ ഭാഗം (ഇടതു വശത്തു) കണ്ടു വയ്ക്കണം. ആദ്യം അൽപ്പം ചോറ് വിളമ്പണം. അതിൽ പരിപ്പ്, നെയ്യ് വിളമ്പണം, അതിൽ പപ്പടം പൊടിച്ചിട്ട് ആദ്യം വിളമ്പിയ ചോറ് കഴിക്കണം. പിന്നെ അൽപ്പം ചോറ്.. അതിൽ സാമ്പാർ. പിന്നെ അല്പം ചോറ് മോര്, രസം ഇങ്ങനെ. അവസാനം പായസം. പായസത്തിൽ പഴം കൂടി ചേർത്ത് കഴിച്ചാൽ അത് ദഹനത്തിന് വളരെ ഉത്തമം..
ചതുർവിധ ഊണ്
- ഊണ് നാല് വിധമാണ്. ഖാദ്യം, ലേഹ്യം, ഭോജ്യം, പേയം
- കടിച്ചു പൊട്ടിച്ചു തിന്നത് ഖാദ്യം (ഉദാ: ഉപ്പേരി, പപ്പടം, മുതലായവ..)
- തൊട്ടു നക്കിയിറക്കുന്നതു ലേഹ്യം (ഉദാ: ഇഞ്ചി കറി മുതലായ തൊടു കറികൾ..)
- വാരി തിന്നുന്നത് ഭ്യോജ്യം (ഉദാ: ചോറ്, അവിയൽ മുതലായവ..)
- കോരിക്കുടിക്കുന്നതു പേയം (ഉദാ; പായസം)
ഉപസംഹാരം:
മുൻ സൂചിപ്പിച്ചതുപോലെ ഓണം ഉടമയും അടിമയും തമ്മിലുള്ള സ്നേഹബന്ധത്തിൽ നിന്നും ഉടലെടുത്തു പടർന്നു പന്തലിച്ചതാണ്. 1961 ൽ ഓണം കേരളീയരുടെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ നാം എന്നു പഠിക്കുന്നുവോ അന്നേ ഓണം സമത്വ സുന്ദരമാകൂ.. അപ്പോൾ മാത്രമേ ഓണം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമ്മിശ്ര സമ്മേളനവും ആകുകയുള്ളു.. തിരുവോണ ദിവസം പോലും ഒരു ചാൺ വയർ നിറയ്ക്കാൻ മാർഗ്ഗമില്ലാതെ അനേകം പട്ടിണിക്കോലങ്ങളാണ് ഇന്നും ദൈവത്തിന്റെ നാടായ കേരളത്തിലെ തെരുവുകളിലും കുടിലുകളിലും ചുരുണ്ടുകൂടി കഴിയുന്നത്.. പിന്നെയെങ്ങിനെയാണ് ഓണം സമത്വസുന്ദരമാകുന്നത്?
ഈ ലേഖനത്തിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു..
എല്ലാവർക്കും ഈ ലേഖകന്റെ ഓണം ആശംസകൾ..
സ്നേഹ ബഹുമാനത്തോടെ
എം. എം. ദിവാകരൻ, പുണെ