എന്ത് മുനയാണ് പെണ്ണേ നിൻ മിഴികൾ-
ക്കെന്തൊരു വേദനയാണതു കയറുമ്പോൾ
പേടിച്ച പേടമാൻമിഴിയെന്നു മൊഴിയുവാൻ
കൊതിയുണ്ടെനിക്കിലും കഴിയില്ലതിനു
വേടൻറെ കൂരമ്പുമല്ല നിൻ കാണുകൾ, പിന്നെയോ
ഇരയെ തിരഞ്ഞിടും ചൂണ്ട കണക്കിനെ
ആര്യ കിരണം നൂൽനൂറ്റ പുഴയിൽ നീ-
യന്നെറിഞ്ഞിട്ടു പോയൊരാ നോട്ടം രുചിച്ചതും..
ഹാ! നെഞ്ചിൻ കൂടു തുളച്ചു നയനാമം
ചൂണ്ടക്കൊളുത്തിട്ടു വലിച്ചതും നീയേ
ഒടുവിലെന്നെക്കൊരുത്തു ശ്വാസം തടഞ്ഞതും
പിന്നെ വായകീറി പുറത്തിട്ടെന്നെക്കൊന്നതും നീ.
കരിങ്കല്ലിട്ടുരച്ചു ഹൃദയത്തിൻ ചെകിളയറുത്ത്, നേത്ര-
ശരങ്ങളേറ്റ മുറിവിൽ കിഴക്കൻ മുളകു തേച്ചതും നീ.
ഒടുവിലെന്റെ തോൽവിയുടെ ജഡം കഷിണിച്ചതും
ഒരു ചട്ടിയോർമ്മകളെ പൊരിച്ചു തിന്നതും നീയെ..
അപ്പഴുമിവിടെൻ പ്രണയത്തിന്നാത്മാ-
വാചൂണ്ടക്കൊളുത്തിൽ പിടയവേ
മുറിഞ്ഞുവോ നീയെന്നെകൊരുത്തൊരാ ഹൃദയ-
മറിയാതെ ചോര വാർന്നൊലിച്ചുവോ?
തേച്ചു മിനുക്കു നീ നിന്റെ ചൂണ്ടക്കൊളുത്തെന്റെ-
യാത്മാവു നിന്നെ തിരവതും കാത്ത്
പകപോക്കുവാനായല്ലയെന്റെ ചുടലയിൽ
നീയൊരു പൂ വയ്ക്കുമെന്നു നിനയ്പ്പതാണ്
ആ നിമിഷമൊരശ്രു നീ പൊഴിക്കായലതു
വീണെൻ ഹൃദയത്തിലേറ്റ ചൂണ്ട തുരുമ്പെടുത്തിടാം..,
അതോ സുഖപ്രദം…!!!