ഏഴാം ക്ലാസ്സിൽ മലയാളം ഉപ-പാo പുസ്തകമായി ‘ദുർഗേശ നന്ദിനി’ യുണ്ടായിരുന്നു. അതും നാലപ്പാടൻ നമുക്കു തന്ന ‘പാവങ്ങളും’ മാത്രമായിരുന്നു അതുവരെയുള്ള വിവർത്തന വായനകൾ. എം. എൻ. സത്യാർത്ഥിയിലൂടെ ബിമൽ മിത്രയുടെ ‘ഇരുപതാം നൂറ്റാണ്ടി’ ലേയ്ക്കിറങ്ങിയപ്പോഴാണ് ഇതര ഭാഷാ കൃതികളുടെ സൗന്ദര്യ ശാസ്ത്രം വ്യക്തമായും മനസ്സിലാകുന്നത്. അതിലെ കുന്തി ഗുഹയെന്ന കഥാ പാത്രം ആത്മാവിന്റെ ഭാഗമായി’. ‘ആരോഗ്യനികേതന’ പ്രത്യേകം പരാമർശിക്കണം എന്ന ആഗ്രഹത്താൽ ഇപ്പോൾ മാറ്റി നിർത്തുന്നു. ‘ഉയിർത്തെഴുന്നേൽപ്പ്’ ആണ് ലിയോ ടോൾ സ്റ്റോയിയുടെതായുള്ള ആദ്യ വായന പിന്നെ പലരും വന്നു കഥയായി കവിതയായി നോവലായി. ഇതിൽത്തന്നെ ആശ്ചര്യകരമായൊരു വസ്തുത കണ്ടച്ചിറ ബാബു സാറിൽ നിന്നും കേട്ടറിഞ്ഞ ദസ്തയോവ്സ്കിയായിരുന്നു. ലൈബ്രറിയിൽ നിന്നും ‘കാരമസോവ് സഹോദരന്മാർ’ വരുന്നു. പിന്നീട് കിട്ടാവുന്നിടത്തോളം അദ്ദേഹത്തെ വായിച്ചു തീർത്ത ശേഷമാണ് മറ്റൊരെഴുത്തുകാരനിലേയ്ക്ക് തിരിഞ്ഞെതെന്നാണ് ഓർമ്മ. കൊല്ലം പബ്ലിക് ലൈബ്രറിയെന്ന അക്ഷയ പാത്രം എന്റെ ആർത്തി കൂട്ടിയതേയുള്ളു.
ഇതിനിടയിൽ മുട്ടത്ത് വർക്കിയോടൊരു കലശലായ പ്രേമം. കിട്ടിയതൊക്കെ വായിച്ചു. എന്നിലെ കാല്പനികനെ തൊട്ടുണർത്തിയത് മുട്ടത്തു വർക്കി തന്നെയാണ്. ഒന്നാം വർഷ ബിരുദ പoനമാണ് ശ്രദ്ധ കവിതയിലേയ്ക്ക് ഗൗരവമായിത്തിരിക്കുന്നത്. പാഠ ഭാഗങ്ങൾ മുഴുവൻ കവിതകൾ. രണ്ടാം ഭാഷയിൽ ആശാന്റെ ‘കരുണ’, ‘കാവ്യ കൈരളി’യെന്ന വിവിധ കവിതകളുടെ സമാഹാരം എന്നിവ. ഐച്ഛികത്തിൽ ‘ദുരവസ്ഥ’, ‘ഉമാകേരളം’ (ഒന്നാം സർഗ്ഗം), ‘സാഹിത്യ മഞ്ജരി‘ നാലാം ഭാഗം. ഒടുവിൽ കുഞ്ഞികൃഷ്ണ മേനോന്റെ ‘കവി മൃഗാവലി’ കാവ്യ ധാര ഒന്നും രണ്ടും ഭാഗങ്ങൾ. കാവ്യ സമൃദ്ധി വാരിയെറിഞ്ഞു തന്ന കാലം. എന്നെ സംബന്ധിച്ചിടത്തോളം കാവ്യ ധാര എന്നും ക്ലാസ്സിക്കാണ്. കാരണം; എൻ. എൻ. കക്കാടിന്റെ മലയിടിച്ചിൽ, തിരുനല്ലൂരിന്റെ ഗാന്ധാരി തുടങ്ങി ഒന്നാന്തരം കവിതകളുടെയൊരു സുവർണ ശേഖരം. ഇയവസരത്തിലാണ് ട്യൂഷൻ ക്ലാസ്സിൽ കൊട്ടറ ഉണ്ണിക്കൃഷ്ണനെന്ന മലയാള ഭാഷയുടെ അതികായനെ ഗുരുവായിക്കിട്ടുന്നത്. “ഗുരു”വെന്ന് പൂർണ്ണാർത്ഥത്തിൽ വിളിക്കാവുന്ന മനുഷ്യൻ. വളരെപ്പെട്ടന്നു തന്നെ ഞാൻ ഉണ്ണി മാഷിനെക്കീഴടക്കി. ശ്രദ്ധ നേടിയെടുക്കാൻ പല പൊടിക്കൈകളുമിറക്കി. എല്ലാം വിജയം കണ്ടു. ഒരു ഞായറാഴ്ച ട്യൂഷൻ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒരു വിളി, “ഓടാ.. സന്തോഷേ.. “തിരിഞ്ഞു നോക്കിയപ്പോൾ സ്റ്റാഫ് റൂമിൽ ഉണ്ണി മാഷ്. “വാടേ…. വാടേ… ചോദിക്കട്ട”
ആ വിളിയിൽ നിന്നും സന്തോഷിന്റെ ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുകയായിരുന്നു!!!
(ആ അദ്ധ്യായത്തിനും വായനയുടെ പത്മരാജ പർവ്വത്തിനുമിടയിൽ ഒരിടവേള)
Prev >> എക്കോ.. ഭാഗം ഒന്ന്
One comment
Pingback: എക്കോ.. ഭാഗം ഒന്ന് – ചേതസ്സ്