സന്ദേശം അത് ഏത് തന്നെയായാലും അതിന്റെ സാരാംശ സ്വാംശീകരണമാണ് ഗ്രാഹകനെ സംബന്ധിച്ചിടത്തോളം അപാര മേന്മയാക്കുന്നത്. മോശം വിവരങ്ങൾ നൽകുന്നതാണ് ഒരു സന്ദേശമെങ്കിൽ അതിലെ മോശ വശത്തെ കൃത്യമായിത്തിരിച്ചറിയാൻ അവന് കഴിവുണ്ടാകണം. ഉപനിഷൽ സന്ദേശങ്ങളുടെ പരിണത ഫലം അത് ചിന്തയുടെ മേഖലകളിൽ സാരവത്തായ വ്യതിയാനങ്ങളുണ്ടാക്കുന്നു എന്നതാണ്. ആ വ്യതിയാനങ്ങൾ തെളിക്കുന്ന വഴിയിലൂടെ ഒരു വൻ തന്റെ ബുദ്ധിയെ ജ്ഞാന മണ്ഡലത്തിലേയ്ക്ക് നയിക്കുമ്പോൾ യഥാ തഥമായ അവന്റെ മനസ്സ് പുതിയ വാതായനങ്ങളിലൂടെ സഞ്ചരിച്ച് അജ്ഞാതമായിരുന്ന ഒരു ലോകത്തിനെ കൃത ഹസ്തതയോടെ കീഴടക്കുന്നു. അതൊരു പരിവർത്തനമാണ്.
“പഴമയെ മാറ്റിപ്പുതുമ കൊണ്ടു വരുമ്പോഴും ആ പുതുമയുടെ കൂടെ, അതിന്റെ നിലനില്പിന് വേണ്ടിത്തന്നെ, കുറച്ചു പഴമയും വേണ്ടിവരും. സമ്പൂർണ്ണ വ്യതിയാനം എന്നൊന്ന് സാദ്ധ്യമല്ല. മനുഷ്യ ചിന്തയ്ക്ക് പല ഗതികളുമുണ്ട്, എക ഗതിയോ ഏക മുഖമോ അല്ല അത്. ഒരു പൂർവ്വ ചിന്തയെ എതിർക്കുവാനോ ആവർത്തിക്കുവാനോ, രണ്ടുമല്ലെങ്കിൽ ഒരു പുതിയ കാഴ്ച്ചപ്പാടുണ്ടാക്കുവാനോ ആയിട്ടല്ലാതെ, ഒരു ചിന്തയ്ക്കും ജന്മം കൊള്ളുവാൻ സാദ്ധ്യമല്ല” യെന്ന് അഴീക്കോട് മാഷ് ‘തത്ത്വമസി’യിലെ “ഉപനിഷത്തിന്റെ സന്ദേശം” എന്ന അദ്ധ്യായത്തിൽ പറയുന്നത് തന്നെ ഉപനിഷത്ത് എന്ന സംസ്കൃതി മനുഷ്യൻ എന്ന സംഹിതയെ എങ്ങനെ പരിവർത്തന വിധേയമാക്കുന്നുവെന്നതിന് തെളിവാണ്. ഭാരതീയ ചിന്തയുടെ അക്ഷദണ്ഡം എന്നു തന്നെയാണ് ഉപനിഷത്തുകളെ അഴീക്കോട് വിശേഷിപ്പിക്കുന്നത്.
പാശ്ചാത്യർക്കും പൗരസ്ത്യർക്കും ഉപനിഷത്ത് എന്ന വിഷയത്തെക്കുറിച്ചുള്ള വ്യത്യസ്തമായ വീക്ഷണങ്ങളെ മുൻ നിർത്തി ആ വീക്ഷണങ്ങളുടെ നന്മ തിന്മകളും ചിന്താ ഗതികളിലെ ഏറ്റക്കുറച്ചിലുകൾ വരുത്തുന്ന ഗുണ ദോഷങ്ങളും വിലയിരുത്താൻ തന്നിലെ എഴുത്തുകാരന്റെ ഉറപ്പുള്ള നിരീക്ഷണങ്ങൾ ചേർത്തു വയ്ക്കുന്നുണ്ട് സുകുമാർ അഴീക്കോട് ഇവിടെ. എന്താണ് ബ്രാഹ്മണങ്ങൾ സായണനടക്കമുള്ളവർക്ക് അവയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഉപനിഷത്ത് സന്ദേശങ്ങളുടെ സ്വഭാവങ്ങളെങ്ങനെ? വേദവും ബ്രാഹ്മണങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങി സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും പ്രസക്തി വേദാന്തം വേദാന്ത തത്ത്വം എന്നിവയിലൂടെ ഒരു തൂലിക നടത്തുന്ന സമഗ്ര പര്യടനമാണ് ‘തത്ത്വമസി’യിലെ ഉപനിഷത്ത് സന്ദേശമെന്ന അധ്യായം.
തുടരും..