എഴുത്തിൽ ആണും പെണ്ണുമില്ല എഴുത്തുകാരേയുള്ളുവെന്ന ഉത്തമ വിശ്വാസമാണ് എന്നിലെ വായനക്കാരന്റേത്. എങ്കിലും ചില ഒന്നാന്തരം സൃഷ്ടികളുടെ പിറവിക്ക് തൂലിക ചലിപ്പിച്ചത് സ്ത്രീകളായിപ്പോയിയെന്ന കാരണത്താൽ പെണ്ണെഴുത്ത് എന്ന വിളി കേട്ടപ്പോൾ ഈർഷ്യ തോന്നി. അതു പോലെ തന്നെ ഒരു യോഗ്യതയുമില്ലാത്ത ചില പെണ്ണുങ്ങളുടെയെഴുത്തുകളെ തലയിലേറ്റിയത് കണ്ടപ്പോ പെരുപ്പ് പെരപ്പുറത്ത് കയറി. മലയാള നോവൽ സാഹിത്യത്തിൽ ദിശാപരമായ വളർച്ചയ്ക്ക് വഴി തെളിച്ച പേനകളിലൊന്നാണ് ലളിതാംബികാ അന്തർജനത്തിന്റേത്. തികച്ചും സാങ്കല്പികമല്ലാത്തൊരു കഥ സാമൂഹ്യമായ ചുറ്റു പാടുകളിലൂടെ അവതരിപ്പിച്ചു കൊണ്ട് “അഗ്നിസാക്ഷി”യെന്ന നോവലിലൂടെ മലയാള നോവൽ സാഹിത്യത്തിന് സൂര്യശോഭ പകർന്ന വിരലുകളാണ് ലളിതാംബികാ അന്തർജനത്തിന്റേത്. ഏട്ടന്റെ ആത്മ നിത്യശാന്തിക്കായി കാശിയിലെത്തുന്ന മിസ്സിസ്. കെ. എം. കെ. നായർ ദേവകീ മാനമ്പള്ളിയെന്ന തന്റെ ഏട്ടത്തിയമ്മയെക്കാണുന്നു. അവിടുന്നങ്ങോട്ട് വായനക്കാരൻ എത്തപ്പെടുന്നത് മാനമ്പള്ളിയുടെ ഭൂതകാലത്തിലേയ്ക്കാണ്. യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന്റെ സകല തീട്ടൂരങ്ങളും തിറയാടുന്ന ഒരു മന. അവിടെ പാരമ്പര്യത്തേ മുറുകെപ്പിടിച്ചു മാത്രം ജീവിക്കുന്ന കുറേ കഥാപാത്രങ്ങൾക്കൊപ്പം പുരോഗമനേച്ചുക്കളായ ഒന്നു രണ്ട് കഥാപാത്രങ്ങൾ. ഉഗ്ര പ്രതാപിയായ നമ്പൂതിരിക്ക് നേത്യാരമ്മയെന്ന നായർ സ്ത്രീക്ക് ജനിച്ച മകളാണ് നായികയായ മിസ്സിസ് കെ. എം. കെ.നായർ എന്ന തങ്കം.
“അഗ്നിസാക്ഷി”യെന്ന നോവലിന്റെ അസ്തിത്വം നിലനിൽക്കുന്നത് കഥാപാത്രങ്ങളുടെ വ്യതിരിക്തമായ സ്വഭാവ സവിശേഷതകളിലാണ്. അതു തന്നെയാണ് അടുക്കള ഭരണികളുടെ ഇടയിൽ നിന്നും ഏറെ നിറങ്ങൾ വീഴ്ത്തിയ തന്റെ എഴുത്ത് പെൻസിൽക്കണ്ടെത്തിയ ലളിതാംബികാ അന്തർജനമെന്ന എഴുത്തുകാരിയുടെ വിജയവും. മനസ്സു നിറയെ സ്വപ്നങ്ങളുമായി വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്ന ദേവീ ബഹൻ അസഹിഷ്ണുതയുടെ ചങ്ങലക്കെട്ടുകൾ വലിച്ചു പൊട്ടിച്ച് രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകയും പിന്നീട് ഗംഗാതീരത്ത് സന്യാസിനിയായും മാറുന്നത്. പൂർവ്വ കേരള കാലഘട്ടത്തിന്റെയൊരു സാംസ്ക്കാരിക പരിണാമവും നിലനിന്നിരുന്ന ചില വ്യവസ്ഥിതികളോടുള്ള ശക്തമായ പ്രതിഷേധവുമായിരുന്നു. നായികാ സ്ഥാനത്ത് തങ്കം നിൽക്കുമ്പോഴും കഥാ ഗതിയുടെ ചുക്കാൻ പിടിക്കുന്നത് ദേവീ ബഹൻ തന്നെയാണ്. സൂക്ഷ്മ ദൃക്കായ ഒരു വായനക്കാരൻ അവരെ നായികയെന്ന് അടയാളപ്പെടുത്തുകയും ചെയ്യുന്നു.
ദാമ്പത്യാരംഭത്തിൽത്തന്നെ ദേവീ ബഹൻ ഭർത്താവിനെ പൂർണമായും തിരിച്ചറിയുന്നു. ഇഹലോകത്തിലും ദാമ്പത്യ ജീവിതത്തിലും യാതൊരു താല്പര്യവുമില്ലാത്തയാളാണ് മാനമ്പള്ളി ഉണ്ണി നമ്പൂതിരിയെന്ന തന്റെ ഭർത്താവ് എന്നതായിരുന്നു. അവരുടെ ഏറ്റവും വലിയ തിരിച്ചറിവ്. ഭർതൃ സഹോദരി തങ്കമായിരുന്നു. അവരുടെ ഏക ആശ്വാസം. ഏട്ടത്തിയെ തീർത്തും മനസ്സിലാക്കിക്കഴിയുന്ന തങ്കം അവരുടെ മാനസിക വ്യാപാരം ഏട്ടനെ അറിയിക്കുന്നു. നമുക്ക് നമ്മുടെയിഷ്ടം നോക്കിയാൽ പോരല്ലോ മറ്റുള്ളവരുടെ ഹിതം കാക്കണമല്ലോ. മാനമ്പള്ളിയില്ലത്ത് ഇതൊന്നും കീഴ്നടപ്പില്ല. ഇവിടെ സുഖത്തിനല്ല ധർമ്മത്തിനാണ് ഗൃസ്ഥാശ്രമം. ഭോഗത്തിനല്ല ത്യാഗത്തിനാണ് ദാമ്പത്യം. ജീവിതം ഒരു യജ്ഞമാണ് കുട്ടീ അഗ്നിഹോത്രമാണ്. ഒടുവിൽ ഏട്ടത്തിക്കും അത് മനസ്സിലാവും. എന്ന തരത്തിൽ ഉണ്ണി നമ്പൂതിരിയെക്കൊണ്ട് തങ്കത്തിനോട് മറുപടി പറയിക്കുന്ന എഴുത്തുകാരി പല തലങ്ങളിലൂടെയാണ് വിജയ സോപാനം കയറുന്നത്. ഉണ്ണിനമ്പൂതിരിയെന്ന കഥാപാത്രത്തിലൂടെ വലിയൊരു യാഥാസ്ഥിതിക വ്യവസ്ഥിതിയെ നിശിത വിമർശനത്തിന് വിധേയമാക്കുന്നതാണ് ഒന്ന്. മറ്റൊന്ന് ദേവീ ബഹൻ എന്ന സ്ത്രീയുടെ മാനസിക നിലയിൽ വരുന്ന വ്യതിരിക്ത മോഹങ്ങളുടെ മുകളിലേയ്ക്ക് വീഴുന്ന വെള്ളിടി!! അതവരുടെ ചിന്തകളിൽ വരുത്തുന്ന വ്യതിയാനത്തിലൂടെ അടച്ചിടപ്പെടുന്ന സ്ത്രൈണ മാനസിക വ്യാപാരം അപഗ്രഥിക്കാനുള്ള സിദ്ധി. മറുപടി കേട്ടു നിൽക്കുന്ന ചിന്താ ശേഷിയുള്ള തങ്കത്തിൽ അങ്കുരിക്കുന്ന പുരോഗമന പരമായ ചിന്ത. സാമുദായിക വികല ചിന്തകളോട് ഒരെഴുത്തുകാരിയെന്ന നിലയിലുള്ള വിയോജിപ്പും സാമൂഹിക പ്രതിബദ്ധതയും പ്രകടമാക്കൽ അങ്ങനെ പലതും.
“അഗ്നിസാക്ഷി”യെന്ന നോവലിന്റെ ചരിത്ര പരമായ ഔന്നത്യം പ്രതിഫലിക്കുന്നത് ഗാന്ധിജിയിലൂടെയും ഇന്ത്യൻ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളിലൂടെയുമാണ്. ഉന്നതമായ മൂല്യങ്ങൾ കർക്കശമായ ആചാരാനുഷ്ഠാനങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്നത് കണ്ടുകൊണ്ട് ഓർമ്മകളിൽ ഭൂതകാലം കാട്ടിത്തരുന്ന രീതിയിലാണ് “അഗ്നിസാക്ഷി”യുടെ ആഖ്യാനം. സ്നേഹം ആവിഷ്ക്കരിക്കാൻ ആചാരങ്ങളുടെ അനുവാദം കിട്ടാതെ പോയ കഥാപാത്രമാണ് ഉണ്ണിനമ്പൂതിരി. സ്നേഹം ദാഹിച്ചു ജീവിച്ചയാളാണ്. ചുരുക്കത്തിൽ “അഗ്നിസാക്ഷി”യൊരു സ്നേഹ ദാഹമാണ്. സമുദായം ഭ്രാന്തു പിടിപ്പിച്ച ചെറിയമ്മയും മർക്കടമുഷ്ടിയോടെ കാര്യങ്ങൾ വീക്ഷിക്കുന്ന അപ്ഫൻ നമ്പൂതിരിയും ജലപ്പിശാച് മുത്തശ്ശിയും അക്കാലഘട്ടത്തിന്റെ പ്രതിബിംബങ്ങൾ ആന്നെയാണ്. മനശാസ്ത്രപരമായ സമീപനത്തിലൂടെത്തന്നെയാണ് സ്വന്തം സമൂഹത്തിന്റെ കഥ ലളിതാംബികാ അന്തർജനം ചിത്രീകരിച്ചത്.ഉന്മൂലനം ചെയ്യപ്പെടേണ്ടവ ഉന്മൂലനം ചെയ്യപ്പെടുക തന്നെ വേണം എന്ന ഉദ്ദേശ്യത്തോടെ തൂലിക കൊണ്ട് നടത്തിയ പ്രവർത്തനമാണ് “അഗ്നിസാക്ഷി”.