കൂത്ത് എന്ന കലാ രൂപം സർവ്വ ജന ഹാസ്യദായകമായിരുന്നെങ്കിലും സവർണർക്കായിരുന്നു അത് കൂടുതൽ പഥ്യമായത്. കൂത്തമ്പലങ്ങളിലൊതുങ്ങി നിന്ന അതിലെ പരിഹാസവും വിമർശനങ്ങളും ഫലിത പ്രാധാന്യവും അതിനെ തുള്ളൽ എന്ന കലാ രൂപം പോലെ ജനകീയമാക്കിയില്ല. ഇതിനൊരു പ്രധാന കാരണം കാവ്യ രൂപം മുഴുവൻ സംസ്കൃതമായിരുന്നുവെന്നതാണ്. കൂത്തിന്റെ മറ്റൊരു പ്രധാന ന്യൂനത സംഗീത പരിഷ്ക്കരണമില്ലായ്മയായിരുന്നു. വ്യക്ത്യധിഷ്ഠിത പരിഹാസമായിരുന്നു ഇതിന്റെ മുഖ്യമായ രീതി. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കുഞ്ചൻ നമ്പ്യാർ എന്ന കലാകോവിദൻ തുള്ളൽ എന്ന കലാ രൂപം നമുക്ക് തന്നത്. അതിനദ്ദേഹം ചിട്ടപ്പെടുത്തിയ ലളിത മലയാളം പാമര സമൂഹത്തിനെ കയ്യിലെടുക്കാനുള്ള വെറും പൊടിക്കൈ ആയിരുന്നില്ല. മറിച്ച് അയത്ന ലളിതമായ മാതൃഭാഷ ഏത് ആശയ പ്രചരണത്തിനും സംവേദന ക്ഷമമാണെന്ന വെളിപ്പെടുത്തലായിരുന്നു. സംസ്കൃതമെന്ന ഭാഷാ പ്രൗഢതയോടുള്ള പ്രണയ ബഹുമാനങ്ങൾ അതിന്റെ എല്ലാ മഹത്വത്തോടും അംഗീകരിച്ചു കൊണ്ടു തന്നെയാണ് നമ്പ്യാർ നാട്ടുഭാഷ കൈകാര്യം ചെയ്തത്. ഭാഷയിലേയ്ക്കും തന്റെ സമകാലിക സമൂഹത്തിലേയ്ക്കും ഒരേ വീക്ഷണം തന്നെയാണ് നമ്പ്യാർ വിന്യസിച്ചത്. ആദർശ ലോകവും യഥാർത്ഥ ലോകവും തമ്മിലുള്ള വൈരുദ്ധ്യമായിരുന്നു ആ ഹാസ്യത്തിന്റെ അടിവേര്. ധന മോഹം, കർത്തവ്യ വൈമുഖ്യം, ധർമ്മ രാഹിത്യം, പരദ്രോഹ താൽപര്യം, പൊങ്ങച്ചം, വിശ്വാസ വഞ്ചന, ആദിയായവയിൽ കൂപ്പുകുത്തിപ്പോയ ഒരു സമൂഹത്തെയാണ് മലയാളത്തിലെ എക്കാലത്തേയും ജനകീയ കവി കണ്ടത്. ഇതു തന്നെയാണ് എഴുത്തച്ഛനും പൂന്താനവും കണ്ടതും. ഈശ്വരനിൽ മുഴുകിയ ഭാഷയുമായി എഴുത്തച്ഛനും ഭക്തി സാന്ദ്ര പരിവേദന ഭാഷയുമായി പൂന്താനവും ഇവിടെയിടപെട്ടപ്പോൾ തൂലികയെന്ന ചാട്ടവാറുമായാണ് നമ്പ്യാർ കളം നിറഞ്ഞത്. പല തരത്തിലുള്ള ജന സഞ്ചയത്തിന്റെ ജീവിതവും സ്വഭാവവും ഭാഷയുമായിരുന്നു അദ്ദേഹത്തിന്റെ മൂല ധനം.
“ആയുധമില്ലാതെ താനെന്തടോ കാട്ടിൽ
നായാട്ടിനായി ചരിപ്പതു നായരെ
വായും പിളർന്നു കടുവാ വരുന്നേര-
മായുധമുണ്ടെങ്കിലോടുവാൻ ദുർഘടം.”
എന്ന പോലെ ഭയക്കുന്ന പട നായന്മാരും രസികന്മാരെന്ന രീതിയിൽ രോഗി വീടിനു ദോഷമാകുന്ന വൈദ്യന്മാരും അജ്ഞാനികളായ ജോത്സ്യന്മാരും അഴിമതിക്കാരായ രാജ കിങ്കരന്മാരും;
“കാശിക്കപ്പുറമെങ്കിലുമിന്നൊരു
കാശിനു വകയുണ്ടെന്നാൽ മണ്ടും
എഴുപത്തെട്ടു വയസ്സു തികഞ്ഞൊരു
കിഴവ ബ്രാഹ്മണനിത പോകുന്നു
ചുടു വെയിൽ തട്ടിച്ചുട്ട കഷണ്ടിയിൽ
ഒരു പിടി നെല്ലാൽ മലരു പൊരിക്കാം”
തുടങ്ങിയ തരത്തിൽ സകല മനുഷ്യകുലവും നിറയുന്ന ഒരു ജീവ ആവാസ വ്യവസ്ഥ തന്നെയാണ് നമ്പ്യാർ കൃതികൾ.
സംസ്കൃതത്തിന്റെ ആഢ്യത്വവും മണിപ്രവാളത്തിന്റെ ശൃംഗാര ഗരിമയും കൊടികുത്തി വാണ കാലത്ത് അതുകളെ മാനിച്ചു കൊണ്ട് തന്നെ അയത്ന സുഭഗ മലയാളം സംവദിപ്പിക്കുകയെന്നതായിരുന്നു നമ്പ്യാരുടെ പ്രഥമ ലക്ഷ്യം.
“ഭട ജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരു കേരള ഭാഷ തന്നെ ചിതം വരൂ
കടുകടെ പടു കഠിന സംസ്കൃത വികട കടു കവി കേറിയാൽ”
അത് സാധാരണക്കാരന് ദഹനക്കേടാവും എന്നായിരുന്നു നമ്പ്യാർ മതം. മലയാളാധിക്യമുള്ള മണിപ്രവാളം ഒരപരാധമായി അദ്ദേഹം ഗണിച്ചുമില്ല. എങ്കിലും സമൂഹ ഭൂരിപക്ഷമായ സാധാരണക്കാരിലേയ്ക്കിറങ്ങിച്ചെല്ലാൻ മാതൃഭാഷയാണ് നല്ലതെന്നത് കുഞ്ചൻ നമ്പ്യാരുടെ ഏറ്റവും നല്ല ദർശനമാണ്.
“ഒരുത്തർക്കും ലഘുത്വത്തെ വരുത്താനും മോഹമില്ല
ഒരുത്തനും പ്രിയമായി പറവാനും തരമില്ല”
-യെന്ന പ്രസ്താവനയിലൂടെ നമ്പ്യാർ തന്റെ നിഷ്പക്ഷ വാദത്തെയും ഏതൊരാളും വിമർശന വിധേയനാണെന്ന ഉറച്ച നിലപാടും വ്യക്തമാക്കുന്നു. രാജകൊട്ടാരങ്ങളിൽ കാലയാപനം നടത്തിയ ആളാണെങ്കിലും അധികാരത്തിന്റെ ഒരു ശ്രേണിക്കും അടിപ്പെട്ടില്ല. അകവും പുറവും അദ്ദേഹം ഒരു പോലെ നിരീക്ഷണ വിധേയമാക്കി. ഈ നിരീക്ഷണാനുഭവങ്ങൾ അദ്ദേഹം സാമൂഹ്യ വിമർശനത്തിനുള്ള ആയുധമാക്കി. അതു തന്നെയായിരുന്നു പ്രധാന കാവ്യ ലക്ഷ്യവും.
സാമൂഹിക പരിവർത്തനമെന്ന ഉദ്ദേശ്യത്തോടെ നമ്പ്യാർ ഉപയോഗിച്ച നാടൻ ഭാഷ ചാട്ടവാറു പോലെ ചെന്നു പതിച്ചത് ചുറ്റുപാടുകളിലെ മലിന സംസ്ക്കാരത്തിന്റെ മുകളിലേയ്ക്കാണ്. അക്കാലഘട്ടത്തിൽ നടമാടിയിരുന്ന സദാചാര ധ്വംസനം, അഴിമതി, അലസത, സ്വജനപക്ഷപാതം തുടങ്ങിയവയോട് ആ നിസ്തുല തൂലിക നടത്തിയ സന്ധിയില്ലാ സമരമായിരുന്നു. ആയെഴുത്തുകളുടെ സാമൂഹിക വശം.
കേരളീയതയാണ് നമ്പ്യാർ രചനകളുടെ മുഖ മുദ്ര. കഥ നടക്കുന്നത് ഭൂ സ്വർഗ്ഗ പാതാളങ്ങളിലെവിടെയാണെങ്കിലും അത് അമ്പലപ്പുഴയോ തിരുവനന്തപുരമോ ആയി പുനർ ജനിക്കും. ഉദ്യോഗ പ്രഭുക്കളും ദാസിമാരുമെല്ലാം അവിടെ നിറഞ്ഞാടും. അന്നത്തെ ബഹു ഭർതൃത്ത്വം, ബഹുഭാര്യത്വം, മദ്യാസക്തി തുടങ്ങിയെല്ലാം പുരാണ കഥാ പരാമർശമുള്ള തുള്ളലുകളിൽ പ്രഥമ ഗണനീയങ്ങളായി. തിരുവനന്തപുരത്തെയും അമ്പലപ്പുഴയിലെയും പ്രധാന സ്ഥലങ്ങളും ഉത്സവങ്ങളും സദ്യകളുമൊക്കെ ആലങ്കാരികമായി അവയിൽ നിറഞ്ഞു. എഴുത്തച്ഛൻ തന്റെ വായനക്കാർക്ക് പുരാണ കഥാപാത്രങ്ങളുടെ അഭൗമികത കാട്ടിക്കൊടുത്തപ്പോൾ നമ്പ്യാർ അക്കഥാപാത്രങ്ങളെ കേരള ജനതയുടെ മധ്യത്തിൽ ഇറക്കി നിർത്തി. ‘കാർത്തവീര്യാർജ്ജുന വിജയം’ തുള്ളലിലെ;
“കപ്പം തരണം കാലം തോറും
വിളവിൽപ്പാതി നമുക്കു തരേണം
മുളകു സമസ്തവുമേല്പിക്കേണം.
തെങ്ങു കവുങ്ങുകൾ മാവും പ്ലാവും
എങ്ങുമെനിക്കിഹ കണ്ടെഴുതേണം
മാടമ്പികളുടെ പദവികളൊന്നും കൂടുകയില്ലാ നമ്മുടെ നാട്ടിൽ
വീ ടന്മാരും വിളവുകൾ നെല്ലുകൾ
വിത്തിലിരട്ടി നമുക്കു തരേണം
നാട്ടിലിരിക്കും പട്ടന്മാരും
നാലാലൊന്ന് നമുക്കു തരേണം
വീട്ടിലിരിക്കും നായന്മാരോ
വില്ലും കുന്തവുമേന്തി ച്ചൊല്ലും
വേലയെടുത്തു പൊറുക്കണമല്ലോ
കള്ളുകുടിക്കും നായന്മാർക്കടി
കൊള്ളും താനുമതോർത്തീടേണം”
എന്ന് രാവണനോട് വിധേയത്വം കാണിക്കണമെന്നറിയിക്കാൻ ദൂതൻ കാർത്തവീര്യനോട് പറയുന്നത് നമ്പ്യാർക്കവിതയിലെ കേരളീയതയുടെ ഒരുദാഹരണം മാത്രമാണ്.