അന്നൊരു വൃശ്ചിക രാത്രിയിലായിരുന്നു ഏണിലിരുത്തിയ എന്നെയും കൊണ്ട് എന്റുമ്മ ഓലിക്കരവളവിലെ കായല് കാട്ടീടാൻ പോയത്..
എനിക്കന്ന് മൂന്നോ, നാലോ വയസ്സ് പ്രായം.
തൊണ്ട് തല്ലിക്കുഴഞ്ഞ് വീട്ടിലെത്തിയ ന്റുമ്മ അത്താഴത്തിന് അരിവെക്കാൻ മങ്കലം കഴുകി വെച്ച് അടുപ്പ് കത്തിച്ചു. നനതീരാത്ത തൊണ്ടിൻ പോളയ്ക്കൊപ്പം പുകഞ്ഞു കത്തിക്കയറിയ കുടുംബവഴക്കാണ് എന്നെ ഉടൻ കായല് കാണാൻ സഹായിച്ചത്..
ഓട്ടുവിളക്കിനൊപ്പം കത്തിച്ച അവസാന ചന്ദനത്തിരിയുടെ കൂട് തന്നിട്ട് സ്വലാത്ത് ചൊല്ലാൻ എന്നോട് പറഞ്ഞിട്ടാണ് ഉമ്മ അരിവെക്കാൻ പോയത്..
ബാപ്പാന്റെ കൂട്ട്കുടുംബത്തിലെ പെൺപട മൊത്തത്തിലും, എന്റുമ്മ ഒറ്റയ്ക്കും.
ഭൂമിയോളം ക്ഷമിച്ചിരുന്ന ഉമ്മ അന്ന് അറിയാംവണ്ണമൊക്കെ പൊരുതി നോക്കി. വിശപ്പിനോടും വിഷമതകളോടും പകലന്തിയോളം പടവെട്ടിക്കുഴഞ്ഞ ഉമ്മ തോറ്റ് സഹികെട്ട് എന്നെയും വാരിപ്പിടിച്ചെടുത്ത് വരമ്പ് വക്കത്തൂടോടുമ്പോഴും ഏങ്ങിക്കരയുകയായിരുന്നു.
പോകുന്ന വഴിയിൽ കോളാമ്പിയിലൂടെ കാതിൽ അലയടിച്ചുകൊണ്ടിരുന്ന ശാസ്താംപാട്ടിന്റെ ഈണം ഉമ്മാന്റെ തേങ്ങലുകൾ വിഴുങ്ങിയെടുത്തു.
അന്നെനിക്ക് ഉമ്മയുടെ അരക്കെട്ടിൽ കാൽ മടക്കി ഇരിക്കാൻ പറ്റുംവിധം മരിച്ചുപോയ എന്റെ പൊന്നനുജൻ ഷാജഹാന്റെ ഏഴുമാസ ഗർഭം ഇരിക്കവിരിച്ചു തന്നു.
ഉമ്മയുടെ കഴുത്തിൽ മുഖമമർത്തി ചീഞ്ഞതൊണ്ടിലെ ചകിരിച്ചോറിന്റെയും, വിയർപ്പിന്റെയും, കണ്ണീരിന്റെയും രുചി ഞാൻ നന്നായി നുകർന്നു..
കക്കൂഴിതോടും കടന്ന് കരിനിഴൽ വീണ കാഴ്ചകളും മറഞ്ഞ് ഞങ്ങളാ നേരംകൊണ്ട് ഓലിക്കര കടവിലെത്തി…
നിമിഷങ്ങൾക്കുള്ളിൽ അന്നാദ്യമായി കായലിലെ വെള്ളത്തിന് ഉപ്പിന്റെയും, ചേറിന്റെയും രസമുണ്ടെന്ന് ഞാനറിഞ്ഞു..
ആ രസമൊന്ന് കൊതിതീരുവോളം ആസ്വദിക്കും മുന്നെയാണ് ദൈവദൂതനെപ്പോലെ, വരമ്പേലെ പൊന്നമ്മേക്കയുടെ അച്ഛൻ ആനന്ദൻ വേലുത്താൻ എവിടെനിന്നോ ഓടിവന്ന് തല്ലിത്തകർത്തത്..
ഉമ്മയുടെ ഏങ്ങലടിയെക്കാൾ അപ്പോളെന്നെ വേദനിപ്പിച്ചത് കയ്യിൽ മുറുകെപ്പിടിച്ചിരുന്ന ശംഖിന്റെ പടമുള്ള എന്റെ ചന്ദനക്കൂട് നനഞ്ഞ്കുതിർന്ന് പോയല്ലോ എന്ന സങ്കടമായിരുന്നു..
അന്ന് മുതൽ ഞങ്ങൾടെ ജീവിതവഴിയിൽ കൂടെകൂടിയതാണ് പൊന്നമ്മേക്ക..
ഒറ്റയ്ക്ക് ഒരു കൊട്ടൂടി എടുത്ത് പൊക്കി തൊണ്ട് തല്ലാൻ ആവതില്ലാത്ത എനിക്ക്, അതിനെ മുറിച്ച് രണ്ടാക്കി ഉമ്മയ്ക്കൊപ്പമിരുന്ന് തല്ലാൻ പഠിപ്പിച്ചതും വയറ്കരിയുമ്പോൾ വളിച്ച റേഷനരിച്ചോറിൽ ചുട്ടമുളകിന്റെ പുളിച്ചചമ്മന്തി സ്നേഹത്തിൽ കുഴച്ചുചേർത്ത് നൽകി വിശപ്പടക്കി തന്നതും തൊണ്ട്തല്ലി കയ്യിലെ തൊലിപൊട്ടുമ്പോൾ നീറ്റല്മാറ്റാൻ വെള്ളയ്ക്കാ അരച്ച് കയ്യിൽതേച്ചു തന്നതും ഇവരാണ്.
ഓർമ്മയിൽ പഴകാതെ കിടക്കുന്ന ഒരു കുഞ്ഞാനന്ദം; കുരീപ്പുഴ കായലിൽ നിന്നും പെയ്തിറങ്ങുന്ന മഴക്കാറ് കാറ്റിനൊപ്പം വീശിയടിക്കുമ്പോൾ എന്റെ മനസ്സിൽ സന്തോഷം എഴുവർണ്ണങ്ങളും നിരത്തി ആനന്ദ നൃത്തമാടും.
കാരണം മഴതോരും വരെ പിന്നെ തൊണ്ട് തല്ലേണ്ടല്ലോ എന്ന കുഞ്ഞുസന്തോഷം.
ചകിരിക്കൂട്ടിൽ കയറിയിരുന്ന് ഞാൻ മഴയെ വാഴ്ത്തുമ്പോൾ, എന്റുമ്മ മഴയെ ശപിക്കുമായിരുന്നു..
നിറവയറുമായി എന്നെയും ഒക്കത്തിരുത്തി അഷ്ടമുടിക്കായലിന്റെ ഓളങ്ങൾക്കും, പരൽമീനുകൾക്കും വിരുന്നൊരുക്കാൻ പോയ എന്റുമ്മയെ ചെറുതും വലുതും അനിർവചനീയവുമായ അനേകം വായ്പുകളിലൂടെ തിരിച്ചു കൊണ്ടുവന്ന, കല്ലും, മുള്ളും നിറഞ്ഞ ജീവിത വഴികളിലൂടെ പിച്ചവെച്ച് നടക്കാൻ എന്നെ പഠിപ്പിച്ച ഈ പൊന്നമ്മയക്കയെ ഞാൻ ഇത്തവണ നാട്ടിൽ പോയപ്പോൾ ഒന്ന്പോയി കണ്ടു.
വർഷങ്ങളനവധി കഴിഞ്ഞെങ്കിലും പൊന്നമ്മേക്ക എന്നെ എപ്പോഴും, ഇപ്പോഴും തിരക്കും.
മീൻചന്തയിൽ പോയി വരുന്ന ഉമ്മയോട് ഇപ്പോഴും ചോദിക്കും നബീസത്തേ, മോന് സുഖാണോ.?
അവൻ നാട്ടിൽവരുമ്പോൾ ഒന്നൂടി എനിക്കവനെ കാണണം എന്നൊക്കെ..
ഒരു നയാ പൈസയുടെ പ്രതിഫലം പോലും പ്രതീക്ഷിക്കാതെ ഈ നൽകുന്ന സ്നേഹത്തിന് മുന്നിൽ പലപ്പോഴും എന്റെ മനസ്സ് ഉമിത്തീപോലെ നീറിപ്പുകയാറുണ്ട്..
ആ ഉമിത്തീയിൽ വേടനും, പറയനും, പുലയനും, ഹിന്ദുവും, മുസ്സൽമാനും, ക്രിസ്ത്യനും എന്ന വേർതിരുവ് എന്റെ മനസ്സിൽ എരിഞ്ഞടങ്ങുന്നതും ഞാൻ കൺകുളിർക്കെ കാണുന്നു..