പാലക്കാട്: ഭാരതചരിത്രത്തിൽ അനന്യമായ പൈതൃകമുറങ്ങുന്ന ആനക്കര വടക്കത്ത് തറവാട്ടിൽ നിന്ന് പടിയിറങ്ങിയത് രണ്ടാമത്തെ പത്മഭൂഷൺ. നാട്യ വിസ്മയം മൃണാളിനി സാരാഭായ് വിടവാങ്ങിയത് പത്മഭൂഷണും പത്മശ്രീയും ഒടുവിൽ പത്മവിഭൂഷണും നേടിയാണ്. ഒരു കുടുംബത്തിലെ മൂന്ന് പേർക്കു പത്മ പുരസ്കാരം ലഭിക്കുകയെന്ന ചരിത്രം ആനക്കര വടക്കത്തെ വീടിന് മാത്രം സ്വന്തം. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് ആനക്കര വടക്കത്തെ വീട്. സ്വാതന്ത്ര്യ സമരനായികയായിരുന്ന അമ്മു അമ്മയുടേയും ഡോ. സ്വാമിനാഥന്റെയും മക്കളാണ് ക്യാപ്റ്റൻ ലക്ഷ്മിയും, മൃണാളിനിസാരാഭായിയും. ഐ.എൻ.എയുടെ സമരനായികയായിരുന്ന ലക്ഷ്മിക്കാണ് ആദ്യ പത്മഭൂഷൻ ലഭിച്ചത്. തുടർന്ന് കലയുടെ കമലദളം വിടർത്തിയ മൃണാളിനിക്കും അവരുടെ മകളും നർത്തകിയുമായ മല്ലികാ സാരാഭായിക്കും പത്മ പുരസ്കാരങ്ങൾ ലഭിച്ചു. ഒരു വീട്ടിലെ സഹോദരങ്ങൾക്കും, മകൾക്കും പത്മഭൂഷൺ ലഭിക്കുന്നത് ഭാരതചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും.

ദേശത്തിന്റേയും ഭാഷയുടേയും അതിർത്തികൾ അലിയിച്ച് ഇല്ലാതാക്കിയ മലയാളത്തിന്റെ വനിതാരത്നങ്ങളായിരുന്നു ക്യാപറ്റൻ ലക്ഷ്മിയും, അനുജത്തി മൃണാളിനിയും, പുത്രി മല്ലികയും. സ്വാതന്ത്ര്യ സമര പോരാളികളെ ആവേശം കൊള്ളിച്ച് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന ക്യാപ്റ്റൻ ലക്ഷ്മി പുതിയകാലത്തും സാമ്രാജ്യത്ത വിരുദ്ധ പോരാട്ടത്തിന്റെ നായികയായിരുന്നു. നാടിന്റെ അഭിമാനമായി മാറിയതിനാണ് രാജ്യം ഇവർക്ക് പത്മഭൂഷൺ നല്കി ആദരിച്ചത്.
മൃണാളിനി സാരാഭായിയാകട്ടെ നൃത്തരൂപങ്ങളിലൂടെ നാട്ടിലെ പാവപ്പെട്ടവർക്ക് നേരെ നടക്കുന്ന അടിച്ചമർത്തലുകൾക്കെതിരെ ശക്തമായി പോരാടിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതിയായ പത്മവിഭൂഷണ് അർഹയായത്. പത്മഭൂഷൺ, പത്മശ്രീ എന്നിവക്ക് പുറകെയാണ് രാജ്യം ഏറ്റവും വലിയ ബഹുമതിയും കൂടി നല്കി അവരെ ആദരിച്ചത്. മൃണാളിനിയുടെ ശിഷ്യയായ നർത്തകി ദർപ്പണയിലൂടെയാണ് മകൾ മല്ലിക നൃത്തരംഗത്തും പിന്നീട് സാമൂഹികരംഗത്തും ചുവടുറപ്പിച്ചത്. സാമൂഹിക പരിഷ്കരണ രംഗത്തും, നൃത്ത രംഗത്തും നല്കിയ സംഭാവനകൾ മാനിച്ചുകൊണ്ടാണ് മല്ലികയ്ക്ക് ഇത്തവണ പത്മഭൂഷൺ ബഹുമതി നല്കിയത്.

മൃണാളിനി സാരാഭായ് ഭാരതത്തിന്റെ നർത്തകിയായിരുന്നു. പ്രശസ്തയായ അമ്മയുടേയോ, പ്രശസ്തനായ അച്ഛന്റെയോ തണലില്ല അവർ ലോകം കീഴടക്കിയത്. അമ്മയുടെ ആഗ്രഹപ്രകാരം യൂറോപ്പിൽ പോയി വിദ്യാഭ്യാസം നേടിയെങ്കിലും മൃണാളിനിയുടെ സ്വപ്നം നൃത്തമായിരുന്നു. ആ മനസ്സ് നൃത്തത്തിന് സമർപ്പിക്കപ്പെട്ടതായിരുന്നു. നൃത്തമെന്നത് തന്റെ ജീവനാണെന്ന് തിരിച്ചറിഞ്ഞ മൃണാളിനിയ്ക്ക് ശാന്തിനികേതനിലെ ജീവതമാണ് മാറ്റത്തിനുള്ള വഴിത്തിരിവായത്. മഹാകവി ടാഗോറിന്റെ പ്രിയശിഷ്യയായിരുന്ന മൃണാളിനിക്ക് ഭാരതത്തിലെ പ്രമുഖ നൃത്തരൂപങ്ങൾ പെട്ടെന്നു തന്നെ ഗ്രഹിക്കുവാൻ കഴിഞ്ഞു. മൃണാളിനിയുടെ ആത്മകഥയിൽ ശാന്തിനികേതനിലെ ജീവിതം വിവരിച്ചിരിക്കുന്നത് വായനക്കാരെ ആ സ്വർഗീയ ഭൂമിയിലൂടെ കൊണ്ടുപോകും വിധത്തിലാണ്.

പ്രസിദ്ധ നർത്തകനായിരുന്ന രാം ഗോപാൽ അദ്ദേഹത്തോടൊപ്പം നൃത്താവതരണം നടത്താൻ മൃണാളിനിയെ ക്ഷണിച്ചു. മൃണാളിനി അത് സന്തോഷപൂർവം സ്വീകരിച്ചു. ബാംഗ്ലൂരിൽ വച്ചായിരുന്നു പരിപാടി. അവിടെ വച്ച് വിക്രം സാരാഭായിയെ കണ്ടുമുട്ടി. പരിചയം സൗഹൃദവും പിന്നീട് പ്രണയവുമായി. അന്ന് വിക്രംസാരാഭായ് ബാംഗ്ലൂരിൽ പഠിക്കുകയായിരുന്നു. നൃത്തവും ശാസ്ത്രവും , ശ്രുതിയും ലയവും പോലെ ചേർന്നപ്പോൾ വടക്കത്ത് മൃണാളിനി മൃണാളിനി സാരാഭായിയായി. സ്വാതന്ത്ര്യസമര കാലഘട്ടത്തിലായിരുന്നു വിവാഹം. ഭർത്താവ് പൂർണ്ണമായും ഗവേഷണങ്ങളിലും, ലബോറട്ടറിയിലും മുഴുകിയപ്പോൾ കടുത്ത ഏകാന്തത മൃണാളിനിയെ അലട്ടിയിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കെ പോലീസിന്റെ വെടികൊണ്ട് കണ്ണിന് പരിക്കേറ്റിരുന്നു. അതിനെ അതിജീവിച്ച് ഭരതനാട്യം , കഥകളി , മോഹിനിയാട്ടം , കുച്ചുപ്പുടി, കഥക്ക് , മണിപ്പൂരി തുടങ്ങിയ ഭാരതത്തിലെ ശാസ്ത്രീയ – നാടോടി നൃത്തരൂപങ്ങളിലെല്ലാം അവർ അഗാധ പാണ്ഡിത്യം നേടി. നൃത്തം തനിക്ക് ശ്വാസവും വികാരവും താൻ തന്നെയുമാണെന്ന കണ്ടെത്താലായിരുന്നു മൃണാളിനിയുടേത്.