സ്ഥലം മാറ്റം കഴിഞ്ഞു ചാര്‍ജ്ജെടുത്ത് ആഴ്ചയവസാനത്തെ ആദ്യ മടക്ക യാത്രയാണ് – കോഴിക്കോട് നിന്ന് പാലക്കാട്ടേക്കുള്ള യാത്ര ഇനി എല്ലാ ആഴ്ചയിലും ആവര്‍ത്തിക്കണമെന്ന് ഓര്‍ക്കുമ്പോഴാണ് വിഷമം തോന്നുന്നത്. കോളേജില്‍ കാലു കുത്തിയത് തൊട്ട് എല്ലാം പുതിയ അറിവുകളായിരുന്നു. വിശാലമായ അടച്ചു ഭദ്രമാക്കിയ ഗേറ്റ്, പൊക്കം കൂടിയ മതില്‍ക്കെട്ട് – ഒരു ജയിലിനെ ഓര്‍മിപ്പിക്കും – ഗേറ്റ് കഴിഞ്ഞതും തൂങ്ങിയാടുന്ന പോസ്റ്റുകളില്‍ ക്യാമറക്കണ്ണുകള്‍….. തനിക്കു തെറ്റു പറ്റിയില്ലെന്ന് ഉറപ്പു വരുത്തിയാണ് ബഹുഗുണന്‍ സാര്‍ കോളേജിനകത്ത് പ്രവേശിച്ചത്.
വീട്ടിലെത്തിയതും ബഹുഗുണന്‍ സാര്‍ നേരെ മുറിയില്‍ കട്ടിലില്‍ കയറി കിടന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കോളേജ് അനുഭവം മനസ്സില്‍ ഒരു ചലച്ചിത്രം പോലെ നിവരുന്നു. എവിടെയായിരുന്നു തെറ്റ് പറ്റിയത്? തുടക്കം മുതല്‍ തന്നെ തെറ്റായിരുന്നു. എന്നാല്‍ തന്റെ ഇരുപത്തിനാല് വര്‍ഷത്തെ അദ്ധ്യാപന ജീവിതത്തില്‍ ഇത്തരമൊരു സംഭവം ഇതിനു മുമ്പുണ്ടായിട്ടില്ല; അതുകൊണ്ട് തന്നെ അതൊരു തെറ്റായി കരുതാനാവുന്നില്ല.
ക്ലാസ്സില്‍ മുന്‍ നിരയില്‍ രണ്ടു നിര പെണ്കുട്ടികള്‍ക്കുള്ളതാണ്. എല്ലാ ക്ലാസ്സുകളിലും ആ രീതി അനുവര്‍ത്തിച്ചു പോരുന്ന കോളേജില്‍, കുട്ടികള്‍ അവര്‍ക്കിഷ്ടാനുസരണം ഇട കലര്‍ന്നിരുന്നത് പ്രത്യേകം ശ്രദ്ധിച്ചില്ല എന്നത് നേര്. ഇംഗ്ലീഷ് ലിറ്ററെച്ചര്‍ പഠിപ്പിച്ചിരുന്ന തനിക്കു അന്ന് ക്ലാസ്സെടുക്കാനുണ്ടായിരുന്നതോ, തോമസ് മാന്റെ ‘മാജിക് മൗണ്ടനും’…. ഗാലറിയുള്ള കോളേജില്‍ നിറഞ്ഞ കുട്ടികള്‍ക്കു മുന്നില്‍ പണ്ട് എം. കൃഷ്ണന്‍ നായര്‍ ‘മാജിക് മൗണ്ടന്‍’ പഠിപ്പിച്ച ഓര്‍മ്മകളുമായി രസത്തില്‍ ക്ലാസ്സ് തുടങ്ങിയപ്പോഴാണ് പ്രിന്‍സിപ്പലിന്റെ നോട്ടീസുമായി ശ്രീധരന്‍ വന്നത്. അത് കിട്ടിയപ്പോള്‍ രസം മുറിഞ്ഞുപോയി. കുട്ടികള്‍ ഇടകലര്‍ന്നിരിക്കുന്നത് പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പെട്ടിരിക്കുന്നു. ഒന്നുകില്‍ അവരെ പ്രത്യേക സ്ഥാനങ്ങളില്‍ ഇരുത്താന്‍ അദ്ധ്യാപകന് കഴിയണം, അല്ലെങ്കില്‍ ക്ലാസ്സ് നിര്‍ത്തി പിരിഞ്ഞു പോകാം – ആദ്യം പറഞ്ഞു നോക്കി. പറഞ്ഞത് വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നി. കറുത്തു ഉയരം കുറഞ്ഞു മുഖം നിറയെ ആവേശവുമായി തന്റെ തന്നെ പ്രിയപ്പെട്ട വിദ്യര്‍ത്ഥി എഴുന്നേറ്റു നിന്ന് ശബ്ധമുയര്‍ത്തിയപ്പോള്‍ ക്ലാസ്സ് നിര്‍ത്തി പിരിഞ്ഞു പോകാതെ നിവൃത്തിയില്ലാതായി.
ഒന്നുമോര്‍ക്കരുതെന്നു കരുതി, അകത്തു തങ്കത്തിനോട് കുളിക്കാന്‍ വെള്ളം ചൂടാക്കാന്‍ പറയുമ്പോള്‍ വെറുതെ ചോദിച്ചു, അരവിന്ദന്‍ എവിടെ? മകള്‍ ലക്ഷ്മികുട്ടി പഠനമുറിയിലുണ്ട്. അവള്‍ക്കു എട്ടാം ക്ലാസ് പരീക്ഷ തുടങ്ങിക്കഴിഞ്ഞു. അവളെക്കാള്‍ അഞ്ചു വർഷം ഇളയതാണ് അരവിന്ദ്.
‘അവന്‍ ആകെ മൂഡ് ഓഫാണ്. ക്ലാസ്സില്‍ ആ കണക്കുമാഷ് ഇന്നവനെ കൈകാര്യം ചെയ്തുവെന്നാണ് തോന്നുന്നത്’.
മന്നത്ത് സ്കൂളിലെ കണക്കുമാഷെ അരവിന്ദന് മാത്രമല്ല, ഒട്ടുമിക്ക കുട്ടികള്‍ക്കും ഭയമാണ്. അതുകൊണ്ടുതന്നെ കണക്കു തെറ്റാതിരിക്കാന്‍ വൈകുന്നേരം ഹോം വര്‍ക്ക് ചെയ്ത ശേഷമേ വരാന്തയില്‍ നിന്ന് വീടിനകത്ത് കയറൂ. രണ്ടു കൈകളും പൊക്കി നിലത്തുനിന്നു ഉയര്‍ത്തിയാണത്രെ കുഞ്ഞന്‍ മാഷടെ പ്രയോഗം.
‘ഹാവൂ, അച്ഛാ, കാണാന്‍ വയ്യ. ചൂരലു കൊണ്ടു തല്ലണ കണ്ടാല്‍ നമ്മടെ അയ്യപ്പന്‍ പയ്യിനെ തല്ലണതു പോലെയാ…’ ലക്ഷ്മികുട്ടി ഒരിക്കല്‍ പറഞ്ഞതോര്‍മ്മ വന്നു.
ഒരിക്കല്‍ രക്ഷാകർത്തായോഗത്തില്‍ ചെന്ന് സൂചിപ്പിക്കുകയുണ്ടായി. അങ്ങനെ എതിര്‍ത്തു പറയാനും വയ്യ. ആ കാരണം കൊണ്ട് കുഞ്ഞന്‍ മാഷ് രണ്ടെണ്ണം കൊടുത്താല്‍ പിന്നെ അതുമായി. പക്ഷെ, കണക്കില്‍ എല്ലാ കുട്ടികള്‍ക്കും നല്ല മാര്‍ക്കാണ്. കാലം മാറിയെങ്കിലും കുഞ്ഞന്‍ മാഷടെ ചൂരലിന് ഇന്നും പ്രസക്തിയുണ്ട്.
അവനെ അടുത്തു വിളിച്ച് ബഹുഗുണന്‍ മാഷ് സ്വകാര്യമായി ചോദിച്ചു – ‘എന്താ, കുട്ടാ..ഇന്നെന്താ ഉണ്ടായെ?’
അവന്‍ അപ്പോഴേക്കും പൊട്ടുമെന്ന നിലയിലായി.
‘അയ്യേ, ആണ്‍കുട്ടികള്‍ കരയ്യേ? നിന്നെ മാഷ് തല്ലിയോ? എന്തേ, കണക്കു ചെയ്യാതെ പോയോ?’
‘അതല്ല, അച്ഛാ.. ക്ലാസ്സില്‍ വര്‍ത്തമാനം പറഞ്ഞൂന്നു പറഞ്ഞ് എന്നെ പെണ്‍കുട്ടികളുടെ ഇടയില്‍ കയറ്റിയിരുത്തി’. – അവന് ആലോചിക്കുംതോറും കരച്ചില്‍ കൂടുകയാണ്.
‘പോട്ടെ, കുട്ടാ.. ഇതൊരു വലിയ കാര്യമാണോ? അവരും നിന്റെ കൂട്ടുകാരല്ലേ? അങ്ങിനെ വേണ്ടേ അത് കാണാന്‍?’
‘ഉം..ഉം..അതൊന്ന്വല്ല. സൈനുദ്ധീനും കൃഷ്ണന്‍ കുട്ടിയുമൊക്കെ എന്നെ കളിയാക്കി. നാണക്കേട് തോന്നി എനിക്ക്….’
ഇവനെ എങ്ങിനെയാണ് പറഞ്ഞു മനസ്സിലാകുക എന്നറിയാതെ നില്‍ക്കുമ്പോള്‍ അടുക്കളയില്‍ വെള്ളം കാലായി എന്ന് പറഞ്ഞു തങ്കം വന്നു ഇടപെട്ടു.
‘ഇതാണോ കാര്യം? അയ്യേ, കരയുന്നതല്ലേ നാണക്കേട്? നീ ഒരാണല്ലേടാ?…’ ചേച്ചി പഠിത്തം മതിയാക്കി കൂട്ടത്തില്‍ ചേര്‍ന്നപ്പോള്‍ കുട്ടന്റെ കരച്ചില്‍ താനേ നിന്നു. അവന്റെ കരച്ചില്‍ ചെറിയൊരു ചിരിയായി വളര്‍ന്നു.
വളര്‍ച്ചയുടെ പടവുകളില്‍ എത്ര പെട്ടെന്ന് ശിക്ഷകള്‍ കുറ്റങ്ങളാവുന്നു എന്ന് ഞാന്‍ അദ്ഭുതപ്പെടുകയായിരുന്നു! കാലമാണ് ലിംഗസമത്വം എന്താണെന്ന് നിര്‍വചിക്കുന്നത്. ഓരോ മനുഷ്യ ജീവിയും ലിംഗവ്യതാസം കൂടാതെയല്ലേ ജനിക്കുന്നത് തന്നെ? കാലം കഴിയും തോറും ബോധത്തില്‍ വളരുന്ന വേര്‍തിരിവ് മാത്രമല്ലേ ലിംഗവ്യത്യാസങ്ങള്‍?
വേര്‍തിരുവകള്‍ ജീവിതത്തിന്റെ അര്‍ത്ഥം തന്നെ നശിപ്പിക്കുന്നു എന്ന സത്യം വേദനയോടെ ബഹുഗുണന്‍ സര്‍ അറിയുകയായിരുന്നു.