സൂര്യൻ ഭൂമിയുടെ ഹൃദയത്തിൽ ഒളിപ്പിച്ചുവെച്ച കവിതാശകലങ്ങളാണ് സുര്യതോട്ടിലെ നൃത്തച്ചുവടുകൾ തീർക്കുന്ന ഏഴ് വെള്ളച്ചാട്ടങ്ങൾ. തുലാവർഷമഴ, കാലം തെറ്റി തിമിർത്തു പെയ്യുകയാണ്.പുലർച്ചയ്ക്ക് അഞ്ചു മണിക്കുള്ള ആദ്യ പൊന്മുടി ബസ് തംബാനൂരിൽ നിന്നു തിരിച്ചു . പൊന്മുടിയിലെ കോട മഞ്ഞും കല്ലാറിലെ ഹരിത ഭംഗി ആസ്വദിക്കാനെത്തിയവരും തോട്ടം തൊഴിലാളികളുമാണ് ബസ്സിൽ നിറയെ.
ഈറനണിഞ്ഞ വെളുപ്പാൻകാലം, പുറത്തു നല്ല ചാറ്റൽ ചാറ്റൽ മഴയുണ്ട്. നേരത്തെ എത്തിയത് കാരണം ഒരു സീറ്റ് കിട്ടി. മഴയും തണുപ്പും കാരണം ബസിന്റെ ഷട്ടറുകളെല്ലാം താഴ്ത്തി വെച്ചാണ് യാത്ര, കുളിരുള്ളിലേക്കരിച്ചു കയറി. മിഴികളറിയാതെ മയങ്ങിപോയി.
ഒന്നര മണിക്കൂർ യാത്രയ്ക്കൊടുവിൽ ആനവണ്ടി കല്ലാർ പാലത്തിലെത്തി.1902 ൽ തിരുവിതാംകൂർ രാജവംശം കല്ലാറിനു കുറുകെ കെട്ടിയ പാലം സുർകി മിശ്രിതവും മുളയും കരിംകല്ലും ഉപയോഗിച്ച് നിർമ്മിച്ചതത്രേ. പ്രൌഡ ഗംഭീരമായ രാജസ്മരണകളുണർത്തി ,പൊന്മുടിയെയും കല്ലാറിനെയും പരസ്പരം യോജിപ്പിക്കുന്ന രാജകീയപാലം, കാലക്കെടുതികൾ ഒരു പോറലും ഏൽപ്പിക്കാതെ തലയെടുപ്പോടെ ശേഷിക്കുന്നു. ബസിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ആദ്യം കണ്ണിൽപെട്ടത് ഷൌക്കത്തേട്ടന്റെ ആഷിഖ് ഹോട്ടൽ ആണ്. മഴയിൽ ഈറനണിഞ്ഞു രാവ് പകലിലേക്ക് പ്രവേശിക്കുമ്പോൾ കല്ലാർ മാരിയമ്മൻ ക്ഷേത്രത്തിൽ പ്രഭാത കീർത്തനം കേൾക്കുന്നുണ്ട്. പുലർച്ചയ്ക്ക് തോട്ടം പണിക്കുപോകുന്നവരുടെ തിരക്കാണ് ചായകടയിൽ. കൈകൾ കഴുകി പ്രാതലിനായി കടയിലെ ഒരു കോർണറിൽ ഇരുപ്പുറപ്പിച്ചു. മൂന്ന് കട്ടുകൂവയുടെ ഇലകൾ മുന്നിൽ നിരത്തിവെച്ചു അതിലൊന്നമർത്തി തടവി വെടിപ്പാക്കിയിട്ടൊരു ചോദ്യം. കഴിക്കാൻ പുട്ടാണോ ദോശയോ? ഇവിടുത്തെ പുട്ടും മുട്ടകറിയും സിനിമാക്കാരടക്കം ഒരുപാടു യാത്രികർ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. കൂവയിലയിൽ കഴിക്കുന്നതിന്റെ ത്രില്ലൊന്നു വേറെതന്നെ. അതിനിടയിൽ കല്ലാർ വനസംരക്ഷണ സമിതിയിലെ ബാബു ചായകടയിൽ എന്നെ തിരക്കിയെത്തി. വർഷങ്ങളായി വനയാത്രകളിൽ ബാബു എന്റെ വഴി കാട്ടിയാണ്.
കല്ലാറിൽ നിന്ന് പൊന്മുടി റൂട്ടിലേക്കുള്ള രണ്ടാം പാലം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ബാബു കല്ലാർ വിശേഷങ്ങൾ പറയുന്നതിനിടയിൽ മാരിയമ്മൻ ക്ഷേത്രത്തിലെ അരയാലിനെന്തു പറ്റി എന്നായി ഞാൻ. അതൊരു വർഷം മുമ്പ് മിന്നലേറ്റു ഉണങ്ങിയത്രേ .
ചീനികാല, പനയപൊന്മുടി,പുതുക്കാട്, കുളച്ചികര തുടങ്ങിയ തോട്ടം മേഖലകളുടെ വാണിഭ കേന്ദ്രമായിരുന്നു കല്ലാർ. ഇന്നത്തെ കല്ലാർ ജങ്ക്ഷൻ പഴയൊരു ചന്ത ആയിരുന്നു. തോട്ടമേഖലയിലെ വനവിഭവങ്ങൾ വിപണനം ചെയ്യപെട്ടിരുന്നത് ഈ ചന്തയിൽ ആയിരുന്നു. കാട്ടാക്കട, നെടുമങ്ങാട്, പനച്ചമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കാളവണ്ടികൾ ചരക്കുമായി എത്തിയിരുന്നു. തമിഴ്‌നാട്ടിലെ അംബസമുദ്രത്തിലെക്കു ബോണക്കാട്, പാണ്ടിപത്, കണ്ണുപൊത്തി വഴി ഒരു വനപാത ഉണ്ടായിരുന്നു. കാലക്ക്രമത്തിൽ ചന്ത ശോഷിച്ചതോടെ വനപാതയും മണ്മറഞ്ഞു. ഗതകാല സ്മരണകളുമായി അതിന്നും സഞ്ചാരയോഗ്യമല്ലാതെ അവശേഷിക്കുന്നു.
പണ്ടുകാലത്ത് കല്ലാർ ചന്തയിൽ വാണിജ്യത്തിനെത്തിയവർ , ചന്ത പങ്കിട്ടെടുത്ത് ചെറിയ വീടുകൾ ഉണ്ടാക്കി താമസമാക്കി. ഇവരുടെ പിന്മുറക്കാരാണ് ഇന്നത്തെ ചന്തക്കകം കോളനിയിലെ അന്തേവാസികൾ. മുസ്‌ലിങ്ങളും, ക്രിസ്ത്യാനികളും, ഹിന്ദുക്കളും സ്നേഹിച്ചും പരസ്പരം വിവാഹം കഴിച്ചും ബന്ധങ്ങൾ കൂട്ടി ഉറപ്പിച്ചു. ജാതിയും മതങ്ങളും അവരെ അകറ്റി നിർത്തിയില്ല. കല്ലാറിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നത് പഴയ പട്ടാളക്കാരാണ്. അഞ്ചേക്കർ ഭൂമിവീതം സർകാർ പതിച്ചുകൊടുത്തു.പത്ത് പതിനഞ്ചു വര്ഷം മുമ്പ് വരെ പുല്ലു മേഞ്ഞ വീടുകൾ മാത്രമായിരുന്നു കല്ലാറിൽ. 1992 ലെ വെള്ളപ്പൊക്കം കല്ല്ലാറിന്റെ ഗതി മാറ്റിമറിച്ചു. ഉരുൾപൊട്ടലും പേമാരിയും പുഴക്ക് മറ്റൊരു മുഖം നല്കി. മലവെള്ള പാച്ചിലിൽ പായൽ പിടിച്ച പാണ്ടൻ കല്ലുകൾ പൊട്ടി ഒഴുകി. പുഴയ്ക്കിരുവശങ്ങളിലായി നിന്നിരുന്ന വന്മരങ്ങൾ കാലം കവർന്നു . കയങ്ങൾ മണ്ണ് നിറഞ്ഞു.
കല്ലാറിലെ രണ്ടാം പാലത്തിനടുത്തായി ഒരിടറോഡു, കിഴക്ക് ഭാഗത്തേയ്ക്ക് പോകുന്നുണ്ട്. നെല്ലികുന്നു കാണി സെറ്റിൽമെന്റിനടുത്തുണ്ടായിരുന്ന നെസ്ലേ ഫാക്ടറിയിലേക്കുള്ളതാണ് ടാറും മെറ്റലും ഇളകി പൊട്ടി പൊളിഞ്ഞ ഈ കാട്ടു പാത. തൊഴിലാളി സമരത്തിൽപ്പെട്ടു നെസ്ലെ കമ്പനിയുടെ ഗോൾടെൻ വാലി മിനറൽ വാട്ടർ പ്ലാന്റ് പൂട്ടി പോയിട്ട് ഏകദേശം പതിനഞ്ചു വര്ഷം കഴിഞ്ഞിട്ടുണ്ടാവും. ഇവിടം ഇന്ന് ജുറാസിക് പാർക് സിനിമയെ ഓർമ്മിപ്പിക്കുന്ന ,ആനകളുടെയും വന്യ ജീവികളുടെയും മേയൽ പ്രദേശങ്ങൾ ആണ്. എണ്ണത്തിൽ കൂടുതൽ പാമ്പുകളാണെങ്കിലും കാട്ടു പോത്തും നായ് പുലികളും വരെ ഇവിടെ വരാറുണ്ടത്രെ.നെല്ലിക്കുന്നു ഗിരി വർഗ കോളനി താണ്ടി വേണം സുര്യതോടിലേക്ക് പോകേണ്ടത്. അപരിചിതർക്കിന്നും പ്രവേശനം നിഷിതമായതിനാൽ, പ്ലാസ്റ്റിക്കും നഗര മാലിന്ന്യങ്ങളും ഇല്ലാതെ സുര്യതോടിന്നും ഭദ്രമാണ്.
ഇവിടെ സുര്യൻ ഭൂമിയുടെ മടിത്തട്ടിലേക്ക് വെളിച്ചമുള്ള ആർദ്ര കണങ്ങളായി നുരഞ്ഞു പതയുന്നു. ഭൂമി കൈകുംബിളിലതേറ്റു വാങ്ങി നിലയ്ക്കാത്ത സംഗീതവും പിഴക്കാത്ത നൃത്ത ചുവടുകളുമായി തണൽ തേടി എത്തുന്നവർക്ക് മുന്നിൽ സമർപ്പിക്കുന്നു.
സുര്യ രശ്മികളുടെ തലോടലേറ്റ് പ്രകാശ പൂരിതമായ തീർത്ഥ യാത്ര. മലചരിവുകൾക്കിടയിലെ പാറകെട്ടുകളിൽ തട്ടിച്ചിതറി മനോഹരങ്ങളായ ഏഴു നൃത്ത ചുവടുകൾ തീർക്കുന്നു. സക്കിർ ഹുസൈന്റെ തബലയും അനൂപ് ജലുട്ടയുടെ ഓടക്കുഴലും സംഗമിക്കുന്ന അനുഭൂതി!! ഇതൊരാത്മ ബന്ധം കൂടി ആണ്-സുര്യനും ഭൂമിയും പ്രണയിച്ചതിന്റെ, സ്നേഹാതരങ്ങളുടെ പ്രതീകം….
പ്രണയ സൗഹൃതങ്ങളുടെ ഈ ഹൃദയ ഭൂവികയിൽ എത്തിപെടാൻ കഴിയുന്നത് തന്നെ ഏതോ മുൻജന്മ സുകൃതം.
കാറ്റ് കാടിനേയും പുഴ സുര്യനെയും പൂമ്പാറ്റ പൂവിനേയും എന്നപോൽ പ്രണയിച്ചു കൊണ്ടെ ഇരിക്കുന്നു ….
കല്ലാറിൽ നിന്ന് 22 ഹെയർപിൻ വളവുകൾ താണ്ടി പൊന്മുടിയിലെത്താം. പശ്ചിമഖട്ടത്തിന്റെ നെഞ്ചിൽ നിന്ന് വിട്ടുമാറി പടിഞ്ഞാട്ടേക്ക് തള്ളി നിൽകുന്ന, സമുദ്ര നിരപ്പിൽ നിന്ന് 1030 മീറ്റർ ഉയരമുള്ള തിരുവനന്തപുരത്തുകാരുടെ ഊട്ടി !
വഴി മദ്ധ്യേ കൊളചികര തേയില തോട്ടത്തിനു കിഴക്ക് ഭാഗത്തായി പച്ച പുതച്ച ഒരുമല പടിഞ്ഞാറേക്ക് നോക്കി തല ഉയർത്തി നില്കുന്നു, കവടിയാർ മൊട്ടയെന്നും മേത്തൻ മൊട്ടയെന്നും വിളിക്കുന്ന ഔഷധ സസ്യ സമൃതമായ, ഒട്ടനവതി വംശ നാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ ഈറ്റില്ലം കൂടി ആണ് ഈ കുന്നിന്ച്ചരിവ്. ഗവേഷകരുടെയും ശാസ്ത്ര കുതികകളുടെയും എക്കാലത്തെയും ആവേശമായ ഈ മൊട്ടയിൽ നിന്നാണ് സുര്യ തോടിന്റെ ആവിർ ഭാവം. മാട്ട് മൊട്ടയും തുലുക്കൻ മൊട്ടയും താണ്ടി, അനവധി ഔഷത സസ്യങ്ങളുടെ തലോടലേറ്റ് കൊച്ചു കൈ വഴികളായി ഒഴുകി,സുര്യതോടായ് കല്ലാറിലെ ത്രിവേണി സംഗമത്തിൽ കൊളച്ചികര ആരിന്റെയും പൊന്മുടി പുഴയുടെയും ഒപ്പംചേരുന്നതിനിടയിൽ മയിൽപീലി വർണ്ണ ശോഭയിൽ ഏഴ് ജല നൃത്തങ്ങൾ ഒരുക്കുന്നു സുര്യതോട്.
മഴത്തുള്ളികളുടെ ഹൃദയ സ്പർശമാണ് സുര്യതോടിന്റെ ആതാമാവിനാധാരം .കീഴ്കാം തൂകായ പാറകെട്ടുകളും പായൽ പിടിച്ചു, ഒർകിട് ചെടികളും ബാൽസം ബിഗോണിയ അഥവാ കൽത്താമരകളും സമൃദ്ധമായി വളരുന്ന വഴുക്കൻ പാറകെട്ടുകളുമാണ് പുഴയുടെ ഇരുകരകളിലും. ശ്രദ്ധ ഒന്ന് തെറ്റിയാൽ അപകടം നിശ്ചയം!!
തോട്ടപുഴുവും ചട്ടിത്തലയൻ, പച്ചില പാമ്പുകളും യഥേഷ്ടം വഴിമദ്ധ്യേ ഉണ്ടാവും. പാറകളുടെ അതേ നിറത്തിൽ ഇരയെത്തേടി പതിയിരിക്കുന്ന പാമ്പുകൾ പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെട്ടെന്നു വരില്ല. മലമന്ദാരം, വെള്ളില, വള്ളിച്ചമത, ഇടംപിരിവലംപിരി, കാട്ടിഞ്ചി, കരിംകുറിഞ്ഞികൾ, ഇമ്പേസ്യൻസ് അഥവാ ബാൽസം, മുതലായവയാണ് തോടിന്റെ ഇരുകരകളിലും.വ്യത്യസ്ത നിറങ്ങളിൽ പൂവിട്ടു നില്കുന്ന ബാൾസം ചെടികളും പാറ ഒർകിഡുകളും ഒഴുക്കിന്റെ താളത്തിന് നിറമേകുന്നു.ആറ്റുപുന്ന, ഇലിപ്പ, പോങ്ങ്, വെങ്കട്ട, ആാറ്റുവഞ്ചി, വെള്ളകുന്തിരിക്കം, അത്തി, പാറയിൽ വളരുന്ന ആൽ മരങ്ങൾ തുടങ്ങിയവയാണ് ഇലച്ചാർത്തൊരുക്കുന്ന വൻ മരങ്ങൾ. ഇവയെ പൊതുവെ റിവറൈൻ വെജിട്ടെഷൻ അഥവാ പുഴയോര വൃക്ഷങ്ങൾ എന്നറിയപെടുന്നു.മന്ദാരങ്ങൾ പൂത്ത് പൂമ്പാറ്റകൾ പാറി നടക്കുന്നു. പാറകെട്ടുകളിൽ നിന്ന് ചിന്നിച്ചിതറി വലിയൊരു കയത്തിലേക്ക് പതിക്കുന്ന ഒന്നാം ചാട്ടം കഴിഞ്ഞാൽ, അരയോളം വെള്ളത്തിൽ തോട് മുറിച്ചു കടന്ന് വഴുക്കൻ പാറയിൽ തൂങ്ങി കയറി വേണും മുകളിലെത്താൻ.ഇരുണ്ടുമൂടിയ ഒരു ഗുഹ പോലെ നീണ്ട് വിശാലമായ ഒരു കയം, അതിലേക്കു മുകളിൽ നിന്നും നുരഞ്ഞൊഴുകുന്ന പാൽവർണമാർന്ന വെള്ളം.കാഴ്ച്ചയിൽ ഭീതിയും ആഹ്ലാദവും ഒരേസമയം സമന്വയിക്കുന്ന കാഴ്ച്ച.
ഇനി പാറക്കെട്ടുകളുടെ വശം ചേർന്ന് ഈറയിലും വള്ളികളിലും പിടിച്ചു ശ്രദ്ധയോടെ വേണം മുകളിലേക്ക് പോകേണ്ടത്. പായൽ പിടിച്ച വഴുക്കൻ പാറകൾ, മനസ്സിൽ തെന്നിപോയാലോ എന്ന ഭയചിന്തകൾ…
എങ്കിലും അകലെ അല്ലാതെ കേൾക്കുന്ന വലിയ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ ,പാറകൾ തുരന്നൊഴുകുന്ന ഓരോവ് ചാലിലെന്ന പോലെ, മുന്നിലുടെ ആർത്തിരമ്പുന്നു .ഇരു വശങ്ങളിലായി കരിങ്കുറിഞ്ഞികൾ തലകുലുക്കി ചിരിക്കുന്നു!!
ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മനോഹരമായ കാഴ്ച്ചയ്ക്കരികിലെക്കാണ് നടന്നു കൊണ്ടിരിക്കുന്നത്.ഒരു പച്ചില പാമ്പ് കുറിഞ്ഞി ചെടികൾകിടയിൽ നിന്നെത്തി വലിഞ്ഞു നോക്കുനുണ്ടായിരുന്നു.അതിനെ ക്യാമറയിൽ പകർത്തുന്നതിനിടയിൽ ബാബു ഒരു വലിയ ചിത്രശലഭത്തിലേക്ക് വിരൽ ചൂണ്ടി.തൂവെള്ളയിൽ ചിറകുകളുടെ മേലറ്റത്തായി തവിട്ടു നിറമുള്ള നേർത്ത വര, അതൊരു നിശാ ശലഭമായിരുന്നു-ലൂനാർമൊത് അഥവാ അമ്പിളി ശലഭം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഇവയെ ധാരാളമായി കണ്ടുവരുന്നത്. മഴയുടെ വരവറിയിച്ചു ആകാശം കറുത്തിരുണ്ടു.ചെറിയൊരു ചാറ്റൽ മഴ, കൈയ്യിൽ കരുതിയ കുട ഉപകാരമായി. 90mm മാക്രോ ലെൻസ് ബാഗ്ഗിൽ വെയ്കാനുള്ള ശ്രമത്തിനിടയിലാണ്,റോബർ ഫ്ലൈ അഥവാ കള്ളൻ തുംബി പുൽച്ചാടിയെ മുറുകെ പിടിച്ച് ചെടിയിലിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. നാലഞ്ച് ചിത്രങ്ങലെടുക്കുവോളം അവൻ ശാന്തനായി ഇരുന്നുതന്നു.
ഇതിനിടയിൽ മഴയും വെയിലും കണ്ണുപൊത്തി കളിതുടർന്നു!! മഴമേഖങ്ങൾ കാറ്റിനൊപ്പം പറന്നകന്നു. ആകാശം നീലാവൃതമായി- എന്തൊരാശ്വാസം. കനോന്റെ 10-22mm വൈട് ആങ്കിൾ ലെൻസ് ഉപയോഗിച്ച് നൃത്ത വിസ്മയങ്ങൾ പകർത്തിക്കൊണ്ടിരുന്നു.ആയാസകരമായ കയറ്റങ്ങളുടെ ക്ഷീണം കാഴ്ച്ചകളിൽ ലയിച്ച് ചേർന്നു. മുന്നാം ചാട്ടത്തിനു മുകളിലെത്തിയപ്പോൾ, ഇരു വശങ്ങളിലുമയി ഈറ്റ കാടുകൾ സമൃദ്ധം. ചീവിട്‌കളുടെ നിലയ്ക്കാത്ത താളമേളം, ആനകൾ ഈറ്റ ഇല തിന്നാനായ് ഇവിടെ വരെ ഏത്താറുണ്ടത്രേ. ഇനി ഈറ കാടുകൾക്കിടയിലുടെ വേണം ഒന്നര കിലോമീറ്റർ മുകളിലേക്ക് പോകാൻ. രണ്ടു കൈത്തോടുകൾ ഇവിടെ സംഗമിക്കുന്നു. ഉരുണ്ട് വെടിപ്പായ ഉരുളൻ പാറകളിൽ ശ്രദ്ധിച്ചു നോക്കിയാൽ പരിണാമത്തിന്റെ ചരിത്രം പേറുന്ന കാലഭേദങ്ങളുടെ രൂപവും ജീവന്റെ അടയാളങ്ങളും അതിൽ കോറിയിട്ടിരിക്കുന്നത് പോലെ തോന്നും!
കണ്ണുകൾ തുറന്ന് മനസ് പ്രകൃതിയിൽ ലയിച്ചു ചേരുമ്പോൾ മണ്മറഞ്ഞ ജീവജാതികളുടെ മുഖം നമുക്കീ പാറകളിൽ തെളിഞ്ഞു വരുന്നതായി തോന്നും. പതിനായിര കണക്കിന് കോടി വർഷങ്ങൾക്ക് മുമ്പ് ദിനോസറുകളുടെ ശ്വാസകോശങ്ങളിലൂടെ കടന്നുപോയ അതേ ജീവ വായു തന്നെയാണ് ഇന്നും നമ്മുടെ ജീവന്റെ ആധാരം എന്ന തിരിച്ചറിവിലേക്ക്….നഭസുകൊണ്ട് നമ്മളൊരു പുതിയ ലോകത്തേക്കു എത്തപ്പെടുന്നു. മണ്ണും മനുഷ്യനും പ്രകൃതിയും ഒന്നാണെന്ന ബോദ്ധതലത്തിലേക്ക്.
ആകാശത്തിന്റെ നീല നിറം പെട്ടെന്നപ്പ്രത്യക്ഷമായി. മഴമേഘങ്ങൾ ഒരിക്കൽക്കൂടി വരവറിയിച്ചു, കാടാകെ ഇരുട്ടാകുന്നതായി തോന്നി. ചീവിടുകളുടെ ശബ്ദം ഉച്ചത്തിലായി ഒപ്പം തവളകളും പങ്ക് ചേര്ന്നു. മഴക്ക് സ്വാഗതമേകുകയാണോ അതോ അപരിചിതരുടെ സാന്നിധ്യം ആലോസരപ്പെടുത്തിയിട്ടാണോന്നറിയില്ല ഒരു വാദ്യോപകരണങ്ങൾക്കും അനുകരിക്കാനാവാത്ത ശബ്ദവിസ്മയം. പ്രകൃതിയുടെ ആത്മീയതയിലേക്ക് ഒരു നിമിഷം, ശരീരം ഭൂമിയിലുപേക്ഷിച്ച് വാനിലുടെ പറന്ന് നടന്നു! ഒരു മന്ദഹാസം പോലെ മഴത്തുള്ളികൾ മുഖത്ത് വീണപ്പോൾ, സ്ഥലകാല ബോധത്തിലേക്ക് തിരിച്ചു വന്നു. പ്രാർത്ഥനയുടെ പുണ്യം പോലെ കാറ്റു മഴയെ കൈപിടിച്ചെവിടെക്കോ കൂട്ടിക്കൊണ്ടുപോയി.
സുര്യൻ പിന്നേയും ഇലചാർത്തുകൾക്കുള്ളിലൂടെ ഒളിഞ്ഞുവലിഞ്ഞെത്തി നോക്കി. ക്യാമറ വീണ്ടും പുറത്തെടുത്തു, മഴകാലത്താരും സുര്യതോട്ടിലേക്ക് പോകാറില്ലത്രേ. മഴവെള്ളം കുത്തിയൊലിച്ചു വലിയ പാറകളും മരത്തടികളുമായി ഒഴുകി എത്തും. ഇരു വശങ്ങളും വഴുക്കൻ പറകെട്ടുകളായതിനാൽ ജലസമാധി നിശ്ചയം! മലമുകളിൽനിന്നു ഏതു രൂപത്തി ലാവും മലവെള്ളമെത്തുന്നതെന്ന് പ്രവചിക്കാനാവില്ല. ചാറ്റൽ മഴയിൽ ഇലകളിൽ പറ്റിപിടിച്ച മഴത്തുള്ളികൾ ആകാശത്തെയാകെ ഒരു കൈക്കുമ്പിളിൽ ഒതുക്കിപിടിച്ചത് പോലെ തോന്നി.
മയിൽ പീലികളുടെ വർണചാരുതയോടെ സുര്യതോട്ടിലെ ഏറ്റവും മനോഹരമായ നാലാമത്തെ വെള്ളച്ചാട്ടം ദൂരെ കാണാം.ഇല ചാർത്തുകൾകിടയിലുടെ ആകാശത്ത് നിന്നെന്തോ ഭൂമിയിലേക്കൊഴുകി ഇറങ്ങുന്നു. ഇടുങ്ങിയ വഴുക്കൻ പാറയുടെ വശത്തൂടെ മുന്നോട്ടടുക്കാൻ ശ്രമിക്കുമ്പോൾ, ഏകദേശം 30 മീറ്റെറെങ്കിലും അന്തരീക്ഷമാകെ ബാഷ്പങ്ങളാണ്. വശത്തായി പൊങ്ങു മരത്തിന്റെ നേർത്തു തൂങ്ങിയ ശിഖരങ്ങൾ, ഇലകളിൽ തെറിച്ചു വീഴുന്ന ജലകണികകളിൽ ആടി ഉലയുന്നു. ആകാശം ഭൂമിയിലേക്ക് ഇറങ്ങിവരുന്നത് പോലെ….സ്വർഗീയനുഭൂതി എന്നു പറഞ്ഞാൽ മതിയാവില്ല. പാറകളിൽ ബാൽസവും ഓർകിഡുകളും പൂവിട്ടു നിൽകുന്നു. അതിനും മുകളിലായി ആകാശം മുട്ടെ ഉയരത്തിൽ മറ്റൊരു വെള്ളച്ചാട്ടവും കാണാം.തലേനാൾ പെയ്തൊഴിഞ്ഞ മഴയിൽ ഒഴുകിയെത്തിയ ഒരു കൂറ്റൻ മരം വശത്തായി കുത്തി ചാരി നിർത്തിയ പോലെ പതിഞ്ഞു കിടക്കുന്നു. ഈ മരത്തിൽ പിടിച്ചു ഞങ്ങൾ മുകളിലേക്ക് കയറി. അവിടെ കണ്ടത് മറ്റൊരു കാഴ്ച്ചയാണ്. നീലാകാശം തെളിഞ്ഞുകാണം മേഘപാളികൾക്കിടയിലുടെ സുര്യപ്രഭ ചൊരിഞ്ഞു ഒരു പുഴ താഴേക്ക് ചാടുന്നു! ഏകദേശം അൻപതു മീടറിൽ അധികമെങ്കിലും ഉയരമുണ്ടാവും. സുര്യനും പുഴയും കൈപിടിച്ചൊഴുകുന്നതിനാലാവാം സുര്യതോടെന്നു പേരുവന്നത്. പ്രപഞ്ചത്തിന്റെ നിർമാണത്തിൽ സുര്യൻ ഭൂമിക്കു സമ്മാനിച്ചതാവണം ഈ പ്രണയ സാക്ഷാത്ക്കാരം. എത്രനേരം കണ്ടിരുന്നാലും മതിവരാത്ത അനുഭൂതി. അഞ്ചാമത്തെ വെള്ളച്ചാട്ടം വരെ മാത്രമേ പുഴയിലുടെ നടന്നെത്താനാവു. അതിനു മുകളിലേക്ക്,തിരിച്ചിറങ്ങി കാട്ടിലൂടെ വേണം നടന്നെത്താൻ. സമയം വൈകുന്നേരത്തോടടുത്തു. നടന്നു കയറിയ പാറകെട്ടുകൾ ഓരോന്നായി തിരിച്ചിറങ്ങണം .
മനസു നിറയെ സ്നേഹാർദ്രദയാണ്, ഒരഞ്ഞൂറു വർഷം ജീവിക്കാനുള്ള ഊർജ്ജം ഒരുമിച്ചു സംഭരിച്ചതായി തോന്നി.മഴ നനഞ്ഞ് പാറകൾ കൂടുതൽ വഴുതലുള്ളതായി. തിരിച്ചിറങ്ങുമ്പോഴും മനസിലൊരു പുഴ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇരുട്ട് വീഴും മുൻപ് കല്ലാറിലെത്താനായി ബാബു നടത്തം വേഗത്തിലാക്കി.
കല്ലാറിൽ താമസിച്ച് പുഴയിൽ കുളിച്ച് നന്നായി ഉറങ്ങി പുലര്ച്ചയ്ക്കെണ്ണീറ്റ് കൃത്യം ഏഴു മണിക്കു തന്നെ യാത്ര തുടങ്ങി. കാടിന്റെ ഉന്മാദം മനസ്സിലേക്കൂർന്നിറങ്ങി .പക്ഷികൾക്ക് പ്രാതൽ സമയമായിരുനതിനാൽ കാട് മുഴുവൻ പക്ഷി സംസാരങ്ങൾ മാത്രം. ഇരട്ടവാലൻ കക്കാറാഞ്ചി പതിവ് പോലെ മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കാൻ തുടങ്ങി. മിനിവേറ്റും ഒറിയോളും ഹിൽമൈനയും ഓലേഞ്ഞാലികളും ബുള്ബുളു കളും വിവിധ തരം തത്തകളുമാണ് എണ്ണത്തിൽ കൂടുതൽ. അകലെ മരക്കൊമ്പിൽ എല്ലാം വീക്ഷിച്ചുകൊണ്ട് ഒരു കാട്ടുമൂങ്ങ ഇരിപ്പുണ്ടായിരുന്നു. കൈയിൽ കരുതിയ 100-400mm ലെൻസെടുത്തു അവന്റെ ഒരു ചിത്രം ക്യാമറയിൽ പകർത്തി യാത്ര തുടര്ന്നു. വലത് ഭാഗത്ത് തുലുക്കൻ മൊട്ടയും ഇടത് വശം ചേർന്ന് പാറ കെട്ടുകൾക്കടിയിലുടെ സുര്യതോടും ഒഴുകുന്നതിന് മദ്ധ്യത്തിലൂടെയാണ് ഞങളുടെ യാത്ര. ആനകൾ സ്വൈരവിഹാരം നടത്തുന്ന ഇലപൊഴിയും കാടുകളാണിവിടെ. കാട്ടു തീയിനെ അതിജീവിക്കാൻ കഴിവുള്ള മരുത്, മലമ്പുന്ന, വട്ട, പേഴ് , നെല്ലി,മൂങ്ങാപെഴു,തെമ്ബാവ് വെൻതേക്ക് തുടങ്ങിയ മരംങ്ങളാണധികവും. വേനല്കാലത്ത് ചൂടിനെ അതിജീവിക്കാനായി ഇവ ഇലപൊഴിച്ച് നഗ്നരാവുന്നു. മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ പൂവിടുന്ന മരങ്ങൾ മുട്ട വിരിഞ്ഞിറങ്ങുന്ന പക്ഷികൾക് തേനും കായ് കനികളും ഒരുക്കുന്നു. ഈ പക്ഷികളും മേയൽ മൃഗങ്ങളും ചേർന്ന് വിത്തുകൾ വിതറി ജൂണിലെ മഴയിൽ കിളിർപ്പിച്ചു കാടിന്റെ താളം നിലനിർത്തുന്നു.എന്തൊക്കെ ക്രമീകരണങ്ങളാണ് പ്രകൃതി ഒരുക്കിവെച്ചിരിക്കുന്നതെന്നോ…
മലമുകളിലുടെ ഏകദേശം ഒന്പത് കിലോമീറ്ററെരെങ്കിലും നടന്നെങ്കിലെ സൂര്യതൊട്ടിലെ ആറാമത്തെയും ഏഴാമത്തെയും വെള്ളചാട്ടങ്ങളിൽ എത്തിച്ചേരൂ. ഊഷരമായ വനമേഖലകളിലുടെ നടന്ന് കയറുമ്പോൾ പക്ഷികൂട്ടങ്ങളും തേൻ തേടി അലയുന്ന പൂമ്പാറ്റകളും കൂട്ടിനുണ്ട്. ആനയും മ്ലാവും പന്നിയും കേഴമാൻ,കൂരാൻ,പന്നികരടി തുടങ്ങി പുലികൾ വരെ ഈ കാട്ടിലുണ്ട്.ഉടുമ്പും മലയണ്ണാനും മുള്ളൻ പന്നിയും എണ്ണത്തിൽ കുറവാണ്. വനനിയമങ്ങൾ ശക്തമായി പാലിക്കപ്പെടാൻ തുടങ്ങിയതോടെ വേട്ടക്കാരുടെ എണ്ണം കുറയുകയും മേയൽ മൃഗങ്ങളുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ടന്നു ബാബു പറഞ്ഞു. കാളിപാറ, കൊമ്പെടുതോട് ഭാഗങ്ങളിലേക്കുള്ള വഴിയിലുടെ ആണ് ഞങ്ങൾ പോയിക്കോണ്ടിരിക്കുന്നത് . കൊടും കയറ്റങ്ങളിൽ കിതച്ച് വിയർകുന്നതിനിടയിൽ ബാബു കാട് വിശേഷങ്ങൾ പറഞ്ഞ് ശ്രദ്ധ തിരിക്കുന്നുടായിരുന്നു. അതിനിടയിൽ ഒരു മലയണ്ണാൻ ടാക് ടാക് ശബ്ദമുണ്ടാക്കി മരകൊമ്പിലിരിക്കുന്നുണ്ട്. ക്യാമറ പുറത്തേക്കെടുത്തപ്പോൾ അത് മിന്നൽ വേഗത്തിൽ കൊമ്പുകളിൽ നിന്ന് കൊമ്പുകളിലേക്ക് ഓടി മറഞ്ഞു.
ഏകദേശം നാല് മണിക്കൂർ വനകാഴ്ച്ചകൾക്കൊടുവിൽ പുഴയുടെ ഇരമ്പം കേൾകുന്നിടത്തേക്ക് വഴിമാറി നടന്നു. വഴിയിൽ നല്ല ആനചൂരുട്…പിന്നെ സംഭാഷണം ആംഗ്യഭാഷയിലാക്കി മുന്നോട്ട്. ശബ്ദമുണ്ടാക്കാതെ നടക്കുന്നതിനിടയിൽ, മരച്ചില്ലകൾക്കിടയിൽ നിന്നും പ്രകമ്പനം കൊള്ളിക്കുന ചിറകടി ശബ്ധം!! കാടിന്റെ നിശബ്ദതയെ കീറി മുറിക്കുന്ന ഇടിവെട്ട് ശബ്ദത്തിൽ കാടാകെ കുലുങ്ങി വിറക്കുന്നതായ് തോന്നി. മലമുഴക്കി വേഴംബാലുകളായിരുന്നു. മലമുഴക്കി-നമ്മുടെ സ്വന്തം സംസ്ഥാന പക്ഷി. ആനകൾ എങ്ങോ വഴിമാറി പോയി. എങ്കിലും ഫ്രഷ് ആനപിണ്ടം ആവി പാറുന ചൂടോടെ വഴിനീളെ ഉണ്ട് ! നാല് മണിക്കൂർ യാത്രക്കൊടുവിൽ ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴയിൽ എത്തി. തണുത്ത് തെളിവാർന്ന വെള്ളം-മുഖം നന്നായി കഴുകി കൈ കുമ്പിളിൽ കോരി മതിയാവോളം കുടിച്ചു. നടന്നതിന്റെ ക്ഷീണം പമ്പ കടന്നു !!
പുഴയിലുടെ കുറച്ചുകൂടി താഴേക്ക് നടന്നു.എത്തിച്ചേർന്നത് സുര്യതോട്ടിലെ ഏറ്റവും മുകളിലെ വെള്ളച്ചാട്ടത്തിന്റെ തലപ്പത്താണ്. ഇവിടെ നിന്ന് നോക്കിയാൽ ആകാശ കാഴ്ച്ചകൾ കാണാം. ഹെലികൊപ്ട്ടറിന്റെ മുകളിലിരുന്ന് വീക്ഷിക്കുന്ന അനുഭവം. താഴെ ആയി ഇരുന്നൂറടി താഴ്ചയിൽ പാറകെട്ടുകളിൽ നിന്ന് ചിന്നി ചിതറുന്ന നയന മോഹനമായ രണ്ടു വെള്ളച്ചാട്ടങ്ങൾ. ബാബു പകർനു നല്കിയ ധൈര്യത്തിൽ, ക്യാമറയും ലെൻസുകളും ഭദ്രമായി ബാഗിൽ വെച്ച് വഴുക്കൻ പാറകെട്ടുകളിലുടെ താഴെക്കിറങ്ങാൻ തുടങ്ങി. അതോരനുഭവമായിരുന്നു- താഴെ എത്തിയപ്പോൾ കണ്ട കാഴ്ച്ചകൾ വർണനാതീതമായിരുന്നു. ഒരു വലിയ വെള്ളച്ചാട്ടവും അതിനു താഴെ ആയി മറ്റൊന്നും, പൊന്മുടിയും നെല്ലികുന്നും ആകാശ കാഴ്ച്ച പോലെ ദൂരെ കാണാം. വെള്ളച്ചാട്ടത്തിനടുതായ് ഇലകൾ അടിഞ്ഞുണങ്ങി സ്പോഞ്ച് രൂപത്തിൽ മെത്ത കണക്കിന് കിടക്കുന്നുണ്ട്. ഒപ്പം കടുവയുടെ കാൽപാടുകളും! വനരജാവ് ഈ വന്യസൗന്ദര്യം ആസ്വദിച്ചാവും വിശ്രമിക്കുന്നത്, അല്ലങ്കിൽ ദാഹം അകറ്റുന്നത്. മുട്ടുകുത്തി തല പാറയിൽ മുട്ടിച്ച് ഒരു നിമിഷം ഞാൻ പ്രകൃതിയെ നമിച്ചുപോയി. മനസ്സിൽ നന്മകൾ ശേഷിക്കുന്നവർക്ക് വേണ്ടി പ്രകൃതി ഇന്നും സ്നേഹത്തിന്റെ നീരുറവകളും കുളിർകാറ്റും മരത്തണലുകളും ഒരുക്കി കാത്തിരിക്കുന്നു…
ജീവന്റെ ആദ്യ കണികകൾ പിറന്നുവീണ കടലിൽ നിന്നുയരുന്ന ബാഷ്പകണങ്ങൾ മേഖങ്ങളായി പറന്നുയർന്ന്, കാടിന്റെയും മലകളുടെയും തലോടലേറ്റ് ഇലചാർത്തുകളിലേക്ക് പെയ്തിറങ്ങി ഭൂമിക്കടിയിലെ ചെറിയ നീരുറവകളായി മണ്ണിനടിയിലുടെ സഞ്ചരിച്ച് പാറകെട്ടുകളിൽ തൊട്ടു തലോടി ചെറിയ കൈവഴികളായി ഒഴുകി തോടുകളായും ആറുകളായും പുഴകളായും രൂപ പരിണാമം സംഭവിക്കുമ്പോഴും അവസാനം ഒഴുകി എത്തുന്നത് ജീവന്റെ തുടിപ്പുകൾക്ക് ഭൂമി ഗർഭം പേറിയ അതെ മഹാ സമുദ്രത്തിൽ തന്നെയാണ്…കടലിലെ ഉപ്പുകൊണ്ട് ചോരയിൽ ലവണങ്ങൾ സൃഷ്ട്ടിച്ച പ്രകൃതി ശരീര നിർമ്മിതിക്കുപയോഗിച്ച പഞ്ചഭൂത കോശങ്ങൾ പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുമായി കൂട്ടിയോജിപ്പിച്ച് ജീവന്റെ, സൃഷ്ടിയുടെ രഹസ്യങ്ങൾ ആയിരക്കണക്കിന് പ്രകാശവർഷം അകലെ ഒളിപ്പിച്ച് വെച്ചു.
മനുഷ്യൻ മനനം ചെയ്യാൻ തുടങ്ങിയ നാൾമുതൽ അന്വേഷിക്കുന്നതും ഈ പ്രപഞ്ചരഹസ്യം തന്നെ അല്ലേ …