
1.30 മണിക്കൂർ പോയതറിഞ്ഞില്ല, റോഡ് തുറന്നു. നന്നായി കാത്തിരുന്നത്. റോഡിന്റെ അവസ്ഥകണ്ടപ്പോൾ തിരിച്ചറിവു വന്നു. നമ്മളെ പോലുള്ള മണ്ടന്മാരാണ് വഴിയിലെ അപായ മുന്നറിയിപ്പുകൾ അവഗണിച്ച് അപകടത്തിൽ ചെന്നു ചാടുന്നവർ. വലിയ വലിയ പാറകളുടെ അവശിഷ്ടങ്ങൾ ഇനിയുമെത്രയോ കിടക്കുന്നു റോഡിൽ. ഒന്നും കാണാതെ ഒന്നിലും ഇടപെടിലല്ലോ പട്ടാളക്കാർ. വളരെയധികം കഷ്ടപ്പെട്ട് കല്ലുകൾക്കിടയിലൂടെ ചക്രങ്ങളുരുണ്ടു. പലപ്പോഴും തെന്നി വീഴാത്തതിനു തലവരയ്ക്ക് നന്ദി.
ഹൈയ്യർ ആൾട്ടിട്യൂടിന്റെ പ്രശ്നം കാരണം വണ്ടികൾ പ്രതിഷേഷധിച്ചു തുടങ്ങി. ഇടയ്ക്കിടെ ഓഫ് ആകുന്നു.. കൂടുതൽ പ്രശ്നവും റോഷന്റെ വണ്ടിക്കായിരുന്നു.. പലപ്പോഴും തോന്നി, ധീരതയ്ക്കുള്ള ഒരു അവാർഡ് അവനു കൊടുക്കണമെന്നു. 10 വർഷം പഴക്കമുള്ള വണ്ടിയും കൊണ്ട് വരാൻ കാണിച്ച ധൈര്യം. ബജാജുകാർ അറിഞ്ഞാൽ പൊക്കി കൊണ്ടുപോയി മ്യൂസിയത്തിൽ വയ്ക്കും. ചരിത്രം കുറിച്ച പൾസർ എന്ന ലേബലുമായി. ഇതൊക്കെയാണേലും മുന്നിലുള്ള വണ്ടികളെ ഓവർടേക്ക് ചെയ്യാൻ നമ്മൾ ഒരു യാതൊരു മടിയും കാണിച്ചില്ല. അല്പം കഴിഞ്ഞാൽ അതേ വണ്ടികൾ നമ്മളെ നോക്കി ചിരിച്ചോണ്ട് പോകുമെന്നു മാത്രം.
അങ്ങനെ പോകുമ്പോൾ ഒരുതവണ എന്റെ ടയർ നന്നായി പാളി. ബസ്സിനെ ഓവർടേക്ക് ചെയ്യുകയായിരുന്നു, ചെളിയും മഞ്ഞും കൂടിക്കലർന്ന സ്ഥലം, മഞ്ഞുണ്ടെന്നു അറിയുന്നില്ല. വലതുഭാഗത്ത് ഭീകരമായ താഴ്ച്ചയാണ്, വീണാൽ പിന്നെ നോക്കണ്ട, റോഷനു ഒറ്റയ്ക്കു യാത്ര തുടരാം. ദൈവത്തിനു നന്ദി കുറച്ചുകൂടെ ജീവൻ അനുവധിച്ചല്ലോ..
ജോജീല പാസ്സിനു മുകളിലെത്തിക്കൊണ്ടിരിക്കുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സുന്ദരമായ സ്ഥലങ്ങൾ.. ഇടയ്ക്ക് അല്പം സ്ഥലം കിട്ടിയപ്പോൾ വണ്ടി പാർക്ക് ചെയ്ത് ഫോട്ടോസ് എടുത്തു. ഏത് ആംഗിളിൽ നിന്നെടുത്താലും നല്ല ഫോട്ടോസ് മാത്രം. നമ്മുടെ ഇന്ത്യയിൽ ഇത്രയ്ക്കും സുന്ദരമായ സ്ഥ്ലങ്ങളോ.. അതിശയിച്ചുപോകും. മരിക്കുന്നതിനുമുന്നെ, ഏതൊരാളും കണ്ടിരിക്കേണ്ട സ്ഥലം തന്നെയാണ് J & K.
മഞ്ഞുമലകൾ കേറിയുള്ള റോഡുകൾ, അരികിൽ മഞ്ഞുകൊണ്ടുള്ള ചുമരുകൾ. വണ്ടി നിർത്തി തൊട്ടുനോക്കി. ആദ്യമായി സ്പർശിച്ചറിയുകയായിരുന്നു.. റോഷൻ അതിൽ നിന്നും ഒരുപിടി മഞ്ഞു മാന്തിയെടുത്ത് എന്റെ നേർക്കെറിഞ്ഞു. നല്ല വെളുത്ത് സുന്ദരമായത് തൊട്ട് ചെളി പിടിച്ചതും, വാഹനങ്ങളുടെ പുകയടിച്ചു കറുത്തുപോയതുമായ മഞ്ഞുകട്ടകൾ വരെ…
ജോജീല പാസ്സിനു മുകളിലെ മനോഹരമായൊരു ടൂറിസ്റ്റ് സ്പോട്ടിൽ നമ്മളെത്തിച്ചേർന്നു. ഒരു കൂറ്റൻ ഐസ് മലയുടെ അടിവാരത്തിൽ, വിനോദ സഞ്ചാരികൾക്കായി മഞ്ഞിൽ ഗ്ലൈഡിങ്ങിനും മറ്റും പല കളികളും ഭക്ഷണവുമൊക്കെയായുള്ള സ്ഥലം. . ആൾക്കൂട്ടം തീരെ ഇല്ലാത്ത സ്ഥലത്തേക്ക് നമ്മൾ വണ്ടിയെടുത്തു, റോഡ് ഉണ്ടായിരുന്നില്ല, പുറമെ കണ്ടപ്പോൾ നല്ല പച്ചപ്പുൽമേട്. വണ്ടിയടുത്തപ്പോൾ മനസ്സിലായി ഐസും ചെളിയും കലർന്ന മണ്ണു. വണ്ടി തെന്നി നീങ്ങുകയാണ്. അല്പദൂരം മുന്നോട്ടെടുത്ത് ഒരുവിധം ഒരു ഐസ് പാളിക്കരികിലായി പാർക്ക് ചെയ്തു. ചുറ്റുമുള്ള മഞ്ഞുമലകളെ ഫ്രെയിമിലാക്കി മതിമറന്നു ചിത്രങ്ങളെടുത്തു.
മഞ്ഞിൽ ഏറെ മഞ്ഞളിച്ച ശേഷം വല്ലതും കഴിക്കാമെന്നു കരുതി വണ്ടിയെടുത്ത് കടകളുള്ള ഭാഗത്തേക്ക് നീങ്ങി. അവിടെ എല്ലാ സാധനങ്ങൾക്കും ഹിമാലയത്തോളം വലുപ്പത്തിലാ വില.. ഒരു ലിറ്റർ വെള്ളത്തിനു ഏതാണ്ട് 70 രൂപയോളം. അവരെ കുറ്റം പറയാനൊക്കില്ല, കിലോമീറ്ററുകൾ താണ്ടിയാണല്ലോ സാധനങ്ങൾ കൊണ്ടുവരുന്നത്. അതിനങ്ങോട്ട് നന്ദി പറയുകയാണു വേണ്ടത്. അത്യാവശ്യം സ്നാക്സും ചായയും കുടിച്ച് യാത്ര തുടരാനായി ബൈക്കെടുത്തപ്പോഴാ കയ്യിലെ ഒരു ഗ്ലൗ കാണ്മാനില്ല. ഒരു സംശയം തീർക്കാനായി ആദ്യം പോയ സ്ഥലത്തേക്ക് പോയി നോക്കിയപ്പോൾ സാധനം അവിടെ തന്നെ ഉണ്ടായിരുന്നു..

ജമ്പനും തുമ്പനും ( നമ്മളെയല്ല.., ഡ്യൂക്കും പൾസറും ) മുരളാൻ തുടങ്ങി. . റോഡ് മഹാ മോശം തന്നെ. ഇടയ്ക്ക് ആശ്വാസത്തിനു നല്ല റോഡ് വരും., കൊതിപ്പിക്കാനായി എന്നുപറയുന്നതായിരിക്കും ശരി. കൂടിപ്പോയാൽ 100 – 200 മീറ്റർ, വീണ്ടും പൊട്ടിപ്പോളിഞ്ഞ റോഡുകൾ. എന്റെ ഇടയ്ക്കിടെയുള്ള ഫോട്ടോ എടുപ്പും മുറയ്ക്കു നടക്കുന്നതിനാൽ റോഷനു സംശയമായി, ഇന്നെങ്കിലും ഡൈറക്റ്റ് ലദ്ദാക്ക് പിടിക്കാമെന്ന കണക്കുകൂട്ടലുകൾ മാറി കാർഗിലെങ്കിലും എത്താനാകുമോയെന്ന സ്വാഭാവികമായ സംശയം. നടുവിന്റെ പ്രശ്നം കാരണം ചീത്ത റോഡുകളിലൂടെ എനിക്ക് ഒരു പരിധിവിട്ട് സ്പീഡിൽ പോകാനാകില്ല. ഇടയ്ക്ക് ചില ആട്ടിടയന്മാർ കാശിനായി വണ്ടി നിർത്തിക്കും.
ഇനി അടുത്ത മെയിൻ സ്പോട്ട് ഡ്രാസ് ആണ്. കാർഗിൽ എത്താൻ പറ്റിയില്ലെങ്കിൽ ഡ്രാസിലെങ്കിലും എത്തണം. സമയമാണേൽ വൈകീട്ട് 4 മണി കഴിയുന്നു.. ഫോട്ടോ എടുക്കാനായി നിർത്തിയതായിരുന്നു ഞാൻ.. മുകളിൽ ഒരു പിള്ളേർ സംഗം കൈ കാണിച്ചു. ഞാൻ തിരിച്ചും. അവന്മാർ കാശും ചോദിച്ച് പാറപ്പുറത്തുനിന്നും ഓടി എന്റെ അരികിലേക്കായി വന്നു. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങാൻ പോവുകയായിരുന്നു. റോഷനതാ പെട്ടന്ന് വണ്ടിതിരിച്ച് ഒച്ചവച്ചുകൊണ്ട് എന്റടുത്തേക്ക് പറന്നു വരുന്നു, അപ്പോഴാ മനസ്സിലായെ, കുട്ടിക്കൊരങ്ങന്മാർ ബാഗ് തുറക്കാനായി പോകുന്നു.. ബാഗ് തുറന്നാൽ 5, 6 അണ്ടർവെയറും കോപ്പും മാത്രമേയുള്ളൂ, വേറെ വിലപ്പെട്ടതായിട്ട് ഒന്നുമില്ലായിരുന്നു.. എന്നാലും റോഷൻ നന്നായി പേടിച്ചു. അവരേക്കാൾ വലിയ കുരങ്ങന്മാരായോണ്ട് നമ്മളവരെ തിരിച്ചോടിച്ചു. പാറമുകളിലേക്കെത്തിയപ്പോൾ വീണ്ടുകിട്ടിയ ധൈര്യത്തിൽ ചിരിച്ചോണ്ട് റ്റാറ്റാ തരാനും അവന്മാർ മറന്നില്ല. കാശില്ലാത്ത പാവങ്ങളായിരിക്കും, എന്നാലും ഹിമാലയത്തിന്റെ മക്കളല്ലേ, ഭാഗ്യവാന്മാർ തന്നെ, സംശയമില്ല..
നട്ടെല്ലടക്കം ശരീരത്തിലെ സകല അസ്ഥികളും കരഞ്ഞുതുടങ്ങി. ജോജീല പാസ്സുതൊട്ട് തുടങ്ങിയതാ കിലോമീറ്ററുകളോളം പൊളിഞ്ഞ റോഡുകൾ. നാട്ടിലെ കരിങ്കൽ ക്വാറി ഇതിലും സ്മൂത്ത് ആണെന്നു തോന്നുന്നു. ടയർ പഞ്ചറാകരുത് ദൈവങ്ങളേ.. ജോജീല പാസ്സ് കഴിഞ്ഞപ്പോഴേക്കും റോഡിലെ തിരക്ക് തീരെ ഇല്ലാതായി. ഇടയ്ക്കൽപ്പദൂരം വണ്ടി പരസ്പരം മാറി. റോഷന്റെ വണ്ടീലെ ലോട്ടറി പ്ലയർ ഓൺ ചെയ്തു. കൊള്ളാം അതും രസമുണ്ട്. ഇടയ്ക്ക് വണ്ടി ഒരു ചെക്ക്പോസ്റ്റിൽ നിർത്തിച്ചു. നമ്മുടെ ഡീറ്റയൽസ് അവിടൊരു ബൂക്കിൽ രേഖപ്പെടുത്തണമായിരുന്നു. ബൈക്കേർസിനോട് വളരെ സ്നേഹത്തോടെയാണ് പട്ടാളക്കാരുടെ പെരുമാറ്റം. ഇത്രേം നേരം നടു പൊളിക്കുന്നവരോടുള്ള ദയവു ആയിരിക്കാം. പക്ഷെ ഫോർവീലേർസിനോട് അങ്ങനെയല്ല, വാഹനത്തെയടക്കം കൃത്യമായ പരിശോധന നടത്തിയേ വിടുന്നുള്ളൂ…
അപ്പോഴേക്കും രണ്ടു ബൈക്കേർസ് കൂടി ചെക്ക് പോസ്റ്റിലെത്തിച്ചേർന്നു. അവരുമായി പരിചയപ്പെട്ടു, അവിടെ ചെയ്യണ്ട കാര്യങ്ങൾ നമ്മൾ പറഞ്ഞുകൊടുത്തു. സംസാരിച്ചു വന്നപ്പോഴേക്കും രണ്ടുപേരും ബംഗളൂരുന്നാണു വരവ്. ഞാൻ ഒന്നു ഉഷാറായി., ബാംഗ്ലൂർ കത്തി തുടങ്ങി. കന്നടയൊക്കെ വച്ചു കാച്ചിയെങ്കിലും അവർക്കൊന്നും മനസ്സിലായില്ലെന്നു തോന്നുന്നു… അതിലൊരാൾ ഒന്നിൽകൂടുതൽ തവണ ലദ്ദാക്കിൽ വന്നിട്ടുള്ളതാ. പക്ഷെ ബൈക്കിൽ ആദ്യമായിട്ടാണത്രെ. അവരുടെ ഡെസ്റ്റിനേഷൻ സൻസ്കാർ ആണു. കാർഗിലിൽ നിന്നും മാറി വേറെ ഒരു ഡിറക്ഷൻ. ഇവിടെ കാണുന്ന മഞ്ഞൊന്നും മഞ്ഞല്ല, അങ്ങോട്ട് വരൂ ഒന്നിച്ചു പോകാം.. നമ്മളെ അത്യാവശ്യം നിർബന്ധിച്ചു. ലക്ഷ്യം വേറെ ആയതിനൽ സ്നേഹപൂർവ്വം നിരസിച്ചു. വണ്ടി സ്റ്റാർട്ട് ചെയ്തു, ഇടയ്ക്ക് എവിടേലും വച്ചു മീറ്റ് ചെയ്യാമെന്നും പറഞ്ഞു നമ്മൾ യാത്രയായി.
ഹ..ഹ..ഹ.. നമ്മളേക്കാൾ മുഴുത്ത ഭ്രാന്ത് അവർക്ക് തന്നെ, ഞങ്ങൾ പരസ്പരം അവരെ കളിയാക്കി തുടങ്ങി. മലയാളികളായതുകൊണ്ട് ബാക്കിയുള്ളവരെ പരിഹസിക്കണമല്ലോ.. പാരമ്പര്യം കാത്തുസൂക്ഷിക്കണ്ടേ.. അവരുടെ ഡെസ്റ്റിനേഷൻ വളരെയധികം പ്രിപ്പറേഷൻ വേണ്ട സ്ഥലമാണു. മുഴുവൻ ദൂരവും ബൈക്കിൽ സഞ്ചരിക്കാനും പറ്റില്ല. എവിടെയൊക്കെയോ നിർത്തി നടന്നു പോകണമത്രെ. സത്യം പറഞ്ഞാൽ തണുപ്പിനെതിരെ പൊരുതാൻ നമ്മുടെ കയ്യിൽ കാര്യമായി ഒന്നുമില്ല. ആകെയുള്ളത് കുറേ പേടിയും കുറച്ചു ധൈര്യവും. രാത്രിയിൽ എവിടേലും പെട്ടുപോയാൽ ഒരുപക്ഷെ ഫ്രീസ് ആയി ജീവിക്കാം കുറേ നാളത്തേക്ക്..
യാത്രാവിവരണം വളരെ നന്നായിടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.