പനയോലവീടിന്നകത്ത്
ചന്ദ്രന്റെ വെട്ടം
മുരിക്കിന്റെ ചോട്ടിലത്
മോഷ്ടിക്കുവാൻ നിന്നു
കടലാസും ചാർക്കോളുമായി.
മുറ്റത്ത്, കുട്ടികൾ നടന്ന പാടുകൾ
ചവിട്ടാതെ ചെന്നു.
ആമ്പൽനീല രാത്രി പുഞ്ചക്കുളത്തിൽ
നിലാവ് വീണുകിടക്കുന്നു.
ധവളജലം കോരിയെടുത്തവൾക്കുകൊടുത്തു.
കൈക്കുടന്നയിൽ കാണാം,
കറുപ്പിലും വെളുപ്പിലുമുള്ള ആടുകൾ
മഞ്ഞപ്പശുക്കൾ, തൊപ്പിക്കോഴികൾ
വഴിയിൽ കാട്ടുമുയലിൻ തിരകൾ.
വെളുത്തുള്ളിയുടെയും
ഉലുവയുടെയും ജീരകത്തിന്റെയും
മണമുള്ള കൈവിരലുകളിലൂടെ
ഇറ്റിറ്റുവീഴുന്നു ആകാശം.
ഇലകൾ ഉണരുന്നതിൻ മുമ്പ്
പൂവുകൾ വിരിയുന്നതിൻ മുമ്പ്
ആടയുമാഭരണങ്ങളുമില്ലാതെ
അവളെ വരച്ചു.
കുട്ടികൾക്കായ് അവൾ മെടഞ്ഞ
തെങ്ങോലക്കിളികളെ
തൊടാതെ കൈയാലയിറങ്ങി.
ചന്ദ്രന്റെ വെട്ടം വീണുകിടക്കുന്ന
തടാകംപോലെ
കൈയിലുണ്ട് കടലാസ്.
Tags kavithakal literature poem
Check Also
അമ്പത്…. സാറ്റ്
കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …