നല്ല മഴയുണ്ട് …
പ്രവാസത്തില്‍ നിന്നും വീര്‍പുമുട്ടി പിടിച്ച വേവിനെ തുറന്നു വിട്ടു ഞാന്‍ കാറിന്‍റെ ഗ്ലാസ് താഴ്ത്തി …
എയര്‍പോര്‍ട്ടില്‍ നിന്നേ തുടങ്ങിയ മഴയില്‍ മനം കുളിര്‍ത്ത് ഞാന്‍ മഴത്തുള്ളികളെ ഹൃദയത്തിലേക്ക് ദത്തെടുത്തു.
വീട്ടിലേയ്ക്കുള്ള വഴിയോടടുത്തപ്പോള്‍ നേരിയ നെഞ്ചിടിപ്പിന്റെ താളം മനസ്സിനെ തൊട്ടുലയ്ക്കാന്‍ തുടങ്ങി.
അടുത്ത വളവു തിരിഞ്ഞാല്‍ പാലാട്ടുപറമ്പ്തറവാടിന്റെ അതിരാണ് ..
അതില്‍ തെക്കോട്ട് മാറിയാല്‍ അവിടെ ആ ഞാവലുണ്ട്.
ആകെ കാടുപിടിച്ച് കിടക്കുന്ന ഞാവലിന് ചോട്ടില്‍ ഒരു പ്രണയ സ്വപ്നം ഉറങ്ങുന്നുണ്ട്..
പെട്ടെന്ന് എന്‍റെ കാഴ്ച്ചയിലേക്ക് ഒരു പണിതീരാത്ത കെട്ടിടം വന്നു തടഞ്ഞു നിന്നു.
ഞാവല്‍ അവിടന്ന് അപ്രത്യക്ഷമായിരിക്കുന്നു.
ഹൃദയത്തില്‍ എവിടേയോ പൊടുന്നനെ ഒരു കീറല്‍..അതിന്‍റെ നോവില്‍ ഞാന്‍ ഒന്നൂടെ നോക്കി.
പെട്ടെന്ന് കാർ മുന്നോട്ടു നീങ്ങി.
കഴുത്തു തിരിക്കാനാവും വരെ ഞാന്‍ തിരിഞ്ഞു നോക്കി.
തറവാടിനു മുന്നില്‍ വണ്ടിനിന്നു ..
പച്ചപ്പ് പൂര്‍ണ്ണമായും മൂടി നില്‍ക്കുന്ന എന്‍റെ വീടിന്റെ പഴഗന്ധത്തിലേക്ക് ഞാന്‍ ഇറങ്ങി നടന്നു..
മുറ്റത്തെ തുളസിത്തറയില്‍ മുനിഞ്ഞു കത്തുന്ന വിളക്കിന്‍ നാളങ്ങള്‍.
ഞാന്‍ അച്ഛന്റെയും, അമ്മയുടെയും ഫോട്ടോയ്ക്ക് മുന്നില്‍ നമസ്ക്കരിച്ചെഴുന്നേൽക്കുമ്പോൾ അകത്തുനിന്നും ആരൊക്കയോ പുറത്ത് എത്തിയിരുന്നു.
നിനക്ക് കുളിക്കണോ എങ്കില്‍ പോയി കുളിച്ചിട്ടു വാ…
എന്നിട്ട് കാപ്പികുടിക്കാം. മുന്നില്‍ മൂത്ത ചേച്ചി..
ചേച്ചി വല്ലാതെ ക്ഷീണിച്ചിരിക്കുന്നു ..അയഞ്ഞു തൂങ്ങിയൊരു ജാക്കറ്റില്‍ ചേച്ചി വല്ലാതെ ക്ഷീണിച്ചതായി എനിക്ക് തോന്നി.
“ഇന്‍ജക്ഷന്‍ ഇപ്പോളും ഉണ്ടോ ചേച്ചി?”
“പിന്നെ അത് മുടക്കാന്‍ പറ്റ്വോ…”
ഞാന്‍ ചേച്ചിക്കൊപ്പം കിഴക്ക് വശത്തേക്ക് ഇറങ്ങി. ഇപ്പോള്‍ എനിക്കാ കെട്ടിടം വ്യക്തമായി കാണാം.
ചേച്ചി മാധവേട്ടന്റെ പറമ്പില്‍.
“ആര്‍ക്കാ ……………വീടുപണി?”
“ഓ…അവിടന്നു ഇരുപത് സെന്റ് അവര് വിറ്റു..എങ്ങണ്ടീയൂരൂള്ളോരുക്കൂട്ടരാ അത് വാങ്ങീത്.”
ഞാന്‍ മുഖം കുനിച്ചതു കണ്ടാവാം ചേച്ചി വാക്കുകളെ വേറെ വഴിയിലേക്ക് പറഞ്ഞു വിട്ടത്.
“നിനക്ക് ഇന്ന് തന്നെ പുന്നയൂര്‍ക്കുളത്തേക്ക് പോണോ?”
“ഇല്ല്യാ ..നാളെയെ പോകുന്നുള്ളൂ.”
“എങ്കില്‍ കുളിച്ചു വാ ..കാപ്പി കുടിക്കാം.”
ഞാന്‍ ആ കെട്ടിടം നില്‍ക്കുന്നിടത്തേക്ക് നോക്കി.
പണി സാമഗ്രികളും കല്ലും കട്ടയും നിറഞ്ഞു കിടക്കുന്ന തരിശുഭൂമി.
ഇപ്പോഴെന്റെ ഹൃദയത്തില്‍, പണ്ടെങ്ങോ തേങ്ങി ബാക്കി നിര്‍ത്തിയൊരല, മെല്ലെ നെഞ്ചിനെ മുട്ടി വിളിക്കുന്നുണ്ട്.
ഞാന്‍ കുളിമുറിയിലേക്ക് കയറി വാതിലടച്ചു.
കരച്ചില്‍ എന്നറിയാത്ത തുള്ളികള്‍ കവിള്‍ നനച്ചിരുന്നു .
മനസ്സിലൂടെ പെട്ടെന്നാണ് ഇടവഴി ഇരുട്ടിലൂടെ കുറെ പാദങ്ങള്‍ ഓടിപോയത്.
“എന്താ….എന്താ …”
പോണോരൊക്കെ കിതപ്പൊതുക്കി പറഞ്ഞു.
“അറിഞ്ഞോ ഇന്നലെ രാത്രി മാധവേട്ടന്റെ മോന്‍ ആത്മഹത്യ ചെയ്തു.”
നെഞ്ചില്‍ കൈവെച്ചു അമ്മ ഭിത്തിചാരി വിലപിച്ചു…
കോണിപ്പടികള്‍ ചാടിയിറങ്ങി ഭ്രാന്തിയെപോലെ ഞാന്‍ നടുത്തളത്തില്‍ എത്തുമ്പോള്‍ ചേച്ചി എന്നെ പിടിച്ചു മാറ്റി.
“എന്താ ചേച്ചി …എന്താ ഉണ്ടായത് ?”
അടുത്തവീട്ടില്‍ നിന്നും ഉയരുന്ന നിലവിളിപതുക്കെ എന്‍റെകാതില്‍ നിന്നും അകന്നുപോയി.
ബോധം വരുമ്പോള്‍ മുകള്‍മുറിയില്‍ ചേച്ചിയുടെ മടിയില്‍ കിടക്കുകയാണ്..
ഞാന്‍ ചാടി എഴുന്നേറ്റു ചോദിച്ചു ”എല്ലാം കഴിഞ്ഞോ ചേച്ചി …അവനെ …..?”
ചേച്ചി വീര്‍പ്പുമുട്ടി പറഞ്ഞു…
“ഇല്ല പോസ്റ്റ്മോർട്ടം കഴിഞ്ഞു കൊണ്ടുവന്നു ..ഞാവലിനടിയില്‍ അടക്കത്തിനുള്ള ഒരുക്കങ്ങള്‍നടക്കുന്നു ..
നിനക്ക് കാണണോ?”
”വേണ്ട..”
രഘു ഒരു മിഴിവുള്ള ചിത്രമായി മുന്നില്‍ ആകാശം മുട്ടെ വളരുമ്പോള്‍ മരണം എന്നൊരു മറയിലേക്ക് ഒളിച്ചു പോകാന്‍ അവനാകില്ല..
മുകള്‍ മുറിയുടെ മരയഴിക്കിടയിലൂടെ ചെംപ്പട്ടു പൊതിഞ്ഞെടുത്ത രഘു ഞാവല്‍ മരതണലില്‍വിശ്രമിക്കാന്‍ പോകുന്നത് കലങ്ങിയ കണ്ണോടെ ഞാന്‍ കണ്ടു.
മുറുക്കിപ്പിടിച്ച കൈവിരലില്‍ അവന്‍റെ നെറ്റിയിലെ ചൂട് തങ്ങി നില്‍ക്കുംപോലെ എനിക്ക് തോന്നി.
മരവിച്ചുപോയ ദിനരാത്രങ്ങളില്‍ നിന്നും രഘുവിന്‍റെ സാന്നിധ്യം കൊഴിഞ്ഞു പോയി.
ഗ്രാമം ഉത്സവത്തിലേയ്ക്കും, ആഘോഷങ്ങളിലേയ്ക്കും വഴി പിരിഞ്ഞു..
ഞാവല്‍മരതണലിലെ കുറ്റിച്ചെടികള്‍ വളര്‍ന്നു വലുതായി.
കിഴക്ക് വെളിച്ചത്തിലേയ്ക്ക് ഒളിഞ്ഞു നോക്കുന്ന പാലാറ്റുപറമ്പ് തറവാട്ടിലെ വലിയ ഞാവല്‍ മരനിഴല്‍ നോക്കി ഞാന്‍ വെറുതെ നിന്നു.
മാഞ്ഞുപോയ നിറസന്ധ്യപോലൊരു മുഖം അവിടെയുണ്ടായിരുന്നു ..
ഹൃദയത്തില്‍ പനിനീര്‍ തുള്ളി ഇറ്റിച്ചു കൊണ്ട് ഉള്ളം നിറച്ച യുവാവ്.
മുഴുപാവാടയിലേക്ക് ചുവടു മാറിയപ്പോള്‍ മുന്നില്‍ കുസൃതിയോടെ നിന്ന് സാകൂതം എന്നെ നോക്കിയ ചെറിയ കണ്ണുകള്‍ ..
മുഖം താഴത്തിയപ്പോള്‍ ബലമായി താടി പിടിച്ചുയര്‍ത്തി എന്‍റെകണ്ണിലേക്കു ഉറ്റുനോക്കിയ അവന്‍റെ ചാരനേത്രങ്ങളില്‍ നിന്നും ചിതറി തെറിച്ചിരുന്ന രശ്മികളില്‍ കൂമ്പി പോയൊരുതാമരമൊട്ടായി ഞാന്‍ നിന്നു വിറച്ചുകൊണ്ട്പറഞ്ഞു..
“വിട് …ആരേലും കാണും …”
ഞാനവന്റെ കൈവിരല്‍ അടര്‍ത്തിമാറ്റുമ്പോള്‍ എന്‍റെ കൈത്തലം വിറച്ചിരുന്നു.
രഘു അടുത്തുവരുമ്പോള്‍ എന്നുള്ളില്‍ പേരറിയാത്ത സ്വപ്നങ്ങള്‍ ഇക്കിളിപ്പെട്ടിരുന്നു.
അവനെ ചൂഴ്ന്നു നില്‍ക്കുന്ന ചന്ദനത്തിന്റെ നേര്‍ത്തമണം, ഇളം നീലനിറത്തിലുള്ള റ്റെര്‍ലീന്‍ ഷര്‍ട്ട്, കാപ്പിനിറക്കരയുള്ള വെളുത്ത മുണ്ട്…ഇതൊക്കെ എന്നിലെ ഇഷ്ടങ്ങളുടെ അടയാളപ്പെടുത്തലായി മാറിക്കഴിഞ്ഞിരുന്നു.
“നിന്‍റെ കുളി കഴിഞ്ഞില്ലേ കുട്ടീ….വേഗം വരൂ …”
ഞാന്‍ ഓര്‍മ്മയെ തോര്‍ത്തിയെടുത്തി ചേച്ചിക്ക് പിന്നാലെ നടന്നു. പകല്‍ വര്‍തമാനങ്ങളില്‍ നിന്നൊക്കെ ഞാന്‍ രാത്രിയിലേക്ക് നീന്തിക്കയറാന്‍ കൊതിച്ചിരുന്നു ..
രാത്രി മുകള്‍ മുറിയുടെ ഏകാന്തതയില്‍ വീണ്ടും മഴയുടെ താളം. വെറുതെ നിറഞ്ഞു പെയ്യുന്ന രാത്രിമഴയുടെ നേര്‍ത്ത സംഗീതത്തിനുള്ളില്‍ നിന്നും വേര്‍തിരിഞ്ഞു പോകുന്ന കാറ്റ് തൂവി ഒഴിക്കുന്ന തണുപ്പിലൂടെ ഞാന്‍ വരാന്തയിലൂടെ കിഴക്കോട്ടു നടന്നു .
മരിക്കുന്നതിന്റെ തലേ ദിവസം അവനെന്നോട് പറഞ്ഞു.
“ഞാന്‍ ചിലപ്പോള്‍ നാട് വിട്ടു പോകും ട്ടോ…”
”എന്താ രഘൂ നിനക്കെന്താ പറ്റിയത്?”
“ഒന്നൂല്യാ ഞാന്‍ പഠിപ്പ് നിര്‍ത്തി ഒരു ജോലിക്ക് ശ്രമിക്കുന്നു ..ചൂണ്ടപ്പുരയ്ക്കലേ ഉദയന്‍ ബോംബേല് ഒരു ജോലി ശര്യാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട് .. ”
”ങേ …പഠിപ്പ് നിര്‍ത്ത്യേ…?”
”ഉം.”
അവന്‍റെപ്രസരിപ്പേറിയമുഖം കറുത്തും, കരിവാളിച്ചും കാണപ്പെട്ടു .
”പറ ..നിനക്കെന്താ പറ്റീത് രഘൂ ….?”
“ഒന്നും പറ്റീല്യാ കുട്ട്യേ ..എനിക്കല്ല പറ്റിത് ..എന്റച്ഛനാ….”
”അച്ചനെന്തു പറ്റി?”
അവന്‍ രണ്ടു കൈകൊണ്ടും ശിരസ്സ് താങ്ങിപിടിച്ചു…മുഖം മേലോട്ടുയര്‍ത്തി ..അപ്പോള്‍ അവന്‍റെ മുഖം വലിഞ്ഞു മുറുകിയിരുന്നു
“ഒന്നൂല്യാ ..ഒന്നൂല്യാ …”
അവന്‍ ശിരസ്സ് ശക്തിയോടെ കുടഞ്ഞു.
“എന്താടാ …നിനക്കെന്തു പറ്റി?”
”ഒന്നുകില്‍ ഞാന്‍ അയാളെ കൊല്ലും, അല്ലെങ്കില്‍ അയാള്‍ എന്നെ കൊല്ലും..”
അവന്‍ പൊട്ടി തെറിച്ചു .
“ങേ..?”
“എന്നേം, എന്‍റെ അമ്മേനേം കൊന്നിട്ടേ അയാള്‍ടെ ഇഷ്ടം നടക്കൂ…”
”രഘൂ ……………………………..”
“അച്ഛന് ഗുരുവായൂരില്‍ ഒരു രണ്ടാം ബന്ധം…”
അവന്‍റെകണ്ണുകള്‍ കലങ്ങി ചുവന്നിരുന്നു .
അവന്‍റെതളര്‍ന്നു പോയ കൈയ്യുകള്‍ ഞാന്‍ കവര്‍ന്നെടുത്തു ..
“രഘൂ ………………………………………”
“ഒന്നൂല്യാടോ താന്‍ വിഷമിക്കരുത്…”
എന്‍റെചുണ്ടുകള്‍ വിതുമ്പിപ്പോയി.
കരച്ചില്‍ തേങ്ങലില്‍ ദിക്കുമുട്ടി പിടഞ്ഞപ്പോള്‍ ആ ഇടവഴി നിഴലില്‍ ആദ്യമായി രഘൂ എന്നെ ചേര്‍ത്തു പിടിച്ചു .
അവസാനമായും..
അഭിനന്ദനങ്ങൾ !!!
നന്നായിട്ടുണ്ട് മഹിത ചേച്ചി ….
വായനക്കാരന്റെ മനസ്സിൽ ഒരായിരം ചോദ്യ ശരങ്ങളുടെ ശരശയ്യ ശ്രിഷ്ട്ടിക്കുന്നു ചേച്ചിയുടെ ഈ എഴുത്ത് …
വായിച്ച് തീർന്നപ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം ….
രഘു സ്വയം ചെയിതതാണോ ? അതോ മറ്റാരെങ്കിലും??????
രഘു പറഞ്ഞ അവസാന വക്കുകളിൽ എവിടെയും ആത്മഹത്യയുടെ ഒരു സൂചന പോലും ഇല്ല …അപ്പോൾ പിന്നെ മനസ്സിൽ രഘുവിന്റെ മരണം ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു …
കഥ വായിച്ചു .കൊള്ളാം