വെയിൽ തിന്ന പകലൊടുക്കം
വൈകുന്നേരങ്ങളിൽ
വീടൊരു ‘അമ്മമരമാകും’
ഇരുട്ട് വാങ്ങി വരുമ്പോലെ
പൊടി പിടിച്ച കുട്ടികളെ
മഴത്തുള്ളിയുതിർത്തു
ഇലത്തോർത്തിൽ തുവർത്തുന്നു
സന്ധ്യ കഴിഞ്ഞത് കൊണ്ടും
മൂന്നു നേരം ഉണ്ടുറങ്ങുന്നവന്റെ
കഴപ്പാണ് മതമെന്ന്
പറഞ്ഞു കൊണ്ട്
ഉമ്മറപ്പടിയിലൊരു ചാരായച്ചൂര്
മുറ്റത്തേക്ക് നീട്ടിത്തുപ്പിയൊരു
തെറിപ്പാട്ട് പാടുന്നു
കത്താൻ മടിച്ചു പുകഞ് നിൽക്കുന്ന
പച്ച വിറകിനെ
പള്ള് പറഞ്ഞമ്മ
കണ്ണ് പൊട്ടിക്കുമ്പോൾ
ഒറ്റത്തുള്ളി ചോരാതൊരു
പണ്ടാര മഴ
പട്ടിണി ഉണ്ടുറങ്ങുന്ന
കുട്ടികളുടെ അടുത്ത്
ഓട്ട പ്പാത്രത്തിൽ
താളം പിടിച്ചുണർത്തുന്നു
പ്രാകികൊണ്ട് തിളച്ച കഞ്ഞി
കണ്ണ് നിറഞ്ഞമ്മ പകരുമ്പോൾ
പണി മുടക്കാൻ നാളെ വരുമെന്ന്
പറഞ്ഞൊരു കള്ളച്ചിരി ചിരിച്ചു
മഴ കുന്നിറങ്ങി പ്പോകുന്നു.