വീട്

ഒരേ പാറയിൽ നിന്ന് പൊട്ടിച്ചെടുക്കപ്പെട്ട രണ്ട് കരിങ്കല്ലുകളായിരുന്നു അവർ. എങ്ങനെയോ അമേരിക്കയിൽ ജോലിയുള്ള പോളിന്റേയും, നാട്ടിലെ അറിയപ്പെടുന്ന ചുമട്ടുതൊഴിലാളിയായ ബാലചന്ദ്രന്റേയും അടുത്തടുത്തുള്ള പ്ളോട്ടുകളിൽ തറക്കല്ലുകളായി അവർ കുഴിച്ചിടപ്പെട്ടു. സഹോദരബന്ധം മുറിയാതിരുന്നതിൽ അവർ ആനന്ദിച്ചു. മണ്ണിനടിയിലുള്ള സ്പന്ദനങ്ങളുടെ തരംഗങ്ങളിലൂടെ അവർ സംവദിച്ചു. പോളിന് മൂന്നു നിലയുള്ള ഒരു ബംഗ്ളാവാണ്. അമേരിക്കൻ ഡോളറിന്റെ ഒഴുക്കിൽ തലയുയർത്തിയ ഒരു മാദകസുന്ദരി. ബാലചന്ദ്രന് ചുമട്ടു തൊഴിലാളികൾക്കായി അനുവദിക്കപ്പെട്ട ഭവനവായ്പ മാത്രമായിരുന്നു ഏകാശ്രയം. ആ പണി തീരാത്ത വീട് വായ്പയുടെ അകംപൊരുൾ വെളിപ്പെടുത്തിക്കൊണ്ടിരുന്നു. അതുകൊണ്ടാവണം അവിടത്തെ തറക്കല്ലിന് സഹോദരനെ അഭിമുഖീകരിക്കുമ്പോൾ സ്വന്തം നിലയെക്കുറിച്ച് ഒരു അപകർഷ ചിന്ത.

വീടുകൾ നിശബ്ദമായിരുന്ന ഒരു പകലിൽ രണ്ടു കല്ലുകളും ഹൃദയം തുറന്നു. സംസാരമദ്ധ്യേ അവർ ” വീട് ” എന്നതിന് പൊരുൾ തിരഞ്ഞു. പോളിന്റെ ഗൃഹത്തിൽ താമസത്തിനുണ്ടായിരുന്നത് മൂന്നു പേരാണ്. ഗൃഹനാഥനെ താൻ കണ്ടിട്ടേയില്ലെന്ന് കല്ല് സാക്ഷ്യപ്പെടുത്തി. രണ്ടു പെൺമക്കൾ ഉള്ളതിൽ ഒരാൾ നഗരത്തിലെ ഹോസ്റ്റലിലും, മറ്റേയാൾ വിദേശത്തും പഠനാർത്ഥം ചേക്കറിയതോടെ വീട്ടമ്മ ഒറ്റയ്ക്കായി. അവർ എന്നും രാത്രി പതിനൊന്നിനു ശേഷം കാറോടിച്ചു വരുന്നതും, വസ്ത്രം പോലും മാറാതെ കിടക്കയിലേക്ക് വീണ് ഉറങ്ങുന്നതും കല്ല് തരംഗങ്ങളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. അവർക്ക് നഗരഹൃദയത്തിൽ വലിയ ഷോപ്പിംഗ് കോംപ്ളക്സ് ഉണ്ടത്രേ. നേരം പുലർന്നു തുടങ്ങുമ്പോൾ അവർ തിരിച്ച് നഗരത്തിലേക്ക് യാത്രയാവും. അടഞ്ഞുകിടക്കുന്ന പന്ത്രണ്ടിലേറെ മുറികൾ…. ഒന്നിനും സമയമില്ല. അല്ലെങ്കിലും, ആർക്കു വേണ്ടിയാണ് ആ മുറികൾ തുറന്ന് ഒരുക്കി വയ്ക്കേണ്ടത്?

ബാലചന്ദ്രന്റെ വീട്ടിൽ നാലംഗങ്ങളാണ്. വെളുപ്പിന് ബാലചന്ദ്രൻ ചാലക്കമ്പോളത്തിലേക്ക്പുറപ്പെടും, ചുമടെടുക്കാൻ. രാത്രി പത്തുമണിയെങ്കിലുമാകും അയാൾ മടങ്ങാൻ. അയാളുടെ ഭാര്യ ദേവയാനിക്ക് മെഡിക്കൽ കോളെജിൽ ദിവസവേതനത്തിൽ തൂപ്പുജോലിയുണ്ടത്രേ. ചില രാത്രികളിൽ അവരെ കാണാറും ഇല്ല. രണ്ടാൺമക്കളും കെട്ടിടം പണിക്കാണ് പോകുന്നത്. എല്ലാരും കൂടി പണിപ്പെട്ട് വായ്പക്കടം വീട്ടാനുള്ള തത്രപ്പാടാണവിടെ. രാത്രി കൂടണഞ്ഞ്, ഉള്ളതെന്തെങ്കിലും മോന്തി ഒന്നു തലചായ്ച്ച് പുലരും മുമ്പേ വീണ്ടും അവർ പണിക്കിറങ്ങിപ്പോകും. പണി തീരാത്ത വീടിന്റെ പല ഭാഗത്തും ക്ഷുദ്രജീവികൾ താമസമാക്കിയിട്ടും അവർ അറിയുകയോ, അല്ലെങ്കിൽ അറിഞ്ഞതായി നടിക്കുയോ ചെയ്യുന്നില്ലെന്ന് കല്ല് ഉൽക്കണ്ഠയോടെ ഓർത്തു. സമയക്കുറവു കൊണ്ടല്ലേയെന്ന് സ്വയം സമാധാനിച്ചു.
ആ സംസാരങ്ങൾക്കൊടുവിൽ അവർ തിരിച്ചറിഞ്ഞു : ”വീടെന്നാൽ ചിലർക്ക് സത്രം; ചിലർക്ക് വീടാക്കടവും.”

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *