അഞ്ചുപത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി. പറഞ്ഞുവന്നതു പരീക്ഷ പാസാവലോ പ്രണയം പൂവിടലിനെക്കുറിച്ചോ അല്ല. എന്നിരുന്നാലും ഒരുതരം പ്രണയവും പരീക്ഷയും തന്നെയാണുതാനും. ബൈക്കിൽ ലേഹ് ലദ്ദാഖ്. നമശിവായ ജപിക്കുന്നതുപോലെയാണു ലേഹ് ലദ്ദാഖ് എന്നു ഇടക്കിടെ ഉരുവിടാറുള്ളത്. എന്തായാലും ആ മന്ത്രം ഒടുവിൽ ഫലിച്ചു. ഒരുമാസമായി തയ്യാറെടുപ്പുകൾ ആയിരുന്നു. ബൈക്ക് മോഡിഫിക്കേഷനും അതിലേറെ നട്ടെല്ലുപോയ ശരീരത്തെ ഒന്നു റെഡിയാക്കാനും. കേട്ടവർ കേട്ടവർ ഞെട്ടിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. സ്നേഹകൂടുതൽ കൊണ്ടുള്ള ഉപദേശങ്ങൾ ആയിരുന്നു. പക്ഷേ ആഗ്രഹത്തിനുപരുക്കില്ലാത്തതുകൊണ്ട് സ്നേഹോപദേശങ്ങൾ എനിക്കെങ്ങനെ സ്വീകരിക്കാൻ പറ്റും. മുടങ്ങാതെയുള്ള വ്യായാമവും നീന്തലും കളരി ഗുരു പ്രകാശൻഗുരുക്കളുടെ മർമ പ്രയോഗവും 80 ശതമാനം ശരിയാക്കി. എങ്കിലും കാത്തിരിക്കുന്നതു സ്വപ്ന വീചികൾ അല്ലെന്നൊരു ഭയവുമുണ്ടായിരുന്നു. റോഷൻ എന്നെപ്പോലെയല്ലെങ്കിലും വേറൊരു തലത്തിലുള്ള ഭ്രാന്തൻ. അല്പസ്വല്പം മുറുകിയ ഭ്രാന്താണ് എനിക്കെങ്കിൽ അവൻ ഒരുതലച്ചോറിന്റെ പിരിനഷ്ടപ്പെട്ട അവസ്ഥയിലാണ്. എന്തായാലും രണ്ടുവർഷം മുമ്പേ പ്ലാൻ ചെയ്തപോലെയല്ല കാര്യങ്ങൾ. അന്നു ഞാൻ താൽപര്യം കാണിച്ചപ്പോൾ അവൻ അവാസാനം പിന്മാറി. ഇത്തവണ അവനായിരുന്നു കാര്യങ്ങൾ ആസൂത്രണം ചെയ്തത്. നടുപോയെങ്കിലും മറ്റൊന്നും ആലോചിച്ചില്ല. കന്യാകുമാരിമുതൽ വണ്ടി ഓടിച്ചു ഹിമാലയം വരെ പോണമെന്നായിരുന്നു എന്റെ അതിമോഹം. പക്ഷേ അതൊരുഅതിമോഹം മാത്രമായിരുന്നു, എന്റെ അതിമോഹം. എന്നാൽ അതൊരു അതിമോഹം മാത്രമായി കണ്ട് അവൻ പറഞ്ഞതിനോട് യോജിച്ചു. ഭാഗ്യം പോലെ 4500 രൂപയ്ക്ക് ഗോ എയറിൽ ടിക്കറ്റും കിട്ടി. ഇവിടെനിന്നു ജമ്മുവരെ ട്രയിനിൽ പോവുകയാണെങ്കിൽ വേണ്ടിവരുന്ന ട്രെയിൻ ടിക്കറ്റ് നിരക്ക്, മൂന്നു ദിവസത്തെ ഭക്ഷണം മറ്റ് യാത്രാ ചെലവുകൾ ഇതൊക്കെ കണക്കാക്കുമ്പോൾ ഈ അവസ്ഥയിൽ ഇതാണു നല്ലതെന്നു തോന്നി. ട്രയിൻ യാത്രയുടെ അനുഭവങ്ങൾ ഒരു നഷ്ടമാണെങ്കിലും ഇപ്പോൾ മനസിൽ ലക്ഷ്യം 1800 കിലോമീറ്ററോളം വരുന്ന ലേഹ് ലദ്ദാഖ് മാത്രമാണ്. പിന്നെ വിമാനത്തിൽ ആദ്യമായി കയറാൻ പോകുന്നല്ലോ എന്ന സന്തോഷവും.
ഈ യാത്രയിൽ ആദ്യം നന്ദി പറയേണ്ടത് എന്റെ ഭാര്യയോടുതന്നെ. ഈ അവസ്ഥയിൽ അതും ഇങ്ങനെയൊരു ബൈക്ക് യാത്രയ്ക്ക് സമ്മതിച്ചല്ലോ. 15 ദിവസത്തേക്ക് എന്റെയും റോഷന്റെയും ആത്മാവിനെ വഹിച്ചുപോകാൻ സജ്ജമാക്കിയ വണ്ടികൾ മംഗലാപുരത്തുനിന്നു ജമ്മുതവിവരെ ട്രയിനിൽ അയച്ചിരുന്നു. നമ്മൾ ജമ്മുവിലേക്ക് എത്തുമ്പോൾ പ്രശ്നങ്ങൾ കൂടാതെ വണ്ടി കിട്ടിയാൽമതി എന്നായിരുന്നു ആദ്യ പ്രാർഥന. ആദ്യ വിമാന യാത്ര നന്നായി ആസ്വദിച്ചു. ബാംഗ്ലൂർ–ഡെൽഹി, ഡൽഹി–ജമ്മു, എന്നിങ്ങനെയായിരുന്നു വിമാനം. നാലുമണിയോടെ ജമ്മുവിലെത്തി. നമ്മുടെ വീട്ടുകാർ ആകാംക്ഷയോടെ വിളിക്കായി കാത്തിരിക്കുകയാണെന്നു ഹൃദയം മന്ത്രിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇറങ്ങിയ ഉടനേ മൊബൈൽ എടുത്തു നോക്കി.പക്ഷേ റേഞ്ച് കണികാണാനില്ല. ആകാശയാത്രയിൽ മൊബൈലും മറ്റെല്ലാം മറന്നെന്നു കരുതി ആദ്യം മിണ്ടാതിരുന്നു. ലഗ്ഗേജുകളെല്ലാം ശേഖരിച്ച് എയർപോർട്ട് അന്വേഷണ വിഭാഗത്തിൽ ഒരു വയസായ അമ്മാവനോട് കുറഞ്ഞ വാടകയ്ക്ക് മുറി എവിടൊക്കെ കിട്ടുമെന്ന് ചോദിച്ചറിഞ്ഞു. കൃത്യമായി അദ്ദേഹം കാര്യങ്ങൾ പറഞ്ഞുതന്നെങ്കിലും പുതിയ സ്ഥലമായതുകൊണ്ട് അത്രകാര്യമായി നമുക്ക് ഒന്നും മനസിലായില്ല. നന്ദി പറഞ്ഞ് വിമാനത്താവളത്തിനു പുറത്തിറങ്ങി. വളരെ ചെറിയ വിമാനത്താവളമാണ് ജമ്മു. പ്രതിരോധ വകുപ്പിന്റെ കീഴിലുള്ളതാണ്. ചെറുതായതുകൊണ്ടുതന്നെ ഗേറ്റിനപ്പുറം ഒരു സാധാരണ റയിൽവേ സ്റ്റേഷനിലെപ്പോലെ ഓട്ടോ ക്യൂ ഉണ്ടായിരുന്നു. പക്ഷേ പൈസ ചോദിക്കുന്നതു കേട്ടാൽ ടാക്സിയോളം വരും. ടൂറിസ്റ്റുകളാണെന്ന ദൗർബല്യവും.
ഫോൺ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ റേഞ്ച് നമ്മോടു പിണങ്ങിയപോലെ. ഓട്ടോക്കാരൻ പറഞ്ഞറിഞ്ഞത് ജമ്മുവിൽ പ്രത്യേക സിം ആവശ്യമാണെന്നാണ്. അല്ലങ്കിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ ആയിരിക്കണം. കിളി പോയി. എന്തായാലും തൽക്കാലം അതുമറന്നേക്കാമെന്നുകരുതി. ഓട്ടോ നേരെ റയിൽവേ സ്റ്റേഷനിലേക്ക്. അഞ്ചുമണിക്കു മുന്നേ പാഴ്സൽ എടുക്കാൻ പറ്റിയാൽ ആദ്യ പ്രാർഥന സഫലമാകും.
ജമ്മു റയിൽവേ സ്റ്റേഷൻ ഒരു സംഭവംതന്നെ. ചെറുതെങ്കിലും യാത്രക്കാരെക്കൊണ്ടു നിറഞ്ഞിരിക്കുകയായിരുന്നു. തട്ടിപ്പുകാരും. പാഴ്സൽ കൗണ്ടറിൽ എത്തി. അടയ്ക്കാൻ പത്തുപതിനഞ്ചു മിനിട്ടു മാത്രം. എന്തുവണ്ടി? ആരുടെ തീവണ്ടി എന്നുപോലുമറിയാത്തെ പോലെ ഉദ്യോഗസ്ഥർ. പാഴ്സൽ ചെയ്ത രസീതി കാണിച്ചപ്പോൾ പോയി അവരുടെ മാഡത്തെ കാണാൻ പറഞ്ഞു. ഭാരമെടുത്ത് അധികം നടക്കാൻ പറ്റാത്തതുകൊണ്ടും ഹിന്ദി മോശമായതുകൊണ്ടും ഞാൻ അവിടെത്തന്നെ കാത്തിരുന്നു.
ഇടയ്ക്കിടെ എന്നെ നോക്കി എന്തോ പറയാനെന്ന മട്ടിലിരുന്ന ഒരു ഉദ്യോഗസ്ഥനോട് ഞാൻ എന്റെ ഹിന്ദിയിൽ മിണ്ടാൻ തുടങ്ങി. ചിലവുകുറഞ്ഞ ഹോട്ടൽ എവിടെ കിട്ടുമെന്നു ചോദച്ചപ്പോൾ നിങ്ങൾ പൈസക്കാരല്ലേഎന്തിന് ചീപ് ഹോട്ടൽ എന്നായി ആ ചേട്ടൻ അപ്പോഴേക്കും റോഷൻ വന്നു. റോഷൻ വരുമ്പോൾ ഞാൻ അല്പസ്വല്പം അഹങ്കാരത്തിൽ ആയിരുന്നു. അങ്ങേരെല്ലാം ശരിയാക്കിത്തരാൻ പോകുന്നല്ലോ എന്ന ചിന്തയുമുണ്ടായിരുന്നു. എല്ലാം ഓകെ, വണ്ടി പ്ലാറ്റ്ഫോമിൽനിന്നെടുക്കാൻ മാഡം അനുവാദം നൽകി. രസീതി ദയാലുവായ ചേട്ടൻ കൈപ്പറ്റി. കുറച്ചുനേരെ രസീതി നോക്കിയിരുന്ന ചേട്ടൻ അതിലെ എന്തോ ഒരു തെറ്റു ചൂണ്ടിക്കാണിച്ചു. ചേട്ടന്റെ ദയ ഓരോന്നായി പുറത്തുവരുന്നതും എന്തിനെന്നു മനസിലായി. നൂറുരൂപ പോക്കറ്റിൽനിന്നെടുക്കാൻ വൈകിയില്ല. എന്നാൽ നൂറുപോരെ ഇരുന്നൂറുവേണമെന്നായി അദ്ദേഹം. പാവങ്ങളാണെന്നു പറഞ്ഞപ്പോൾ ‘നിങ്ങൾ വിമാനത്തിലല്ലേ വന്നത്, പാവങ്ങൾ വിമാനത്തിൽ വരുമോ’ എന്നായി ചോദ്യം. അപ്പോഴാണ് അബദ്ധം മനസിലായത്. നമ്മുടെ ബാഗിലെ ലഗേജ് ടാഗ് അതിൽതന്നെ കിടക്കുന്നുണ്ടായിരുന്നു. ഇതൊക്കെ കണ്ടാണ് അദ്ദേഹത്തിന്റെ ദയവെന്നു മനസിലാക്കാൻ വൈകിയത് നമ്മൾ ആയിരുന്നു.
രസീതിയിൽ വണ്ടി തിരിച്ചെടുക്കാൻ വേണ്ട നടപടികളെല്ലാം പൂർത്തിയാക്കി. ഗേറ്റ് പാസ് തന്നു. നമ്മളോടുതന്നെ വണ്ടി കണ്ടുപിടിച്ച് ഇറക്കിക്കൊള്ളാൻ പറഞ്ഞ് അദ്ദേഹം ഗുഡ്ബൈ പറഞ്ഞു. ഒരുപാട് നന്ദിയുണ്ട്, പറ്റിക്കാനാണെങ്കിലും കാണിച്ച ദയയ്ക്ക്. വണ്ടി എവിടെയാണ് ഇറക്കിവച്ചിരിക്കുന്നതെന്ന വിവരം അവിടെനിന്ന് കിട്ടിയില്ല. അതൊക്കെ നമ്മുടെ ജോലി. ആരോ പറഞ്ഞു മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണെന്ന് അവിടെയും രണ്ടാമത്തെയും പ്ലാറ്റ്ഫോമിലും നോക്കി. അവിടെ ഇല്ല. പിന്നീട് നമ്മളുണ്ടായിരുന്ന ഒന്നാമത്തെ പ്ലാറ്റ് ഫോമിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്നു. ഒപ്പമുള്ള ബാഗുകൾ ഒന്നും കാണാനില്ല. റോഷൻ അതുതിരക്കി വീണ്ടും നെട്ടോട്ടമോടി. ഒടുക്കം പാഴ്സൽ മുറിയിലെ പാക്കറ്റുകളെല്ലാം അരിച്ചു പറുക്കി കണ്ടെത്തി. വണ്ടി എടുക്കാറായപ്പോഴേക്കും സമയം ഏറെ വൈകി. എങ്ങനെയൊക്കെയോ പുറത്തേക്ക് ഉരുട്ടിത്തുടങ്ങി.
പ്ലാറ്റ്ഫോം ഗേറ്റിനടുത്ത് ഒരു എസ്ടിഡി ബൂത്ത് കണ്ടപ്പോഴാണ് ആശ്വാസമായത്. വണ്ടീടെ പായ്ക്കിങ് ഓരോന്നായി അഴിച്ചു മാറ്റാമെന്നും അതിനിടയിൽ രണ്ടുപേരും മാറിമാറി ബൂത്തിൽ കയറി ഫോൺ ചെയ്യാമെന്നുമുള്ള ധാരണയിൽ റോഷൻ പായ്ക്കിങ് അഴിച്ചു തുടങ്ങി. ഞാൻ ഫോൺചെയ്യാനും. ബൂത്തുകാരൻ മറ്റൊരു കസ്റ്റമറോട് പറയുന്നതു കേട്ടു; സെക്കൻഡിന് പത്തുരൂപ!!, രാജ്യാന്തര കോളാണെങ്കിൽ ഇരട്ടി. പകച്ചു പോയി. ഇതെന്താ ചന്ദ്രനിലാണോ വന്നിറങ്ങിയത്. ഭാര്യയെയും അച്ഛനെയും വിളിച്ച് ഒന്നോ രണ്ടോ മിനുട്ടിൽ ഫോൺവച്ചു. രൂപ നൂറും ചില്ലറയും. അതൊരു വൻ കച്ചവടമാണവിടെ. അന്യനാട്ടിൽനിന്നു വന്നവർ നെറ്റ് വർക്ക് ഇല്ലാതെ കഷ്ടപ്പെടുമ്പോൾ അത് അറിഞ്ഞുള്ള വൻ ചൂഷണം. വിളിക്കാതിരിക്കാൻ പറ്റാത്തതുകൊണ്ട് തോൽവി സമ്മതിക്കുകമാത്രം മാർഗം.
ലേഹ് ലദ്ദാഖിന്റെ വിളികേട്ട് ജമ്മു സമ്മാനിച്ച സമ്മിഴശ്ര അനുഭവങ്ങൾ (Part-2)
Super. Waiting for rest of it.
Thank You 🙂
Wonderful… Worth reading… Eagerly writing for the rest…☺☺
Thanks alot 🙂
എഴുത്ത് ഉശാറായിട്ടുണ്ട്ട്ടാ.. ബാക്കി എവിടെ ? And photos, as usual, beautiful and professional.. 🙂
Thanks prakaash… 🙂
travelogue is superb, good attempt.. Cheers !!!
Thanks alot Bro 🙂
Super. Waiting for rest. Photos…wah..wah…!!!
Thanks Chechi 🙂
വളരെ നന്നായിരിക്കുന്നു.വായനക്കാരെ കൂടെ കൊണ്ടുപോകുന്ന ശൈലി.
ബാക്കി വായിക്കാൻ വരും.