മരണമെന്ന പ്രാപഞ്ചിക സത്യം..

death
Partially burning corpse on the banks of Ganges, Varanasi Photo courtesy: Baraka (1992)

മരണം ബധിരമാണ്. അത് നിലവിളികള്‍ കേള്‍ക്കുന്നില്ല. മരണമെന്ന പ്രാപഞ്ചികസത്യത്തിന് മുന്നില്‍ നാമെല്ലാം ആയുധം നഷ്ടപ്പെട്ട പോരാളികളെ പോലെ മൂകരായി കീഴടങ്ങുന്നു. ജീവിതം ഒരു പോരാട്ടമാണല്ലോ. നാം പോരാളികളും. നാം എന്തിനോടോ ഒക്കെ നിരന്തരം പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണ്. പലപ്പോഴും നമ്മെ തോല്‍പിക്കാന്‍ മരണമെന്ന നിത്യസത്യത്തിനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല.

ഈ ലോകത്ത് നിശ്ചയിക്കപ്പെട്ട ദിവസങ്ങള്‍ കഴിയുന്നതോടെ നാമെല്ലാം മരണമെന്ന അലംഘനീയമായ വിധിയിലേക്ക് യാത്രയാവുന്നു. ആര്‍ക്കും അതില്‍ നിന്ന് മോചനം സാധ്യമല്ല.

മനുഷ്യന്റെ മരണവും മറ്റുജീവജാലങ്ങളുടേത് പോലെ തികച്ചും സ്വാഭാവികമാണ്. ഓരോരോ കാരണങ്ങളുടെ പേരില്‍ നാം കാലത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും പുറത്താക്കപ്പെടുന്നു എന്ന് മാത്രം.

കാലക്രമേണ അവളത് മറക്കുകയും മറ്റാരുടെയോ പാതിജീവിതത്തിന് മാറുപാതിയായി മേല്‍ക്കൂര പാവുകയും ചെയ്യുന്നു…

ആലോചിച്ച് നോക്കൂ,

വീട്ടിലെ ചില വളര്‍ത്തുമൃഗങ്ങളും മറ്റ് ജീവജാലങ്ങളുമൊക്കെ ചത്തുപോവുമ്പോള്‍ നാം അവയെ കുഴിച്ചുമൂടാറുള്ളത് പോലെ തന്നെയല്ലേ നമ്മെയും നമ്മുടെ വീട്ടുകാര്‍ പള്ളിക്കാട്ടിലെ ഒരു കുഴിയില്‍ മണ്ണിട്ടുമൂടുന്നത്. പ്രത്യക്ഷത്തില്‍ മനുഷ്യന്റെ മരണം വ്യത്യസ്തമാവുന്നത് നാം കണ്ടുവരുന്ന ചില ആവര്‍ത്തനങ്ങളിലൂടെ മാത്രമാണ്.

ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ താങ്ങും തണലുമായി കൂടെയുണ്ടായിരുന്ന സഹധര്‍മ്മിണി പ്രിയപ്പെട്ടവന്റെ വേര്‍പാടിന്റെ വേപഥുവില്‍ സര്‍വവും നഷ്ടപ്പെട്ടവളെ പോലെ തങ്ങള്‍ ജീവിതം പങ്കുവെച്ച, തങ്ങളെ അടയാളപ്പെടുത്തുന്ന സന്താനങ്ങള്‍ക്ക് ജന്മം നല്‍കിയ കിടപ്പറയില്‍ പൊട്ടിക്കരയുന്നു. നല്ലപാതിയായി ജീവിതത്തിലേക്ക് ഒരു സ്നേഹസ്പര്‍ശമായി കടന്നുവന്ന പ്രിയപ്പെട്ടവന്റെ ജനാസ, ബന്ധുക്കള്‍ പള്ളിക്കാട്ടിലേക്ക് ചുമലിലേറ്റിക്കൊണ്ടുപോവുമ്പോള്‍ കിടപ്പറയിലെ ജാലകവിരിമാറ്റി ഒരൊറ്റ നോട്ടം കൊണ്ട് അതുവരെ അവിശ്വസനീയമായിരുന്ന മരണവും വേര്‍പാടും അവള്‍ ഉള്‍ക്കൊള്ളുന്നു. ആ ഒരൊറ്റ നോട്ടം മാത്രമേ മരിച്ചുപോവുന്ന മനുഷ്യന് തന്റെ പ്രിയപ്പെട്ടവളുടെ തിരുശേഷിപ്പായി അവശേഷിക്കുന്നുള്ളൂ. കാലക്രമേണ അവളത് മറക്കുകയും മറ്റാരുടെയോ പാതിജീവിതത്തിന് മാറുപാതിയായി മേല്‍ക്കൂര പാവുകയും ചെയ്യുന്നു…

സ്വന്തമായൊരു സുഖവും തേടാതെ ജീവിതത്തിന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളെല്ലാം സമ്പാദ്യത്തിനായി ചിലവഴിച്ച് പോറ്റിവളര്‍ത്തിയ സന്താനങ്ങള്‍, ജീവിതത്തിന്റെ വെയിലും മഴയും കാറ്റും കോളുമെല്ലാം കൊണ്ട് തങ്ങള്‍ക്ക് വേണ്ടി സര്‍വവും വെടിഞ്ഞ ഉപ്പയുടെ ഖബറിന്നരികില്‍ ഹൃദയം നൊന്ത് കരയുന്നു. ആ കണ്ണീരിനാല്‍ നനഞ്ഞ് കുതിര്‍ന്ന മൂന്ന് പിടി മണ്ണ് വാരിയെറിയുന്നു. പള്ളിയിലെ ഉസ്താദ് കൊണ്ടുവന്ന് നടുന്ന മൈലാഞ്ചിച്ചെടിക്ക് ചുവട്ടിലിരുന്നു തേങ്ങിക്കരയുന്നു. ആ കണ്ണീരില്‍ ദുഃഖങ്ങളൊക്കെ ഒലിച്ചുപോവുന്നു. തനിക്ക് വ്യക്തിത്വമുള്ള അസ്തിത്വമായി സന്താനങ്ങളെ ഇവിടെ അവശേഷിപ്പിച്ചു പോവുന്നുവെങ്കിലും, ഈ ലോകത്ത് നിന്ന് മരിച്ചുപോയവന്‍ കാലക്രമേണ ഉറ്റവരുടെയും ഉടയവരുടെയും ഹൃദയങ്ങളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നു.

നോക്കൂ,
ജീവിതം നാം എല്ലാവിധേനയും കബളിപ്പിക്കപ്പെടുന്ന ഒരു നാടകം പോലെ തോന്നുന്നു. നമ്മുടേത് മാത്രമെന്ന അഹന്തയില്‍ നാം കൊണ്ടുനടന്നതും വെട്ടിപ്പിടിച്ചുവെച്ചതുമെല്ലാം മരണത്തോടെ ഇവിടെ ബാക്കിയാവുന്നു. നാം വെറും കൈയ്യോടെ നിശ്ശ്യൂന്യരായി യാത്രയാവുന്നു. നാം ചെയ്തുകൂട്ടിയ സുകൃതങ്ങള്‍ മാത്രം ബാക്കിയാവുന്നു…..!!!!

നന്മയില്‍ വ്യാപൃതനാവുക എന്നതാണ് ജീവിതത്തിന്‍റെ അടിസ്ഥാനപരമായ നേട്ടം. സ്വന്തമായി അണുമണിത്തൂക്കം നന്മയെമെങ്കിലും നാം അവശേഷിപ്പിക്കുന്നുണ്ടെങ്കില്‍ നമുക്ക് അതിനുള്ള പ്രതിഫലം പ്രതീക്ഷിക്കാം.

കവി പറയുന്നു:

“പ്രപഞ്ചഭൂവില്‍ വിതച്ച വിത്തിന്‍ ഫലത്തെ നാം കൊയ്യൂ”

ഒരു അറബ് കവിത ഓര്‍മ വരുന്നു:

وما المرء إلا راكب ظهر عمره ** على سفر يفنيه باليوم والشهرِ
يبيت ويضحي كل يوم و ليلة ** بعيدا عن الدنيا قريبا إلى القبرِ

“അല്പായുസുള്ള കേവലം യാത്രക്കാരന്‍ മാത്രമാകുന്നു മര്‍ത്യന്‍. യാത്രയിലുടനീളം അവന് അവന്‍റെ ദിനരാത്രങ്ങള്‍ നഷ്ടമാവുന്നു. ഓരോ രാപ്പകലിലും ഉറങ്ങുകയും ഉണരുകയും ചെയ്യുമ്പോഴും, ദുനി‍യാവില്‍ നിന്ന് വിദൂരസ്ഥനായി അവന്‍ ഖബറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്…”

Check Also

ചില അവസാനങ്ങളും സുന്ദരമാണ്

നമ്മുടെയൊക്കെ ജീവിതത്തിലും നമ്മൾ മറ്റാരും കാണാതെ കൊണ്ടുനടക്കുന്ന ചില വേദനകളുണ്ടാകും… കാലത്താൽപോലും മായ്ക്കാൻ കഴിയാത്ത ചില നൊമ്പരങ്ങൾ… നേടാൻ കഴിയാത്ത …

Leave a Reply

Your email address will not be published. Required fields are marked *